UDF

2015, ഒക്‌ടോബർ 5, തിങ്കളാഴ്‌ച

യുവജന സംഘടനകള്‍ സഹകരിച്ചാല്‍ മാത്രം പെന്‍ഷന്‍ പ്രായം ഉയര്‍ത്താം


ആലുവ: യുവജന സംഘടനകള്‍ സഹകരിച്ചാല്‍, സംസ്ഥാനത്ത് മൂന്നിരട്ടി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ച് സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവജന സംഘടനകളുടെ അഭിപ്രായം പരിഗണിച്ച് മാത്രമേ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കൂവെന്നും അല്ലാതെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് പ്രായോഗികമല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നിയമവാഴ്ചയാണ് സര്‍ക്കാറിന്റെ മുഖമുദ്ര. നിയമവാഴ്ച ഉറപ്പാക്കേണ്ടത് ആയുധം കൊണ്ടല്ലെന്നും സ്‌നേഹം കൊണ്ടും വിശ്വാസം കൊണ്ടുമാണ് നടപ്പാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നിയമവാഴ്ച ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ഈ സര്‍ക്കാര്‍ വിജയിച്ചത് പോലീസ് സേനയുടെ സഹായത്താലാണ്. മൂന്നാര്‍ സമരം സമാധാനപരമായി അവസാനിപ്പിച്ചതില്‍ പോലീസിന് വലിയ പങ്കുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

എല്ലാ വിഭാഗം പോലീസ് ഓഫീസര്‍മാരുടെ ന്യായമായ എല്ലാ ആവശ്യങ്ങളും അംഗീകരിക്കും. വര്‍ഷങ്ങള്‍ക്ക് മുമ്പ് പോലീസുകാര്‍ക്ക് സംഘടനാ സ്വാതന്ത്ര്യം അനുവദിച്ചപ്പോള്‍ എന്തോ വലിയ കുഴപ്പം ഉണ്ടാകുമെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ചെറിയ പ്രശ്‌നം പോലും സൃഷ്ടിക്കാതെ പ്രവര്‍ത്തിക്കാന്‍ പോലീസ് സംഘടനകള്‍ക്ക് കഴിഞ്ഞത് അഭിനന്ദനാര്‍ഹമാണ്. ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സംഘടന ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.