UDF

2014, മാർച്ച് 5, ബുധനാഴ്‌ച

മുന്‍വിജ്ഞാപനം പിന്‍വലിക്കലല്ല ആവശ്യം; കേരളം പറഞ്ഞമാറ്റം വരുത്തണം

മുന്‍വിജ്ഞാപനം പിന്‍വലിക്കലല്ല ആവശ്യം; കേരളം പറഞ്ഞമാറ്റം വരുത്തണം-മുഖ്യമന്ത്രി




കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്



*വിജ്ഞാപനം പിന്‍വലിച്ചാല്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വരും
* ചെയ്യാവുന്നതെല്ലാം ചെയ്തു


തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് നവംബര്‍ 13ന്റെ വിജ്ഞാപനം പിന്‍വലിക്കലല്ല സംസ്ഥാനത്തിന്റെ ആവശ്യമെന്നും അതിന് കേരളം പറഞ്ഞ മാറ്റങ്ങള്‍ വരുത്തുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

കേന്ദ്ര തീരുമാനം വരുന്നതിന് മുമ്പ് രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിനുശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിജ്ഞാപനം പിന്‍വലിച്ചാല്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വീണ്ടും വരും. രണ്ടില്‍ ഏത് റിപ്പോര്‍ട്ട് വേണമെന്ന് കേന്ദ്രസര്‍ക്കാരിന് തീരുമാനിക്കാമെന്ന് സുപ്രീംകോടതിയുടെ ഗ്രീന്‍ബെഞ്ച് നിലപാട് എടുത്തിരുന്നു. അപ്പോഴാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനായി വിജ്ഞാപനം പുറപ്പെടുവിച്ചത്.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ പശ്ചിമഘട്ടത്തില്‍ വരുന്ന ആറു സംസ്ഥാനങ്ങളും ഒന്നിച്ച് നിലപാടെടുത്തിരുന്നു-മുഖ്യമന്ത്രി പറഞ്ഞു  യാഥാര്‍ഥ്യങ്ങള്‍ എല്ലാവരും മനസ്സിലാക്കണം. വികാരപരമായി അഭിപ്രായം പറഞ്ഞുപോകാന്‍ പറ്റുന്ന കാര്യമല്ലിത്-അദ്ദേഹം പറഞ്ഞു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് കേരളത്തിന്റെ നിലപാട് വ്യക്തമായി കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളുടെ പ്രതികരണം സാവകാശത്തിലാണ്. അതേസമയം കേരളം മുന്‍കൈയെടുത്ത് ചെയ്യാവുന്നതെല്ലാം ചെയ്തു.
മറ്റ് സംസ്ഥാനങ്ങളുടെ പ്രതികരണത്തിനായി കേന്ദ്രം കാത്തിരിക്കാന്‍ പാടില്ല. കേന്ദ്രത്തിന് കേരളം കൊടുത്ത റിപ്പോര്‍ട്ട് പഠിച്ച് അതിനനുസരിച്ച തീരുമാനം എടുക്കണം.

വനം ഏതെന്നും കൃഷിഭൂമി ഏതെന്നും പ്ലാന്‍േറഷന്‍ ഏതെന്നും എല്ലാം വ്യക്തമാക്കിക്കൊടുത്തിട്ടുണ്ട്. കേരളം പറഞ്ഞകാര്യങ്ങള്‍ കേന്ദ്രം അംഗീകരിക്കണം. ജനപങ്കാളിത്തത്തോടെ വനസംരക്ഷണം വേണം. പരിസ്ഥിതി സംരക്ഷണംവേണം. ജനങ്ങളെ ആട്ടിയോടിച്ചല്ല അത് ചെയ്യേണ്ടത്. ജനവാസകേന്ദ്രം, കൃഷിസ്ഥലം, പ്ലാന്‍േറഷന്‍സ് ഇത് മൂന്നും സംരക്ഷിക്കണം. ജനങ്ങളുടെ സഹകരണത്തോടെ വനസംരക്ഷണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്-മുഖ്യമന്ത്രി പറഞ്ഞു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ചര്‍ച്ചയിലൂടെ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിവേണം നടപ്പിലാക്കേണ്ടതെന്നാണ് യു.ഡി.എഫിന്റെ നിലപാട്. പിണറായി വിജയന്‍ തന്ന കത്തിലും ഇതേ ആവശ്യമാണുള്ളത്-മുഖ്യമന്ത്രി വ്യക്തമാക്കി.

ഇ.എഫ്.എല്‍. നിയമഭേദഗതിയെക്കുറിച്ച് മന്ത്രിസഭ തീരുമാനമൊന്നും എടുത്തില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.