UDF

2016, ജനുവരി 12, ചൊവ്വാഴ്ച

വൃക്കരോഗികൾക്ക് ചികിത്സാ സഹായ പരിധി ഉയർത്തും


കോട്ടയം ∙ വൃക്കരോഗികൾക്കു കാരുണ്യപദ്ധതി പ്രകാരമുള്ള ചികിൽസാ ധനസഹായ പരിധി ഉയർത്തുമെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മെഡിക്കൽ കോളജിലെ നെഫ്രോളജി വിഭാഗത്തിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ പങ്കാളികളായ വൃക്കദാതാക്കളുടെയും സ്വീകർത്താക്കളുടെയും കുടുംബ സംഗമം (മൃത്യുഞ്ജയം) ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കാരുണ്യാ ബനവലന്റ് ഫണ്ട് വഴി പരമാവധി രണ്ടുലക്ഷം രൂപവരെയാണ് ധനസഹായം ലഭിക്കുന്നത്. എന്നാൽ വൃക്ക മാറ്റിവച്ച രോഗികൾക്കു ലക്ഷക്കണക്കിനു രൂപയാണ് ചികിൽസകൾക്കും മരുന്നുകൾക്കും ചെലവ് വരുന്നത്. ഈ ഭാരിച്ച ചികിൽസാ ചെലവിന് ആശ്വാസമേകുന്ന വിധമുള്ള നടപടികൾ സ്വീകരിക്കും.

മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കാരുണ്യാ പദ്ധതിപ്രകാരം 10 ഡയാലിസിസ് മെഷീൻ കൂടി ഉടൻ അനുവദിക്കും. ഇതുപയോഗിച്ച് പ്രതിദിനം 60 പേർക്ക് അധികമായി ഡയാലിസിസ് ചെയ്യാൻ കഴിയും. വൃക്കരോഗികളുടെ മുടങ്ങിക്കിടക്കുന്ന പെൻഷൻ പദ്ധതി പുനരാരംഭിക്കും. പെൻഷൻ കുടിശിക ഉൾപ്പെടെ എല്ലാവർക്കും ലഭ്യമാക്കും.

വൃക്കരോഗികൾക്കു വേണ്ടിവരുന്ന അമിത ചികിൽസാ ചെലവ് സാധാരണ കുടുംബത്തിനു താങ്ങാൻ കഴിയുന്നില്ല. സർക്കാർ ഈ കാര്യത്തിൽ തുറന്ന മനസ്സോടെ നടപടിസ്വീകരിക്കും. ധനകാര്യമന്ത്രിയായിരുന്ന കെ.എം. മാണി തുടക്കമിട്ട കാരുണ്യ ബനവലന്റ് ഫണ്ട് വഴി 1000 കോടി രൂപയുടെ ചികിൽസകളാണ് രോഗികൾക്കു ലഭ്യമാക്കിയത്. ഇതു ഫലപ്രദമായ രീതിയിൽ തുടരും.

അവയവ ദാതാക്കളും സ്വീകർത്താക്കളും ഒത്തുചേർന്ന് അവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന കുടുംബ സംഗമം ആദ്യമായിട്ടാണ് നടക്കുന്നത്. ഇതു രോഗികളിലും ബന്ധുക്കളിലും ആത്മവിശ്വാസം വർധിപ്പിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. മരണാനന്തരം അവയവങ്ങൾ ദാനം ചെയ്തവരുടെ കുടുംബാംഗങ്ങളെ പുരസ്കാരം നൽകി മുഖ്യമന്ത്രി ആദരിച്ചു.

133 വൃക്കമാറ്റ ശസ്ത്രക്രിയകളാണ് ഇവിടെ നടന്നത്. ഇതിൽ 101 എണ്ണം ബന്ധുക്കൾ വൃക്കദാനം ചെയ്തതും 32 എണ്ണം മസ്തിഷ്ക മരണം സംഭവിച്ചവരുടെ വൃക്ക സ്വീകരിച്ചതുമാണ്.