UDF

2016, ജനുവരി 7, വ്യാഴാഴ്‌ച

മദ്യനയത്തില്‍ സി.പി.എമ്മിന്‍െറ കള്ളക്കളി


തിരുവനന്തപുരം: താന്‍ ഒരിക്കലും അക്രമത്തിന് ആഹ്വാനം ചെയ്തിട്ടില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സി.പി.എമ്മിനും ആര്‍.എസ്.എസിനും കേരളത്തില്‍ പൂര്‍ണ പ്രവര്‍ത്തന സ്വാതന്ത്ര്യമുണ്ട്. ഏറ്റുമുട്ടലല്ല, ആശയ സമരമാണ് വേണ്ടത്. ആയുധമെടുത്തുള്ള പടപ്പുറപ്പാട് അവസാനിക്കട്ടേയെന്നും അദ്ദേഹം മന്ത്രിസഭാ യോഗത്തിനുശേഷം പറഞ്ഞു. അക്രമം പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സമാധാനത്തിനായി എന്നും നിലകൊണ്ടിട്ടുള്ള ആളാണ് താന്‍. തന്നെ അറിയാവുന്നവരാരും അക്രമത്തിന് ആഹ്വാനം ചെയ്തതായി പറയില്ല.

തന്‍െറ പൊതുജീവിതം മനസ്സിലാക്കിയ ഒരാള്‍പോലും ഇത്തരം ആരോപണങ്ങള്‍ വിശ്വസിക്കില്ല. ജനം സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന തിരിച്ചറിവും തനിക്കുണ്ട്. പിണറായി വിജയന്‍െറ സമാധാന ആഗ്രഹത്തെ ആദ്യംതന്നെ സ്വാഗതം ചെയ്തിരുന്നു. ആത്മാര്‍ഥതയോടെയാണെങ്കില്‍ ജനം രണ്ടുകൈയും നീട്ടി സ്വീകരിക്കുമെന്നും വോട്ടുതട്ടാനുള്ള ശ്രമമാണെങ്കില്‍ ജനം തിരിച്ചടിക്കുമെന്നും വ്യക്തമാക്കുകയും ചെയ്തു.

1977ലെ അനുഭവം ചൂണ്ടിക്കാട്ടിയതാണ് പിണറായി വിജയനെയും കോടിയേരി ബാലകൃഷ്ണനെയും പ്രകോപിപ്പിച്ചത്. ജനസംഘത്തിന്‍െറ പുതിയ പതിപ്പുമായി ഇടതുപക്ഷം കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. അന്നത്തെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 111 സീറ്റ് ലഭിച്ചു. ഇത് ഇടതുപക്ഷം ഒരിക്കലും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്തതാണ്. ഇത് ഓര്‍മിപ്പിച്ചതിലെ അസ്വസ്ഥതയാണ് കാരണം. ബാറുകള്‍ അടച്ചുപൂട്ടിയ മദ്യനയം തുടരുമോ എന്ന് വ്യക്തമാക്കാതെ സി.പി.എം കള്ളക്കളി നടത്തുകയാണ്. ഇത് കേരളം മനസ്സിലാക്കും.

മദ്യനയത്തില്‍ മുയലിനൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയുമാണ് സി.പി.എം ചെയ്യുന്നത്. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഇത്തരം വിഷയങ്ങളില്‍ സി.പി.എമ്മിന് നയം വേണ്ടേ?  ബാറുകള്‍ അടച്ചുപൂട്ടാന്‍  തീരുമാനിച്ചപ്പോള്‍  ഇടതുമുന്നണി അതിനെ വിമര്‍ശിക്കുകയായിരുന്നു.  മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്‍റും തമ്മില്‍ തര്‍ക്കമുണ്ടെന്നും കള്ളക്കളിയാണെന്നും കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇക്കാര്യത്തില്‍ ആലോചിച്ചു മാത്രമേ തീരുമാനിക്കാന്‍ കഴിയൂവെന്നാണ് പറഞ്ഞത്. മദ്യലഭ്യത കുറയ്ക്കാന്‍ ഒട്ടേറെ നടപടികള്‍ തീരുമാനിച്ചിരുന്നു. അതിന്‍െറ ഒരുഘട്ടത്തിലാണ് ബാറുകള്‍ പൂട്ടാനെടുത്ത തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.