UDF

2015, ജൂലൈ 7, ചൊവ്വാഴ്ച

ബോണക്കാട്; അടച്ചുപൂട്ടിയ തോട്ടം സര്‍ക്കാര്‍ ഏറ്റെടുക്കും


 മഹാവീര്‍ പ്ലാന്റേഷന്റെ കീഴിലുള്ള ബോണക്കാട്ടെ അടച്ചൂപൂട്ടിയ തോട്ടം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ശബരിയുടെ ആവശ്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തൊഴില്‍വകുപ്പ് മന്ത്രി ഷിബു ബേബി ജോണും ഉറപ്പുനല്‍കി.

എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് സൗജന്യറേഷന്‍ അനുവദിക്കണമെന്ന ആവശ്യവും മുഖ്യമന്ത്രി അംഗീകരിച്ചു. യാതൊരുവിധ അപരിചിതത്വവുമില്ലാതെ കാര്യങ്ങള്‍ വ്യക്തമാക്കിയ ശബരിയുടെ സബ്മിഷന്‍ അവതരണവും ശ്രദ്ധേയമായി. അടച്ചുപൂട്ടിയ തോട്ടം തുറക്കാന്‍ മാനേജ്‌മെന്റ് തയ്യാറായെങ്കിലും കഴിഞ്ഞ മൂന്നുമാസമായി തൊഴിലാളികള്‍ക്ക് ശമ്പളം കിട്ടുന്നില്ലെന്ന് ശബരി പറഞ്ഞു. 1998 മുതല്‍ തൊഴിലാളികള്‍ക്ക് ഗ്രാറ്റിയുവിറ്റിയും പി.എഫ് വിഹിതവും കമ്പനി നല്‍കുന്നില്ല. 

ഓണമടുത്ത സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് സൗജന്യറേഷന്‍ നല്‍കണം. ജീവനക്കാരുടെ പ്രശ്‌നത്തിന് ശാശ്വതപരിഹാരം കാണാന്‍ തോട്ടം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ശബരീനാഥന്‍ ആവശ്യപ്പെട്ടു. നിയമാനുസൃതം പഴുതുകളടച്ചായിരിക്കും ബോണക്കാട് എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതെന്ന് മന്ത്രി ഷിബു ബേബിജോണ്‍ മറുപടി നല്‍കി. ബോണക്കാട് എസ്റ്റേറ്റ് ഏറ്റെടുക്കുന്നത് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചതാണ്.

എന്നാല്‍, ഇതിന്റെ നിയമസാധുതകള്‍ പൂര്‍ണമായി പരിശോധിച്ച് നടപടികള്‍ സ്വീകരിക്കും. ബോണക്കാട് എസ്റ്റേറ്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ സ്ഥലത്ത് പരിശോധന നടത്തും. എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കുന്ന വിഷയത്തില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം രണ്ടാഴ്ചയ്ക്കുള്ളില്‍ അറിയിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

ബോണക്കാട് എസ്റ്റേറ്റില്‍ 2014 മെയ് മുതല്‍ കരാറിലേര്‍പ്പെട്ട വ്യവസ്ഥകള്‍ തോട്ടമുടമ ലംഘിച്ചിരിക്കുകയാണ്. ഇതിനെതിരേ സര്‍ക്കാര്‍ വിവിധ കേസുകള്‍ ചുമത്തിയിട്ടുണ്ട്. ലയങ്ങളുടെ പുനരുദ്ധാരണത്തിനായി 33 ലക്ഷം സര്‍ക്കാര്‍ ഇതിനകം ചെലവഴിച്ചിട്ടുണ്ട്.

കൂടാതെ പഠനോപകരണങ്ങളുടെ വിതരണം, ഉന്നത വിദ്യാഭ്യാസസഹായം, ആരോഗ്യപരിപാലനം, കുടിവെള്ള വിതരണം, മാരകരോഗ ചികില്‍സാസഹായം, പെണ്‍കുട്ടികളുടെ വിവാഹധനസഹായം എന്നിവയും സര്‍ക്കാര്‍ നിവര്‍ത്തിച്ചിട്ടുണ്ട്. പുതുതായി ലഭിച്ച 36 അപേക്ഷകളില്‍ ഉടന്‍ പരിഹാരം കാണാന്‍ ലേബര്‍ കമ്മീഷണറെ ചുമതലപ്പെടുത്തയതായും മന്ത്രി അറിയിച്ചു.