UDF

2015, ഡിസംബർ 29, ചൊവ്വാഴ്ച

ബാബുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ജോലി നല്‍കും


വയനാട്: സ്വന്തം ജീവന്‍ വിലനല്‍കി മറ്റൊരാളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച ആദിവാസി യുവാവ് ബാബുവിന്റെ കുടുംബത്തോടുള്ള ആദരം അറിയിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബാണാസുരമലയിലെ അംബേദ്കര്‍ കോളനിയിലെത്തി. ദുര്‍ഘടപാതകള്‍ പിന്നിട്ട്, കാട്ടുനായ്ക്കരും പണിയരും മാത്രം താമസിക്കുന്ന കോളനിയില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് മുഖ്യമന്ത്രി എത്തിയത്.

മകന്‍ ചെയ്തത് മഹത്തായ കാര്യമാണെന്നും ഒപ്പം അതൊരു തീരാവേദനകൂടിയാണെന്നും മുഖ്യമന്ത്രി ബാബുവിന്റെ മാതാപിതാക്കളോടു പറഞ്ഞു. ദരിദ്രാവസ്ഥയിലുള്ള കുടുംബത്തിന്റെ സുരക്ഷിതത്ത്വത്തിന് ബാബുവിന്റെ സഹോദരന് സര്‍ക്കാര്‍ ജോലി നല്‍കും. ഇതുസംബന്ധിച്ചുള്ള കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു.

ഇവര്‍ കാല്‍നൂറ്റാണ്ടായി താമസിക്കുന്ന സ്ഥലത്തിന് പട്ടയം ലഭിക്കാത്തതും വീടില്ലാത്തതും നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. ഇതിനെല്ലാം പരിഹാരം കണ്ടെത്താന്‍ ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാറിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ബാബുവിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപയുടെ ചെക്ക് കൈമാറി. മന്ത്രി എം.കെ. മുനീറും തിങ്കളാഴ്ച രാവിലെ ബാബുവിന്റെ വീട്ടിലെത്തിയിരുന്നു. മന്ത്രി പി.കെ. ജയലക്ഷ്മി കഴിഞ്ഞ ദിവസം ഇവിടെയെത്തി രണ്ടുലക്ഷം രൂപയുടെ സഹായധനവും പ്രഖ്യാപിച്ചിരുന്നു.

ബാണാസുരസാഗറില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ റൗഫ് വെള്ളത്തിലേക്കു താഴ്ന്നുപോകുന്നതുകണ്ടു രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ബുധനാഴ്ച വൈകിട്ട് ബാബുവും അപകടത്തില്‍പ്പെട്ടത്. മരിച്ച ചെന്നലോട് പത്തായക്കോടന്‍ റൗഫിന്റെ വീടും മുഖ്യമന്ത്രി സന്ദര്‍ശിച്ചു.