UDF

2015, ജൂലൈ 9, വ്യാഴാഴ്‌ച

പാഠപുസ്തക വിതരണം 20നു പൂർത്തിയാക്കണം


തിരുവനന്തപുരം∙ പാഠപുസ്തക വിതരണം 20നു പൂർത്തിയാക്കിയേ തീരൂ എന്നു മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കർശന നിർദേശം. അച്ചടി 17നു മുൻപ് തീർക്കുകയും ബയന്റിങ് 18ന് അവസാനിപ്പിക്കുകയും 19നു ജില്ലാ കേന്ദ്രങ്ങളിൽ വിതരണത്തിനെത്തിക്കുകയും വേണം. 20ന് ഇതു സ്കൂളുകളിൽ വിദ്യാർഥികളുടെ കൈവശം എത്തിയിരിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. ഏതു മാർഗം ഉപയോഗിച്ചാണെങ്കിലും ഈ സമയത്തിനുള്ളിൽ അച്ചടി പൂർത്തിയാക്കിയിരിക്കണമെന്നു കെബിപിഎസ് അധികൃതരോട് അദ്ദേഹം ആവശ്യപ്പെട്ടു.

സ്വകാര്യ പ്രസിൽ കൊടുത്തോ അല്ലാതെയോ അച്ചടി പൂർത്തിയാക്കി നിശ്ചിത ദിവസത്തിനുള്ളിൽ പുസ്തകം ലഭിച്ചിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ടെൻഡർ വിളിക്കാതെ സ്വകാര്യ പ്രസിനെ അച്ചടി ഏൽപ്പിക്കാൻ സാങ്കേതിക തടസമുണ്ടെന്ന് പ്രിന്റിങ് സെക്രട്ടറി രാജു നാരായണ സ്വാമി ചൂണ്ടിക്കാട്ടിയപ്പോൾ അച്ചടിച്ചുമതല കെബിപിഎസിന് ആണെന്നും നിശ്ചിത സമയത്തിനുള്ളിൽ അതു തീർക്കേണ്ട ഉത്തരവാദിത്തം അവർ ഏറ്റെടുക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. വീഴ്ച സംഭവിച്ചാൽ അവർ സമാധാനം പറയണം. ഏതു പ്രസിൽ എങ്ങനെ അടിക്കണമെന്നു കെബിപിഎസുകാർ നോക്കിക്കൊള്ളും.

ആകെ ആവശ്യമുള്ള 2,46,92,765 പുസ്തകങ്ങളിൽ 25 ലക്ഷം കൂടിയേ അച്ചടിക്കാനുള്ളൂവെന്ന് അധികൃതർ യോഗത്തിൽ അറിയിച്ചു. അച്ചടി പൂർത്തിയാക്കിയ 13 ലക്ഷം പുസ്തകങ്ങൾ ജില്ലാ കേന്ദ്രങ്ങളിൽ കെട്ടിക്കിടപ്പുണ്ട്. അത് ഇന്നും നാളെയുമായി വിതരണം ചെയ്യുന്നതിനു തപാൽ വകുപ്പിനെ സഹായിക്കാൻ ജില്ലാ ടെക്സ്റ്റ് ബുക്ക് ഓഫിസുകളിലെ ജീവനക്കാരെ പ്രത്യേകം നിയോഗിച്ചു. വലിയ വണ്ടിയിൽ പുസ്തകം കൊണ്ടു പോകുന്നതിനു കാത്തിരിക്കാതെ ചെറിയ വണ്ടികളിൽ എത്രയും വേഗം എത്തിച്ചു കൊടുക്കണമെന്നു തപാൽ വകുപ്പിനോട് നിർദേശിച്ചിട്ടുണ്ട്.