UDF

2014, മാർച്ച് 5, ബുധനാഴ്‌ച

സര്‍ക്കാരിന്റെ ലക്ഷ്യം കര്‍ഷകര്‍ക്ക് പലിശരഹിത വായ്‌പ

സര്‍ക്കാരിന്റെ ലക്ഷ്യം കര്‍ഷകര്‍ക്ക് പലിശ രഹിതവായ്‌പ - മുഖ്യമന്ത്രി

അഗ്രികാര്‍ഡ് വിതരണം തുടങ്ങി 
തിരുവനന്തപുരം: കര്‍ഷകര്‍ക്ക് കൃഷി വായ്പയും സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യവും ലഭ്യമാകുന്നതിനായി നടപ്പാക്കുന്ന അഗ്രികാര്‍ഡിന്റെ വിതരണം തുടങ്ങി. കൃഷിവകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത 18. 77 ലക്ഷം കര്‍ഷകര്‍ക്ക് കനറാ ബാങ്കാണ് കാര്‍ഡ് നല്‍കുന്നത്.

ബാങ്കുകളില്‍നിന്ന് 4.1 ശതമാനം പരിശനിരക്കില്‍ കാര്‍ഷിക വായ്പ, ഏഴു ശതമാനം നിരക്കില്‍ മധ്യകാല - ദീര്‍ഘകാല വായ്പ തുടങ്ങിയ ആനുകൂല്യങ്ങളും കാര്‍ഡുടമകള്‍ക്ക് ലഭിക്കും. ഈ വായ്പകളുടെ 50 ശതമാനം പലിശ സബ്‌സിഡി സര്‍ക്കാര്‍ നല്‍കും.

അഗ്രികാര്‍ഡിന്റെ പ്രകാശനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. കര്‍ഷകര്‍ക്ക് പലിശരഹിത വായ്പ ലഭ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര - സംസ്ഥാന പദ്ധതികള്‍ സംയോജിപ്പിച്ചാല്‍ ഇത് സാധ്യമാവും. ഇക്കാര്യത്തില്‍ കൂടുതല്‍ കേന്ദ്രസഹായം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

മന്ത്രി കെ.പി. മോഹനന്‍ അധ്യക്ഷത വഹിച്ചു. ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്ത കര്‍ഷകര്‍ പ്രത്യേകം അപേക്ഷ നല്‍കിയാല്‍ രജിസ്‌ട്രേഷന് അവസരം നല്‍കുമെന്നും രജിസ്റ്റര്‍ ചെയ്ത 18.77 ലക്ഷം കര്‍ഷകരുടെ എല്ലാ വിവരവും ഉള്‍പ്പെടുത്തി ഡാറ്റാ ബാങ്ക് കൃഷി വകുപ്പ് തയാറാക്കിയെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ഡ് വിതരണോദ്ഘാടനം മന്ത്രി കെ.എം. മാണിയും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വിതരണം മന്ത്രി വി.എസ്. ശിവകുമാറും ഉദ്ഘാടനം ചെയ്തു. കേന്ദ്ര സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ്, പി.സി. വിഷ്ണുനാഥ് എം. എല്‍.എ, നഗരസഭാ കൗണ്‍സിലര്‍ പാളയം രാജന്‍, കൃഷി വകുപ്പ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ഡയറക്ടര്‍ ആര്‍. അജിത്കുമാര്‍, കനറാ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.എസ്. റാവത്ത്, റിസര്‍വ് ബാങ്ക് ജനറല്‍ മാനേജര്‍ അനില്‍കുമാര്‍ ശര്‍മ, നബാര്‍ഡ് ജനറല്‍ മാനേജര്‍ എന്‍. രമേഷ്, കനറാ ബാങ്ക് ജനറല്‍ മാനേജര്‍ എസ്. രമേശ് തുടങ്ങിയവരും പങ്കെടുത്തു.