മൂന്ന് കുട്ടികളെ സര്‍ക്കാര്‍ ദത്തെടുത്തു

തിരുവനന്തപുരം: കാസര്‍കോട്ട് നിന്നുള്ള അഖിലാമോഹന്റെ കണ്ണീരില്‍ കുതിര്‍ന്ന ചോദ്യത്തിന്, അച്ഛനും അമ്മയും നഷ്ടപ്പെട്ട മൂന്ന് കുട്ടികളെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മറുപടി. മുഖ്യമന്ത്രിയുമായി യൂത്ത് പാര്‍ലമെന്റ് അംഗങ്ങള്‍ നടത്തിയ സംവാദത്തിലാണ് വികാരനിര്‍ഭരമായ ചോദ്യവും അതിന് മുഖ്യമന്ത്രിയുടെ ഉറപ്പും ലഭിച്ചത്.
കാസര്‍കോട്ട് കുണ്ടംകുഴി സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് അഖില പഠിക്കുന്നത്. അവിടെ അച്ഛനുമമ്മയും നഷ്ടപ്പെട്ട് അനാഥരായ മൂന്ന് കുട്ടികള്‍ വിവിധ ക്ലാസുകളിലായി പഠിക്കുന്നുണ്ട്. താമസിക്കാന്‍ വീടില്ല, പ്ലസ് വണ്ണിനുപഠിക്കുന്ന ആണ്‍കുട്ടിയാണ് മൂത്തയാള്‍. തീര്‍ത്തും ദുരിതത്തിലായ ഈ കുട്ടിക്ക് ഇളയ കുട്ടികളുടെ സംരക്ഷണവും വിദ്യാഭ്യാസവും അസാധ്യമാവുകയാണ്. ഇവരുടെ കാര്യത്തില്‍ സര്‍ക്കാര്‍ സഹായം നല്‍കണം. നിറഞ്ഞ കണ്ണുകളോടെ അഖില ഇത് പറയുമ്പോള്‍ മുഖ്യമന്ത്രി അതേ വികാരത്തോടെ അതുള്‍ക്കൊണ്ട് മറുപടി നല്‍കി. കുട്ടികളെ സര്‍ക്കാര്‍ ദത്തെടുക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ജൂണ്‍ അഞ്ചിന് കാസര്‍കോട്ട് എത്തുമ്പോള്‍ ഗസ്റ്റ്ഹൗസില്‍ കുട്ടികളെ കാണാമെന്നും കുട്ടികള്‍ക്കും സ്‌കൂള്‍ പ്രഥമാധ്യാപകനുമൊപ്പം അഖിലയുമുണ്ടാവണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഈ വിഷയമുന്നയിച്ചതിന് അഖിലയെ നന്ദി അറിയിക്കാനും മുഖ്യമന്ത്രി മറന്നില്ല. മാത്രവുമല്ല അഖിലയുടെ ഫോണ്‍ നമ്പരും മുഖ്യമന്ത്രി ചോദിച്ച് വാങ്ങി.
പ്ലസ് ടു സൗകര്യമില്ലാത്ത സംസ്ഥാനത്തെ 148 പഞ്ചായത്തുകളില്‍ അടുത്ത അദ്ധ്യയനവര്‍ഷം പ്ലസ് ടു അനുവദിക്കുമെന്ന് ഒരു ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഈ വര്‍ഷം പ്ലസ് ടു ഉള്ളിടത്ത് അധിക ബാച്ചുകള്‍ അനുവദിച്ച് പ്രശ്‌നം പരിഹരിക്കും. പ്ലസ് ടു പ്രവേശനത്തിനുള്ള ഏകജാലക സംവിധാനം കാലതാമസ മുണ്ടാക്കുന്നുവെന്ന ഒരു യൂത്ത് പാര്‍ലമെന്റംഗത്തിന്റെ അഭിപ്രായത്തോട് യോജിപ്പ് പ്രകടിപ്പിച്ച മുഖ്യമന്ത്രി, പ്രവേശനം സുതാര്യതയാക്കുന്നുവെന്ന ഏകജാലക സംവിധാനത്തിന്റെ നേട്ടം എടുത്തുകാട്ടുകയും ചെയ്തു.
സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെ വിവാദ പരാമര്‍ശങ്ങളെക്കുറിച്ചുള്ള ഒരു കുട്ടിയുടെ ചോദ്യത്തിന് പൊതുപ്രവര്‍ത്തകര്‍ വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ മിതത്വം പാലിക്കണമെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. ഇപ്പോള്‍ പൊതുപ്രവര്‍ത്തന രംഗത്ത് നില്‍ക്കുന്നവര്‍ സംസാരിക്കുമ്പോള്‍ പുതിയ പുതിയ വാക്കുകളാണ് പ്രയോഗിക്കുന്നത്. അവര്‍ കരുതുന്നത് അവര്‍ പറയുന്ന വാക്കുകള്‍ക്ക് പകരം വയ്ക്കാന്‍ മറ്റ് വാക്കുകളില്ലെന്നാണ്.
സംസ്ഥാനത്തെ പതിനാല് ജില്ലകളില്‍നിന്നായുള്ള 28 വിദ്യാര്‍ത്ഥികളാണ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സ് സംഘടിപ്പിച്ച യൂത്ത് പാര്‍ലമെന്റില്‍ മുഖ്യമന്ത്രിയുടെ മുന്നില്‍ ചോദ്യങ്ങളുമായെത്തിയത്. വര്‍ത്തമാനകാല സംസ്ഥാന ദേശീയരാഷ്ട്രീയം, അന്തര്‍സംസ്ഥാന നദീജലപ്രശ്‌നം, മുല്ലപ്പെരിയാര്‍, മരുന്നുവില നിയന്ത്രണം, എസ്.എസ്.എല്‍.സി. ഗ്രേഡിങ് സമ്പ്രദായം, പശ്ചിമഘട്ടസംരക്ഷണം, സ്ത്രീ സുരക്ഷ, കാമ്പസുകളിലെ സംഘടനാ പ്രവര്‍ത്തനം, ആറന്മുള വിമാനത്താവളം എന്നിവയ്ക്കുപുറമേ പ്രാദേശികമായ ആവശ്യങ്ങളും നിവേദനങ്ങളുമെല്ലാം മുഖ്യമന്ത്രിക്കുമുന്നില്‍ കുട്ടികളവതരിപ്പിച്ചു.
കായികമേളകളില്‍ മികച്ച പ്രകടനം കാഴ്‌ചെവയ്ക്കുന്ന മാള ഉപജില്ലയ്ക്ക് സ്വന്തമായി സ്റ്റേഡിയം അനുവദിക്കണമെന്ന ആവശ്യമാണ് കുഴിക്കാട്ടുശ്ശേരി സെന്റ് മേരീസ് ജി.എച്ച്.എച്ച്.എസിലെ സിംസി പൗലോസ് ഉന്നയിച്ചത്. സ്ഥലം ലഭ്യമായാല്‍ സ്റ്റേഡിയം നിര്‍മ്മിക്കാനാവശ്യമായ പണം സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി സിംസിക്ക് ഉറപ്പുനല്‍കി. വെളിയന്നൂര്‍ പഞ്ചായത്തിലെ പൂവക്കുളത്ത് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യത്തിന്മേലും നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭരണമാറ്റംവന്ന സാഹചര്യത്തില്‍ കേന്ദ്രത്തില്‍ നിന്ന് കേരളം പ്രതീക്ഷിക്കുന്നതെന്താണെന്ന ചോദ്യത്തിന് ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളുമാണ് ഫെഡറല്‍ സംവിധാനത്തിന്റെ ശക്തിയെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണെന്ന വിദഗ്ദ്ധാഭിപ്രായം സാധാരണ സാഹചര്യങ്ങള്‍ പരിഗണിച്ച് ശരിയായിരിക്കാം. എന്നാല്‍ അവിചാരിതമായ സാഹചര്യങ്ങളില്‍ ഡാമിന്റെ സുരക്ഷ സംബന്ധിച്ച് സര്‍ക്കാരിനും പ്രദേശവാസികള്‍ക്കും ആശങ്കയുണ്ടെന്നും ഇതേക്കുറിച്ചുള്ള ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചു. കസ്തൂരിരംഗന്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകളില്‍ തന്റെ മുന്‍ നിലപാടുകളില്‍ ഉറച്ച് നില്‍ക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. കാമ്പസുകളില്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ പേരില്‍ നടക്കുന്ന അക്രമത്തെ അംഗീകരിക്കില്ല. സ്ത്രീകളുടെ സുരക്ഷാകാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കും. തിരുവനന്തപുരത്തും കൊച്ചിയിലുമാരംഭിച്ച ഷീ ടാക്‌സി മറ്റു നഗരങ്ങളിലേക്കും വ്യാപിപ്പിക്കും. സംസ്ഥാനത്ത് മദ്യനിരോധനമേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. മദ്യലഭ്യത കുറയ്ക്കുക, ബോധവത്കരണം നടത്തി മദ്യ ഉപഭോഗം കുറയ്ക്കുക, ഘട്ടം ഘട്ടമായി മദ്യനിരോധനത്തിലെത്തുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സ് ഡയറക്ടര്‍ ജനറല്‍ ടി.വര്‍ഗീസ്, കണ്‍സള്‍ട്ടന്റ് ജയിംസ് ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.