UDF

2015, ജൂലൈ 24, വെള്ളിയാഴ്‌ച

വിദ്യാഭ്യാസമന്ത്രിക്കെതിരെ ഉയരുന്നത് അര്‍ഹിക്കാത്ത ആരോപണങ്ങള്‍


 വിദ്യാഭ്യാസ മന്ത്രിക്കെതിരെ ഉയരുന്ന ആരോപണങ്ങളെല്ലാം അദ്ദേഹം അര്‍ഹിക്കാത്തതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ടെക്സ്റ്റ് ബുക്ക് വിവാദം ഉള്‍പ്പടെ വിദ്യാഭ്യാസ വകുപ്പിനും മന്ത്രിക്കും എതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം തന്നെ അടിസ്ഥാനരഹിതമാണെന്ന് പിന്നീട് വ്യക്തമായതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഇനിയും പാഠപുസ്തകങ്ങള്‍ ഏതെങ്കിലും സ്‌കൂളില്‍ കിട്ടിയിട്ടില്ലെന്ന് പറഞ്ഞാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കേണ്ടിവരും.

കാരണം, പുസ്തകം എത്തിച്ചിട്ടും അവര്‍ അത് വിതരണം ചെയ്തില്ലേയെന്ന് സംശയിക്കേണ്ടിവരും. 20ന് പുസ്തകങ്ങള്‍ നല്‍കുമെന്നാണ് പറഞ്ഞത്. 19ന് അച്ചടി പൂര്‍ത്തിയായി. നടപടിക്രമങ്ങളുമായി ബന്ധപ്പെട്ടാണ് അച്ചടി വൈകിയത്. കളര്‍ പ്രിന്റിംഗായതിനാല്‍ പ്രതീക്ഷിക്കാത്ത കാലതാമസം ഉണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സോളാര്‍ കേസില്‍ ഹാജരാകണമെന്ന് പറഞ്ഞ് കമ്മീഷന്‍ നോട്ടീസ് അയച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഒരു ചോദ്യത്തിന് മറുപടി നല്‍കി. സോളാര്‍ കേസിന്റെ പേരില്‍ പ്രതിപക്ഷം ഇപ്പോഴും പുകമറ സൃഷ്ടിക്കുകയാണ്. സോളാര്‍ സംഭവത്തില്‍ സര്‍ക്കാരിന് ഒരു രൂപയുടെ  പോലും നഷ്ടമുണ്ടായിട്ടില്ല. അവര്‍ക്ക് ഒരുരൂപയുടെ പോലും ആനുകൂല്യം ലഭിക്കാന്‍ ആരും കൂട്ടുനിന്നിട്ടുമില്ല. എങ്കിലും ജനാധിപത്യ സംവിധാനത്തില്‍ ആരോപണങ്ങള്‍ ഉണ്ടായാല്‍ അത് ശരിയല്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് കൂടിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സുതാര്യമായ ടേംസ് ഓഫ് റഫറന്‍സോടെ കമ്മീഷനെ നിയോഗിച്ചിട്ടും പ്രതിപക്ഷം കേസില്‍ കക്ഷി ചേരാതിരുന്നത് എന്താണെന്ന ചോദ്യം മുഖ്യമന്ത്രി ആവര്‍ത്തിച്ചു. സഭയക്ക് അകത്തും പുറത്തും  ദൃശ്യ-അച്ചടി മാധ്യമങ്ങളിലെല്ലാം ഉന്നയിക്കപ്പെട്ട കാര്യങ്ങള്‍ അവര്‍ക്ക് കേസില്‍ കക്ഷിചേര്‍ന്ന് അറിയിക്കാമായിരുന്നു. എന്നാല്‍ നോട്ടീസ് അയച്ചതിന് ശേഷമാണ് സോളാര്‍ കമ്മീഷന് മുന്നില്‍ മൊഴിനല്‍കാന്‍ സി.പി.എം നേതാക്കള്‍ എത്തിയതെന്നും മുഖ്യമന്ത്രി പരിഹസിച്ചു.