UDF

2015, ഒക്‌ടോബർ 20, ചൊവ്വാഴ്ച

ചെറിയാന്‍ ഫിലിപ്പിനെ ന്യായീകരിച്ച കോടിയേരി മാപ്പ് പറയണം


കാസര്‍കോട്: ഫേസ്ബുക്കിലൂടെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ചെറിയാന്‍ ഫിലിപ്പിനെ ന്യായീകരിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാപ്പ് പറയണമെന്നും അല്ലെങ്കില്‍ കനത്തവില നല്‍കേണ്ടിവരുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ തിരഞ്ഞെടുപ്പ് പരിപാടിയായ ജനസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ചെറിയാന്‍ ഫിലിപ്പിന്റെ പരാമര്‍ശത്തേക്കാള്‍ തന്നെ കൂടുതല്‍ വേദനിപ്പിച്ചത് കോടിയേരിയുടെ നിലപാടാണ്. ഇത് സ്ത്രീസമൂഹത്തിന് കൂടുതല്‍ അപമാനമാണുണ്ടാക്കിയത്.  ഇതുസംബന്ധിച്ച് കോടതിയില്‍ പോകുന്നതിനോട് യോജിപ്പില്ല. മറിച്ച് പ്രസ്താവനകള്‍ പിന്‍വലിച്ച് ചെറിയാന്‍ ഫിലിപ്പ് സ്ത്രീസമൂഹത്തോട് മാപ്പ് പറയുകയാണ് വേണ്ടത്. 

യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ സര്‍ക്കാര്‍ ആറുമാസത്തെക്കാണെന്ന് സി.പി.എം. പ്രചരിപ്പിച്ചു. എന്നാല്‍, ജനങ്ങള്‍ നല്‍കിയ പിന്തുണകൊണ്ടാണ് ഈ കാലയളവില്‍ മുന്നോട്ട് പോയത്. സര്‍ക്കാര്‍ നിലനില്‍ക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. സര്‍ക്കാരിന് അനുകൂലമായി ഉപതിരഞ്ഞെടുപ്പുകളില്‍ ഉണ്ടായ ജനഹിതം തദ്ദേശ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കും. 

ഇന്ന് സി.പി.എം. തൊടുന്നതെല്ലാം അബദ്ധമാണ്. എല്ലാവരും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ശ്രീനാരായണ ഗുരുവിനെ കുരിശിലേറ്റിയതിനെതിരെ ജനവികാരം ഉയര്‍ന്നപ്പോള്‍ അതിനെ പ്രതിരോധിക്കാനാണ് സി.പി.എം. ശ്രമിക്കുന്നത്. ഇന്ന് സി.പി.എം. ജനങ്ങളില്‍നിന്നകന്നു. ദേശീയതലത്തില്‍ യു.പി.എ. സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതാണ് സി.പി.എം. ഇന്ന് രാജ്യത്തുതന്നെ ഒന്നുമല്ലാതാകുന്നതിന് ഇടയാക്കിയത്. 

മൂന്നാംമുന്നണി യു.ഡി.എഫിനെ ആശങ്കപ്പെടുത്തുന്നില്ല. യു.ഡി.എഫിന്റെ ഐക്യത്തിലും ശക്തിയിലുമാണ് ഞങ്ങള്‍ക്ക് വിശ്വാസം. എതിരാളികളുടെ ബലഹീനത യു.ഡി.എഫിന്റെ വിജയത്തിന് കൂടുതല്‍ ശക്തി പകരും. മറ്റുപല ഘടകങ്ങളും അനുകൂലമാണെങ്കിലും അതിന് അമിതവിശ്വാസം നല്‍കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.