UDF

2015, മേയ് 1, വെള്ളിയാഴ്‌ച

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ വരും; ഏതെന്ന് തീരുമാനമായില്ല


തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ റെയില്‍ വരുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. എന്നാല്‍, ലൈറ്റ് മെട്രോയാണോ മെട്രോയാണോയെന്ന കാര്യത്തിലാണ് തീരുമാനമാകാത്തത്.  ഇ. ശ്രീധരനുമായി ആദ്യം താനും പിന്നീട് ബന്ധപ്പെട്ട മന്ത്രിമാരെല്ലാവരും ചര്‍ച്ച നടത്തി. 10 ദിവസത്തിനുള്ളില്‍ വീണ്ടും യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. 

സ്വകാര്യ പങ്കാളിത്തമോ, ഡി.എം.ആര്‍.സി.യെ ചുമതല ഏല്പിക്കുന്നതോ ഒന്നും തര്‍ക്കവിഷയങ്ങളല്ല. സ്വകാര്യ പങ്കാളിത്തത്തോട് ഇ.ശ്രീധരനും എതിര്‍പ്പില്ല. എന്നാല്‍, അതിന് തയ്യാറായി ആളുകള്‍ വരുമോയെന്ന് അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം സംശയം പ്രകടിപ്പിക്കുകയാണ് ചെയ്തത്- മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഇരുനഗരങ്ങളിലും റാപ്പിഡ് മാസ് ട്രാന്‍സ്‌പോര്‍ട്ട് സംവിധാനം വേണം. സര്‍ക്കാരിന് വരുന്ന ചെലവ് കുറഞ്ഞിരിക്കണമെന്നും സമയ ബന്ധിതമാകണമെന്നുമുള്ള നിര്‍ബന്ധമേ സര്‍ക്കാരിനുള്ളൂ. ലൈറ്റ് മെട്രോയെന്ന ആശയത്തിനാണ് ഇ.ശ്രീധരന്‍ മുന്‍തൂക്കം നല്‍കുന്നത്. ജനപ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍ സാധാരണ മെട്രോയാണ് വേണ്ടതെന്ന അഭിപ്രായവുംവന്നു. ലൈറ്റ് മെട്രോ റെയിലിന് 2.7 മീറ്ററും മെട്രോക്ക് 2.9 മീറ്റര്‍ റെയിലുമാണ് വേണ്ടത്.

ആദ്യം മോണോ റെയില്‍ എന്ന ആശയം ചര്‍ച്ചചെയ്തത് ഇ. ശ്രീധരന്റെ കാഴ്ചപ്പാട് അനുസരിച്ചായിരുന്നു. മെട്രോ പദ്ധതിയില്‍ സര്‍ക്കാര്‍ ആശ്രയിക്കുന്നത് ഇ. ശ്രീധരനെയാണെന്നും ഇക്കാര്യങ്ങളില്‍ തര്‍ക്കമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.