UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2016, ജനുവരി 22, വെള്ളിയാഴ്‌ച

സര്‍ക്കാര്‍ ജീവനക്കാരുടെ പുതുക്കിയ ശമ്പളം ഫിബ്രവരി ഒന്ന് മുതല്‍


തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം സംബന്ധിച്ച് പത്താം ശമ്പളക്കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഭേദഗതികളോടെ സര്‍ക്കാര്‍ അംഗീകരിച്ചു. ജീവനക്കാര്‍ക്ക് പുതുക്കിയ ശമ്പളവും അലവന്‍സും ഫിബ്രവരി ഒന്ന് മുതല്‍ ലഭിച്ചുതുടങ്ങുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. 16500 രൂപയാണ് ഇനി മുതല്‍ സര്‍ക്കാര്‍ സര്‍വീസിലെ ഏറ്റവും കുറഞ്ഞ ശമ്പളം. കൂടിയ ശമ്പളം 1,20,000 രൂപയും. ജീവനക്കാര്‍ക്ക് രണ്ടായിരം രൂപ മുതല്‍ പന്ത്രണ്ടായിരം രൂപ വരെയാണ് ശമ്പളം വര്‍ധിക്കുക. സംസ്ഥാനത്തിന്റെ മൊത്തം റവന്യൂ വരുമാനത്തിന്റെ എണ്‍പത് ശതമാനവും ശമ്പളയിനത്തിലാണ് നല്‍കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

ശമ്പളം വര്‍ധിപ്പിക്കുന്ന വകയില്‍ പ്രതിവര്‍ഷം 722 കോടി രൂപയുടെ അധികബാധ്യതയാണ് സര്‍ക്കാരിന് ഉണ്ടാവുക. നിലവിലെ സംവിധാനം അനുസരിച്ച് അഞ്ചു വര്‍ഷത്തേയ്ക്കാണ് റിപ്പോര്‍ട്ട് അംഗീകരിച്ചത്.

2014 ജൂലായ് ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പളവര്‍ധന നടപ്പിലാക്കിയിരിക്കുന്നത്. ശമ്പളകുടിശ്ശിക 2017 ഏപ്രില്‍ മുതല്‍ നാല് അര്‍ധവാര്‍ഷിക ഗഡുക്കളായി നല്‍കും. കുടിശ്ശികയ്ക്ക് പി.എഫ്. നിക്ഷേപത്തിന് നല്‍കുന്നതിന് തുല്ല്യമായ പലിശ നല്‍കും.

ഒന്‍പത് ശതമാനം ക്ഷാമബത്ത നല്‍കും. നിലവിലെ ഗ്രേഡുകളെല്ലാം തന്നെ അതേപടി നിലനിര്‍ത്തിയിട്ടുണ്ട്. സര്‍വകലാശാല ജീവനക്കാരുടെ ശമ്പളവും സംസ്ഥാന ജീവനക്കാരുടെ ശമ്പളത്തിന് അനുസൃതമായി പരിഷ്‌കരിക്കും. 8200 രൂപയാണ് സര്‍വകലാശാല പാര്‍ട് ടൈം ജീവനക്കാരുടെ അടിസ്ഥാന വേതനം.

ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പ്രധാനമായും രണ്ട് ഭേദഗതികളാണ് വരുത്തിയത്. ഇനി മുതല്‍ സ്‌പെഷ്യല്‍ അലവന്‍സും റിസ്‌ക്ക് അലവന്‍സും എല്ലാ വര്‍ഷവും പത്ത് ശതമാനം വച്ച് വര്‍ധിപ്പിക്കും. ജീവനക്കാര്‍ മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് ലഭിക്കും.

പ്രധാന തീരുമാനങ്ങള്‍:


. പുതുക്കിയ മിനിമം ശമ്പളം: ചില തസ്തികകളുടേത്.

. എല്‍.ഡി. ക്ലാര്‍ക്ക്-19000 രൂപ (നിലവില്‍ 9940 രൂപ)

. പോലീസ് കോണ്‍സ്റ്റബിള്‍-22200 രൂപ (നിലവില്‍ 10480 രൂപ)

. എല്‍.പി, യു.പി. ടീച്ചര്‍-25200 രൂപ (നിലവില്‍ 13210 രൂപ)

. ഹൈസ്‌കൂള്‍ ടീച്ചര്‍-29200 രൂപ (നിലവില്‍ 15380)

. ഹയര്‍ സെക്കന്‍ഡറി ടീച്ചര്‍-39500 രൂപ (നിലവില്‍ 20740 രൂപ)

. അസിസ്റ്റന്റ് എഞ്ചിനീയര്‍-39500 രൂപ (നിലവില്‍ 20740 രൂപ)

. അസിസ്റ്റന്റ് സര്‍ജന്‍-51600 രൂപ (നിലവില്‍ 27140 രൂപ)

. സ്റ്റാഫ് നെഴ്‌സ്-27800 രൂപ (നിലവില്‍ 13900 രൂപ)

. ഓപ്ഷന്‍ സമ്പ്രദായം അവസാനിപ്പിച്ചു. എല്ലാ ജീവനക്കാരും 2014 ജൂലായ് ഒന്ന് മുതല്‍ ശമ്പളസ്‌കെയിലിലേയ്ക്ക് മാറും.

. അവയവമാറ്റത്തിന് വിധേയരാകുന്ന ജീവനക്കാര്‍ പുതിയതായി 90 ദിവസത്തെ അവധി അനുവദിക്കും.

. സ്‌പെഷ്യല്‍ പേ സമ്പ്രദാം അവസാനിപ്പിച്ചു. എന്നാല്‍, ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാര്‍ക്ക് തുടര്‍ന്നും അനുവദിക്കും.

. പാര്‍ട് ടൈം ജീവനക്കാരുടെ മിനിമം ശമ്പളം 8200 രൂപയും (നിലവില്‍ 4250 രൂപ) കൂടിയ ശമ്പളം 16460 രൂപയും (നിലവില്‍ 8400 രൂപ)യുമായി നിശ്ചയിക്കും.

. യൂണിവേഴ്‌സിറ്റി ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും സംസ്ഥാന ജീവനക്കാരുടേതിന് അനുസൃതമായി പരിഷ്‌കരിക്കും.

. ശമ്പള പരിഷ്‌കരണ ഉത്തരവ് സംബന്ധിച്ച പരാതികള്‍ പരിശോധിക്കുന്നതിനായി അനോമലി സെല്ലിനെ ചുമതലപ്പെടുത്തും.

. കമ്മീഷന്റെ രണ്ടാംഘട്ട റിപ്പോര്‍ട്ടും ഒന്നാംഘട്ട റിപ്പോര്‍ട്ടിലെ മറ്റ് ശുപാര്‍ശകളും പരിശോധിക്കുന്നതിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മി
റ്റിയെ നിയമിക്കും.

2016, ജനുവരി 17, ഞായറാഴ്‌ച

പഠനവും പ്രവൃത്തിയും രണ്ടുവഴിക്ക്


(സിപിഎം പഠനകോണ്ഗ്രസിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എഴുതിയ ലേഖനം)

                  കംപ്യൂട്ടര്‍ അടിച്ചു പൊട്ടിച്ച് സംസ്ഥാനത്തിന്റെ ഐടി കുതിപ്പിനെ കുട്ടിച്ചോറാക്കിയവര്‍ പറയുന്നു, ഐടി രംഗത്ത് കേരളത്തിന്റെ മുന്നേറ്റം പോരെന്ന്. ഹര്‍ത്താലും ബന്തും നടത്തി അസംഖ്യം നിക്ഷേപകരെ ആട്ടിയോടിച്ച ശേഷം ഇപ്പോള്‍ പറയുന്നു, 30 ദിവസത്തിനകം സംരംഭകര്‍ക്ക് ഏകജാലക ക്ലിയറന്‍സ് നല്കുമെന്ന്. ട്രാക്ടര്‍വിരുദ്ധ പ്രക്ഷോഭം നടത്തിയവര്‍ പറയുന്നു, കാര്‍ഷികരംഗത്ത് യന്ത്രവത്കരണം അനിവാര്യമാണെന്ന്.  സിപിഎം നടത്തിയ നാലാം കേരള പഠന കോണ്ഗ്രസ്  അടിമുടി വൈരുധ്യാത്മികം തന്നെ.

                പഠന കോണ്ഗ്രസിന്റെ ചരിത്രവും അവരുടെ ചെയ്തികളും തമ്മില്‍ യോജിച്ചു പോകുന്നില്ല. തെരഞ്ഞെടുപ്പ് അടുക്കാറാകുമ്പോഴാണ് പഠനകോണ്ഗ്രസ് എന്നത് യാദൃച്ഛികമാകാം. 2006ലെ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ നടത്തിയ പഠന കോണ്ഗ്രസിലും ഇത്തരം ഒരുപാട് പ്രഖ്യാപനങ്ങള്‍ ഉണ്ടായിരുന്നു. അത്  അധികാരത്തിലേറ്റാന്‍ സഹായിച്ചെന്നും പാര്‍ട്ടി അംഗീകരിക്കുന്നു. പക്ഷേ, അധികാരത്തിലിരുന്നപ്പോള്‍, പഠന കോണ്ഗ്രസിന്റെ പ്രബന്ധങ്ങളെല്ലാം മടക്കി ഒരു മൂലയില്‍ വച്ചു. രൂക്ഷമായ അധികാര വടംവലിയില്‍ കേരളത്തിന്റെവികസനം സ്തംഭിച്ചുനിന്നു. ഒരൊറ്റ പദ്ധതി നടപ്പാക്കാനോ മുന്നോട്ടു കൊണ്ടുപോകാനോ  അവര്‍ക്കു സാധിച്ചില്ല. പാര്‍ട്ടിയിലെ തര്‍ക്കംമൂലം സെസ് പദവിയുള്ള 18 വ്യവസായ പാര്‍ക്കുകളുടെ അപേക്ഷകള്‍ രണ്ടു വര്‍ഷത്തോളം മുന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ തടഞ്ഞുവച്ചു. സ്മാര്‍ട്ട് സിറ്റി പദ്ധതി സെസ് വിവാദത്തില്‍ കുടുങ്ങി ഒരിഞ്ചുപോലും മുന്നോട്ടു പോയില്ല. വിഴിഞ്ഞം പദ്ധതിക്കുവേണ്ടി 447 കോടിരൂപ വാഗ്ദാനം ചെയ്ത സൂം കമ്പനിയെ ഒഴിവാക്കി 115കോടി രൂപ മാത്രം വാഗ്ദാനം ചെയ്ത ലാന്‍ഡ്‌കോ കൊണ്ടപ്പള്ളിക്കു കരാര്‍ നല്കുകയും അത് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. കൊച്ചി മെട്രോ നഷ്ടമായിരിക്കുമെന്നു പറഞ്ഞ് മൂന്നുവര്‍ഷം വൈകിച്ചു. കണ്ണൂര്‍ വിമാനത്താവളത്തിനു വേണ്ടി സ്ഥലമെടുപ്പ് നടത്തിയതിന് അപ്പുറത്തേക്കു പോയില്ല. എിന്നിട്ടാണ് ഞങ്ങളായിരുന്നെങ്കില്‍ ഇതൊക്കെ പണ്ടേ ഇവിടെ നടപ്പായേനെയെന്ന് വീരവാദം മുഴക്കുന്നത് .


  • വന്‍ പദ്ധതികളില്‍ പങ്കില്ല

                ഇടുക്കി അണക്കെട്ടും (1973), നെടുമ്പാശേരി വിമാനത്താവളവും (1993) ആണ് കേരളം വിജയകരമായി നടപ്പാക്കിയ രണ്ടു വന്‍പദ്ധതികള്‍. ഇവ രണ്ടിലും ഇടതു സര്‍ക്കാരിനു യാതൊരു പങ്കുമില്ല. മാത്രമല്ല, നെടുമ്പാശേരി വിമാനത്താവളത്തെ കണ്ണുംപൂട്ടി എതിര്‍ക്കുകയും ചെയ്തു. എന്റെ നെഞ്ചിലുടെ മാത്രമേ നെടുമ്പാശേരിയില്‍ വിമാനമിറങ്ങൂ എന്ന് പ്രഖ്യാപിച്ചവര്‍ പിന്നീട് അധികാരമേറ്റ് സിയാലിന്റെ തലപ്പത്തിരിക്കുകയും ചെയ്തു.

                2001- 2006ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെ എക്‌സ്പ്രസ് ഹൈവെ നിര്‍ദേശിച്ചിരുന്നു. ഇപ്പുറത്തു നില്ക്കുന്ന പശുവിന് അപ്പുറത്തു പോകാന്‍ പറ്റില്ലെുന്നും മറ്റും പറഞ്ഞ് അന്ന് അതിനെ സടകുടഞ്ഞെതിര്‍ത്ത് ഇല്ലാതാക്കിയ സിപിഎമ്മും കൂടിയാണ്. പക്ഷേ, 2005ല്‍ നടത്തിയ പഠന കോണ്ഗ്രസില്‍ തെക്കുവടക്ക് അതിവേഗ റോഡ്/ റെയില്‍ ഗതാഗതം വേണമെന്ന് അവര്‍ ആവശ്യപ്പെടുകയും ചെയ്തു! ഇത്തവണ പിണറായി വിജയന്‍ പ്രസംഗിച്ചപ്പോള്‍ അതിവേഗ റോഡു വേണമെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീടത് തിരുത്തി അതിവേഗ റെയില്‍ എന്നാക്കി. കിലോമീറ്ററിന് 80 കോടി മുതല്‍മുടക്കു വേണമെന്നും അവര്‍ പറയുന്നു. 570കി.മീ അതിവേഗ റെയില്‍ നിര്‍മിക്കുന്നതിന് പൊതു- സ്വാകര്യ പങ്കാളിത്തത്തെ അനുകൂലിക്കുമോ? അല്ലാതെ എവിടെ നിന്ന് വിഭവ സമാഹരണം നടത്തും?

                യുഡിഎഫ് സര്‍ക്കാരിന്റെ വികസന പരിപ്രേക്ഷ്യം 2030ല്‍ നിന്നു കടമെടുത്ത നിരവധി നിര്‍ദേശങ്ങള്‍ പഠന കോണ്ഗ്രസില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. കേരളത്തിന്റെ ആരോഗ്യ നേട്ടങ്ങളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും സാമാന്യം വിശദമായ പ്രതിപാദനങ്ങള്‍ ഇതിലുണ്ടെന്ന് പഠന കോണ്ഗ്രസ് ചുണ്ടിക്കാട്ടുന്നു. വിദേശരാജ്യങ്ങളുടെ നല്ല അനുഭവങ്ങളില്‍ നിന്നു പഠിക്കാന്‍ വികസന പരിപ്രേഷ്യം 2030 ഏറെ  തത്രപ്പെടുന്നു എന്നാണ് ആക്ഷേപം. സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളുമായി ഭൂപ്രകൃതിയിലും മറ്റു പല കാര്യങ്ങളിലും നല്ല സാമ്യമുള്ളതിനാല്‍ അവിടത്തെ പല മാതൃകകളും ഇവിടെയും സ്വീകാര്യമാണ് എന്നതില്‍ പറയുന്നുണ്ട്. പക്ഷേ, അതേ പഠന കോണ്ഗ്രസ് തന്നെപറയുന്നു, എസ്‌തോണിയ പോലുള്ള രാജ്യങ്ങള്‍ നടപ്പാക്കിയ ഇ-ഗവേണന്‍സ് ഇവിടെ നടപ്പാക്കണമെന്ന്. ഇ- ഗവേണന്‍സില്‍ രാജ്യത്ത്  ഒന്നാം സ്ഥാനത്താണു കേരളം. 2015 ഡിസംബര്‍ 10 വരെ 1.75 കോടി  ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കി. ഇന്ത്യയില്‍ ആകെയുള്ള 50 ഇ-ജില്ലകളില്‍  കേരളത്തിലെ 14 ജില്ലകളും ഉള്‍പ്പെടുന്നു.  ഒരു ജിഗാ ബൈറ്റ് കണക്ടിവിറ്റി എല്ലാ ഗ്രാമ പഞ്ചായത്തുകളിലും നല്‍കുന്ന നടപടി പൂര്‍ത്തിയാക്കി. ഇതോടെ ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം മാറി. എസ്‌തോണിയയിലേക്കു കണ്ണുംനട്ടിരിക്കുവര്‍ മുറ്റത്തെ മുല്ലയെ മറന്നു.


  • മറന്നുവോ ആ സമരങ്ങള്‍

                ത്വരിതഗതിയിലുള്ള യന്ത്രവത്കരണം കാര്‍ഷിക രംഗത്ത് ഉണ്ടാകുന്നില്ല എാന്നെരു വിലാപം ഈ പഠനത്തിലുണ്ട്. നെല്‍കൃഷിയില്‍ യന്ത്രവത്കരണം വളരെ സാവകാശമാണു നടക്കുന്നതെന്നും ചൂണ്ടിക്കാട്ടുന്നു. എങ്ങനെ നടക്കും? ഓര്‍മയുണ്ടോ, കുട്ടനാട്ടില്‍ 2007ല്‍ നെല്‍പ്പാടങ്ങള്‍ കൊയ്ത്തിനു പാകമായിരുപ്പോള്‍, സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള കര്‍ഷകത്തൊഴിലാളി യൂണിയന്‍ കൊയ്ത്തുയന്ത്രം തടഞ്ഞത്? മാര്‍ച്ച് മൂന്നാംവാരം മഴ പെയ്തതോടെ 10,000 ഹെക്ടറിലെ നെല്ല് 25 ദിവസം വെള്ളത്തില്‍ കിടന്നു. കര്‍ഷകര്‍ക്ക്  222 കോടി രൂപയുടെ നഷ്ടമുണ്ടായി. തൂടര്ന്ന് കര്‍ഷക ആത്മഹത്യകള്‍ ഉണ്ടായി. കീടനാശിനിക്കുപ്പികള്‍ കൈകളിലേന്തി ആയിരക്കണക്കിനു കര്‍ഷകര്‍ റോഡ് ഉപരോധിച്ചു. 1970 കളില്‍ ട്രാക്ടറിനെതിരേ നടത്തിയ പ്രക്ഷോഭത്തിന്റെ തുടര്‍ച്ചയായിട്ടാണ് കൊയ്ത്തു മെതി യന്ത്രത്തിനെതിരേ സമരം നടത്തിയത്. കിരാതമായ വെട്ടിനിരത്തല്‍ സമരവും ആരും മറന്നിട്ടില്ല.

                കല്‍ക്കരി നിലയം സ്ഥാപിക്കണമെന്ന് പറയുകയും കാസര്‍കോട് ഇത്തരമൊരു പദ്ധതി വന്നപ്പോള്‍ കണ്ണുമടച്ച് എതിര്‍ക്കുകയും ചെയ്ത ചരിത്രവുമുണ്ട് സിപിഎമ്മിന്. ഐടി മേഖലയില്‍ ചിപ്പ് ഉല്പാദനം നടത്താന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗിന്റെ പ്രത്യേക താത്പര്യ പ്രകാരം  തയ്‌വാനിലെ പ്രമുഖ സെമികണ്ടക്ടര്‍ മാനുഫാക്ചറിംഗ് കമ്പനി വന്നപ്പോള്‍ മുഖംതിരിച്ചു നിന്നവര്‍ ഇപ്പോള്‍ അത്തരം സംരംഭങ്ങള്‍ ഉണ്ടായേ തീരൂ എന്നു പറയുന്നു. 26 ആഴ്ചകൊണ്ട് തമിഴ്‌നാട്ടിലെ  പ്രത്യേക സാമ്പത്തിക മേഖലയില്‍ 'നോക്കിയ' കൂറ്റന്‍ മൊബൈല്‍ ഫാക്ടറി സ്ഥാപിച്ചപ്പോള്‍ ആ കമ്പനി മേധാവികളെ കേരളം എതിരേറ്റത് ഹര്‍ത്താലിലൂടെ. സെസിന്റെ 18 അപേക്ഷകള്‍ മുന്‍ മുഖ്യമന്ത്രി തടഞ്ഞു വച്ചപ്പോള്‍ അവരെല്ലാം മറ്റു സംസ്ഥാനങ്ങളില്‍ ചേക്കേറി. മൂന്നാറില്‍ മുന്‍ സര്‍ക്കാര്‍  റിസോര്‍ട്ടുകള്‍ ഇടിച്ചു പൊളിച്ചതില്‍ സിപിഎമ്മിന് ഇപ്പോള്‍ കുറ്റബോധം തോന്നുന്നുണ്ടോ?

                 തീരദേശത്ത് സമഗ്രമായ പാര്‍പ്പിട പദ്ധതി നടപ്പാക്കണമെന്ന്‍ അവര്‍ പറയുന്നു. യുഡിഎഫ് സര്‍ക്കാര്‍  സംസ്ഥാനത്തെ ഭവനരഹിതരായ മത്സ്യത്തൊഴിലാളികള്‍ക്ക് 15,000  വീടുകള്‍ സൗജന്യമായി നിര്‍മിച്ച് നല്‍കി. ഇതിനായി 300 കോടി രൂപ അനുവദിച്ചു. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന റോഡ് പണികള്‍ സംസ്ഥാന സര്‍ക്കാര്‍ അധിക തുക നല്കി പൂര്‍ത്തിയാക്കി. തൊഴിലുറപ്പ് പദ്ധതിയില്‍ 2006-11ല്‍ 1508 കോടി ചെലവഴിച്ചപ്പോള്‍ ഈ സര്‍ക്കാര്‍ 6510 കോടി രൂപ ചെലവാക്കി. ആദിവാസികള്‍ക്ക് വിവിധ പദ്ധതികളിലായി 42,225 ഏക്കര്‍ ഭൂമി നല്കി. ആഭ്യന്തര പാലുത്പാദനം 83.08 ശതമാനമായി വര്‍ദ്ധിപ്പിച്ചു. 2011 ലെ ആഭ്യന്തര പാലുത്പാദനം ആഭ്യന്തര ഉപഭോഗത്തിന്റെ  67% മാത്രമായിരുന്നു. പച്ചക്കറി വിളകളുടെ വിസ്തീര്‍ണം 201-12 ലെ42,447 ഹെക്ടറില്‍ നിന്നും 2014-15 ല്‍ 90,533 ഹെക്ടറായി വര്‍ധിച്ചു. ഉത്പാദനം 8.25 ലക്ഷം ടണ്ണില്‍ നിന്നും 15.32 ടണ്ണായി കൂട്ടി. ഉത്തരവാദ ടൂറിസം നടപ്പാക്കണമെന്നു പറയുമ്പോള്‍ കുമരകത്ത് നടപ്പാക്കിയ ഉത്തരവാദിത്വ ടൂറിസം പദ്ധതിക്ക് ടൂറിസം മേഖലയിലെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന യുളിസസ്  പുരസ്‌കാരം ലഭിച്ച കാര്യം സിപിഎം വിസ്മരിച്ചു.


  • മിണ്ടാട്ടമില്ലാത്ത ചില മേഖലകള്‍

                സിപിഎമ്മിന്റെ നാലാമത്തെ പഠന കോണ്ഗ്രസാണിത്. ഇത്തവണ മൂവായിരം പ്രതിനിധികളാണു പങ്കെടുത്തത്. ഇതൊരു വികസന കോണ്ഗ്രസാണെന്ന് അംഗീകരിക്കുന്നു. നാട്ടില്‍ സമാധാനവും ക്രമസമാധാനപാലനവും ഉണ്ടായാല്‍ മാത്രമല്ലേ നിക്ഷേപവും തൊഴിലവസരവും വളര്‍ച്ചയും വികസനവുമൊക്കെ ഉണ്ടാകൂ. കൊലപാതക രാഷ്ട്രീയം ഉപേക്ഷിച്ച്നാട്ടില്‍ സമാധാനത്തിനു സാഹചര്യം ഒരുക്കുമെുന്നും അത് കേരളത്തിന്റെ വളര്‍ച്ചയ്ക്ക് സഹായകരമാകുമെുന്നും  ഒരു വാചകം 550 പേജുള്ള ബൃഹത്റിപ്പോര്‍ട്ടില്‍ ഒരിടത്തുമില്ല. കേരളത്തിലിനി ഹര്‍ത്താല്‍ നടത്തില്ലെന്ന്‍  സിപിഎമ്മിന്റെ ഒറ്റ പ്രഖ്യാപനം മതി ഇവിടേക്ക് നിക്ഷേപകര്‍ കുതിച്ചെത്താന്‍.

                കേരളം ഇപ്പോള്‍ ഏറ്റവും കൂടതല്‍ ചര്‍ച്ച ചെയ്യുന്ന വിഷയം ബാര്‍ പൂട്ടിയത് ആണല്ലോ. സ്വതന്ത്ര കേരളം എടുത്ത ഏറ്റവും സുപ്രധാന തീരുമാനങ്ങളിലൊന്നാണത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ മദ്യംവില്കുന്ന സംസ്ഥാനം, ഏറ്റവും കൂടുതല്‍ അപകടനിരക്കും ആത്മഹത്യാനിരക്കുമുള്ള സംസ്ഥാനം തുടങ്ങിയ നിരവധി കാരണങ്ങളാലാണ് ഇതിനെല്ലാം അടിസ്ഥാന കാരണമായ മദ്യലഭ്യത കുറയ്ക്കാന്‍ തീരുമാനിച്ചത്.  ഇത്രയും സുപ്രധാനമായ വിഷയത്തിലും പഠന കോണ്ഗ്രസ് നിശബ്ദത പാലിക്കുന്നു. മദ്യവര്‍ജനമെന്ന സിപിഎം നയം മദ്യലഭ്യത കുറച്ച് മദ്യനിരോധനമെന്ന യുഡിഎഫ് നയത്തിന് കടകവിരുദ്ധമാണ്.  സ്വയംഭരണ കോളജുകള്‍ക്കെതിരേ എസ്എഫ്‌ഐ വലിയ പ്രക്ഷോഭമൊക്കെ സംഘടിപ്പിച്ചിരുന്നു. ഇപ്പോള്‍ നിലപാടെന്ത്?  യുഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് 11 സ്വയംഭരണ കോളേജുകള്‍ തുടങ്ങിയിട്ടുണ്ട്.

                തെരഞ്ഞെടുപ്പില്‍ നമുക്ക് പരസ്പരം മത്സരിക്കാം. പക്ഷേ, അതു കഴിഞ്ഞ് വികസന പ്രവര്‍ത്തനങ്ങളില്‍ നമുക്കൊരു പൊതുധാരണ ഉണ്ടാകണം. എല്ലാത്തിനെയും കണ്ണടച്ച് എതിര്‍ക്കുന്ന പ്രവണതയാണു കേരളത്തിലുള്ളത്.  കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍  നടപ്പാക്കിയ തലസ്ഥാന നഗര വികസന പദ്ധതിയും കെഎസ്ടിപി  എംസി റോഡ് വികസന പദ്ധതിയും ഇടതു സര്‍ക്കാര്‍ അധികാരമേറ്റയുടനേ തടഞ്ഞുവച്ചു. രണ്ടു മൂന്നു വര്‍ഷം കഴിഞ്ഞ് ജനരോഷംആളിക്കത്തിയപ്പോള്‍ അതു   പുന:രാരംഭിച്ചത് 180 കോടി രൂപ അധികം നല്കി. അത്രയും നാള്‍ ജനങ്ങള്‍ കഷ്ടപ്പെടുകയും സംസ്ഥാനത്തിനു കനത്ത നഷ്ടം സംഭവിക്കുകയും ചെയ്തു.


  • തെറ്റുതിരുത്തല്‍
                വികസന പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഇനി മാറി നില്കാന്‍ ആര്‍ക്കും കഴിയില്ലെന്ന  സന്ദേശം ജനങ്ങളില്‍ എത്തിക്കാന്‍ സാധിച്ചു എതാണ് യുഡിഎഫ് സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടം. ഇടതുപക്ഷം നടത്തിയ രൂക്ഷമായ പ്രക്ഷോഭങ്ങള്‍ക്കും വന്‍ വിവാദങ്ങള്‍ക്കുമിടയിലൂടെ  കേരളം വികസനരംഗത്ത് ബഹുദൂരം മുന്നോട്ടുപോയി. തീച്ചൂളയിലൂടെയാണ് ഈ സര്‍ക്കാര്‍ അഞ്ചുവര്‍ഷം കടന്നുപോയത്. പക്ഷേ, വികസന രംഗത്ത് ഇനിയൊരു തിരിച്ചുപോക്ക് സാധ്യമല്ല. സിപിഎം പഠന കോണ്ഗ്രസിനു പോലും അത് അംഗീകരിക്കേണ്ടിവന്നു.

                സിപിഎമ്മിന്റെ ഓരോ മനംമാറ്റത്തിലും കേരളത്തിന് കാല്‍ നൂറ്റാണ്ടാണു നഷ്ടപ്പെടുന്നത്. തെറ്റുതിരുത്തലുകളാണ് പഠന കോണ്ഗ്രസ്‌ കൊണ്ട് ഉണ്ടാകുന്നതെങ്കില്‍ അതു സ്വാഗതാര്‍ഹമാണ്. പഠന കോണ്ഗ്രസിന്റെ  അടിസ്ഥാനത്തില്‍ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനവിധി തേടാന്‍ ഇടതുപക്ഷം തയാറുണ്ടോയെന്ന്‍ വെല്ലുവിളിക്കുകയും ചെയ്യുന്നു.  


2016, ജനുവരി 15, വെള്ളിയാഴ്‌ച

വായ്പകള്‍ സഹായകരമല്ലെങ്കില്‍ കാര്‍ഷികമേഖല തകരും


തിരുവനന്തപുരം: കാര്‍ഷികവായ്പകള്‍ സഹായകരമല്ലെങ്കില്‍ കാര്‍ഷികമേഖല തകരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നബാര്‍ഡിന്റെ സംസ്ഥാന വായ്പാ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ മുടക്കമില്ലാതെ തിരിച്ചടയ്ക്കുന്നവര്‍ക്ക് പലിശ ഒഴിവാക്കിക്കൊടുക്കണം. ഇതിന് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കൂടുതല്‍ ഇടപെടല്‍ ഉണ്ടാകും. കൃഷി, ധന, സഹകരണ വകുപ്പുകള്‍ ചേര്‍ന്ന് ഇതിനായി പദ്ധതി തയ്യാറാക്കി നബാര്‍ഡിന് സമര്‍പ്പിക്കും.

ഹ്രസ്വകാല കാര്‍ഷികവായ്പക്ക് നല്‍കുന്ന നാല് ശതമാനം പലിശ സബ്‌സിഡി തുടരും. ദീര്‍ഘകാല കാര്‍ഷിക വായ്പകള്‍ക്ക് ഇളവ് നല്‍കണമെന്ന നിര്‍ദേശവും സര്‍ക്കാര്‍ പരിഗണനയിലാണ്.
ദീര്‍ഘകാല വായ്പക്ക് പലിശ 12-13 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറയ്ക്കാന്‍ നബാര്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കാര്യം സര്‍ക്കാര്‍ പരിശോധിക്കും- മുഖ്യമന്ത്രി പറഞ്ഞു.

2016-17-ല്‍ ബാങ്കുകള്‍ 1,19,391.95 കോടി രൂപ വായ്പ നല്‍കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയാണ് നബാര്‍ഡ് വിഭാവനം ചെയ്യുന്നത്. നടപ്പ് വര്‍ഷത്തെക്കാള്‍ 11 ശതമാനമാണ് വര്‍ധന. സംസ്ഥാനതല ഫോക്കസ് പേപ്പര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രകാശനം ചെയ്തു.

2016, ജനുവരി 13, ബുധനാഴ്‌ച

റബ്ബര്‍ സംഭരണത്തിന് പുതിയ വഴി കണ്ടെത്തും


തിരുവനന്തപുരം: റബ്ബര്‍ സംഭരണം വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ പുതിയ മാര്‍ഗങ്ങള്‍ ആരാഞ്ഞുവരികയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ചെറുകിട കര്‍ഷകര്‍ക്ക് 150 രൂപ ഉറപ്പാക്കാനുള്ള പദ്ധതിയാണ് വിലസ്ഥിരതാ പദ്ധതിയിലൂടെ സംസ്ഥാനത്ത് ആവിഷ്‌കരിച്ചിട്ടുള്ളത്. മറ്റൊരു സംസ്ഥാനത്തും കാര്‍ഷിക മേഖലയില്‍ ഇത്തരം പദ്ധതി നടപ്പാക്കിയിട്ടില്ല.

റബ്ബര്‍ മാര്‍ക്ക്, മാര്‍ക്കറ്റ് ഫെഡ് തുടങ്ങിയ സ്ഥാപനങ്ങളെക്കൂടി സഹകരിപ്പിച്ച് റബ്ബര്‍ സംഭരണം വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുകയാണ്. ഇതിന് അവരുടെ നിര്‍ദേശം ക്ഷണിച്ചിട്ടുണ്ട്. സംഭരണത്തിന് അവര്‍ക്ക് മതിയായ ശൃംഖല ഇല്ലെന്നതാണ് പ്രശ്‌നം. ഈ സാഹചര്യത്തില്‍ സഹകരണ ബാങ്കുകള്‍ പോലെയുള്ള സ്ഥാപനങ്ങളെ പദ്ധതിയുമായി ബന്ധപ്പെടുത്താനാകുമോ എന്നതടക്കമുള്ള മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ ആരായുന്നുണ്ടെന്നും മന്ത്രിസഭായോഗത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

റബ്ബര്‍ കര്‍ഷകരുടെയും തൊഴിലാളികളുടെയും സാമ്പത്തിക പ്രയാസം കണക്കിലെടുത്താണ് പദ്ധതി നടപ്പിലാക്കുന്നത്. വിപണിവിലയുടെ വ്യത്യാസമുള്ള തുകയാണ് പദ്ധതിയില്‍ ചേര്‍ന്ന കര്‍ഷകര്‍ക്ക് നല്‍കുന്നത്. കിലോയ്ക്ക് 53 രൂപ വരെ സബ്‌സിഡിയായി കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. ബുധനാഴ്ച ഇത് 50 രൂപയായിരുന്നു.

മൂന്നര ലക്ഷത്തോളം കര്‍ഷകര്‍ പദ്ധതിയില്‍ ചേര്‍ന്നിട്ടുണ്ടെങ്കിലും പകുതിപ്പേര്‍ക്കും ആനുകൂല്യം യഥാസമയം നല്‍കാനായിട്ടില്ല.

സംഭരണത്തിന് വേറെയും വഴികള്‍ ആലോചിക്കാന്‍ കാരണവും ഇതാണ്. ഒക്ടോബര്‍ വരെ ലഭിച്ച അപേക്ഷകളിലാണ് നടപടി സ്വീകരിച്ചത്. അന്‍പത് കോടിയില്‍പ്പരം രൂപ സബ്‌സിഡിയായി നല്‍കി. 300 കോടി രൂപയാണ് വിലസ്ഥിരതാ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ നീക്കിവെച്ചിട്ടുള്ളത്.


2016, ജനുവരി 12, ചൊവ്വാഴ്ച

വൃക്കരോഗികൾക്ക് ചികിത്സാ സഹായ പരിധി ഉയർത്തും


കോട്ടയം ∙ വൃക്കരോഗികൾക്കു കാരുണ്യപദ്ധതി പ്രകാരമുള്ള ചികിൽസാ ധനസഹായ പരിധി ഉയർത്തുമെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മെഡിക്കൽ കോളജിലെ നെഫ്രോളജി വിഭാഗത്തിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ പങ്കാളികളായ വൃക്കദാതാക്കളുടെയും സ്വീകർത്താക്കളുടെയും കുടുംബ സംഗമം (മൃത്യുഞ്ജയം) ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കാരുണ്യാ ബനവലന്റ് ഫണ്ട് വഴി പരമാവധി രണ്ടുലക്ഷം രൂപവരെയാണ് ധനസഹായം ലഭിക്കുന്നത്. എന്നാൽ വൃക്ക മാറ്റിവച്ച രോഗികൾക്കു ലക്ഷക്കണക്കിനു രൂപയാണ് ചികിൽസകൾക്കും മരുന്നുകൾക്കും ചെലവ് വരുന്നത്. ഈ ഭാരിച്ച ചികിൽസാ ചെലവിന് ആശ്വാസമേകുന്ന വിധമുള്ള നടപടികൾ സ്വീകരിക്കും.

മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കാരുണ്യാ പദ്ധതിപ്രകാരം 10 ഡയാലിസിസ് മെഷീൻ കൂടി ഉടൻ അനുവദിക്കും. ഇതുപയോഗിച്ച് പ്രതിദിനം 60 പേർക്ക് അധികമായി ഡയാലിസിസ് ചെയ്യാൻ കഴിയും. വൃക്കരോഗികളുടെ മുടങ്ങിക്കിടക്കുന്ന പെൻഷൻ പദ്ധതി പുനരാരംഭിക്കും. പെൻഷൻ കുടിശിക ഉൾപ്പെടെ എല്ലാവർക്കും ലഭ്യമാക്കും.

വൃക്കരോഗികൾക്കു വേണ്ടിവരുന്ന അമിത ചികിൽസാ ചെലവ് സാധാരണ കുടുംബത്തിനു താങ്ങാൻ കഴിയുന്നില്ല. സർക്കാർ ഈ കാര്യത്തിൽ തുറന്ന മനസ്സോടെ നടപടിസ്വീകരിക്കും. ധനകാര്യമന്ത്രിയായിരുന്ന കെ.എം. മാണി തുടക്കമിട്ട കാരുണ്യ ബനവലന്റ് ഫണ്ട് വഴി 1000 കോടി രൂപയുടെ ചികിൽസകളാണ് രോഗികൾക്കു ലഭ്യമാക്കിയത്. ഇതു ഫലപ്രദമായ രീതിയിൽ തുടരും.

അവയവ ദാതാക്കളും സ്വീകർത്താക്കളും ഒത്തുചേർന്ന് അവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന കുടുംബ സംഗമം ആദ്യമായിട്ടാണ് നടക്കുന്നത്. ഇതു രോഗികളിലും ബന്ധുക്കളിലും ആത്മവിശ്വാസം വർധിപ്പിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. മരണാനന്തരം അവയവങ്ങൾ ദാനം ചെയ്തവരുടെ കുടുംബാംഗങ്ങളെ പുരസ്കാരം നൽകി മുഖ്യമന്ത്രി ആദരിച്ചു.

133 വൃക്കമാറ്റ ശസ്ത്രക്രിയകളാണ് ഇവിടെ നടന്നത്. ഇതിൽ 101 എണ്ണം ബന്ധുക്കൾ വൃക്കദാനം ചെയ്തതും 32 എണ്ണം മസ്തിഷ്ക മരണം സംഭവിച്ചവരുടെ വൃക്ക സ്വീകരിച്ചതുമാണ്.

പുതുശ്ശേരിയുടെ സാഹിത്യം ഭാഷയ്ക്ക് മുതല്‍ക്കൂട്ട്


തിരുവനന്തപുരം: പുതുശ്ശേരി രാമചന്ദ്രന് സാഹിത്യകാരന്മാര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും ഉയര്‍ന്ന ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമ്മാനിച്ചു. ദര്‍ബാര്‍ ഹാളില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു പുരസ്‌കാരദാനം.

പുതുശ്ശേരിയുടെ സാഹിത്യവും നേതൃത്വവും മലയാളഭാഷയ്ക്ക് എക്കാലവും മുതല്‍ക്കൂട്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി നേടുന്നതിനായുള്ള യാത്രയില്‍ അദ്ദേഹമുണ്ടായിരുന്നു. ഭാഷയോട് പുതുശ്ശേരി രാമചന്ദ്രന് എക്കാലവും സ്‌നേഹമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.


2016, ജനുവരി 10, ഞായറാഴ്‌ച

പട്ടികവര്‍ഗ്ഗക്കാര്‍ക്ക് എയ്ഡഡ് കോളേജ് അനുവദിക്കും


തിരുവനന്തപുരം: പട്ടികവര്‍ഗ്ഗക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എയ്ഡഡ് കോളേജ് അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

ബി.ടെക്, എം.ടെക്, എം.സി.എ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വാങ്ങാന്‍ പട്ടികജാതി വികസനവകുപ്പിന്റെ സാമ്പത്തിക സഹായ വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. പാലക്കാട് പട്ടികജാതി വകുപ്പിന് മെഡിക്കല്‍കോളേജ് അനുവദിച്ചതോടെ പിന്നാക്ക വിഭാഗത്തിലുള്ളവര്‍ക്ക് കൂടുതല്‍ സീറ്റ് നല്‍കാന്‍ കഴിയുന്നുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.

നിരഞ്ജന്റെ കുടുംബത്തിന് 50 ലക്ഷം ധനസഹായം


തിരുവനന്തപുരം: പഠാന്‍കോട്ട് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ കുമാറിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. നിരഞ്ജന്റെ ഭാര്യ ഡോ. രാധികയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും. നിരഞ്ജന്റെ മകളുടെ വിദ്യാഭ്യാസ ചിലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കും.

മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പാലക്കാട് എളമ്പുലാശേരിയിലെ സര്‍ക്കാര്‍ ഐ.ടി.ഐക്ക് നിരഞ്ജന്റെ പേര് നല്‍കും.

കാര്‍ഷിക കടങ്ങള്‍ക്ക് ജൂണ്‍ 30 വരെ മോറട്ടോറിയം പ്രഖ്യാപിച്ചു. അധ്യാപക പാക്കേജ് സംബന്ധിച്ച് ഇന്നത്തെ മന്ത്രിസഭാ യോഗത്തിലും തീരുമാനമാകാത്തതിനാല്‍ അടുത്തയോഗത്തിലേക്ക് മാറ്റിവെച്ചു.

സി.പി.എമ്മിന് മദ്യനയമുണ്ടോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. അവരുടെ ഇപ്പോഴത്തെ നിലപാടില്‍ കള്ളക്കളിയുണ്ട്‌. മുയലിനൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയുമാണ് സി.പി.എം ചെയ്യുന്നത്. സര്‍ക്കാര്‍ മദ്യനയം സ്വീകരിച്ചപ്പോള്‍ ഒത്തുകളിയാണെന്ന് ആക്ഷേപിച്ചവര്‍ക്ക് കോടതി വിധി വന്നപ്പോള്‍ മറുപടിയില്ല.

തനിക്കെതിരെ നിയമനടപടിക്ക് ഡി.ജി.പി ജേക്കബ് തോമസിന് അനുമതി നല്‍കുന്നതില്‍ എതിര്‍പ്പില്ല. എന്നാല്‍ മന്ത്രിസഭാ യോഗം കൂട്ടായി അനുമതി നല്‍കേണ്ടതെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പോലീസ് മുമ്പാകെ കീഴടങ്ങാന്‍ പോയ വെള്ളാപ്പള്ളി നടേശനെ അനുഗമിച്ച ജെ.എസ്.എസ് നേതാവ് രാജന്‍ബാബുവിന്റെ നടപടി ന്യായീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി ചോദ്യത്തിന് മറുപടി പറഞ്ഞു. യു.ഡി.എഫ് നിലപാട് അനുസരിച്ചല്ല രാജന്‍ബാബു പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

2016, ജനുവരി 7, വ്യാഴാഴ്‌ച

മദ്യനയത്തില്‍ സി.പി.എമ്മിന്‍െറ കള്ളക്കളി


തിരുവനന്തപുരം: താന്‍ ഒരിക്കലും അക്രമത്തിന് ആഹ്വാനം ചെയ്തിട്ടില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സി.പി.എമ്മിനും ആര്‍.എസ്.എസിനും കേരളത്തില്‍ പൂര്‍ണ പ്രവര്‍ത്തന സ്വാതന്ത്ര്യമുണ്ട്. ഏറ്റുമുട്ടലല്ല, ആശയ സമരമാണ് വേണ്ടത്. ആയുധമെടുത്തുള്ള പടപ്പുറപ്പാട് അവസാനിക്കട്ടേയെന്നും അദ്ദേഹം മന്ത്രിസഭാ യോഗത്തിനുശേഷം പറഞ്ഞു. അക്രമം പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സമാധാനത്തിനായി എന്നും നിലകൊണ്ടിട്ടുള്ള ആളാണ് താന്‍. തന്നെ അറിയാവുന്നവരാരും അക്രമത്തിന് ആഹ്വാനം ചെയ്തതായി പറയില്ല.

തന്‍െറ പൊതുജീവിതം മനസ്സിലാക്കിയ ഒരാള്‍പോലും ഇത്തരം ആരോപണങ്ങള്‍ വിശ്വസിക്കില്ല. ജനം സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന തിരിച്ചറിവും തനിക്കുണ്ട്. പിണറായി വിജയന്‍െറ സമാധാന ആഗ്രഹത്തെ ആദ്യംതന്നെ സ്വാഗതം ചെയ്തിരുന്നു. ആത്മാര്‍ഥതയോടെയാണെങ്കില്‍ ജനം രണ്ടുകൈയും നീട്ടി സ്വീകരിക്കുമെന്നും വോട്ടുതട്ടാനുള്ള ശ്രമമാണെങ്കില്‍ ജനം തിരിച്ചടിക്കുമെന്നും വ്യക്തമാക്കുകയും ചെയ്തു.

1977ലെ അനുഭവം ചൂണ്ടിക്കാട്ടിയതാണ് പിണറായി വിജയനെയും കോടിയേരി ബാലകൃഷ്ണനെയും പ്രകോപിപ്പിച്ചത്. ജനസംഘത്തിന്‍െറ പുതിയ പതിപ്പുമായി ഇടതുപക്ഷം കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. അന്നത്തെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 111 സീറ്റ് ലഭിച്ചു. ഇത് ഇടതുപക്ഷം ഒരിക്കലും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്തതാണ്. ഇത് ഓര്‍മിപ്പിച്ചതിലെ അസ്വസ്ഥതയാണ് കാരണം. ബാറുകള്‍ അടച്ചുപൂട്ടിയ മദ്യനയം തുടരുമോ എന്ന് വ്യക്തമാക്കാതെ സി.പി.എം കള്ളക്കളി നടത്തുകയാണ്. ഇത് കേരളം മനസ്സിലാക്കും.

മദ്യനയത്തില്‍ മുയലിനൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയുമാണ് സി.പി.എം ചെയ്യുന്നത്. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഇത്തരം വിഷയങ്ങളില്‍ സി.പി.എമ്മിന് നയം വേണ്ടേ?  ബാറുകള്‍ അടച്ചുപൂട്ടാന്‍  തീരുമാനിച്ചപ്പോള്‍  ഇടതുമുന്നണി അതിനെ വിമര്‍ശിക്കുകയായിരുന്നു.  മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്‍റും തമ്മില്‍ തര്‍ക്കമുണ്ടെന്നും കള്ളക്കളിയാണെന്നും കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇക്കാര്യത്തില്‍ ആലോചിച്ചു മാത്രമേ തീരുമാനിക്കാന്‍ കഴിയൂവെന്നാണ് പറഞ്ഞത്. മദ്യലഭ്യത കുറയ്ക്കാന്‍ ഒട്ടേറെ നടപടികള്‍ തീരുമാനിച്ചിരുന്നു. അതിന്‍െറ ഒരുഘട്ടത്തിലാണ് ബാറുകള്‍ പൂട്ടാനെടുത്ത തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2016, ജനുവരി 5, ചൊവ്വാഴ്ച

ആര്‍.എസ്.എസ്സുമായി ചര്‍ച്ച വോട്ടിനെങ്കില്‍ സി.പി.എമ്മിനെ കേരളം ചവിട്ടിപ്പുറത്താക്കും


കാസര്‍കോട്: ആര്‍.എസ്.എസ്സുമായി ചര്‍ച്ച നടത്താനുള്ള സി.പി.എമ്മിന്റെ ശ്രമം വോട്ടിനുവേണ്ടിയുള്ളതാണെങ്കില്‍ കേരളസമൂഹം രണ്ടുകാലും ഉപയോഗിച്ച് ചവിട്ടിപ്പുറത്താക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.കെ.പി.സി.സി. അധ്യക്ഷന്‍ വി.എം.സുധീരന്‍ നയിക്കുന്ന ജനരക്ഷായാത്ര കുമ്പളയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃനിര മുഴവന്‍ ഒറ്റക്കെട്ടായി അണിനിരന്ന് ആവേശം അലയടിച്ച അന്തരീക്ഷത്തില്‍ ഉമ്മന്‍ചാണ്ടി പതാക വി.എം.സുധീരന് കൈമാറി.ആര്‍.എസ്.എസ്സുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന സി.പി.എമ്മിന്റെയും അതിനോട് അനുകൂലമായി പ്രതികരിച്ച ആര്‍.എസ്.എസ്സിന്റെയും നിലപാടുകളെ ചോദ്യംചെയ്തായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രസംഗം.

യാഥാര്‍ഥ്യബോധമില്ലാത്തവരായി സി.പി.എം. മാറിക്കഴിഞ്ഞു. കാപട്യത്തില്‍ പൊതിഞ്ഞ നയങ്ങളാണ് അവര്‍ സ്വീകരിച്ചിട്ടുള്ളത്. പിണറായി വിജയന്റെയും ആര്‍.എസ്.എസ്സിന്റെയും മനസ്സില്‍വന്ന മാറ്റം യഥാര്‍ഥ സമാധാനം ആഗ്രഹിക്കുന്നതാണെങ്കില്‍ സ്വാഗതംചെയ്യുന്നു. പക്ഷേ അതല്ല, തിരഞ്ഞെടുപ്പ് വരികയാണ്. എന്തും ചെയ്യാന്‍ മടിക്കാതെ ഓടിനടക്കുകയാണ് പിണറായി വിജയന്‍. അതിന്റെ ഭാഗമായാണ് ഇതെങ്കില്‍ 77-ലെ അനുഭവം പിണറായി വിജയന്‍ മറക്കരുത്. ജനതാപാര്‍ട്ടിയുമായി യോജിച്ചപ്പോള്‍ സി.പി.എമ്മിന് കനത്ത പരാജയമാണ് നേരിട്ടത്.