UDF

2012, ജൂലൈ 3, ചൊവ്വാഴ്ച

അതിവേഗ റെയില്‍പാതയ്ക്ക് തത്വത്തില്‍ അനുമതി

അതിവേഗ റെയില്‍പാതയ്ക്ക് തത്വത്തില്‍ അനുമതി: മുഖ്യമന്ത്രി




ന്യൂഡല്‍ഹി: സംസ്ഥാനത്ത് അതിവേഗ റെയില്‍പ്പാത നിര്‍മ്മിക്കുന്നതിന് തത്വത്തില്‍ അനുമതി ലഭിച്ചതായി പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരളത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് ഉടന്‍ അനുവദിക്കണമെന്നും കൊച്ചി മെട്രോയുടെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്നും കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു.

21 ആവശ്യങ്ങള്‍ ഉള്‍പ്പെട്ട നിവേദനം പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു. മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്നത് സംബന്ധിച്ച നടപടി വേഗത്തിലാക്കുക, വളത്തിന്റെ വില നിയന്ത്രിക്കുക, വിദ്യാഭ്യാസ വായ്പാ മാനദണ്ഡങ്ങളില്‍ മാറ്റംവരുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തില്‍ ഉന്നയിച്ചത്. കേരളത്തിന്റെ ആവശ്യങ്ങളില്‍ അനുഭാവപൂര്‍ണ്ണമായ സമീപനം സ്വീകരിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രമന്ത്രിമാരായ ഗുലാംനബി ആസാദ്, കപില്‍ സിബല്‍, ശരദ് പവാര്‍, കെ.വി തോമസ്, വയലാര്‍ രവി തുടങ്ങിയവരെ സന്ദര്‍ശിച്ച് കേരളത്തിന്റെ ആവശ്യങ്ങള്‍ ശ്രദ്ധയില്‍ പെടുത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള സഹായം, അവശ്യ മരുന്നുകളുടെ വിലനിയന്ത്രണം, സോമാലിയ കടല്‍ക്കൊള്ളക്കാരുടെ പിടിയിലുള്ള മലയാളികളുടെ മോചനം തുടങ്ങിയ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം കേന്ദ്ര മന്ത്രിമാരുടെ ശ്രദ്ധയില്‍ പെടുത്തി
.