UDF

2014, ഏപ്രിൽ 10, വ്യാഴാഴ്‌ച

മത്സ്യത്തൊഴിലാളികളെ ബാധിക്കുന്ന സത്യവാങ്മൂലം നല്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി



തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്ന രീതിയില്‍ സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. തീരദേശ പരിപാലന നിയന്ത്രണ നിയമം ലംഘിച്ച വേമ്പനാട് കായല്‍ തുരുത്തിലെ രണ്ടു റിസോര്‍ട്ടുകള്‍ പൊളിക്കുന്നതു സംബന്ധിച്ച കേസില്‍ അവര്‍ നടത്തിയ ലംഘനങ്ങളാണ് സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയത്. റിസോര്‍ട്ടുകള്‍, വന്‍കിട ഹോട്ടലുകള്‍ തുടങ്ങിയവയുടെ കാര്യത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വേമ്പനാട് കായലിലെ മത്സ്യസമ്പത്ത് സംരക്ഷിക്കാനും മത്സ്യത്തൊഴിലാളികളുടെ തൊഴില്‍ ഉറപ്പു വരുത്താനുമുള്ള നടപടികളാണ് സത്യവാങ്മൂലത്തിലുള്ളത്. വന്‍കിട റിസോര്‍ട്ടുകളെ സംരക്ഷിക്കാനാണ് ഇപ്പോള്‍ ഇടതുപക്ഷം രംഗത്തുവന്നിരിക്കുന്നതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ചൂണ്ടിക്കാട്ടി.

മത്സ്യത്തൊഴിലാളികള്‍ക്കും തദ്ദേശവാസികള്‍ക്കും വേണ്ടി തീരദേശ പരിപാലന അതോറിറ്റിയുടെ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തുമെന്നു മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് മന്ത്രിസഭ ഇതുസംബന്ധിച്ച് ഏഴു തീരുമാനങ്ങള്‍ എടുത്ത് കേന്ദ്രപരിസ്ഥിതി വനം മന്ത്രാലയത്തെ അറിയിച്ചു. അവ കേരള തീരദേശ പരിപാലന അതോറിറ്റിയുടെ ശുപാര്‍ശയ്ക്കായി കേന്ദ്രം അയച്ചുതന്നു. അതോറിറ്റിയുടെ യോഗം ചൊവ്വാഴ്ച ചേരുകയും ഏഴ് ഇളവുകള്‍ സംബന്ധിച്ച് തീരുമാനം എടുക്കുകയും ചെയ്തു.

തീരദേശ പരിപാലന അതോറിറ്റിയുടെ നിയന്ത്രണങ്ങള്‍ കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ നടപ്പിലായത് ഇടതുസര്‍ക്കാരിന്റെ വീഴ്ചകൊണ്ടായിരുന്നു. ഇടതുസര്‍ക്കാര്‍ സമയോചിതമായി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാതിരുന്നതിനെ തുടര്‍ന്ന്, കേരളത്തിന്റെ തീരദേശത്തെ ജനങ്ങളെ ഏറെ പ്രതികൂലമായി ബാധിക്കുന്ന രീതിയില്‍ 2011 ജനവരി ആറിനാണ് തീരദേശ നിയന്ത്രണ മേഖലാ വിജ്ഞാപനം നിലവില്‍ വന്നത്. അതിനു മുമ്പ് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള നിരവധി അവസരങ്ങള്‍ ഇടതുസര്‍ക്കാര്‍ പാഴാക്കി. യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരമേറ്റ ഉടനെ തീരദേശ നിയന്ത്രണം മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാന്‍ നടപടി എടുക്കുകയും ഏഴ് തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തു. - മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഇതനുസരിച്ച് കടലോര, പുഴയോര പ്രദേശങ്ങളില്‍ പരമ്പരാഗതമായി വസിക്കുന്നവര്‍ക്ക് വീട്/ടോയിലറ്റ് എന്നിവയ്ക്കും മത്സ്യത്തൊഴിലാളികളുടെ ഉപകരണങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള ഷെഡ്ഡുകള്‍ എന്നിവ നിര്‍മിക്കുന്നതിന് അനുമതി നല്‍കണം. കടല്‍ത്തീരത്ത് വീട്‌ െവയ്ക്കുന്നതിനുള്ള 200 മീറ്റര്‍ പരിധി യാതൊരു ഉപാധികളുമില്ലാതെ 100 മീറ്ററാക്കി ചുരുക്കണം. ഉള്‍നാടന്‍ ജലാശയങ്ങളുടെ തീരത്തെ നിയന്ത്രണമേഖല നിലവിലുള്ള 100 മീറ്ററില്‍ നിന്നും 50 മീറ്ററായി ചുരുക്കണം. 60 ചതുരശ്രയടി വീടുകള്‍ എന്നത് 100 ചതുരശ്രയടി വീട് എന്നാക്കണം. തീരദേശ നിയന്ത്രണ മേഖലയില്‍ വീടുകള്‍ നിര്‍മിക്കുന്നതിന് സ്ഥലപരിമിതിയുള്ള സാഹചര്യത്തില്‍ തദ്ദേശവാസികള്‍ക്ക് തീരദേശത്ത് കുടുംബസ്വത്ത് ഭാഗിച്ചു കിട്ടുന്ന ഭൂമിയില്‍ വീടുെവയ്ക്കുന്നതിന് അനുമതി നല്‍കണം. പൊക്കാളി പാടശേഖരങ്ങളുടെ കരഭാഗം തദ്ദേശവാസികളുടെ വീട് നിര്‍മ്മാണത്തിന് വിജ്ഞാപനത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കണം. പത്ത് മീറ്റര്‍ വീതിക്ക് താഴെയുള്ള തോടുകളുടെ കരയോടു ചേര്‍ന്ന പ്രദേശവും ഒഴിവാക്കണം. തദ്ദേശവാസികളുടെ വീട് പുനര്‍നിര്‍മ്മിക്കുമ്പോള്‍ നിലവിലുള്ള തറവിസ്തീര്‍ണത്തിന് ആനുപാതികമായി മാത്രം പുനര്‍നിര്‍മ്മിക്കാം എന്നത് 100 ചതുരശ്ര മീറ്റര്‍ തറവിസ്തീര്‍ണംവരെ അനുവദിക്കണം. കായല്‍ദ്വീപുകളില്‍ നിലവിലുള്ള അംഗീകൃത കെട്ടിടങ്ങളോ, റോഡുകളോ ഉള്ളതുവരെ തദ്ദേശവാസികള്‍ക്ക് വീട് നിര്‍മ്മിക്കുന്നതിന് അനുവാദം നല്‍കണം എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍. ഈ ഇളവുകളെല്ലാം തീരദേശവാസികള്‍ക്കു വേണ്ടിയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ചൂണ്ടിക്കാട്ടി.