UDF

2015, നവംബർ 1, ഞായറാഴ്‌ച

അക്രമത്തിനും അസഹിഷ്ണുതയ്ക്കും എതിരേ കേരളത്തിന്റെ വിരലുയരും


അധികാരവികേന്ദ്രീകരണത്തിലും പഞ്ചായത്തീരാജ് ശാക്തീകരണത്തിലും കേരളം ദേശീയതലത്തിൽ കൊടിപാറിച്ചത് നമുക്കെല്ലാം ഏറെ അഭിമാനകരമാണ്. ഏറ്റവും മികച്ച പഞ്ചായത്തീരാജുള്ള സംസ്ഥാനം എന്ന  ബഹുമതി കഴിഞ്ഞവർഷം പ്രധാനമന്ത്രി നരേന്ദ്രമോദിയിൽനിന്ന് പഞ്ചായത്ത് മന്ത്രി ഡോ. എം.കെ. മുനീർ ഏറ്റുവാങ്ങി. കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം, ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് മുഖാന്തരം നടത്തിയ സ്വതന്ത്രപഠനത്തിലൂടെയാണ് അവാർഡിന് അർഹരായവരെ കണ്ടെത്തിയത്. ഈ വർഷവും നേട്ടം ആവർത്തിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു. ഇതേത്തുടർന്ന് പ്രാദേശിക വകഭേദത്തോടെ കേരളമോഡൽ അധികാര വികേന്ദ്രീകരണം എല്ലാ സംസ്ഥാനങ്ങളും നടപ്പാക്കണമെന്ന് കേന്ദ്ര പഞ്ചായത്ത്കാര്യ മന്ത്രാലയം നിർദേശംനൽകി. ഇപ്രകാരം ചെയ്താൽമാത്രമേ 14-ാം ധനകാര്യകമ്മിഷന്റെ ഗ്രാന്റ് സംസ്ഥാനങ്ങൾക്ക്‌ ലഭിക്കുകയുള്ളൂവെന്ന്‌ കേന്ദ്രം മുന്നറിയിപ്പും നൽകി. രാജ്യത്തെ രണ്ടരലക്ഷം ഗ്രാമങ്ങൾക്ക് കേരളം മാതൃകയാകുന്നു. ഇതാണ്‌ കേരളത്തിന്റെ  അഭിമാനനിമിഷം.

യു.ഡി.എഫ്. നൽകിയത് ഇരട്ടിയിലധികം

യു.ഡി.എഫ്. സർക്കാർ അധികാരമേറ്റപ്പോൾമുതൽ തദ്ദേശസ്ഥാപനങ്ങളെ ശാക്തീകരിക്കുന്നതിൽ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നു. അതിന് കൂടുതൽ ഫണ്ട് അനുവദിക്കുകയും അത്‌ വിനിയോഗിക്കാൻ ജനകീയകമ്മിറ്റികളെ അനുവദിക്കുകയും  പഞ്ചവത്സരപദ്ധതി ഏർപ്പെടുത്തുകയും ഗ്രാമസഭകളെ ശക്തിപ്പെടുത്തുകയും ചെയ്തു.പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയിൽ 2012-’13 മുതൽ 2015-’16 വരെയുള്ള നാലുവർഷം യു.ഡി.എഫ്. സർക്കാർ നൽകിയ ബജറ്റ് വിഹിതം 26,450.46 കോടി രൂപയാണ്. അതേസമയം, പതിനൊന്നാം പഞ്ചവത്സരപദ്ധതിയിലെ 2008-’09 മുതൽ 2011-’12 വരെയുള്ള നാലുവർഷം നൽകിയത് 12,369.88 കോടി രൂപമാത്രം. യു.ഡി.എഫ്. സർക്കാറിന് ഇരട്ടിയിലധികം തുക തദ്ദേശസ്ഥാപനങ്ങൾക്ക്‌ നൽകാൻ സാധിച്ചു. നാടിന്റെ മുക്കിലും മൂലയിലും വികസനത്തിനുള്ള പണമെത്തി. തദ്ദേശസ്ഥാപനങ്ങളിൽ പഞ്ചവത്സരപദ്ധതി നടപ്പാക്കിയതാണ് മറ്റൊരു ശ്രദ്ധേയമായ നടപടി. മുൻ സർക്കാറിന്റെ കാലത്ത് ഓരോ വർഷവും തദ്ദേശസ്ഥാപനങ്ങളുടെ  പദ്ധതികൾ അംഗീകരിക്കുകയായിരുന്നു പതിവ്.  സാമ്പത്തികവർഷം ആരംഭിച്ചുകഴിഞ്ഞ് ഗ്രാമസഭകൾ ചേർന്ന് പദ്ധതികൾ തയ്യാറാക്കി പല തലങ്ങളിൽ പരിശോധനനടത്തി അംഗീകാരം ലഭിക്കാൻ ആറേഴു മാസം വേണ്ടിവരുമായിരുന്നു. പദ്ധതി നടത്തിപ്പിന്‌ ലഭിക്കുന്നത് അഞ്ചോ ആറോ മാസംമാത്രം. ചിലയിടങ്ങളിലൊക്കെ പദ്ധതി നടത്തിപ്പിന്‌ രണ്ടുമാസംപോലും ലഭിച്ചില്ല. പഞ്ചവത്സരപദ്ധതി ആരംഭിച്ചതോടെ പദ്ധതി നടത്തിപ്പിന് ആവശ്യത്തിന്‌ സമയം കിട്ടി.  ഈ വർഷം ചില പഞ്ചായത്തിൽ 12 മാസംവരെ ലഭിക്കുകയുണ്ടായി. കോട്ടയം ജില്ലയിൽമാത്രം ഈ വർഷം 27 ഗ്രാമപ്പഞ്ചായത്തും ഒമ്പത്‌ ബ്ലോക്ക് പഞ്ചായത്തും ഏപ്രിൽ ഒന്നിനുതന്നെ പദ്ധതിനിർവഹണം ആരംഭിച്ചു. അധികാരം ഒഴിഞ്ഞുപോകുന്ന പഞ്ചായത്തുകൾ തിരഞ്ഞെടുപ്പുവർഷമായ 2015-’16-ൽ പദ്ധതി നടപ്പാക്കി ചരിത്രത്തിൽ ഇടംപിടിച്ചു. പദ്ധതിപ്പണം ചെലവഴിക്കുന്നത്‌ കുറഞ്ഞാൽ അടുത്തവർഷം പദ്ധതിയിൽനിന്ന്‌ തുക കുറവുചെയ്യുന്ന ശിക്ഷാനടപടി ഇല്ലാതാക്കിയതുമൂലം ഫണ്ട് വെട്ടിക്കുറയ്ക്കൽ ഇല്ലാതായി. മാർച്ച് 31-നുമുമ്പ് പണം തിരക്കിട്ട്‌ ചെലവഴിക്കുന്ന പ്രവണത ഒഴിവാക്കി ബാലൻസ് തുക തുടർന്നും ഒരു വർഷംകൂടി ചെലവഴിക്കുന്നതിന് അനുമതി നൽകി.
പദ്ധതി യഥാസമയം നടപ്പാക്കുന്നതിന്‌ തടസ്സമായിരുന്ന സാങ്കേതിക ഉപദേശകസമിതി (ടി.എ.ജി.)യെ നീക്കംചെയ്തു. ജനകീയകമ്മിറ്റികൾക്ക്‌ സ്വാതന്ത്ര്യം നൽകി പദ്ധതി ആസൂത്രണപ്രക്രിയ ജനപ്രതിനിധികൾക്ക് എളുപ്പമാക്കി.  വാർഷിക പദ്ധതിരേഖ ജില്ലാ ആസൂത്രണസമിതി (ഡി.പി.സി.) അംഗീകരിക്കുന്ന സമ്പ്രദായം നടപ്പാക്കി. പദ്ധതി സമർപ്പണവും അതിന് അംഗീകാരം നൽകലും ഓൺലൈനിൽ. ഒന്നോ രണ്ടോ ബട്ടൺ ക്ലിക്കിലൂടെ ആസൂത്രണപ്രക്രിയ ലഘൂകരിച്ചു.

എല്ലായിടത്തും ആശ്രയ

കൂടുതൽ ഫണ്ടും അത്‌ നടപ്പാക്കാനുള്ള സ്വാതന്ത്ര്യവും നൽകിയതോടെ  തദ്ദേശസ്ഥാപനങ്ങൾ ഭാവനാസമ്പന്നമായ നിരവധി പദ്ധതികൾ ആരംഭിച്ചു. ജലവൈദ്യുതപദ്ധതിവരെ നടപ്പാക്കിയ തദ്ദേശസ്ഥാപനങ്ങളുണ്ട്. അശരണരായവരെ സംരക്ഷിക്കുന്ന ആശ്രയപദ്ധതി എല്ലാ തദ്ദേശസ്ഥാപനങ്ങളും നടപ്പാക്കിയതിൽ എനിക്ക് അതിരറ്റ ആഹ്ലാദമുണ്ട്. ജനസംഖ്യയുടെ രണ്ടുശതമാനത്തോളംവരുന്ന ഈ അവശവിഭാഗം  വോട്ടർപ്പട്ടികയിൽ പേരുപോലും ഇല്ലാത്തവരാണ്.  മരിച്ചവരെ അടുക്കള പൊളിച്ച് സംസ്കരിക്കുന്ന പ്രാകൃതാവസ്ഥയ്ക്ക് പരിഹാരംകാണാൻ പൊതുശ്മശാനം സ്ഥാപിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക്  യഥേഷ്ടം തുക അനുവദിച്ചു. എല്ലാ പഞ്ചായത്തിലും ഇത്‌ നടപ്പാക്കാൻ ഇനിയുമേറെ പോകേണ്ടിയിരിക്കുന്നു. ആദിവാസികോളനികളിലെ റോഡിന്റെ വീതി മൂന്നുമീറ്ററായി കൂട്ടുകയും വിദേശത്ത്‌ തൊഴിൽ ലഭിക്കുന്നതിന് പട്ടികജാതി-വർഗക്കാർക്ക് സാമ്പത്തികസഹായം ഏർപ്പെടുത്തുകയും ചെയ്തു. വിദേശസ്ഥാപനങ്ങളിൽ പ്രവേശനം ലഭിച്ച സമർഥരായ പട്ടികജാതി-വർഗ വിദ്യാർഥികൾക്ക് സഹായധനവും ഏർപ്പെടുത്തി. ഗ്രാമസഭകളെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഓരോ വാർഡിലും സേവാഗ്രാം സ്ഥാപിക്കുന്നതിന് അനുമതി നൽകിയത്. 365 പഞ്ചായത്തിൽ സേവാഗ്രാം ആരംഭിച്ചുകഴിഞ്ഞു.
തദ്ദേശസ്ഥാപനങ്ങൾ കൈവരിച്ച നേട്ടങ്ങളും  യു.ഡി.എഫ്. സർക്കാർ നാലരവർഷംകൊണ്ട്‌ കൈവരിച്ച നേട്ടങ്ങളും ജനങ്ങളുടെ മുന്നിലുണ്ട്. കേരളം ഏറെക്കാലമായി ആഗ്രഹിച്ചിരുന്നതാണ് വികസനക്ഷേമരംഗത്ത് ഒരു ബ്രേക്ക്ത്രൂ. വികസനത്തിനുവേണ്ട എല്ലാ ഭൗതികസാഹചര്യങ്ങളും കേരളത്തിലുണ്ട്. വേണ്ടിയിരുന്നത് ഒരു രാഷ്ട്രീയ നിശ്ചയദാർഢ്യമായിരുന്നു. നേരിയ ഭൂരിപക്ഷത്തിനിടയിലും പ്രതിസന്ധികൾക്കിടയിലും തെളിനീർപോലെ അതുണ്ടായി. തുടർന്നാണ് പുതിയ മെഡിക്കൽ കോേളജുകൾ, കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം, റോഡുകൾ, പാലങ്ങൾ തുടങ്ങി അടിസ്ഥാനവികസനരംഗത്ത്  വലിയ മുന്നേറ്റമുണ്ടായത്. യുവജനങ്ങൾക്കുവേണ്ടി ആരംഭിച്ച സ്റ്റാർട്ടപ്പ് തരംഗമായി.

അക്രമവും അസഹിഷ്ണുതയും

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനെ യു.ഡി.എഫ്. അതിഗൗരവത്തോടെയാണ് കാണുന്നത്. അതിന് പ്രാദേശിക പ്രധാന്യത്തിനുപുറമേ സംസ്ഥാനതല പ്രാധാന്യവും ദേശീയ പ്രാധാന്യവുമുണ്ട്. 21,871  ജനപ്രതിനിധികളെയാണ് ജനങ്ങൾ തിരഞ്ഞെടുക്കാൻപോകുന്നത്. അവരിലൂടെയാണ് നാട് മുന്നേറേണ്ടത്. സത്യസന്ധതയും നീതിബോധവും ജനാധിപത്യബോധവും ഉള്ളവരായിരിക്കണം ഈ അംഗങ്ങൾ.
കൊലപാതകക്കേസിലെ പ്രതികളെ സ്ഥാനാർഥികളാക്കുക മാത്രമല്ല, പഞ്ചായത്ത് പ്രസിഡന്റാക്കുമെന്നുപോലും പറയുന്ന സി.പി.എം.സംസ്കാരം കേരളത്തിന് എങ്ങനെ അംഗീകരിക്കാൻ സാധിക്കും? ഇവരെ കോടതി ശിക്ഷിച്ചിട്ടില്ലെന്നാണല്ലോ സി.പി.എമ്മിന്റെ സമുന്നതനേതാക്കൾ ന്യായീകരിക്കുന്നത്. രാഷ്ട്രീയസമരങ്ങളിലെ പ്രതികളാണെങ്കിൽ ഒരു പരിധിവരെ ഈ നിലപാട് മനസ്സിലാകും.  സി.പി.എം. വിട്ട് മറ്റൊരു പാർട്ടി രൂപവത്‌കരിച്ചതിന് വെട്ടേറ്റുമരിച്ച ടി.പി. ചന്ദ്രശേഖരൻ, സി.പി.എം. നേതാക്കളുടെ വാഹനത്തിന്‌ കല്ലെറിഞ്ഞതിന്റെ പേരിൽ താലിബാൻമോഡൽ ആക്രമണത്തിന് ഇരയായ ഷുക്കൂർ, സി.പി.എം. വിട്ട് മറ്റൊരു പാർട്ടിയിൽ ചേർന്നതിന് കൊലക്കത്തിക്കിരയായ ഫസൽ  തുടങ്ങി നാടിനെ നടുക്കിയ നിരവധി കൊലപാതകക്കേസുകളിൽ ഉൾപ്പെട്ടവരെ സംരക്ഷിക്കുക മാത്രമല്ല, അതിന് രാഷ്ട്രീയമാന്യതയും നൽകുന്നു. അക്രമരാഷ്ട്രീയത്തിന് ജനാധിപത്യകേരളത്തിൽ സ്ഥാനമില്ല. ഇത്തരക്കാരെ ജനപ്രതിനിധികളാക്കാനുള്ള സി.പി.എം. തീരുമാനം കേരളത്തെ വീണ്ടും മുറിവേൽപ്പിച്ചിരിക്കുന്നു.  
ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തിയും സൗന്ദര്യവും അതിന്റെ ബഹുസ്വരതയാണ്. അത്  ഇല്ലായ്മചെയ്യുന്ന അപായസൂചനകളാണ് രാജ്യത്തിന്റെ പലഭാഗത്തുനിന്നും മുഴങ്ങുന്നത്.   സാംസ്കാരികനായകരും ദളിത്, ന്യൂനപക്ഷ വിഭാഗങ്ങളുമൊക്ക ഇപ്പോൾ കൊലക്കത്തിക്ക് ഇരയാകുന്നു. മഹാത്മാഗാന്ധിയുടെ ഘാതകനായ ഗോഡ്‌സെയെപ്പോലും മഹത്ത്വവത്കരിച്ച്, ഇയാളെ തൂക്കിക്കൊന്ന ദിവസം ബലിദാൻദിനമായി ആചരിക്കാനുള്ള നീക്കം രാജ്യത്തെ ഞെട്ടിച്ചിരിക്കയാണ്. അസഹിഷ്ണുതയ്ക്കെതിരേ  രാഷ്ട്രപതി ഒരാഴ്ചയ്ക്കിടയിൽ രണ്ടുതവണ ശക്തമായ മുന്നറിയിപ്പ് മുഴക്കി. കേരളത്തിൽനിന്നുൾപ്പെടെ നാല്പതോളം പ്രമുഖ എഴുത്തുകാരാണ് പുരസ്കാരങ്ങൾ തിരിച്ചേല്പിച്ചത്. ഈ പശ്ചാത്തലത്തിൽവേണം കേരളഹൗസിലെ ബീഫ് വിവാദത്തെ കാണേണ്ടത്. ഡൽഹിക്കടുത്ത ദാദ്രിയിൽ ഉയർന്ന ഫാസിസത്തിന്റെ  നിഴലാട്ടമാണ് കേരളഹൗസിൽ കണ്ടത്. ജനങ്ങളിൽ ഭീതിപരത്തുകയും അതിലൂടെ രാഷ്ട്രീയനേട്ടം കൊയ്യുകയുമാണ് അവരുടെ ലക്ഷ്യം. രാജ്യമെമ്പാടും ഇതിനെതിരേ ഉയരുന്ന പ്രതിഷേധം ഇനിയും പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ കണ്ടില്ലെന്ന്‌ നടിക്കരുത്. അതേസമയം, കേരളത്തിൽ പുതിയ തന്ത്രങ്ങളുമായി അവർ കടന്നുവന്നിരിക്കയാണ്. മതസൗഹാർദത്തിനും മതസഹിഷ്ണുതയ്ക്കും ലോകത്തിനുതന്നെ മാതൃകയായ കേരളം ബി.ജെ.പി.യുടെ പുതിയ തന്ത്രങ്ങൾ തിരിച്ചറിയുന്നു. 
ബി.ജെ.പി.ക്കെതിരേ സ്ഥായിയായ നിലപാടെടുത്തിട്ടുള്ള ഏക പാർട്ടി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സാണ്. സ്ഥായിയായി വെള്ളംചേർത്തിട്ടുള്ളത് സി.പി.എമ്മും. 1977-ൽ ജനതാപാർട്ടിയെന്ന്‌ പേരുമാറ്റിയ ജനസംഘവുമായിട്ടായിരുന്നു അവരുടെ ചങ്ങാത്തം. 1989-ൽ വി.പി. സിങ്‌ സർക്കാറിനെ ബി.ജെ.പി.യും ഇടതുപക്ഷവും ചേർന്നാണ് താങ്ങിനിർത്തിയത്. 2008-ൽ ഒന്നാം യു.പി.എ. സർക്കാറിനെതിരേ അവർ ബി.ജെ.പി.ക്കൊപ്പം ചേർന്ന് വോട്ടുചെയ്തു. ഇന്ത്യൻരാഷ്ട്രീയം ഏറ്റവും കലുഷിതമാണിപ്പോൾ. രാജ്യത്ത് അസ്വസ്ഥത പടരുന്നു. ഈ സാഹചര്യത്തിൽ അന്ധമായ കോൺഗ്രസ്‌വിരോധം വിട്ട് സി.പി.എം. മുഖ്യശത്രുവിനെ തിരിച്ചറിയണം. 

ശക്തമായ സന്ദേശം 

ബി.ജെ.പി.യുടെ വിഭാഗീയരാഷ്ട്രീയത്തിനെതിരേ ദേശീയതലത്തിൽ ശക്തമായ സന്ദേശം നൽകാൻ കേരളത്തിന്‌ ലഭിക്കുന്ന അവസരമാണിത്. സംസ്ഥാനതലത്തിൽ സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തിനും അവസരവാദ രാഷ്ട്രീയത്തിനും എതിരേയുള്ള വിധിയെഴുത്തായിരിക്കും.  അതോടൊപ്പം, പ്രതിസന്ധികൾക്കിടയിലും ജനങ്ങളോടൊപ്പംനിന്ന് സമാനതകളില്ലാത്ത രീതിയിൽ വികസനക്ഷേമപ്രവർത്തനങ്ങൾ നടത്തിയ യു.ഡി.എഫ്.സർക്കാറിനെ ഒരിക്കൽക്കൂടി ജനങ്ങൾ അംഗീകരിക്കും.  ഈ സർക്കാർ അധികാരത്തിൽ തുടരണമെന്ന സന്ദേശംകൂടി നൽകുന്നതായിരിക്കും ആ വിജയം.