UDF

2014, ജൂലൈ 24, വ്യാഴാഴ്‌ച

എല്ലാ പഞ്ചായത്തുകളിലും മാവേലി സ്റ്റോറുകള്‍ ആരംഭിക്കും

എല്ലാ പഞ്ചായത്തുകളിലും മാവേലി സ്റ്റോറുകള്‍ ആരംഭിക്കും- മുഖ്യമന്ത്രി

 

ഓണം - റംസാന്‍ ഫെയറുകള്‍ താലൂക്ക്തലം വരെ

തിരുവനന്തപുരം: എല്ലാ പഞ്ചായത്തുകളിലും മാവേലി സ്റ്റോറുകള്‍ ആരംഭിക്കും. താലൂക്ക്തലം വരെ ഓണം- റംസാന്‍ ഫെയറുകള്‍ ആരംഭിക്കാനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ തീരുമാനമായി. സപ്ലൈകോ, കണ്‍സ്യൂമര്‍ ഫെഡ്, ഹോര്‍ട്ടികോര്‍പ്പ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി മന്ത്രിമാരായ കെ.എം.മാണി, അനൂപ് ജേക്കബ്, കെ.പി.മോഹനന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഇതിനുള്ള തീരുമാനമുണ്ടായത്.

സപ്ലൈകോ റംസാന്‍ ഫെയര്‍ ഉള്‍പ്പെടെ 58 മെട്രോ ഫെയറുകള്‍ ആരംഭിച്ചു. മെട്രോ ഫെയര്‍ ഓണം വരെ നീട്ടുന്നതിനും തീരുമാനമായി. രണ്ടാംഘട്ടമായി ആഗസ്ത് 13 മുതല്‍ ജില്ലകളിലും 20 മുതല്‍ താലൂക്ക്തലങ്ങളിലും ഫെയറുകള്‍ സംഘടിപ്പിക്കും. 1500 ഓണം ഫെയറുകളാണ് സപ്ലൈകോ സംഘടിപ്പിക്കുന്നത്. ഹോര്‍ട്ടികോര്‍പ്പ്, എം.പി.എ. എന്നിവയുടെ സ്റ്റാളുകള്‍ സപ്ലൈകോ ഫെയറിലുണ്ടാകും. 

കണ്‍സ്യൂമര്‍ഫെഡ് ഓണവിപണി ആഗസ്ത് മൂന്നുമുതല്‍ ആരംഭിക്കും. മൂവായിരത്തോളം ഓണവിപണികള്‍ ഒരുക്കാനാണ് കണ്‍സ്യൂമര്‍ഫെഡിന്റെ തീരുമാനം. ഓണത്തിന് ബി.പി.എല്‍. കിറ്റ് വിതരണം ചെയ്യും. 

50 മുതല്‍ 60 ശതമാനം വരെ വിലക്കുറവിലാണ് സപ്ലൈകോ വഴി സാധനങ്ങള്‍ ലഭ്യമാക്കുന്നത്. വിപണിയില്‍ ഇടപെടുന്നതിനായി സപ്ലൈകോ 120 കോടി രൂപയും കണ്‍സ്യൂമര്‍ഫെഡ് 60 കോടിയും ഹോര്‍ട്ടികോര്‍പ്പ് 20 കോടി രൂപയും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ധനവകുപ്പ് പരിശോധിച്ച് തീരുമാനമെടുക്കും.