UDF

2015, നവംബർ 1, ഞായറാഴ്‌ച

കോടതി ഉത്തരവില്‍ അസ്വാഭാവികമായി ഒന്നുംതന്നെയില്ല


ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവില്‍ അസ്വാഭാവികമായി ഒന്നും തന്നെയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേസന്വേഷണത്തിലെ സ്വാഭാവിക നടപടി മാത്രമാണിത്. തെറ്റ് പരിശോധിച്ച ശേഷം വ്യക്തതവരുത്തേണ്ട കാര്യമാണിത്. ഇക്കാര്യത്തില്‍ വ്യക്തത കുറവ് ശ്രദ്ധയില്‍ പെട്ടതിനാലാണ് കോടതി തുടരന്വേഷണത്തിന് നിര്‍ദ്ദേശിച്ചത്.

ഇത് പുതിയ കാര്യമല്ല, ഇക്കാര്യം ഏവര്‍ക്കും മനസ്സിലാകാന്‍ എളുപ്പം താന്‍ ഉള്‍പെട്ട പാമോയില്‍ കേസിന്റെ അവസ്ഥയാണ്. പാമോയില്‍ കേസില്‍ ഇതിനേക്കാള്‍ വലിയ ആരോപണമാണ് തനിക്കെതിരെ ഉയര്‍ന്നത്. സമാന സാഹചര്യത്തില്‍ താന്‍ രാജിവച്ചില്ല. അന്വേഷണത്തെ ധൈര്യപൂര്‍വ്വം നേരിട്ടു. അന്ന് എന്ത് തീരുമാനമെടുക്കണമെന്ന് തീരുമാനിക്കാന്‍ താന്‍ വളരെ ബുദ്ധിമുട്ട് നേരിട്ടു. അന്ന് വിജിലന്‍സ് അന്വേഷിക്കണമെന്ന നിര്‍ദ്ദേശമാണ് ഉയര്‍ന്നത്. വിജിലന്‍സ് വകുപ്പ് തനിക്കായിരുന്നതിനാല്‍ വകുപ്പില്‍ നിന്നും മാറി നിന്ന് അന്വേഷണം നേരിട്ടു. കേസില്‍ വിജിലന്‍സ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.

തനിക്ക് അനുകീലമായ റിപ്പോര്‍ട്ട് ജില്ലാകോടതിയും ഹൈക്കോടതിയും അംഗീകരിച്ച് തന്നെ കുറ്റവിമുക്തനാക്കി. അന്ന് ആരോപണങ്ങളെ നേരിടാന്‍ കഴിയാതെ താന്‍ രാജിവച്ചിരുന്നുവെങ്കില്‍ എന്താകുമായിരുന്നുവെന്ന് മുഖ്യമന്ത്രി ചോദിച്ചു. താന്‍ നിരപരാധിയാണെന്ന് കാലം തെളിയിച്ചു അതുപോലെ ഇതും തെളിയുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.