UDF

2014, ജനുവരി 13, തിങ്കളാഴ്‌ച

തിരുവനന്തപുരത്ത് കോണ്‍സുലേറ്റ്: യു.എ.ഇ.യിലെ പ്രവാസികള്‍ക്ക് ആഹ്ലാദം

തിരുവനന്തപുരത്ത് കോണ്‍സുലേറ്റ്: യു.എ.ഇ.യിലെ പ്രവാസികള്‍ക്ക് ആഹ്ലാദം

 

 


ദുബായ്: യു.എ.ഇ.യുടെ കോണ്‍സുലേറ്റ് ഓഫീസ് തിരുവനന്തപുരത്ത് തുറക്കാനുള്ള പ്രഖ്യാപനത്തില്‍ യു.എ.ഇ.യിലെ മലയാളി പ്രവാസികള്‍ക്ക് സന്തോഷവും സംതൃപ്തിയും. വിസസംബന്ധമായ പ്രശ്‌നങ്ങള്‍ മിക്കതും നാട്ടില്‍തന്നെ പരിഹരിക്കാം എന്നതാണ് യു.എ.ഇ. കോണ്‍സുലേറ്റുകൊണ്ട് പ്രവാസികള്‍ക്കുള്ള വലിയ നേട്ടം.

ഇപ്പോള്‍ മുംബൈയിലോ ഡല്‍ഹിയിലോ സര്‍ട്ടിഫിക്കറ്റുകള്‍ അറ്റസ്റ്റുചെയ്ത് കിട്ടാനുള്ള പ്രയാസവും കാലതാമസവും ഇതോടെ ഒഴിവാകും എന്നതാണ് പ്രധാന കാര്യം. ജോലിക്കുള്ള വിസ നേടാന്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ അനിവാര്യമാണ്. ഇതിന് മിക്കസ്ഥലത്തും ട്രാവല്‍ ഏജന്‍റുമാര്‍ കമ്മീഷന്‍ ഈടാക്കാറുമുണ്ട്. ഇതെല്ലാം ഇനി തിരുവനന്തപുരത്ത് നേരിട്ടുചെന്ന് നിര്‍വഹിക്കാം എന്ന ആശ്വാസത്തിലാണ് പ്രവാസികളും ഗള്‍ഫ്‌സ്വപ്നം കൊണ്ടുനടക്കുന്നവരും. സൗദി അറേബ്യ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മലയാളികളുള്ള രാജ്യമാണ് യു.എ.ഇ. ആഭ്യന്തരവകുപ്പിന്റെയും നോര്‍ക്കയുടെയും അറ്റസ്റ്റേഷന് ഒപ്പംതന്നെ കോണ്‍സുലേറ്റിലെ ജോലിയും ഒറ്റയാത്രകൊണ്ടുതന്നെ പൂര്‍ത്തിയാക്കാന്‍ ഇനി കഴിയും. 

വിനോദസഞ്ചാരികള്‍ക്കും ഇത് വലിയ അനുഗ്രഹമാകും. കോണ്‍സുലേറ്റിന്റെ വരവോടെ യു.എ.ഇ.യില്‍നിന്നുള്ള സഞ്ചാരികളുടെ ഒഴുക്കും കൂടും. വിസാ നടപടികള്‍ എളുപ്പത്തിലാവും എന്നതാണ് മറ്റൊരു നേട്ടം. ഇത് കേരളത്തിലെ വാണിജ്യ, വ്യാപാര, വിനോദസഞ്ചാര മേഖലകളിലെല്ലാം ഗുണംചെയ്യും. കേന്ദ്രമന്ത്രി ശശി തരൂരിന്റെകൂടി സ്വാധീനത്തിന്റെ പുറത്താണ് കോണ്‍സുലേറ്റ് തിരുവനന്തപുരത്ത് എത്തുന്നത്. തമിഴ്‌നാട്ടില്‍ നിന്നുള്ളവര്‍ക്കും തിരുവനന്തപുരം കേന്ദ്രം ഉപകാരപ്പെടും.