UDF

2015, ഒക്‌ടോബർ 31, ശനിയാഴ്‌ച

കേരളത്തിലേത് ജനം എഴുതിത്തള്ളിയ പ്രതിപക്ഷം


ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പുല്‍പ്പള്ളിയില്‍ നടന്ന യു ഡി എഫ് തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ അര്‍പ്പണബോധമുള്ളവരാണെന്നും, കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത് അതുകൊണ്ടാണെന്നും ഇപ്പോള്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വന്‍വിജയം നേടാനാവുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ നാല് വര്‍ഷക്കാലം നിരവധി പ്രതിസന്ധികള്‍ പ്രതിപക്ഷം ഉണ്ടാക്കിയെങ്കിലും അതെല്ലാം ജനങ്ങള്‍ തള്ളിക്കളഞ്ഞു. അവര്‍ നടത്തിയ ഒറ്റസമരം പോലും ജനങ്ങള്‍ അംഗീകരിച്ചില്ല. അഞ്ച് വര്‍ഷം മുമ്പ് വരെ 25 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് കേരളത്തില്‍ വന്‍കിട പദ്ധതികള്‍ എത്തിയിരുന്നത്. 1978-ല്‍ ഇടുക്കി ജലവൈദ്യുതി പദ്ധതി, 2000-ല്‍ നെടുമ്പാശ്ശേരി വിമാനത്താവളം എന്നിങ്ങനെ വിരലിലെണ്ണാവുന്നത് മാത്രം.

എന്നാല്‍ കഴിഞ്ഞ നാലരവര്‍ഷക്കാലം കൊണ്ട് നിരവധി വന്‍കിട പദ്ധതികളാണ് കേരളത്തിലുണ്ടായത്. കൊച്ചിമെട്രോ, സ്മാര്‍ട്‌സിറ്റി പദ്ധതി, വിഴിഞ്ഞം പദ്ധതി ഇങ്ങനെ നിരവധി പദ്ധതികള്‍ കേരളത്തിന്റെ വികസനകുതിപ്പിന് കാരണമായി. അത്തരം പദ്ധതികള്‍ക്കെതിരെ പ്രതിപക്ഷം ഒളിഞ്ഞും തെളിഞ്ഞും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണെന്നും വന്‍കിട പദ്ധതികള്‍ നടപ്പിലാക്കുന്നതോടൊപ്പം തന്നെ നിര്‍ധനരെയും സാധാരണക്കാരെയും സംരക്ഷിക്കുന്നതിനായി വിവിധ പദ്ധതികളും സംസ്ഥാനസര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാലര വര്‍ഷം മുമ്പ് വരെ കേരളത്തിലെ ലോട്ടറിയുടെ പണവും ലാഭവും ഒഴുകിയിരുന്നത് ലോട്ടറി രാജാക്കന്മാരുടെ വീടുകളിലേക്കായിരുന്നു. എന്നാല്‍ ഇന്ന് ലോട്ടറിയുടെ ലാഭമെത്തുന്നത് സാധാരണക്കാരുടെയും പാവപ്പെട്ടവന്റെയും പക്കലാണ്. പതിനായിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ആത്മവിശ്വാസത്തോടെ നമ്മുടെ നാട്ടില്‍ ജീവിക്കാര്‍ കാരുണ്യ ലോട്ടറി കാരണമായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് യു ഡി എഫ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. രണ്ട് എം എല്‍ എമാരുടെ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയ സര്‍ക്കാരിന് ഇത്രയും കാലം നല്ലരീതിയില്‍ ഭരിക്കാന്‍ സാധിച്ചത് ജനപിന്തുണ കൊണ്ടാണ്. യു ഡി എഫിനകത്ത് ഇക്കാലമത്രയും ഒരു പ്രശ്‌നങ്ങളുമുണ്ടായില്ല. പുറത്തുനിന്നുള്ള ആരോപണങ്ങളിലും ആക്ഷേപങ്ങളിലും ഒരംശം പോലും സത്യമില്ലെന്നതിന്റെ തെളിവാണ് മൂന്ന് ഉപതിരഞ്ഞെടുപ്പുകളിലും, പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും കേരളത്തില്‍ ഉജ്വല വിജയം നേടാന്‍ യു ഡി എഫിന് സാധിച്ചത്.

അതിന്റെ തുടര്‍ച്ചയെന്നോണം ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പിലും യു ഡി എഫിന് അനുകൂല വിധിയുണ്ടാകുമെന്ന് ആത്മവിശ്വാസമുണ്ട്. കേന്ദ്രത്തിലെ അധികാരത്തിന്റെ ബലത്തില്‍ കേരളത്തില്‍ രാഷ്ട്രീസ്വാധീനം ചെലുത്താനുള്ള ബി ജെ പിയുടെ ശ്രമം വിലപ്പോവില്ല. കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന മോദി പറഞ്ഞ വാക്കൊന്നും പാലിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അഖിലേന്ത്യാഗ്ലാമറൊന്നും കേരളത്തിലെ ജനങ്ങളുടെ മുമ്പില്‍ ചിലവാകില്ല. കേരളമെന്നും മതേതരത്വത്തിന് വേണ്ടി നിലകൊന്ന സംസ്ഥാനമാണ്. അതുകൊണ്ട് തന്നെ ബി ജെ പിയുടെ വര്‍ഗീയമുഖം കേരളം തല്ലിക്കെടുത്തും.

ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും വികസനത്തിന്റെയും വിജയമാകും ഇത്തവണത്തെ തിരഞ്ഞെടുപ്പിലുമുണ്ടാകുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.