UDF

2016, ജനുവരി 22, വെള്ളിയാഴ്‌ച

സര്‍ക്കാര്‍ ജീവനക്കാരുടെ പുതുക്കിയ ശമ്പളം ഫിബ്രവരി ഒന്ന് മുതല്‍


തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം സംബന്ധിച്ച് പത്താം ശമ്പളക്കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഭേദഗതികളോടെ സര്‍ക്കാര്‍ അംഗീകരിച്ചു. ജീവനക്കാര്‍ക്ക് പുതുക്കിയ ശമ്പളവും അലവന്‍സും ഫിബ്രവരി ഒന്ന് മുതല്‍ ലഭിച്ചുതുടങ്ങുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. 16500 രൂപയാണ് ഇനി മുതല്‍ സര്‍ക്കാര്‍ സര്‍വീസിലെ ഏറ്റവും കുറഞ്ഞ ശമ്പളം. കൂടിയ ശമ്പളം 1,20,000 രൂപയും. ജീവനക്കാര്‍ക്ക് രണ്ടായിരം രൂപ മുതല്‍ പന്ത്രണ്ടായിരം രൂപ വരെയാണ് ശമ്പളം വര്‍ധിക്കുക. സംസ്ഥാനത്തിന്റെ മൊത്തം റവന്യൂ വരുമാനത്തിന്റെ എണ്‍പത് ശതമാനവും ശമ്പളയിനത്തിലാണ് നല്‍കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

ശമ്പളം വര്‍ധിപ്പിക്കുന്ന വകയില്‍ പ്രതിവര്‍ഷം 722 കോടി രൂപയുടെ അധികബാധ്യതയാണ് സര്‍ക്കാരിന് ഉണ്ടാവുക. നിലവിലെ സംവിധാനം അനുസരിച്ച് അഞ്ചു വര്‍ഷത്തേയ്ക്കാണ് റിപ്പോര്‍ട്ട് അംഗീകരിച്ചത്.

2014 ജൂലായ് ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പളവര്‍ധന നടപ്പിലാക്കിയിരിക്കുന്നത്. ശമ്പളകുടിശ്ശിക 2017 ഏപ്രില്‍ മുതല്‍ നാല് അര്‍ധവാര്‍ഷിക ഗഡുക്കളായി നല്‍കും. കുടിശ്ശികയ്ക്ക് പി.എഫ്. നിക്ഷേപത്തിന് നല്‍കുന്നതിന് തുല്ല്യമായ പലിശ നല്‍കും.

ഒന്‍പത് ശതമാനം ക്ഷാമബത്ത നല്‍കും. നിലവിലെ ഗ്രേഡുകളെല്ലാം തന്നെ അതേപടി നിലനിര്‍ത്തിയിട്ടുണ്ട്. സര്‍വകലാശാല ജീവനക്കാരുടെ ശമ്പളവും സംസ്ഥാന ജീവനക്കാരുടെ ശമ്പളത്തിന് അനുസൃതമായി പരിഷ്‌കരിക്കും. 8200 രൂപയാണ് സര്‍വകലാശാല പാര്‍ട് ടൈം ജീവനക്കാരുടെ അടിസ്ഥാന വേതനം.

ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പ്രധാനമായും രണ്ട് ഭേദഗതികളാണ് വരുത്തിയത്. ഇനി മുതല്‍ സ്‌പെഷ്യല്‍ അലവന്‍സും റിസ്‌ക്ക് അലവന്‍സും എല്ലാ വര്‍ഷവും പത്ത് ശതമാനം വച്ച് വര്‍ധിപ്പിക്കും. ജീവനക്കാര്‍ മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് ലഭിക്കും.

പ്രധാന തീരുമാനങ്ങള്‍:


. പുതുക്കിയ മിനിമം ശമ്പളം: ചില തസ്തികകളുടേത്.

. എല്‍.ഡി. ക്ലാര്‍ക്ക്-19000 രൂപ (നിലവില്‍ 9940 രൂപ)

. പോലീസ് കോണ്‍സ്റ്റബിള്‍-22200 രൂപ (നിലവില്‍ 10480 രൂപ)

. എല്‍.പി, യു.പി. ടീച്ചര്‍-25200 രൂപ (നിലവില്‍ 13210 രൂപ)

. ഹൈസ്‌കൂള്‍ ടീച്ചര്‍-29200 രൂപ (നിലവില്‍ 15380)

. ഹയര്‍ സെക്കന്‍ഡറി ടീച്ചര്‍-39500 രൂപ (നിലവില്‍ 20740 രൂപ)

. അസിസ്റ്റന്റ് എഞ്ചിനീയര്‍-39500 രൂപ (നിലവില്‍ 20740 രൂപ)

. അസിസ്റ്റന്റ് സര്‍ജന്‍-51600 രൂപ (നിലവില്‍ 27140 രൂപ)

. സ്റ്റാഫ് നെഴ്‌സ്-27800 രൂപ (നിലവില്‍ 13900 രൂപ)

. ഓപ്ഷന്‍ സമ്പ്രദായം അവസാനിപ്പിച്ചു. എല്ലാ ജീവനക്കാരും 2014 ജൂലായ് ഒന്ന് മുതല്‍ ശമ്പളസ്‌കെയിലിലേയ്ക്ക് മാറും.

. അവയവമാറ്റത്തിന് വിധേയരാകുന്ന ജീവനക്കാര്‍ പുതിയതായി 90 ദിവസത്തെ അവധി അനുവദിക്കും.

. സ്‌പെഷ്യല്‍ പേ സമ്പ്രദാം അവസാനിപ്പിച്ചു. എന്നാല്‍, ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാര്‍ക്ക് തുടര്‍ന്നും അനുവദിക്കും.

. പാര്‍ട് ടൈം ജീവനക്കാരുടെ മിനിമം ശമ്പളം 8200 രൂപയും (നിലവില്‍ 4250 രൂപ) കൂടിയ ശമ്പളം 16460 രൂപയും (നിലവില്‍ 8400 രൂപ)യുമായി നിശ്ചയിക്കും.

. യൂണിവേഴ്‌സിറ്റി ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും സംസ്ഥാന ജീവനക്കാരുടേതിന് അനുസൃതമായി പരിഷ്‌കരിക്കും.

. ശമ്പള പരിഷ്‌കരണ ഉത്തരവ് സംബന്ധിച്ച പരാതികള്‍ പരിശോധിക്കുന്നതിനായി അനോമലി സെല്ലിനെ ചുമതലപ്പെടുത്തും.

. കമ്മീഷന്റെ രണ്ടാംഘട്ട റിപ്പോര്‍ട്ടും ഒന്നാംഘട്ട റിപ്പോര്‍ട്ടിലെ മറ്റ് ശുപാര്‍ശകളും പരിശോധിക്കുന്നതിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മി
റ്റിയെ നിയമിക്കും.