UDF

2014, ജൂലൈ 30, ബുധനാഴ്‌ച

ഓണക്കാലത്ത് കയര്‍ സംഘങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ ചകിരി നല്‍കും

ഓണക്കാലത്ത് കയര്‍ സംഘങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ ചകിരി നല്‍കും

 

പുതുപ്പള്ളി (കോട്ടയം): പ്രാഥമിക കയര്‍ സഹകരണ സംഘങ്ങള്‍ക്ക് ഓണക്കാലത്ത് സബ്‌സിഡി നിരക്കില്‍ ചകിരി നല്‍കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. കയര്‍ഫെഡിന്റെ റംസാന്‍-ഓണം വിപണനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പുതുപ്പള്ളി അധ്യാപക അര്‍ബന്‍ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 

നിലവില്‍ ചകിരിനാരിന് അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സാഹചര്യമാണുള്ളത്. ഇക്കാര്യത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ കയര്‍ഫെഡിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ പിന്തുണനല്‍കും. കയര്‍ ഫെഡ് പ്രത്യേകമായി രൂപകല്പന ചെയ്തിട്ടുള്ള അങ്കണ്‍വാടി ബെഡ് പുതുപ്പള്ളി മണ്ഡലത്തിലെ അങ്കണ്‍വാടിക്ക് ലഭ്യമാക്കാന്‍ ശ്രമിക്കും-മുഖ്യമന്ത്രി പറഞ്ഞു.

സമീപ വര്‍ഷങ്ങളില്‍ കയര്‍ ഉല്പന്നമേഖലകളില്‍ വലിയ മുന്നേറ്റം കൈവരിക്കാന്‍ കഴിഞ്ഞതായി അധ്യക്ഷതവഹിച്ച മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു.

പുതുപ്പള്ളിയില്‍ പുതിയതായി ആരംഭിച്ച കയര്‍ഫെഡ് ഉല്പന്ന പ്രദര്‍ശന-വില്പന കേന്ദ്രം മുഖ്യമന്ത്രി ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി ആദ്യ വില്പന നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. ഫില്‍സണ്‍ മാത്യൂസ്, പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി രവീന്ദ്രന്‍, പുതുപ്പള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശശികലാദേവി, ബ്ലോക്ക് പഞ്ചായത്തംഗം ഷൈല സജി, ഗ്രാമപ്പഞ്ചായത്തംഗം ബിനോയ് ഐപ്പ് എന്നിവര്‍ പങ്കെടുത്തു. 

കയര്‍ഫെഡ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗം ആര്‍.ദേവരാജന്‍ പദ്ധതി വിശദീകരിച്ചു. കയര്‍ഫെഡ് ചെയര്‍മാന്‍ കെ.എം.രാജു സ്വാഗതവും മാനേജിങ് ഡയറക്ടര്‍ ഡോ. ബി.ശ്രീകുമാര്‍ നന്ദിയും പറഞ്ഞു.