UDF

2015, നവംബർ 26, വ്യാഴാഴ്‌ച

എന്‍.ആര്‍.ഐ കമ്മീഷന് മന്ത്രിസഭാ അംഗീകാരം


 പ്രവാസികള്‍ക്കുവേണ്ടി അര്‍ധ ജൂഡീഷ്യല്‍ അധികാരത്തോടു കൂടിയ എന്‍.ആര്‍.ഐ കമ്മീഷന്‍ രൂപീകരിക്കുന്നതിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. സംസ്ഥാനത്ത് പ്രവാസികളുടെ അവകാശങ്ങളും താത്പര്യങ്ങളും വസ്തുവകകളും മറ്റും സംരക്ഷിക്കുക, അവരുടെ നിക്ഷേപങ്ങള്‍ക്കു സംരക്ഷണം നല്‍കുക, പ്രവാസികളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുമായി ഇടപെടുക, വ്യാജ റിക്രൂട്ട്‌മെന്റുകള്‍ തടയാന്‍ നടപടി സ്വീകരിക്കുക, പ്രവാസികള്‍ക്കെതിരേയുള്ള അന്യായ നടപടികള്‍ക്കെതിരേ ബന്ധപ്പെട്ട വകുപ്പുകളുമായും മറ്റും ബന്ധപ്പെടുക തുടങ്ങിയവയാണ് കമ്മീഷന്റെ ചുമതലകള്‍.  ഹൈക്കോടതി റിട്ട ജഡ്ജ് ആയിരിക്കും കമ്മീഷന്റെ ചെയര്‍മാന്‍.

ഒരു റിട്ട. ഐഎഎസ് ഓഫീസറും രണ്ട് എന്‍ആര്‍ഐക്കാരും അംഗങ്ങളായിരിക്കും. ജോയിന്റ് സെക്രട്ടറിയുടെ റാങ്കിലുള്ളയാള്‍ സെക്രട്ടറിയാകും. തിരുവനന്തപുരത്തായിരിക്കും ആസ്ഥാനം. മൂന്നു മാസത്തിലൊരിക്കല്‍ സിറ്റിംഗ് ഉണ്ടാകും. കമ്മീഷന് അര്‍ധ ജുഡീഷ്യല്‍ അധികാരമുണ്ട്. കമ്മീഷനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലോ, സ്വമേധയായോ, സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരമോ അന്വേഷണം നടത്താം. നടപടിക്കുള്ള ശിപാര്‍ശകളോടെ കമ്മീഷന് സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കാം. 

വ്യത്യസ്ത ചട്ടങ്ങളുടെയും നിയമങ്ങളുടെയും അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും സേവനങ്ങള്‍ തുല്യപരിഗണനയോടെ പ്രവാസികള്‍ക്കും ഉറപ്പാക്കുക, വിദേശത്തു ജോലി ചെയ്യുന്ന പ്രവാസികളുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ തുല്യപരിഗണന ലഭ്യമാക്കുക തുടങ്ങിയവയാണു ലക്ഷ്യങ്ങള്‍. 

2015 ജനുവരിയില്‍ നടന്ന ഗ്ലോബല്‍ എന്‍.ആര്‍.കെ മീറ്റില്‍ പ്രവാസി മലയാളികള്‍ വളരെ ആവേശത്തോടെയാണ് എന്‍ആര്‍ഐ കമ്മീഷന്‍ രൂപീകരണ പ്രഖ്യാപനം സ്വീകരിച്ചത്. ഗവര്‍ണറുടെ 2015 മാര്‍ച്ചിലെ നയപ്രഖ്യാപനത്തില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനവും ഉണ്ടായി.