UDF

2015, ഒക്‌ടോബർ 31, ശനിയാഴ്‌ച

ഫലം ഭരണത്തുടര്‍ച്ചയ്ക്കുളള സൂചനയാകും


തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലം ദേശീയ രാഷ്ട്രീയത്തിലും സംസ്ഥാന രാഷ്ട്രീയത്തിലും ചലനങ്ങള്‍ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. യു ഡി എഫ് സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കുളള അംഗീകാരമായി തുടര്‍ഭരണത്തിനുളള സൂചനയായിരിക്കും തെരഞ്ഞെടുപ്പ് ഫലം നല്‍കുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

ആലപ്പുഴ ജില്ലയില്‍ യു ഡി എഫ് തെരഞ്ഞെടുപ്പ് പ്രചരണ പര്യടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ നാലര വര്‍ഷക്കാലത്തെ ഭരണത്തിലൂടെ സംസ്ഥാനത്തെ ജനങ്ങള്‍ക്കായി ഒട്ടേറെ നല്ലകാര്യങ്ങള്‍ ചെയ്യാന്‍ സര്‍ക്കാരിന് കഴിഞ്ഞു. അതിന്റെ പ്രതിഫലനമായി പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലും യു ഡി എഫിന് വിജയം നേടാന്‍ കഴിഞ്ഞു. 

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേയ്ക്ക് നടക്കുന്ന തെരഞ്ഞെടുപ്പിലും യു ഡി എഫ് വന്‍ വിജയം നേടും. അത് യു ഡി എഫ് സര്‍ക്കാരിന്റെ തുടര്‍ഭരണത്തിനുളള കളമൊരുക്കലായിരിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരളത്തിലെ മണ്ണില്‍ ബി ജെ പിയ്ക്ക് വേരോട്ടമുണ്ടാക്കാനാകില്ല. അവര്‍ ആരെ കൂടെക്കൂട്ടിയാലും കേരളത്തില്‍ അക്കൗണ്ട് തുറക്കില്ല. ജനങ്ങളുടെ മതേതരമനസിനെ മാറ്റാന്‍ ഒരു ശക്തിക്കും കഴിയില്ല. സി പി എമ്മിന്റെ അക്രമരാഷ്ട്രീയം അവര്‍ക്ക് തന്നെ വിനയാകും.അരുവിക്കരയില്‍ ആയുധം വച്ച് സി പി എം കീഴടങ്ങുകയായിരുന്നു. 

സാധാരണ ഭരിക്കുന്ന സര്‍ക്കാരിനെതിരെയാണ് ജനവികാരം ഉണ്ടാകുന്നത്. എന്നാല്‍ കേരളത്തില്‍ ഇപ്പോള്‍ ഗവണ്‍മെന്റിന് അനുകൂലമായ ജനവികാരമാണ് ഉള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.