UDF

2021, ജൂലൈ 6, ചൊവ്വാഴ്ച

കോവിഡ് മരണസംഖ്യ മറച്ചുവയ്ക്കുന്നത് വേദനാജനകം

 

കോട്ടയം പ്രസ് ക്ലബിൻ്റെ മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുന്നു 


കോവിഡ് മരണങ്ങള്‍ സര്‍ക്കാര്‍ മറച്ചുവെക്കുന്നത് വേദനാജനകവും നിര്‍ഭാഗ്യകരവുമാണ്.

ഇതുകൊണ്ട് ആര്‍ക്കും ഒരു നേട്ടവും ഉണ്ടാകാന്‍ പോകുന്നില്ല. മരണപ്പെട്ടവരുടെ കുടുംബത്തിന് കിട്ടുന്ന സാമ്പത്തിക സഹായം നഷ്ടപ്പെടുത്തിയിട്ട് കാര്യമില്ല. കോവിഡ് നെഗറ്റീവ് ആയ ശേഷം അതുമായി ബന്ധപ്പെട്ടാണ് മരണങ്ങള്‍ സംഭവിക്കുന്നത്. മരണസംഖ്യകുറച്ച് കാണിച്ച് സര്‍ക്കാര്‍ പ്രസ്റ്റീജിന് വേണ്ടി നോക്കുമ്പോള്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ആശ്വാസം പകരാന്‍ കഴിയുന്നില്ല.

 ഇതിനെതിരെ സുപ്രീം കോടതി ഗൗരവമായി തന്നെയാണ് പറഞ്ഞിരിക്കുന്നത്. പ്രോട്ടോക്കാള്‍ ഇവിടെ നിശ്ചയിച്ചത് സര്‍ക്കാര്‍ തന്നെയാണ് ഉദ്യോഗസ്ഥരല്ല. ഉദ്യോഗസ്ഥരെ പഴിചാരാനും കഴിയില്ല. ഇക്കാര്യത്തില്‍ സംഭവിച്ച തെറ്റുകള്‍ തിരുത്തുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.

സംസ്ഥാനത്തിന്റെ ക്രമസമാധാനം അപകടകരമായ നിലയിലാണ്. സ്വര്‍ണ്ണക്കടത്ത്,ക്വട്ടേഷന്‍ അടക്കമുള്ള കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ഇപ്പോഴെങ്കിലും സര്‍ക്കാര്‍ ഗൗരവമായി എടുക്കുന്നില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകും. കേരളത്തിന്റെ പുറത്ത് പോകുന്ന മലയാളികള്‍ക്ക് നാടിനെക്കുറിച്ചുണ്ടായിരുന്ന മതിപ്പ് ഇപ്പോള്‍ നഷ്ടപ്പെട്ടിരിക്കുന്നു. ജനങ്ങള്‍ക്ക് സുരക്ഷിതത്വ ബോധം നഷ്ടപ്പെട്ടു.ക്രമസമാധാന രംഗം പ്രതിസന്ധിയിലാണ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ലഭിച്ച വധഭീഷണിക്കത്ത് സംബന്ധിച്ച് യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. സിപിഎം സംസ്ഥാനസെക്രട്ടറി വിജയരാഘവന്റെ പ്രസ്താവന ചൂണ്ടിക്കാട്ടുന്നത് കാര്യങ്ങളെ എത്ര ലാഘവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത് എന്ന് വ്യക്തമാക്കുന്നതാണ്.

പെട്രോള്‍ ഡീസല്‍ വിലയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പകല്‍ക്കൊള്ളയാണ് നടത്തുന്നത്.കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ച ടാക്സിന്റെ അധിക വരുമാനം ഉപേക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരും തയ്യാറാകുന്നില്ല. യുഡിഎഫ് ഭരണകാലത്ത് നാലു പ്രവശ്യം നികുതി വരുമാനം ഉപേക്ഷിച്ചതിലൂടെ 618 കോടി രൂപയാണ് സര്‍ക്കാര്‍ നഷ്ടം സഹിച്ചത്. ഇന്ധവില വര്‍ധനവിനെതിരെ ഒരു വശത്ത് സമരവും മറുവശത്ത് എതിര്‍ത്ത നികുതിയുടെ വരുമാനം ഉപേക്ഷിക്കാതിരിക്കുകയുമാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്.

കോവിഡ് സാഹചര്യം മുന്‍നിര്‍ത്തി എംഎല്‍എമാരുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും സര്‍ക്കാര്‍ തിരിച്ചെടുത്ത നാലുകോടി രൂപ അതാത് നിയോജകമണ്ഡലത്തിലെ ആരോഗ്യരംഗത്തെ കോവിഡ് നേരിടുന്നതിന് വേണ്ടി മാത്രം ചെലവിഴിക്കണം. ഇതില്‍ 25 ലക്ഷം രൂപ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്തകുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുന്നതിന് ചെലവഴിക്കണം.മുഴുവന്‍ നിയോജകമണ്ഡലങ്ങളിലും ഈ രീതിയില്‍ മൊബൈല്‍ ഫോണ്‍ വിതരണം ചെയ്യാന്‍ 35 കോടി രൂപ മാത്രമേ ചെലവി വരുകയുള്ളു. ഇതടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ല.സംസ്ഥാനത്തെ ഇരുപത് ശതമാനം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യമില്ല.സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസ അധികൃതര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തന്നെ മുന്‍കൈയ്യെടുത്ത് സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങി നല്‍കണം. എം എല്‍ എ ഫണ്ടില്‍ നിന്ന് പിടിച്ച തുക അതാത് മണ്ഡലങ്ങളില്‍ തന്നെ വിനിയോഗിച്ചാല്‍ എം എല്‍ എമാരുടെ ആവശ്യവും സര്‍ക്കാരിന്റെ ലക്ഷ്യവും നടക്കും.