UDF

2014, ഒക്‌ടോബർ 4, ശനിയാഴ്‌ച

പി.ആര്‍. എന്നും നാടിനൊപ്പം നടന്ന നേതാവ്

പി.ആര്‍. എന്നും നാടിനൊപ്പം നടന്ന നേതാവ് -മുഖ്യമന്ത്രി

 

പാനൂര്‍: എന്നും നാട്ടുകാരുടെ സ്‌നേഹവാത്സല്യങ്ങള്‍ ഏറ്റുവാങ്ങി നാടിനൊപ്പം നടന്നുനീങ്ങിയ നേതാവായിരുന്നു പി.ആര്‍. കുറുപ്പെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

അനാചാരങ്ങള്‍ക്കെതിരെ ശബ്ദിക്കുകയും ജന്മിത്തത്തിനെതിരെ പോരാടുകയുംചെയ്ത അദ്ദേഹം ഒരുകാലത്തെ കര്‍ഷക സമരങ്ങള്‍ക്ക് നേതൃത്വംനല്കുകയും ചെയ്തു. പി.ആര്‍. ജന്മശതാബ്ദിയാഘോഷത്തിന്റെഭാഗമായി പാനൂരില്‍ ജന്മശതാബ്ദിമന്ദിരം ഉദ്ഘാടനംചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കേരളരാഷ്ട്രീയത്തില്‍ എന്നും തലയുയര്‍ത്തിനിന്ന വ്യക്തിയായിരുന്നു പി.ആര്‍. അദ്ദേഹത്തിന്റെപേരിലുള്ള ഈ മന്ദിരം പി.ആറിന്റെ ഓര്‍മകളെ എന്നും നിലനിര്‍ത്തും -മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് അദ്ദേഹം നല്കിയ സംഭാവന വളരെ വലുതാണ് -മുഖ്യമന്ത്രി പറഞ്ഞു.

സോഷ്യലിസ്റ്റ് ജനത സംസ്ഥാന പ്രസിഡന്റ് എം.പി.വീരേന്ദ്രകുമാര്‍ അധ്യക്ഷതവഹിച്ചു. ഏതു വെല്ലുവിളിയെയും പ്രതിസന്ധിയെയും മുഖംനോക്കാതെ നേരിട്ട നേതാവായിരുന്നു പി.ആര്‍. എന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിയായിരുന്നപ്പോള്‍ പാവപ്പെട്ട ജനങ്ങളെ മുന്നില്‍ക്കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍തൂക്കംനല്കിയത്. ചിലര്‍ ജീവിക്കുമ്പോള്‍ത്തന്നെ മരിച്ചുപോകുന്നു. പക്ഷേ, മരിച്ചാലും ഓര്‍മകള്‍ അതിശക്തമായി നിലനിര്‍ത്തിയ നേതാവാണ് പി.ആര്‍. -അദ്ദേഹം പറഞ്ഞു. രാഷ്ട്രീയക്കാരനായിരുന്നില്ലെങ്കില്‍ ചിലപ്പോള്‍ ഒരു എഴുത്തുകാരനായി പി.ആര്‍. മാറുമായിരുന്നു. അത്രമാത്രം പുസ്തകങ്ങളെ സ്‌നേഹിച്ച വ്യക്തിയായിരുന്നു പി.ആര്‍. തൊട്ടതിലെല്ലാം പി.ആര്‍. വ്യക്തിമുദ്ര പതിപ്പിച്ചു -വീരേന്ദ്രകുമാര്‍ പറഞ്ഞു.

വിമര്‍ശിക്കുന്നവര്‍പോലും വീരാരാധനയോടെ നോക്കിക്കണ്ട നേതാവായിരുന്നു പി.ആര്‍. എന്ന് മന്ത്രി കുഞ്ഞാലിക്കുട്ടി പറഞ്ഞു. മന്ത്രി കെ.എം.മാണി, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി., രാമചന്ദ്രന്‍ കടന്നപ്പള്ളി, മാത്യു ടി.തോമസ് എം.എല്‍.എ., ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി.രമേശ് എന്നിവര്‍ പ്രസംഗിച്ചു. എ.കെ.ശശീന്ദ്രന്‍ എം.എല്‍.എ., അഡ്വ. സണ്ണി ജോസഫ് എംഎല്‍.എ., സോഷ്യലിസ്റ്റ് ജനത സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജ്, ഡി.സി.സി. പ്രസിഡന്റ് കെ.സുരേന്ദ്രന്‍, സോഷ്യലിസ്റ്റ് ജനത സംസ്ഥാന സെക്രട്ടറി കെ.പി.രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.