UDF

2012, ജൂലൈ 30, തിങ്കളാഴ്‌ച

യുവാക്കളുടെ അംഗീകാരമില്ലാതെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ല

യുവാക്കളുടെ അംഗീകാരമില്ലാതെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ല

 

യുവാക്കളുടെ അംഗീകാരമില്ലാതെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യൂത്ത്കോണ്‍ഗ്രസ് നേതൃപരിശീലന ക്യാമ്പില്‍ യുവാക്കളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. യുവാക്കളെ വിശ്വാസത്തിലെടുത്തുകൊണ്ട് മാത്രമേ ഇതിനെ കുറിച്ച് ആലോചിക്കുകയുള്ളൂ. പെന്‍ഷന്‍ പ്രായം 56 ആക്കി ഉയര്‍ത്തിയപ്പോള്‍ 12,200 ഓളം സൂപ്പര്‍ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തി യുവാക്കള്‍ക്ക് നല്‍കിയ വാക്ക് പാലിച്ചു. അതുകൊണ്ട് പെന്‍ഷന്‍ പ്രായത്തെച്ചൊല്ലി യുവാക്കള്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. അതേ സമയം പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കിയേ തീരൂ. പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കിയാല്‍ സര്‍ക്കാറിന്‍െറ സാമ്പത്തിക ബാധ്യത ഉടന്‍ കുറയുമെന്നാണ് ചിലര്‍ പറയുന്നത്. അത് വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. കുറഞ്ഞത് 25 വര്‍ഷം കഴിഞ്ഞ് മാത്രമേ സര്‍ക്കാറിന് ഇതിന്‍െറ പ്രയോജനം ലഭിക്കൂയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുട്ടനാട് പാക്കേജിന്‍െറ പുരോഗതിയില്‍ തൃപ്തനല്ല. തണ്ണീര്‍മുക്കം ബണ്ടിന്‍െറയും തോട്ടപ്പള്ളി സ്പില്‍വേയുടെയും നിര്‍മാണ ജോലികള്‍ പാക്കേജിനോടൊപ്പം ഏറ്റെടുത്ത് നടത്തും. പാക്കേജിന്‍െറ നടത്തിപ്പ് സംബന്ധിച്ച് പുന$പരിശോധന നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 ഭവനനിര്‍മാണ പദ്ധതികള്‍ക്കുള്ള തുക തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഉടന്‍ വിതരണം ചെയ്യും. സെക്രട്ടേറിയറ്റ് അസിസ്റ്റന്‍ഡ് പരീഷക്ക് കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍ ഡിപ്ളോമ അധികയോഗ്യതയാക്കിയ തീരുമാനത്തില്‍ മാറ്റം വരുത്തേണ്ട എന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ പരീഷക്ക് മുമ്പേ ഡി.സി.എ യോഗ്യത നേടിയിരിക്കണം എന്ന പി.എസ്.സിയുടെ നിബന്ധന ഇത്തവണത്തേക്ക് ഒഴിവാക്കണമെന്നും സര്‍ട്ടിഫിക്കറ്റ് പരിശോധനയുടെ സമയത്ത് യോഗ്യത നേടിയാല്‍ മതിയെന്നാക്കണമെന്നും അറിയിച്ചിട്ടുണ്ട്. പി.എസ്.സി ഇക്കാര്യം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം മിനി ഹൈപ്പര്‍ പ്രോജക്ടുകള്‍ മാത്രമാണ്. ഇതോടൊപ്പം സൗരോര്‍ജ വൈദ്യുതിയും കാറ്റില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പദ്ധതികള്‍ക്കും ഇപ്പോള്‍ സര്‍ക്കാര്‍ പ്രാധാന്യം നല്‍കും.
നെല്ലിയാമ്പതിയിലെ കാലാവധി പൂര്‍ത്തിയായ തോട്ടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് സര്‍ക്കാറിന്‍െറ പൊതു സമീപനം. അഹാഡ്സില്‍ ജോലി ചെയ്ത മുഴുവന്‍ ആദിവാസികള്‍ക്കും സര്‍ക്കാര്‍ ജോലി നല്‍കും. വാര്‍ധക്യകാല പെന്‍ഷന്‍ ദാരിദ്ര്യരേഖക്ക് താഴെ ഉള്ളവര്‍ക്ക് മാത്രം നല്‍കുന്ന വ്യവസ്ഥയില്‍ മാറ്റം വരുത്തും.
കരിമണല്‍ ഖനനം ഒരു കാരണവശാലും സ്വകാര്യ മേഖലക്ക് നല്‍കില്ല. പട്ടികജാതി -വര്‍ഗ വിദ്യാര്‍ഥികളുടെ സ്കോളര്‍ഷിപ് തുക വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.