UDF

2012, ജൂലൈ 3, ചൊവ്വാഴ്ച

നിക്ഷേപകര്‍ക്ക് സഹായമൊരുക്കാന്‍ പ്രതിജ്ഞാബദ്ധമെന്ന് മുഖ്യമന്ത്രി

ടോള്‍ പിരിക്കാന്‍ തടസ്സമുണ്ടാവില്ല; നിക്ഷേപകര്‍ക്ക് സഹായമൊരുക്കാന്‍ പ്രതിജ്ഞാബദ്ധമെന്ന് മുഖ്യമന്ത്രി

ടോള്‍ പിരിക്കാന്‍ തടസ്സമുണ്ടാവില്ല; നിക്ഷേപകര്‍ക്ക് സഹായമൊരുക്കാന്‍ പ്രതിജ്ഞാബദ്ധമെന്ന് മുഖ്യമന്ത്രി

ന്യൂദല്‍ഹി: കേരളത്തില്‍ വ്യവസായ പദ്ധതികളുമായി വരുന്ന നിക്ഷേപകര്‍ക്ക് ഭൂമിയും വൈദ്യുതിയും സര്‍ക്കാര്‍ ലഭ്യമാക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അസോസിയേഷന്‍ ഓഫ് ചേംബര്‍സ് ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ (അസോചം) കേരളത്തെക്കുറിച്ച് തയാറാക്കിയ പഠനറിപ്പോര്‍ട്ട് ദല്‍ഹി ‘ലേ മെറിഡിയനി’ല്‍ പ്രകാശനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ബി.ഒ.ടി റോഡുകളില്‍ ടോള്‍ പിരിക്കുന്നതിന് തടസ്സമുണ്ടാവില്ലെന്നും ടോളിനെതിരായ പ്രതിഷേധം അനുനയത്തിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം നിക്ഷേപകര്‍ക്ക് ഉറപ്പുനല്‍കി.

 കേരളംപോലെ ജനസാന്ദ്രതയുള്ള പ്രദേശത്ത് ഭൂമി ലഭിക്കാന്‍ പ്രയാസമുണ്ടെന്നത് വസ്തുതയാണ്. എങ്കിലും വികസനപദ്ധതികള്‍ക്ക് ആവശ്യമായ ഭൂമി ഏറ്റെടുത്ത് നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഭൂവുടമകള്‍ക്ക് പരമാവധി നഷ്ടപരിഹാരം നല്‍കുന്നതും പദ്ധതിയുടെ ആദ്യഗുണഭോക്താവാക്കി മാറ്റുന്നതുമായ നയമാണ് ഭൂമി ഏറ്റെടുക്കുന്നതില്‍ സര്‍ക്കാറിനുള്ളത്. കേരളത്തിന്‍െറ പുതിയ വന്‍കിട ജലവൈദ്യുതി പദ്ധതികള്‍ക്ക് കേന്ദ്രത്തിന്‍െറ പരിസ്ഥിതി അനുമതി ലഭിക്കാത്തത് പ്രശ്്നമാണ്. എങ്കിലും ചെറുകിട ജലവൈദ്യുതി, കാറ്റില്‍ നിന്നുള്ള വൈദ്യുതി തുടങ്ങിയ ബദല്‍ മാര്‍ഗങ്ങളിലൂടെ ആവശ്യമായ വൈദ്യുതി ലഭ്യത ഉറപ്പാക്കും. വികസനത്തിന് മുടക്കാന്‍ സര്‍ക്കാറിന് പണമില്ല. അതിനാല്‍, പ്രായോഗികമായ പദ്ധതികളുമായി സ്വകാര്യ കമ്പനികള്‍ വന്നാല്‍ പി.പി.പി, ബി.ഒ.ടി പദ്ധതികള്‍ക്ക് എല്ലാ സഹായവും നല്‍കും.

കേരളത്തിന്‍െറ നിക്ഷേപ, വികസന സാധ്യതകള്‍ വിവരിക്കാന്‍ സെപ്റ്റംബറില്‍ കൊച്ചിയില്‍ ‘എമര്‍ജിങ് കേരള’ ബിസിനസ് മീറ്റ് സംഘടിപ്പിക്കും. ടൂറിസം, അടിസ്ഥാന സൗകര്യവികസനം, ആരോഗ്യം എന്നിവക്ക് പുറമെ, കാര്‍ഷിക മേഖലയിലും കേരളത്തില്‍ വന്‍കിട നിക്ഷേപത്തിന് സാധ്യതകളുണ്ട്. മാലിന്യനിര്‍മാര്‍ജനം സംസ്ഥാനം നേരിടുന്ന വലിയ പ്രശ്നമാണ്. ഈ രംഗത്ത് ഫലപ്രദമായ സാങ്കേതികവിദ്യയുമായി വരുന്ന കമ്പനികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സഹായം നല്‍കും. ധാരളം ചെറുകിട കച്ചവടക്കാരുടെ ഉപജീവനത്തെ ബാധിക്കുമെന്നതിനാല്‍ ചില്ലറ വില്‍പന രംഗത്ത് നേരിട്ടുള്ള വിദേശനിക്ഷേപത്തെ കേരളം അനുകൂലിക്കുന്നില്ല.
കേരളം സമരങ്ങളുടെ നാടാണെന്ന ധാരണ പഴയതാണെന്നും വികസന പദ്ധതികളോട് സഹകരിക്കുന്ന തൊഴിലാളികളും ട്രേഡ് യൂനിയനുകളുമാണ് ഇപ്പോള്‍ കേരളത്തിലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി മുന്നോട്ടുവെച്ച കേരളത്തിന്‍െറ നിക്ഷേപ സാധ്യതകള്‍ ഇന്ത്യയിലും വിദേശത്തുമുള്ള നിക്ഷേപകരുടെ മുന്നിലെത്തിക്കാന്‍ പ്രചാരണം നടത്തുമെന്ന് അസോചാം പ്രസിഡന്‍റ് ദിലിപ് മോഡി പറഞ്ഞു. മന്ത്രിമാരായ കെ.എം. മാണി, കെ.സി. ജോസഫ്, വ്യവസായ പ്രമുഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.