UDF

2014, മാർച്ച് 1, ശനിയാഴ്‌ച

ഭൂരഹിതരില്ലാത്ത കേരളം : അപേക്ഷിക്കാനുള്ള സമയം ഒരുമാസംകൂടി നീട്ടിയതായി മുഖ്യമന്ത്രി

ഭൂരഹിതരില്ലാത്ത കേരളം : അപേക്ഷിക്കാനുള്ള സമയം ഒരുമാസംകൂടി നീട്ടിയതായി മുഖ്യമന്ത്രി


പാലക്കാട്: ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിലേക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ഒരുമാസംകൂടി ദീര്‍ഘിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും ഭൂരഹിതരെ കണ്ടെത്താന്‍ സഹായിക്കണമെന്നും പാലക്കാട്ട് പട്ടയമേള ഉദ്ഘാടനംചെയ്ത് അദ്ദേഹം നിര്‍ദേശിച്ചു. ഭൂമിക്കായി 2,43,928 അപേക്ഷകരാണ് ആദ്യഘട്ടത്തിലുണ്ടായിരുന്നത്. ഇതേക്കുറിച്ച് അറിഞ്ഞിട്ടേയില്ലാത്ത ഒട്ടേറെപ്പേരുള്ളതായി ജനസമ്പര്‍ക്ക പരിപാടികളില്‍ ബോധ്യമായി. ഇതനുസരിച്ച് അപേക്ഷനല്‍കാന്‍ ഫിബ്രവരി 28വരെ സമയം നല്‍കിയിരുന്നു. എന്നാല്‍, അപേക്ഷ നല്‍കാന്‍പോലുമാവാത്തവര്‍ ഇനിയുമുണ്ടെന്ന് വ്യക്തമായതിനെത്തുടര്‍ന്നാണ് സമയപരിധി നീട്ടുന്നത്.ഇക്കാര്യം വ്യക്തമാക്കി റവന്യുമന്ത്രി പഞ്ചായത്ത് പ്രസിഡന്റ് മാര്‍ക്കും എം.എല്‍.എ.മാര്‍ക്കും കത്തയയ്ക്കും. പഞ്ചായത്ത് ഭരണസമിതികള്‍ ഇക്കാര്യം ചര്‍ച്ചചെയ്യണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഒരുലക്ഷം പേര്‍ക്കാണ് ഇതുവരെ മൂന്നുസെന്റ് ഭൂമിവീതം നല്‍കിയത്. ശേഷിക്കുന്ന രണ്ടുലക്ഷത്തിലേറെപ്പേര്‍ക്ക് ഭൂമി കണ്ടെത്തണം. വളരെക്കൂടുതല്‍ ഭൂമി കൈവശംെവച്ചിരിക്കുന്നവര്‍ ഇതിനായി വിട്ടുവീഴ്ചയ്ക്ക് തയ്യാറാവണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

ഭൂരഹിതകേരളം പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള സമയം നേരത്തെ ഫിബ്രവരി 28വരെയാണ് നിശ്ചയിച്ചിരുന്നത്. അത് വില്ലേജോഫീസുകള്‍വഴി നിശ്ചിതഫോമിലാണ് അപേക്ഷകള്‍ നല്‍കേണ്ടത്.