UDF

2014, സെപ്റ്റംബർ 22, തിങ്കളാഴ്‌ച

അന്യസംസ്ഥാന വാഹനപരിശോധന ഇളവ് മൂന്ന് മാസമാക്കണമെന്ന് ഉമ്മന്‍ചാണ്ടി

അന്യസംസ്ഥാന വാഹനപരിശോധന ഇളവ് മൂന്ന് മാസമാക്കണമെന്ന് ഉമ്മന്‍ചാണ്ടി

ബാംഗ്ലൂര്‍: കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍നിന്ന് വാഹനവുമായെത്തുന്നവരെ നികുതിയുടെ പേരില്‍ പീഡിപ്പിക്കുന്ന സംഭവത്തില്‍ കര്‍ണാടക സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായി. കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രശ്‌നത്തില്‍ ഇടപെട്ടതിനെത്തുടര്‍ന്നാണിത്. കേരളത്തിലെയും കര്‍ണാടകത്തിലെയും ഗതാഗതവകുപ്പ് സെക്രട്ടറിമാര്‍ തിങ്കളാഴ്ച ബാംഗ്ലൂരില്‍ ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ബാംഗ്ലൂരില്‍ ഓണാഘോഷത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മുഖ്യമന്ത്രി.

കേരളത്തില്‍നിന്ന് വാഹനവുമായെത്തുന്നവര്‍ നേരിടുന്ന ബുദ്ധിമുട്ട് വിവിധ സംഘടനകള്‍ ഉമ്മന്‍ ചാണ്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് അദ്ദേഹം കര്‍ണാടക ഗതാഗത വകുപ്പുമന്ത്രി രാമലിംഗറെഡ്ഢിയുമായി ഫോണില്‍ ചര്‍ച്ച നടത്തി. ഗതാഗത വകുപ്പ് സെക്രട്ടറിയുമായും സംസാരിച്ചു. കേരളത്തില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ക്ക് മൂന്ന് മാസത്തെ കാലാവധി അനുവദിക്കണമെന്നാണ് കേരളത്തിന്റെ നിലപാടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 

തിങ്കളാഴ്ച നടക്കുന്ന ചര്‍ച്ചയ്ക്ക് ശേഷം ആവശ്യമെങ്കില്‍ മന്ത്രിതലത്തില്‍ ചര്‍ച്ച നടത്തും. ബാംഗ്ലൂരില്‍ താമസിക്കുന്ന മാതാപിതാക്കളെ കാണാന്‍ നാട്ടില്‍നിന്ന് മക്കളടക്കമുള്ളവര്‍ എത്താറുണ്ട്. ഇവര്‍ക്ക് ഒരു മാസം നഗരത്തില്‍ തങ്ങാനുള്ള സൗകര്യം സര്‍ക്കാര്‍ അനുവദിക്കണം. ബന്ധുക്കളെ കാണാനും ചികിത്സയ്ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി വാഹനവുമായി നഗരത്തിലെത്തുന്നവരില്‍നിന്ന് 15 വര്‍ഷത്തേക്ക് നികുതി ഈടാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ആജീവനാന്ത നികുതിതന്നെ മാറ്റണമെന്നാണ് അഭിപ്രായം. മൂന്ന് വര്‍ഷത്തേക്കോ അഞ്ച് വര്‍ഷത്തേക്കോ നികുതി അടയ്ക്കാനുള്ള സൗകര്യം ഉണ്ടാവണം. ഈ രണ്ട് നിര്‍ദേശങ്ങളാണ് കേരള സര്‍ക്കാര്‍ കര്‍ണാടകത്തിനുമുന്നില്‍ അവതരിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ബാംഗ്ലൂരില്‍ നോര്‍ക്കയ്ക്ക് കഴിയുന്നതും വേഗം സ്വന്തം ഓഫീസ് ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

അന്യ സംസ്ഥാന വാഹനങ്ങള്‍ക്കെതിരെ നടക്കുന്ന പരിശോധനയില്‍ കേരള സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ബാംഗ്ലൂര്‍ കേരള സമാജം, കെ.എം.സി.സി. എന്നീ സംഘടനകളാണ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്. കര്‍ണാടകത്തിലെ ഗതാഗതനിയമം കഴിഞ്ഞ ഫിബ്രവരിയില്‍ ഭേദഗതി ചെയ്തതിന് ശേഷമാണ് അന്യ സംസ്ഥാന വാഹനങ്ങള്‍ക്കെതിരെയുള്ള പരിശോധന ശക്തമാക്കിയത്. നേരത്തെ അന്യസംസ്ഥാന വാഹനങ്ങള്‍ക്കുള്ള ഇളവ് മൂന്ന് മാസമായിരുന്നെങ്കിലും ഇത് ഒരു മാസമായി ചുരുക്കുകയായിരുന്നു. ആറ്് മാസത്തിനുള്ളില്‍ ആയിരക്കണക്കിന് വാഹനങ്ങളാണ് ആര്‍.ടി.ഒ. ഉദ്യോഗസ്ഥര്‍ പിടികൂടിയത്. പിടികൂടുന്ന വാഹനങ്ങള്‍ക്ക് 15 വര്‍ഷത്തെ നികുതിയാണ് ചുമത്തുന്നത്.