UDF

2015, ജൂലൈ 29, ബുധനാഴ്‌ച

അഡ്വക്കേറ്റ് ജനറലിനെ വിമര്‍ശിച്ച ജഡ്ജിയുടെ പ്രസ്താവന ശരിയായില്ല


 അഡ്വക്കേറ്റ് ജനറലിനെ വിമര്‍ശിച്ച ജഡ്ജിയുടെ പ്രസ്താവന ശരിയായില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എ.ജിയുടെ ഓഫീസ് അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി ജഡ്ജി പറഞ്ഞാല്‍ അത് കേട്ട് മിണ്ടാതിരിക്കുന്ന മുഖ്യമന്ത്രിയല്ല താന്‍. സര്‍ക്കാര്‍ അഭിഭാഷകര്‍ക്കു വേണ്ടിയാണ് എ.ജിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ അഭിഭാഷകരെ സംരക്ഷിക്കേണ്ടത് തന്റെ ചുമതലയാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
ഹൈക്കോടതി ജഡ്ജി വന്ന വഴി മറക്കരുതെന്ന് താന്‍ പറഞ്ഞിട്ടില്ല. ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം മറക്കരുതെന്നാണ് പറഞ്ഞിട്ടുള്ളത്. എ.ജിയെ വിമര്‍ശിച്ചത് കേസുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യം പറഞ്ഞാണ്. എ.ജിയുടെ ഓഫീസ് ഒരു ഭരണഘടനാ സ്ഥാപനമാണ്, അത് അടച്ചുപൂട്ടാന്‍ പറയുന്നത് എങ്ങിനെയാണെന്ന് മുഖ്യമന്ത്രി ചോദിച്ചു. ബാര്‍കേസില്‍ ബാര്‍ ഉടമകള്‍ക്കുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറലിന്റെ നടപടിയെ വിമര്‍ശിച്ചത് ശരിയാണ്, അത് ഇനിയും തുടരും. സര്‍ക്കാരിന്റെ നയത്തെ ചോദ്യം ചെയ്യുന്ന ഒരുകൂട്ടം ആളുകള്‍ക്കുവേണ്ടി കേന്ദ്രസര്‍ക്കാരിന്റെ നിയമോപദേശകന്‍ എത്തുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു.