UDF

2016, ഫെബ്രുവരി 4, വ്യാഴാഴ്‌ച

സ്ത്രീ ശാക്തീകരണത്തിനായി പുതിയ പദ്ധതി


സ്ത്രീ ശാക്തീകരണത്തിനായി കാരുണ്യ പദ്ധതിയുടെ മാതൃകയില്‍ ലോട്ടറി വരുമാനം ഉപയോഗിച്ച് സര്‍ക്കാര്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചു. സ്ത്രീ ശക്തി സ്‌കീം എന്ന പദ്ധതിയില്‍ സ്ത്രീകള്‍ക്ക് ഒമ്പത് മേഖലകളില്‍ സഹായം നല്‍കുന്നതാണ് പദ്ധതി. ഇതിനായി പണം കണ്ടെത്തുന്നതിന് എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ധനശ്രീ ലോട്ടറിയുടെ പേര് സ്ത്രീശക്തി ലോട്ടറി എന്നാക്കി മാറ്റി വില 40 രൂപയില്‍ നിന്ന് 50 രൂപയാക്കി വര്‍ധിപ്പിക്കും. ഈ ലോട്ടറി വിറ്റ് ഏറ്റവും കുറഞ്ഞത് 100 കോടി രൂപ ഒരു പ്രതിവര്‍ഷം ലഭിക്കുമെന്ന് കരുതുന്നു. ഇത് ക്രമേണ വര്‍ധിപ്പിക്കാന്‍ സാധിക്കും എന്നാണ് പ്രതീക്ഷ.

സ്ത്രീകളുടെ തൊഴില്‍പങ്കാളിത്തും, കഷ്ടത അനുഭവിക്കുന്നവരെ പുനരധിവാസം, അര്‍ഹരായ പെണ്‍കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസ സഹായം, അംഗവൈകല്യമുള്ളവര്‍ക്ക് സഹായം, സ്ത്രീകള്‍ നയിക്കുന്ന കുടുംബങ്ങള്‍, ആ കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ സഹായം, വൃദ്ധരായ സ്ത്രീകള്‍ക്ക് സഹായം, മാനസികമായി വെല്ലുവിളി നേരിടുന്നവരെ സഹായിക്കുക, അര്‍ഹരായ സ്ത്രീകളുടെ വിവാഹത്തിന് ധനസഹായം, വിധവകള്‍ക്കുള്ള സഹായം എന്നിങ്ങനെ ഒമ്പത് മേഖലകളില്‍ സ്ത്രീകള്‍ക്ക് സഹായം നല്‍കുന്നതാണ് സ്ത്രീ ശക്തി സ്‌കീം പദ്ധതി. കാരുണ്യലോട്ടറി പോലെ വിജയകരമായി ഇതും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറ്റ് മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍

  • അരിവാള്‍ രോഗം ബാധിച്ച ആദിവാസികള്‍ക്ക് നല്‍കിവരുന്ന 2000 രൂപ പെന്‍ഷന്‍ രോഗബാധിതരായ മറ്റുള്ളവര്‍ക്കും അനുവദിക്കും.
  • കാസര്‍കോട് വാണിനഗറിലെ താരാനാഥിന്റെ മകള്‍ ടി.ശ്രുതിയക്ക് എന്‍ഡോസള്‍ഫാന്‍ പാക്കേജിലുള്ള സഹായത്തിന് പുറമെ വിദ്യാഭ്യാസം, ചികിത്സ എന്നിവയ്ക്കായി നാല് ലക്ഷം രൂപ കൊടുക്കും.
  • ഹോമിയോ ഡോക്ടര്‍ ആകണമെന്ന് ആഗ്രഹിക്കുന്ന ശ്രതിക്ക് കര്‍ണാടക സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശനം കിട്ടി. ശ്രുതിയുടെ തുടര്‍ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനുമായാണ് നാല് ലക്ഷം രൂപ നല്‍കുക.
  • സര്‍ക്കാര്‍ സ്‌കൂളുകളോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന പ്രീപ്രൈമറി അധ്യാപകരുടേയും ആയമാരുടെയു ഓണറേറിയം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. പ്രീപ്രൈമറി അധ്യാപകര്‍ക്ക് 9000 രൂപയും ആയമാര്‍ക്ക് 6000 രൂപയുമായാണ് വര്‍ധിപ്പിച്ചത്.
  • അണ്‍എയിഡഡ് സ്‌പെഷല്‍ സ്‌കൂളുകളില്‍ 100 കുട്ടികളില്‍ കൂടുതലുള്ള സ്‌കൂളുകള്‍ എയിഡഡാക്കാന്‍ തീരുമാനിച്ചു. ഇപ്രകാരം 33 സ്‌കൂളുകള്‍ക്ക് എയിഡഡ് പദവി ലഭിക്കും.
  • 50 കുട്ടികളുള്ള സ്‌പെഷല്‍ സ്‌കൂളുകളും എയിഡഡാക്കും. 
  • 25 കുട്ടികളില്‍ കൂടുതലുള്ള ബഡ് സ്‌കൂളുകളും എയിഡഡാക്കും.ഡെഫ് സ്‌കൂളുകള്‍ക്ക് എയിഡഡ് പദവി നല്‍കും.
  • കെല്ലിലെ ജീവനക്കാര്‍ക്ക് 21 ശതമാനം ശമ്പളവര്‍ധനവിനുള്ള വ്യവസ്ഥ സര്‍ക്കാര്‍ അംഗീകരിച്ചു.
  • ഹരിപ്പാട് മണ്ഡലത്തിലെ കരിവാറ്റയില്‍ സ്ഥാപിക്കുന്ന മെഡിക്കല്‍ കോളജിനായി ഭൂമി ഏറ്റെടുത്തപ്പോള്‍ വേറെ ഭൂമി ഇല്ലാത്ത 27 കുടുംബങ്ങള്‍ക്കായി പ്രത്യേക പുനരധിവാസ പാക്കേജ് നടപ്പാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഇവര്‍ക്ക് അഞ്ച് സെന്റ് സ്ഥലവും കുടുംബത്തിലെ ഒരാള്‍ക്ക് മെഡിക്കല്‍ കോലജില്‍ ജോലിയും നല്‍കും. 
  • ഭവനരഹിതരായ 700 മത്സ്യത്തൊഴിലാളികള്‍ക്ക് വീട് നിര്‍മ്മിക്കുന്നതിന് 10 കോടി രൂപ വിനിയോഗിക്കുന്നതിന് ഫിഷറീസ് വകുപ്പിന് അനുമതി നല്‍കി.
  • എക്‌സൈസ് വകുപ്പിലെ വനിതാപ്രാതിനിധ്യം ഉയര്‍ത്തുന്നതിനായി 140 തസ്തികള്‍ സൃഷ്ടിക്കും. 
  • റേഷന്‍ വ്യാപാരി ക്ഷേമനിധിയിലേക്ക് വ്യാപാരികളുടെ അംശാദായും 200 രൂപയായി വര്‍ധിപ്പിച്ചു. പിന്നീട് പ്രതിമാസ പെന്‍ഷന്‍ നല്‍കുന്നത് 500 രൂപയില്‍ നിന്ന് 1500 ആക്കി.