UDF

2015, ഒക്‌ടോബർ 10, ശനിയാഴ്‌ച

സ്വകാര്യ റിക്രൂട്ടിങ് ഏജന്‍സികളുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ കേരളത്തിന് പേരുദോഷമുണ്ടാക്കുന്നു


കൊച്ചി: ചില സ്വകാര്യ റിക്രൂട്ടിങ് ഏജന്‍സികള്‍ മൂലം വിദേശ തൊഴില്‍ മേഖലയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കേരളത്തിന് പേരുദോഷമുണ്ടാക്കുന്നെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഈ മേഖലയിലുണ്ടാകുന്ന നിയന്ത്രണം സംസ്ഥാനത്തിന്റെ തൊഴില്‍ മേഖലയിലുള്ള സാധ്യതകള്‍ക്ക് മങ്ങലേല്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാതൃഭൂമിയും ടൈംസ് ഓഫ് ഇന്ത്യയും മാന്‍പവര്‍ എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷനും ചേര്‍ന്ന് സംഘടിപ്പിച്ച വിദേശ തൊഴില്‍ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ അടിസ്ഥാനസൗകര്യ വികസനമുണ്ടായത് ഗള്‍ഫ് തൊഴില്‍മേഖലയിലേക്കുള്ള ഒഴുക്കോടെയാണ്. എന്നാല്‍ റിക്രൂട്ടിങ് മേഖലയിലെ വിവാദങ്ങള്‍ രാജ്യത്തിനപവാദമാകുകയാണ്. ചുരുക്കം ചിലര്‍ മൂലം റിക്രൂട്ടിങ് മേഖലയ്ക്കുതന്നെ ചീത്തപ്പേരുണ്ടായിരിക്കുകയാണ്. ഈ മേഖലയിലെ നിയന്ത്രണം പ്രായോഗികമല്ല. നിയമനങ്ങള്‍ ഗവ. ഏജന്‍സി വഴിയായാല്‍ റിക്രൂട്ടിങ് സാധ്യത കുറയ്ക്കും. കുവൈറ്റിലേക്കുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായവര്‍ക്ക് ഉടന്‍ പോകാനുള്ള സൗകര്യമൊരുക്കാന്‍ ശ്രമിക്കുന്നുണ്ട്.

റിക്രൂട്ടിങ് സുതാര്യം ലളിതവുമാകേണ്ടതുണ്ട്. വിദേശത്ത് വിവിധ തൊഴിലുകളിലേക്ക് കേരളത്തിന് മുന്‍ഗണനയുണ്ട്. റിക്രൂട്ടിങ് മേഖലയിലെ അനാവശ്യ മത്സരങ്ങള്‍ ദോഷകരമാകാതെ നോക്കേണ്ടതുണ്ട്. എല്ലാ ആക്ഷേപങ്ങള്‍ക്കും പരിഹാരമുണ്ടാക്കി നിയമനങ്ങള്‍ സുതാര്യമാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗള്‍ഫിലുള്ള മലയാളികള്‍ ഇപ്പോള്‍ 35 ലക്ഷത്തിനടുത്താണെന്നും ഇതില്‍ 90 ശതമാനത്തോളം കഷ്ടപ്പെടുന്നവരാണെന്നും മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. നിര്‍മ്മാണ മേഖലകളിലും ഓയില്‍ കമ്പനികളിലും ജോലിയെടുക്കുന്നവരുടെ ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ചതില്‍ നിന്നാണ് ഇത് മനസ്സിലായത്. റിക്രൂട്ടിങ് മേഖലയില്‍ കൂടുതല്‍ കേസുകള്‍ വന്നത് മൂലമാണ് ഇപ്പോള്‍ നിയന്ത്രണങ്ങള്‍ വന്നിരിക്കുന്നത്. ഗള്‍ഫിലെ തൊഴില്‍ മാര്‍ക്കറ്റ് നഷ്ടമാക്കരുത്. ഗവ. ഏജന്‍സിയെ റിക്രൂട്ടിങ് ചുമതലയേല്പിച്ചാല്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം മുഖ്യ പ്രഭാഷണത്തില്‍ കൂട്ടിച്ചേര്‍ത്തു.