UDF

2015, ജൂലൈ 24, വെള്ളിയാഴ്‌ച

മുല്ലപ്പെരിയാറില്‍ സുരക്ഷ ശക്തിപ്പെടുത്തും


മുല്ലപ്പെരിയാര്‍ അണക്കെട്ടിന് സുരക്ഷാ ഭീഷണി ഇല്ലെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ വിശ്വാസമെന്നും അതേസമയം സുപ്രീംകോടതിയുടെ അഭിപ്രായം മാനിച്ച് സുരക്ഷ ശക്തിപ്പെടുത്തുകയാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 

മുല്ലപ്പെരിയാറില്‍ ഇതുവരെ അനിഷ്ടസംഭവങ്ങളൊന്നുമു ണ്ടായിട്ടില്ലെങ്കിലും സുരക്ഷാഭീഷണിയുണ്ടെന്ന ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ വന്ന സ്ഥിതിക്ക് സംസ്ഥാനം കുറേക്കൂടി ജാഗ്രത പാലിക്കുകയാണ് പുതിയ പോലീസ് സ്റ്റേഷന്‍ തുടങ്ങുന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. കേരളസര്‍ക്കാറുമായി ബന്ധപ്പെട്ട ഏജന്‍സികളൊന്നും അണക്കെട്ടിന് സുരക്ഷാ ഭീഷണിയുണ്ടെന്ന് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. തമിഴ്‌നാട്ടില്‍ നിന്നുള്ള ഏജന്‍സിയുടെ റിപ്പോര്‍ട്ട് ഉണ്ടെന്നാണ് പറയുന്നത്. 

തേക്കടി ആസ്ഥാനമായാണ് പ്രത്യേക സുരക്ഷാസേനയ്ക്കായി പോലീസ് സ്റ്റേഷന്‍ ഒരുക്കുന്നത്. അണക്കെട്ടിന്റെയും സംഭരണിയുടെയും സുരക്ഷയാണ് സേനയുടെ പ്രധാന ഉത്തരവാദിത്വം. സമീപത്തെ വനമേഖലകളും സ്റ്റേഷന്റെ പരിധിയില്‍ വരുമെന്ന് മന്ത്രിസഭായോഗത്തിനുശേഷം അദ്ദേഹം പറഞ്ഞു. ഒരു അസിസ്റ്റന്റ് കമാന്‍ഡന്റ്/ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പോലീസ് സ്റ്റേഷനിലേക്ക് 196 തസ്തികകള്‍ അനുവദിക്കാനാണ് മന്ത്രിസഭാ തീരുമാനം. പ്രദേശത്ത് സുരക്ഷാ ഒരുക്കങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടുതല്‍ പോലീസുകാരെ ഇതിനകം വിന്യസിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാമറകള്‍ ഉള്‍പ്പെടെ സജ്ജമാക്കാന്‍ 85 ലക്ഷം രൂപ അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.