UDF

2014, ഒക്‌ടോബർ 10, വെള്ളിയാഴ്‌ച

കാന്‍സര്‍ സുരക്ഷ പരമാവധി പേര്‍ക്ക് പ്രയോജനപ്രദമാവണം

കാന്‍സര്‍ സുരക്ഷ പരമാവധി പേര്‍ക്ക് പ്രയോജനപ്രദമാവണം - മുഖ്യമന്ത്രി

 

തിരുവനന്തപുരം: സുകൃതം കാന്‍സര്‍ സുരക്ഷാ പദ്ധതിയുടെ പ്രയോജനം സമൂഹത്തിലെ പരമാവധിപേര്‍ക്ക് ലഭിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

ഇതു സംബന്ധിച്ച യോഗത്തില്‍ അധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിപി.എല്‍ കാര്‍ഡുള്ളവര്‍, ആര്‍.എസ്.ബി.വൈ ചിസ് പദ്ധതിയിലുള്‍പ്പെട്ടവര്‍, സംസ്ഥാനത്തെ അഞ്ച് മെഡിക്കല്‍ കോളേജുകളിലും കാന്‍സര്‍ സെന്ററുകളിലും എത്തുന്നവര്‍ എന്നീ വിഭാഗങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്ന വിധത്തിലാണ് സുകൃതം പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി യോഗത്തില്‍ അറിയിച്ചു. 

അതേ സമയം കാര്‍ഡില്ലാത്തവരുള്‍പ്പെടെ ബി.പി.എല്‍. പട്ടികയിലുള്‍പ്പെട്ട മുഴുവന്‍ പേര്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
എറണാകുളം ജനറല്‍ ആശുപത്രിയും പദ്ധതിയുടെ പരിധിയിലുള്‍പ്പെടും. തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്റര്‍, മലബാര്‍ കാന്‍സര്‍ സെന്റര്‍ എന്നിവയാണ് പദ്ധതിയുടെ പരിധിയില്‍പ്പെടുന്ന കാന്‍സര്‍ സെന്ററുകള്‍.

സംസ്ഥാനത്തെ ജനസംഖ്യയുടെ 47 ശതമാനത്തോളം പേര്‍ക്ക് ഇത്തരത്തില്‍ പദ്ധതി പ്രയോജനം ചെയ്യുമെന്നും യോഗം അഭിപ്രായപ്പെട്ടു. ആരോഗ്യവകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍, ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.