UDF

2014, ഏപ്രിൽ 18, വെള്ളിയാഴ്‌ച

ഉന്നതവിദ്യാഭ്യാസ മേഖലയുടെ പുരോഗതി പ്രധാനലക്ഷ്യം

ഉന്നതവിദ്യാഭ്യാസ മേഖലയുടെ പുരോഗതി പ്രധാനലക്ഷ്യം -മുഖ്യമന്ത്രി



തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കേരളത്തിന് ബഹുദൂരം സഞ്ചരിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സ്‌കൂള്‍-കോളേജ് തലത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ സംസ്ഥാനം നേടിയ പുരോഗതി, ഉന്നതസാങ്കേതിക വിദ്യാഭ്യാസ മേഖലയ്ക്ക് കൈവരിക്കാനായിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വ്യക്തിത്വ വികസന ക്യാമ്പില്‍നിന്ന് ക്ലിഫ്ഹൗസിലെത്തിയ സ്‌കൂള്‍ കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഉന്നതവിദ്യാഭ്യാസ രംഗത്തെ പാഠ്യപദ്ധതിയില്‍ കാലാനുസൃതമായി മാറ്റങ്ങള്‍ ഉണ്ടാവണം. ഇതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ ശുപാര്‍ശകള്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭാവിതലമുറയെക്കൂടി മനസ്സില്‍ കണ്ടുകൊണ്ടുള്ളതാവണം വികസനമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇന്‍സ്‌പെറിയ അവധിക്കാല ക്യാമ്പില്‍ നിന്നെത്തിയ പതിനഞ്ചോളം കുട്ടികളാണ് മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തിയത്. കുട്ടികള്‍ മുഖ്യമന്ത്രിയെ വിഷുക്കണിയൊരുക്കി പൊന്നാടയണിയിച്ചു. ക്ലിഫ്ഹൗസിലെത്തിയ കുട്ടികള്‍ക്കെല്ലാം വിഷുകൈനീട്ടം നല്‍കിയാണ് മുഖ്യമന്ത്രി യാത്രയയച്ചത്.