UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2015, ഏപ്രിൽ 20, തിങ്കളാഴ്‌ച

മദ്യത്തില്‍ നിന്നുള്ള വരുമാനം ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്


 സംസ്ഥാനത്ത് മദ്യത്തിന്റെ ഉപഭോഗം കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായി മദ്യവില്‍പ്പനയിലൂടെ ലഭിക്കുന്ന വരുമാനം വേണ്ടെന്നു വയ്ക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മദ്യരഹിത കേരളത്തിനായി എല്ലാവരും കൂട്ടായി ശ്രമിക്കണം. മദ്യം, മയക്കുമരുന്ന്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള കുറ്റകൃത്യങ്ങള്‍ എന്നിവയ്‌ക്കെതിരെ യുനിസെഫിന്റെയും ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന 'സുബോധം' ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കലൂര്‍ ഐ.എം.എ. ഹാളില്‍ നടന്ന ചടങ്ങില്‍ 'സുബോധ'ത്തിന്റെ ലോഗോ മുഖ്യന്ത്രി ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന് നല്‍കി പ്രകാശനം ചെയ്തു. ലഹരിവസ്തുക്കളോടുള്ള ആസക്തിയാണ് കുറ്റകൃത്യങ്ങളിലേക്ക് ആളുകളെ എത്തിക്കുന്നതെന്നും ലഹരി ഒഴിവാക്കുന്നതിലൂടെ അക്രമാന്തരീക്ഷത്തില്‍ നിന്ന് സമൂഹത്തെ മോചിപ്പിക്കാനാകുമെന്നും മുഖ്യപ്രഭാഷണത്തില്‍ ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു. മന്ത്രി കെ. ബാബു അധ്യക്ഷത വഹിച്ചു. 

റബ്ബര്‍ സംഭരണം: ബജറ്റ് പ്രഖ്യാപനത്തില്‍ തുടര്‍നടപടി ഉടന്‍


  റബ്ബര്‍ സംഭരണം സംബന്ധിച്ച ബജറ്റ് പ്രഖ്യാപനത്തില്‍ തുടര്‍നടപടികള്‍ അടിയന്തരമായി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉറപ്പു നല്‍കി. റബ്ബര്‍ സംഭരണ ചുമതല വെയര്‍ ഹൗസിങ് കോര്‍പ്പറേഷനെ ഏല്‍പ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. വെയര്‍ ഹൗസിങ് കോര്‍പ്പറേഷന്‍ വഴി സംഭരിക്കുന്ന റബ്ബര്‍ വാങ്ങാന്‍ ടയര്‍നിര്‍മാതാക്കളുടെ മേല്‍ സമ്മര്‍ദം ചെലുത്തുമെന്നും ജോയിന്റ് പ്ലൂറ്റ്‌ഫോം ഓഫ് ഫാര്‍മേഴ്‌സ് ഓര്‍ഗനൈസേഷന്‍ കേരളഭാരവാഹികളെ  മുഖ്യമന്ത്രി അറിയിച്ചു. 

റബ്ബര്‍ സംഭരിക്കുമെന്ന ബജറ്റ് പ്രഖ്യാപനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ഭാരവാഹികള്‍ ഞായറാഴ്ച പുതുപ്പള്ളിയില്‍ മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കിയപ്പോഴാണ് അദേഹം ഈ ഉറപ്പ് നല്‍കിയത്.

2015, ഏപ്രിൽ 19, ഞായറാഴ്‌ച

ശ്രീധരന്റെ സാന്നിധ്യം കേരളത്തിന് ആവശ്യമാണ്


 ഇ. ശ്രീധരന്റെ സാന്നിധ്യം കേരളത്തിന് ഏറ്റവും ആവശ്യമാ ണെന്നും അദ്ദേഹവും ഡല്‍ഹി മെട്രോ റയില്‍ കോര്‍പറേഷനും (ഡിഎംആര്‍സി) കേരളത്തിനു വേണ്ടി വളരെയേറെ പരിശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കൊച്ചി മെട്രോ സമയബന്ധിതമായി തന്നെ തീരും. അതിന് ഇ. ശ്രീധരന്റെ പങ്കു വളരെ വലുതാണ്. 

തിരുവനന്തപുരത്തും കോഴിക്കോട്ടും മോണോ റയില്‍ പദ്ധതികള്‍ ടെന്‍ഡറിലേക്കു പോയപ്പോള്‍ അതിന്റെ സാധ്യതകളെപ്പറ്റി പൊതുവായി ഉയര്‍ന്ന സംശയങ്ങളും പ്രതികരണങ്ങളും പരിഗണിച്ചാണു ലൈറ്റ് മെട്രോ പദ്ധതിയിലേക്കു പോകാന്‍ തീരുമാനിച്ചത്. ലൈറ്റ് മെട്രോ സംബന്ധിച്ച സംശയങ്ങള്‍ക്കു ശ്രീധരന്‍ തൃപ്തികരമായ മറുപടി നല്‍കി. വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാകാം. എല്ലാം ചര്‍ച്ചചെയ്തശേഷം മികച്ചത് ഏതാണോ അതു തീരുമാനിക്കും. 

തിരുവനന്തപുരത്തും കോഴിക്കോട്ടും പൊതുഗതാഗത സംവിധാനം കാര്യക്ഷമമായി നടപ്പാക്കും. അത് എങ്ങനെ, ഏതു മോഡല്‍ എന്നതില്‍ ആര്‍ക്കെങ്കിലും സംശയം ഉണ്ടെങ്കില്‍ തീര്‍ച്ചയായും ചര്‍ച്ചകളാകാം. സര്‍ക്കാരിനു തുറന്ന മനസ്സാണ് ഇക്കാര്യത്തില്‍ - മുഖ്യമന്ത്രി പറഞ്ഞു.

കരുതല്‍ 2015: ജനസമ്പര്‍ക്ക പരിപാടിക്കു തലസ്ഥാനത്തു നാളെ തുടക്കം


 മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൂന്നാംഘട്ട ജനസമ്പര്‍ക്ക പരിപാടിക്ക് (കരുതല്‍ 2015) നാളെ രാവിലെ ഒന്‍പതിനു സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ തുടക്കം കുറിക്കും. 2004ല്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടി കൂടി ചേര്‍ത്താല്‍ ഉമ്മന്‍ ചാണ്ടിയുടെ നാലാമത്തെ ജനസമ്പര്‍ക്ക പരിപാടിയാണിത്. 

സംസ്ഥാനത്തൊട്ടാകെനിന്ന് ഇതുവരെ രണ്ടു ലക്ഷം പരാതികളാണ് ഓണ്‍ലൈനിലൂടെ ലഭിച്ചത്. തിരുവനന്തപുരം ജില്ലയില്‍ 16,253 പരാതികള്‍ ലഭിച്ചു. ഏറ്റവുമധികം പരാതികള്‍ കൊല്ലത്താണ്- 30,133. ഇടുക്കി 22,244 പരാതികളുമായി രണ്ടാം സ്ഥാനത്തുണ്ട്. പത്തനംതിട്ട 10,469, ആലപ്പുഴ 12,355, കോട്ടയം 9207, എറണാകുളം 7562, തൃശൂര്‍ 9124, പാലക്കാട് 17,708, മലപ്പുറം 18,817, കോഴിക്കോട് 11,089, വയനാട് 7617, കണ്ണൂര്‍ 8757, കാസര്‍കോട് 12,668 എന്നിങ്ങനെയാണു മറ്റു ജില്ലകളില്‍ ലഭിച്ച പരാതികള്‍. 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള ധനസഹായത്തിന് 66,083 പേരാണ് അപേക്ഷിച്ചത്. വീടിനു 33,725 അപേക്ഷകരുണ്ട്. 26,498 പേര്‍ ബിപിഎല്‍ കാര്‍ഡിന് അപേക്ഷിച്ചിട്ടുണ്ട്. വായ്പ, പട്ടയം, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, വികലാംഗര്‍ക്കുള്ള സഹായം, ജോലി തുടങ്ങിയവയാണു മറ്റു പ്രധാന ആവശ്യങ്ങള്‍. ഈ സര്‍ക്കാര്‍ 2011 ല്‍ നടത്തിയ ആദ്യ ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച 5.45 ലക്ഷം അപേക്ഷകളില്‍ 2.97 ലക്ഷം പരിഹരിച്ചു. 20.82 കോടി രൂപ വിതരണം ചെയ്തു. 2013ല്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണു രണ്ടാമത്തെ ജനസമ്പര്‍ക്കം നടത്തിയത്. അതില്‍ 3.21 ലക്ഷം അപേക്ഷകള്‍ ലഭിക്കുകയും 3.16 ലക്ഷം അപേക്ഷകളിലും തീര്‍പ്പാക്കുകയും ചെയ്തു. 55.10 കോടി രൂപ വിതരണം ചെയ്തു. 

ഈ വര്‍ഷത്തെ ജനസമ്പര്‍ക്ക പരിപാടിയിലേക്കു കഴിഞ്ഞ മാര്‍ച്ച് 16 മുതലാണു പരാതി സ്വീകരിച്ചു തുടങ്ങിയത്. ഈ മാസം 17ന് അവസാനിച്ചു. എന്നാല്‍ ജനസമ്പര്‍ക്കം നടക്കുന്നതിന്റെ തലേന്നു വരെ കലക്ടറേറ്റുകളിലും താലൂക്ക് ഓഫിസുകളിലും പരാതി സ്വീകരിക്കും. അക്ഷയ കേന്ദ്രങ്ങളില്‍ സ്വീകരിക്കില്ല. 

ജനസമ്പര്‍ക്കം നടക്കുന്ന ദിവസവും നേരിട്ടു പരാതി നല്‍കാം. എല്ലാ പരാതികളും ഓണ്‍ലൈനില്‍ റജിസ്റ്റര്‍ ചെയ്തു ഡോക്കറ്റ് നമ്പര്‍ നല്‍കും. ഇതുപയോഗിച്ച് ഏഴു ദിവസത്തിനു ശേഷം അപേക്ഷയുടെ സ്ഥിതി അറിയാം. ജില്ലകളില്‍ അപേക്ഷിച്ചവരില്‍ ഏറ്റവും സങ്കീര്‍ണ പ്രശ്‌നങ്ങളുള്ള 100 പേരെയാണു മുഖ്യമന്ത്രി നേരില്‍ കാണുക. മറ്റു പരാതികളില്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രിയുടെ നേതൃത്വത്തില്‍ സ്‌ക്രീനിങ് കമ്മിറ്റി തീരുമാനം എടുക്കും. കിടപ്പിലായ രോഗികളെ ആംബുലന്‍സിലും മറ്റും എത്തിക്കുന്നതിനു പകരം ജില്ലാ മെഡിക്കല്‍ സംഘത്തിന്റെ നേതൃത്വത്തില്‍ അവരുടെ അടുത്തെത്തി പരിശോധിക്കും. തുടര്‍ന്ന് അവരുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തുക അനുവദിക്കും.

മിക്കവരും ബാങ്ക് അക്കൗണ്ടും ആധാര്‍ കാര്‍ഡും ബന്ധിപ്പിച്ചതിനാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നും മറ്റുമുള്ള ധനസഹായം ബാങ്ക് അക്കൗണ്ടിലൂടെയാണു വിതരണം ചെയ്യുക. ധനസഹായത്തിന് അര്‍ഹരായവര്‍ വില്ലേജ് ഓഫിസില്‍നിന്നുള്ള തിരിച്ചറിയല്‍ രേഖ ഹാജരാക്കണം. 23ന് എറണാകുളം, 27 കോഴിക്കോട്, 30 പത്തനംതിട്ട, മേയ് നാല് വയനാട്, 11 കൊല്ലം, 14 കാസര്‍കോട്, 16 മലപ്പുറം, 21 ആലപ്പുഴ, 25 കോട്ടയം, 28 ഇടുക്കി, ജൂണ്‍ നാല് തൃശൂര്‍, എട്ട് കണ്ണൂര്‍, 11 പാലക്കാട് എന്ന ക്രമത്തിലാണു ജനസമ്പര്‍ക്ക പരിപാടി നടത്തുക. ജനങ്ങള്‍ ഹൃദയത്തിലേറ്റിയ ജനസമ്പര്‍ക്ക പരിപാടിയെ ഐക്യരാഷ്ട്ര സഭ അംഗീകരിച്ച് ആദരിച്ചിരുന്നു. ലോകത്തെ തന്നെ ഏറ്റവും വലിയ പൊതുജന പ്രശ്‌നപരിഹാര പരിപാടികളില്‍ ഒന്നായി ഇതു വിലയിരുത്തപ്പെടുന്നു.


 മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി നാളെ  തിരുവനന്തപൂരം  സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍  നടക്കുന്നതിനാല്‍ അന്നു സെന്‍ട്രല്‍ സ്‌റ്റേഡിയത്തിനു ചുറ്റും ഗതാഗതം നിയന്ത്രിക്കും. സ്‌റ്റേഡിയത്തിനു ചുറ്റും പാര്‍ക്കിങ് അനുവദിക്കില്ല. പരിപാടിക്കു വരുന്ന ജനങ്ങളെ ഗവ. പ്രസ്, എസ്എംഎസ്എം ഇന്‍സ്റ്റിറ്റ്യൂട്ട്, വിജെടി, ബേക്കറി ജംക്ഷന്‍, പുളിമൂട് എന്നീ ഭാഗങ്ങളില്‍ ഇറക്കിയ ശേഷം വാന്റോസ് - ഊറ്റുകുഴി - ഹൗസിങ് ബോര്‍ഡ് എസ്എസ് കോവില്‍ റോഡിലോ പിഎംജി ലോ കോളജ് കുന്നുകുഴി റോഡിലോ, കെല്‍ട്രോണ്‍- മാനവീയം റോഡിലോ, സ്‌പെന്‍സര്‍ വിജെടി ആശാന്‍ സ്‌ക്വയര്‍- ജനറല്‍ ഹോസ്പിറ്റല്‍ റോഡിലോ, പുളിമൂട്-ആയൂര്‍വേദ കോളജ് റോഡിന്റെ കിഴക്കുവശത്തോ വാഹനം പാര്‍ക്കുചെയ്യാം. 

ജനസമ്പര്‍ക്ക പരിപാടിയുമായി ബന്ധപ്പെട്ട് വരുന്ന ഗവ. വാഹനങ്ങള്‍ സെക്രട്ടേറിയറ്റ് അനക്‌സ് - പ്രസ് ക്ലബ്- എസ്എംഎസ്എം ഇന്‍സ്റ്റിറ്റ്യൂട്ട് റോഡില്‍ പ്രസ് ക്ലബ്ബിനു മുന്‍വശം ഒഴിവാക്കി പാര്‍ക്കുചെയ്യാം. പാര്‍ക്കുചെയ്യുന്ന വാഹനങ്ങള്‍ ഡ്രൈവറോ, സഹായിയോ വണ്ടിയില്‍ ഉണ്ടായിരിക്കേണ്ടതും ഫോണ്‍ നമ്പര്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കേണ്ടതുമാണ്. ഫുട്പാത്തില്‍ വാഹനങ്ങള്‍ പാര്‍ക്കുചെയ്യാന്‍ പാടില്ല. 

റോഡിന്റെ ഇരുവശത്തും പാര്‍ക്കുചെയ്യാന്‍ പാടില്ല. ബേക്കറി ജംക്ഷന്‍ - വാന്റോസ് ജംക്ഷന്‍ - ജേക്കബ് ജംക്ഷന്‍ - സെക്രട്ടേറിയറ്റ് ഗേറ്റ് റോഡില്‍ പാര്‍ക്കിങ് അനുവദിക്കുന്നതല്ല. ജനസമ്പര്‍ക്ക പരിപാടിക്കായി ജനങ്ങളെ കൊണ്ടുവരുന്ന വലിയ വാഹനങ്ങള്‍ ആളെ ഇറക്കിയ ശേഷം ഈഞ്ചയ്ക്കല്‍ -കോവളം ബൈപാസ് റോഡില്‍ പാര്‍ക്കുചെയ്യണം. പരാതികളും നിര്‍ദേശങ്ങളും അറിയിക്കേണ്ട ഫോണ്‍: 1099, 94979 87001, 0471-2558731.

2015, ഏപ്രിൽ 18, ശനിയാഴ്‌ച

ആദിവാസികളുടെ ഭൂമിവിതരണം ഉടന്‍ പൂര്‍ത്തിയാക്കും


 ആദിവാസികള്‍ക്ക് അവകാശപ്പെട്ട ഭൂമി ഉടന്‍ വിതരണംചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതുവരെ 32,000 അപേക്ഷകള്‍ തീര്‍പ്പാക്കി. ഇനി 7000 അപേക്ഷകള്‍ തീര്‍പ്പാക്കാനുണ്ട്. ഇത് ഉടന്‍ തീര്‍പ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. വനംവകുപ്പ് സംഘടിപ്പിച്ച കാനനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

വനത്തില്‍ ഒതുങ്ങിക്കഴിഞ്ഞവരെ നാടിന് ആവശ്യമുണ്ട്. അവര്‍ നാടിന്റെ സമ്പത്താണെന്നും ഇവരെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

യാഗങ്ങൾ മാനവരാശിയുടെ ക്ഷേമത്തിന്



സോമയാഗം, ഗണപതിസത്രം എന്നീ ചടങ്ങുകള്‍ മാനവരാശിയുടെ ക്ഷേമത്തിന് ഉപകരിക്കുന്ന കര്‍മങ്ങളാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇളകൊള്ളൂര്‍ മഹാദേവക്ഷേത്രത്തില്‍ തിങ്കളാഴ്ച ആരംഭിക്കുന്ന സോമയാഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 

വ്യത്യസ്ത വിശ്വാസങ്ങളെ പരസ്​പരം ബഹുമാനിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം. വ്യക്തികള്‍ വരുത്തുന്ന വീഴ്ചയാണ് മതസൗഹാര്‍ദം തകര്‍ക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങള്‍ക്കു കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

തകഴിയെ ആദരിക്കുന്നതിലൂടെ മലയാളവും കേരളവും ആദരിക്കപ്പെടുന്നു


 തകഴി ശിവശങ്കരപ്പിള്ളയെ മറന്ന് മലയാളത്തിന് ഒരിഞ്ചുപോലും മുന്നോട്ടു പോകാനാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കാലശേഷവും തന്റെ കൃതികളിലൂടെ അദ്ദേഹം ഇന്നും ഓര്‍മ്മിക്കപ്പെടുന്നു. തകഴിയെ ആദരിക്കുന്നതിലൂടെ മലയാളവും കേരളവും നാമോരോരുത്തരുമാണ് ആദരിക്കപ്പെടുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 

തകഴി ശങ്കരമംഗലത്ത് തകഴി ശിവശങ്കരപ്പിള്ളയുടെ നൂറ്റിമൂന്നാം ജന്മദിനസമ്മേളനം ഉദ്ഘാടനവും പുരസ്‌കാരപ്രഖ്യാപനവും ജന്മശതാബ്ദി സ്മാരകമായ പൈതൃകമ്യൂസിയം ശിലാസ്ഥാപനവും നിര്‍വ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

മലയാളത്തെ ശ്രേഷ്ഠഭാഷയാക്കാന്‍ നീണ്ട പോരാട്ടമാണ് നടത്തിയത്. ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ നാലാമതായി മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി കിട്ടി. ഇതിനായുള്ള ശ്രമങ്ങള്‍ക്കിടയില്‍ മലയാളത്തിന് പുറത്ത് മറ്റ് ഭാഷകളിലും സംസ്ഥാനങ്ങളിലും തകഴിയുടെ സ്വാധീനവും അംഗീകാരവും മനസ്സിലാക്കാന്‍ കഴിഞ്ഞു. തകഴി സ്മാരകത്തിന്റെ പ്രവര്‍ത്തനം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ഭാഗമായാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

2015, ഏപ്രിൽ 17, വെള്ളിയാഴ്‌ച

ഘടകകക്ഷികളെ നിരീക്ഷിക്കുന്ന പാരമ്പര്യം യുഡിഎഫിന് ഇല്ല.


 യുഡിഎഫിലെ ഘടകകക്ഷികളെ ആരൊക്കെ സ്വാഗതം ചെയ്താലും ആരും മുന്നണി വിട്ടുപോകില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഘടകകക്ഷികളെ പൊലീസിനെ ഉപയോഗിച്ചു നീരീക്ഷിക്കുന്ന പാരമ്പര്യം യുഡിഎഫിന് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരുടെ ഇതുസംബന്ധിച്ച ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

കഴിഞ്ഞ നാലു കൊല്ലമായി പലരും യുഡിഎഫ് വിട്ടുപോകുമെന്നും സര്‍ക്കാര്‍ ഇപ്പോള്‍ വീഴുമെന്നുമൊക്കെയുള്ള പ്രചാരണം നടക്കുന്നുണ്ട്. ഇത്രയും കാലമായിട്ടും മാധ്യമപ്രവര്‍ത്തകര്‍ക്കും സംശയം മാറുന്നില്ല. ഘടകകക്ഷികളില്‍ ആരെങ്കിലും വിട്ടു പോകുമെന്നു തനിക്ക് ഒരു സംശയവുമില്ല. ഘടകകക്ഷികളെ പൊലീസ് നിരീക്ഷിക്കുകയെന്ന സംഭവമേയില്ല. അങ്ങനെ താന്‍ പറഞ്ഞിട്ടില്ലെന്നു പി.പി. തങ്കച്ചന്‍ നിഷേധിച്ചിട്ടുണ്ട്. 

ആഭ്യന്തര മന്ത്രിയും ഇക്കാര്യം വളരെ വ്യക്തമായി വിശദീകരിച്ചിരുന്നു. യുഡിഎഫ് ഭരിക്കുന്ന കാലത്ത് അത്തരം നിരീക്ഷണമോ, മറ്റു പ്രവര്‍ത്തനങ്ങളോ ഉണ്ടായിട്ടില്ല. ഇപ്പോള്‍ മാത്രമല്ല, ഒരിക്കലും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ല. ഡപ്യൂട്ടി സ്പീക്കറെ സമയമാകുമ്പോള്‍ തിരഞ്ഞെടുക്കും. അതിന് അടുത്ത നിയമസഭാ സമ്മേളനം വരെ കാത്തിരിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.  

2015, ഏപ്രിൽ 15, ബുധനാഴ്‌ച

എല്ലാ മലയാളികള്‍ക്കും വിഷു ആശംസകള്‍.....


എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ!

ഓരോ വിഷുവും മലയാളിക്ക് പച്ചപ്പാർന്ന ഓർമയാണ്. കൃഷിയുടെ താളമാണ് ഈ ഉത്സവത്തിന്. വിത്തെറിഞ്ഞു തുടങ്ങി കണിയൊരുക്കല് വരെയുള്ള ഓരോ പ്രവൃത്തിയിലും കാർഷിക സമര്ദ്ധിക്ക് വേണ്ട പ്രാർത്ഥനയുണ്ട്.

ഈ വിഷുക്കാലം മണ്ണിൽ വിയർപൊഴുക്കുന്ന കർഷകനുള്ളതാകട്ടെ!

കേരളത്തിന്റെ ഹൃദയതാളമായ കൃഷി സംരക്ഷിക്കുവാൻ സർക്കാർ ആവുന്നതെല്ലാം ചെയ്യുന്നുണ്ട്. പച്ചക്കറിയില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് സംസ്ഥാനത്ത് നടപ്പിലാക്കിവരുന്ന സമഗ്ര പച്ചക്കറി വികസനപദ്ധതി കര്‍ഷകര്‍, സ്‌കൂള്‍ കുട്ടികള്‍, വനിതകള്‍, പൊതുജനങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവരുടെ സഹകരണത്തോടെ വൻ വിജയത്തിലേക്ക് കുതിക്കുകയാണ്. തരിശുഭൂമി കൃഷിയോഗ്യമാക്കി മാറ്റുനതിനുള്ള പദ്ധതികളും പതിയെ വിജയത്തിലേക്ക് നീങ്ങി കൊണ്ടിരികുകയാണ്.

2015, ഏപ്രിൽ 14, ചൊവ്വാഴ്ച

മോദി വന്നത് ഇന്ത്യയെ രക്ഷിക്കാനെന്ന ചിലരുടെ ധാരണ തെറ്റി


നരേന്ദ്ര മോദി വന്നത് ഇന്ത്യയെ രക്ഷിക്കാനുള്ളതാണെന്ന  ചിലരുടെ ധാരണ തെറ്റിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രധാനമന്ത്രി പാവപ്പെട്ടവരെയും സാധാരണക്കാരെയുമല്ല സംരക്ഷിക്കുന്നത്. ഇന്നു പരിഗണന ലഭിക്കേണ്ട വിഭാഗങ്ങളെ നരേന്ദ്ര മോദി മറക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. എലവഞ്ചേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസിന്റെ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു. 

വികസനത്തിന്റെ പേരില്‍ സമ്പന്നര്‍ക്കു വേണ്ടിയുള്ള നിലപാടാണു കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കര്‍ഷകരെ സഹായിക്കാനും അവരുടെ ഭൂമിക്കു ന്യായവില കിട്ടാനും യുപിഎ സര്‍ക്കാര്‍ കൊണ്ടു വന്ന ഭൂമി ഏറ്റെടുക്കല്‍ നിയമം, ഇപ്പോഴത്തെ സര്‍ക്കാര്‍ അട്ടിമറിച്ച് കര്‍ഷകദ്രോഹമാക്കി. ഭരണം ഒരു വിഭാഗത്തിനു വേണ്ടിയാകാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.