UDF

2014, മാർച്ച് 20, വ്യാഴാഴ്‌ച

പരിസ്ഥിതിലോല പ്രദേശങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണയം ഒരാഴ്ചയ്ക്കകം

പരിസ്ഥിതിലോല പ്രദേശങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണയം ഒരാഴ്ചയ്ക്കകം: മുഖ്യമന്ത്രി



പരിസ്ഥിതിലോല മേഖല: വിജ്ഞാപനം ഗസറ്റില്‍

തൊടുപുഴ* പരിസ്ഥിതിലോല പ്രദേശങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപനമുണ്ടാകുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതിനുള്ള അവകാശം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കരടു വിജ്ഞാപനം ഇറങ്ങിയതോടെ സംസ്ഥാനങ്ങള്‍ക്കു ലഭിച്ചു. ജനവാസകേന്ദ്രങ്ങളും തോട്ടങ്ങളും ഉള്‍പ്പടെ 3115 ചതുരശ്ര കിലോമീറ്റര്‍ ഇഎസ്എയുടെ പരിധിയില്‍നിന്ന് ഒഴിവാക്കാന്‍ ജൈവവൈവിധ്യ ബോര്‍ഡിനെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് ഇടുക്കി ലോക്‌സഭാ മണ്ഡലം തിരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അതിര്‍ത്തി പുനര്‍നിര്‍ണയിക്കാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തന്നെ കൈക്കൊണ്ടതാണ്. അതുകൊണ്ട് ഈ പ്രഖ്യാപനം തിരഞ്ഞെടുപ്പു ചട്ടലംഘനമാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥിപ്പട്ടിക പുറത്തു വന്നപ്പോള്‍ത്തന്നെ ജനം യുഡിഎഫിന്റെ വിജയം ഉറപ്പിച്ചു. ടി.പി. വധക്കേസില്‍ പാര്‍ട്ടിയുടെ അന്വേഷണ റിപ്പോര്‍ട്ട് പ്രതിപക്ഷ നേതാവിനെപ്പോലും കാണിച്ചില്ല. റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ ജനങ്ങളോടു വെളിപ്പെടുത്താനും അതു പ്രസിദ്ധീകരിക്കാനും സിപിഎം തയാറാകണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

യുവാക്കള്‍ക്ക് അവസരം നല്‍കുന്നതിനായി മാറി നിന്ന പി.ടി. തോമസ് എംപിയുടെ മനോഭാവം മാതൃകാപരമാണ്. പി.ടി. തോമസിനെയും പീതാംബരക്കുറുപ്പിനെയും സംഘടനാരംഗത്തു പ്രയോജനപ്പെടുത്താനാണു ഹൈക്കമാന്‍ഡ് തീരുമാനം. പി.ടി. തോമസിനെ ഇടുക്കിയില്‍നിന്നു കാസര്‍കോട്ടേക്കു നാടുകടത്തിയെന്നുള്ള പ്രചാരണം തെറ്റാണ്. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തോടൊപ്പം മറ്റൊരു മണ്ഡലത്തിന്റെയും ചുമതല ഏല്‍പ്പിക്കണമെന്ന കെപിസിസി പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരമാണ് പി.ടി. തോമസ് കാസര്‍കോട്ട് പ്രചാരണത്തിനു പോയത്. ബിജെപിയിലെ തീവ്രവാദികളുടെ പ്രതിനിധിയാണു നരേന്ദ്രമോദി. രാഷ്ട്രീയ സ്ഥിരതയും മതേതരത്വ സംരക്ഷണവുമാണു കോണ്‍ഗ്രസിന്റെ വാഗ്ദാനം. ഉമ്മന്‍ചാണ്ടി പറഞ്ഞു.

തന്നെ ആരും എങ്ങോട്ടും നാടുകടത്തിയിട്ടില്ലെന്നു തുടര്‍ന്നു പ്രസംഗിച്ച പി.ടി. തോമസ് എംപി പറഞ്ഞു. ഡീന്‍ കുര്യാക്കോസിനു വേണ്ടി ഇടുക്കിയുടെ ഏഴു മണ്ഡലങ്ങളിലും കൊടുങ്കാറ്റു പോലെ പ്രചാരണത്തിനിറങ്ങും. ഇടുക്കി മണ്ഡലത്തില്‍ ചാവേറിനെപ്പോലെ ഉണ്ടാകുമെന്നും എംപി പറഞ്ഞു. മന്ത്രിമാരായ പി.ജെ. ജോസഫ്, കെ. ബാബു, ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.