UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2014, ഡിസംബർ 24, ബുധനാഴ്‌ച

പാലിയേറ്റീവ് കെയര്‍ നഴ്‌സ്മാര്‍ക്കു ശമ്പള വര്‍ധന

പാലിയേറ്റീവ് കെയര്‍ നഴ്‌സ്മാര്‍ക്കു ശമ്പള വര്‍ധന: മുഖ്യമന്ത്രി

പാലിയേറ്റീവ് കെയര്‍ നഴ്‌സുമാര്‍ക്കു മുഖ്യമന്ത്രിയുടെ ക്രിസ്മസ് സമ്മാനം. വേതനം 2000 രൂപയായിരുന്നതു 10,000 രൂപ ആക്കി വര്‍ധിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനമെടുത്തിട്ടുണ്ടെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പഞ്ചായത്തിന്റെയും ആരോഗ്യകേന്ദ്രത്തിന്റെയും നേതൃത്വത്തിലുള്ള പാലിയേറ്റീവ് കെയര്‍ പദ്ധതിയുടെ ഭാഗമായി നടത്തിയ രോഗീസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

അവശരും നിത്യരോഗികളുമായി കിടക്കുന്നവരുടെ സാന്നിധ്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങളുടെ പ്രസക്തി വര്‍ധിച്ചിരിക്കുകയാണെന്നും മീനടം പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് മുന്‍കൈ എടുത്തു നടത്തിയ പരിപാടി കിടപ്പുരോഗികള്‍ക്കു ക്രിസ്മസ് കാലത്തു സന്തോഷവും പ്രത്യാശയും പകരുന്നതായി മാറി. 60 കിടപ്പുരോഗികള്‍ സംഗമത്തില്‍ പങ്കെടുത്തു.

ഉച്ചഭക്ഷണവും ക്രിസ്മസ് കേക്കും നല്‍കിയാണു രോഗികളെ മടക്കി അയച്ചത്. പഞ്ചായത്ത് പ്രസിഡന്റ് പി.എം. സ്‌കറിയ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഫില്‍സണ്‍ മാത്യൂസ് മുഖ്യപ്രഭാഷണവും നടത്തി.

വിമര്‍ശം മാത്രം പോര; മാധ്യമങ്ങള്‍ വികസനത്തിലും ശ്രദ്ധിക്കണം

വിമര്‍ശം മാത്രം പോര; മാധ്യമങ്ങള്‍ വികസനത്തിലും ശ്രദ്ധിക്കണം 

കോട്ടയം: വിമര്‍ശം മാത്രം നടത്തിയാല്‍ പോര, മാധ്യമങ്ങള്‍ വികസന കാര്യങ്ങളിലും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വിമര്‍ശങ്ങളെ സ്വാഗതം ചെയ്യുന്നു. അതാണ് ജനാധിപത്യ സംവിധാനത്തെ ശക്തമാക്കുന്നത്. കുറ്റമില്ലാത്ത രീതിയില്‍ മുന്നോട്ടുപോകാന്‍ വിമര്‍ശം ഭരണാധികാരികളെ സഹായിക്കുന്നു. എന്നാല്‍ നല്ലകാര്യങ്ങളെ കണ്ടില്ലെന്ന് നടിക്കരുത്-സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങള്‍ കോട്ടയത്ത് വിതരണം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

മലപ്പുറത്തെ അക്ഷയകേന്ദ്രത്തെക്കുറിച്ച് ബാംഗ്ലൂരിലെ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ തനിക്ക് അത്ഭുതം തോന്നിയെന്ന് അദ്ദേഹം പറഞ്ഞു. ഇവിടെ സര്‍വ്വവും വിവാദമാണ്. കുടുംബശ്രീയെക്കുറിച്ചോ സ്റ്റുഡന്റ് പോലീസ് സ്‌കീമിനെക്കുറിച്ചോ, ആശ്രയയെക്കുറിച്ചോ, പാലിയേറ്റീവ് പരിചരണ പരിപാടിയെക്കുറിച്ചോ സൃഷ്ടിപരമായ മാധ്യമവാര്‍ത്തകള്‍ കാണുന്നില്ല. ഇത് ആശാവഹമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി കെ.സി.ജോസഫ് അധ്യക്ഷത വഹിച്ചു. 

2014, ഡിസംബർ 23, ചൊവ്വാഴ്ച

മദ്യനയത്തില്‍ ഇനി മാറ്റം ഇല്ല

മദ്യനയത്തില്‍ ഇനി മാറ്റം ഇല്ലെന്ന് മുഖ്യമന്ത്രി


 മദ്യനയം മാറ്റത്തിന്റെ കാര്യത്തില്‍ ഇനി പുനഃപരിശോധന ഉണ്ടാകില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബാഹ്യസമ്മര്‍ദമല്ല, സാമൂഹികയാഥാര്‍ഥ്യമാണു സര്‍ക്കാര്‍ തീരുമാനത്തിന് അടിസ്ഥാനമെന്നും കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ വിമര്‍ശനത്തെ ലാക്കാക്കി മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ബാഹ്യസമ്മര്‍ദത്തിനു വഴങ്ങി എന്നു സുധീരന്‍ ആരോപിച്ചിരുന്നു.

മദ്യനയം സംബന്ധിച്ച് അന്തിമതീരുമാനം എടുത്തുകഴിഞ്ഞു. വിവിധ തലങ്ങളില്‍ വിശദചര്‍ച്ചയ്ക്കുശേഷമാണ് സുവ്യക്തമായ തീരുമാനം. ഇത്തരം വിവാദങ്ങളില്‍ സര്‍ക്കാരിനെ തളച്ചിടാനും ആര്‍ക്കും കഴിയില്ല. പരിഹരിക്കപ്പെടേണ്ട ഒട്ടേറെ വിഷയങ്ങള്‍ ഇനിയും കാത്തിരിക്കുന്നു. മദ്യനയത്തില്‍ പ്രായോഗികത നോക്കിയും പൊതുനന്മ ലക്ഷ്യമിട്ടും മാത്രമേ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുള്ളൂ.

ടൂറിസം, തൊഴില്‍ സെക്രട്ടറിമാരുടെ റിപ്പോര്‍ട്ട് കണക്കിലെടുത്താണു മാറ്റങ്ങള്‍. ഇതുപ്രകാരം 24,787 പേര്‍ക്കാണു ജോലി നഷ്ടപ്പെട്ടത്. കേരളവുമായി മല്‍സരിക്കുന്ന ശ്രീലങ്കയിലേക്കു വിദേശ ടൂറിസ്റ്റുകള്‍ പോകുന്ന സാഹചര്യമാണ്. ബീയര്‍, വൈന്‍ പാര്‍ലറുകള്‍ അനുവദിക്കുമ്പോള്‍ കേരളത്തെ ലഹരിയില്‍ മുക്കുന്ന വിദേശനിര്‍മിത മദ്യമാണ് ഇല്ലാതാകാന്‍ പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങള്‍ക്കു നല്‍കിയ ലേഖനത്തില്‍ സുധീരന്റെ വിമര്‍ശനങ്ങളെയാണു മുഖ്യമന്ത്രി ഖണ്ഡിക്കുന്നതും.

കെഎസ്ആര്‍ടിസി പെന്‍ഷന്‍ നാളെ മുതല്‍; സമരം ഒത്തുതീര്‍ന്നു



കെഎസ്ആര്‍ടിസി പെന്‍ഷന്‍ നാളെ മുതല്‍; സമരം ഒത്തുതീര്‍ന്നു 



 കെഎസ്ആര്‍ടിസിയില്‍ മൂന്നു മാസത്തെ പെന്‍ഷന്‍ കുടിശിക നാളെ മുതല്‍ വിതരണം ചെയ്യാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അംഗീകൃത ട്രേഡ് യൂണിയനുകളുടെ യോഗത്തില്‍ തീരുമാനം. പെന്‍ഷന്‍കാര്‍ നടത്തിവന്ന സമരം ഇതേത്തുടര്‍ന്ന് ഒത്തുതീര്‍ന്നതായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു.

പെന്‍ഷന്‍ കുടിശികയില്‍ പ്രതിമാസം 15,000 രൂപ വരെയാണു തല്‍ക്കാലം എല്ലാവര്‍ക്കും നല്‍കുന്നത്. ആദ്യ ഗഡു നാളെയും ബാക്കി രണ്ടു ഗഡുക്കള്‍ ഫെബ്രുവരി 15നകവും നല്‍കും. ഈ മാസങ്ങളിലെ 15,000 രൂപയ്ക്കു മുകളിലുള്ള പെന്‍ഷന്‍ തുക ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലായി നല്‍കും. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ പെന്‍ഷന്‍ അതതു മാസങ്ങളില്‍ 15,000 രൂപ ക്ലിപ്തപ്പെടുത്തി വിതരണം ചെയ്യും. ഈ മാസങ്ങളിലെ അധിക തുക ഒക്‌ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നല്‍കും.

മറ്റു തീരുമാനങ്ങള്‍


* അടുത്ത ഏപ്രില്‍ ഒന്നു മുതല്‍ പെന്‍ഷന്‍ ഫണ്ട് നിലവില്‍ വരും. ഇതിനായി കോര്‍പറേഷനും സര്‍ക്കാരും പ്രതിമാസം 20 കോടി വീതം നിക്ഷേപിക്കും.

* കെഎസ്ആര്‍ടിസി സര്‍ക്കാരില്‍ നിന്നെടുത്ത വായ്പ ഓഹരി മൂലധനമാക്കി മാറ്റും.

* കോര്‍പറേഷന്റെ ബാധ്യത തീര്‍ക്കാന്‍ 200 കോടി അധികവായ്പ എടുക്കാന്‍ സര്‍ക്കാര്‍ ജാമ്യം നില്‍ക്കും. കെടിഡിഎഫ്‌സി വായ്പ ദീര്‍ഘകാലമാക്കും.

* നഷ്ടത്തിലോടുന്ന ഷെഡ്യൂളുകളില്‍ 25% നിര്‍ത്തലാക്കുകയും പുന:ക്രമീകരിക്കുകയും ചെയ്യും.

* കോര്‍പറേഷനിലെ മധ്യതല മാനേജ്‌മെന്റ് തസ്തികകളില്‍ 40% നേരിട്ടു നിയമനം.

* കോര്‍പറേഷന്റെ പ്രശ്‌നങ്ങള്‍ക്കു പരിഹാര നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വിദഗ്ധനെ നിയോഗിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ പുനരുദ്ധാരണ പാക്കേജ് നടപ്പാക്കും.


എന്‍.എസ്.എസ്. വളന്റിയര്‍മാര്‍ക്ക് ഗ്രേസ്മാര്‍ക്ക് കൂട്ടും


എന്‍.എസ്.എസ്. വളന്റിയര്‍മാര്‍ക്ക് ഗ്രേസ്മാര്‍ക്ക് കൂട്ടും 

കോട്ടയം: ഹയര്‍ സെക്കന്‍ഡറിതലത്തില്‍ നാഷണല്‍ സര്‍വീസ് സ്‌കീം വളന്റിയര്‍മാര്‍ക്ക് ഗ്രേസ് മാര്‍ക്ക് രണ്ടുശതമാനത്തില്‍നിന്ന് അഞ്ചുശതമാനമാക്കി വര്‍ദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസവകുപ്പിലെ നാഷണല്‍ സര്‍വീസ് സ്‌കീം സേവനക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം അരീപ്പറമ്പ് ജി.എച്ച്.എസ്.എസ്സില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

മണര്‍കാട് പഞ്ചായത്ത് പ്രസിഡന്റ് ബാബു കെ. കോര അദ്ധ്യക്ഷത വഹിച്ചു.

2014, ഡിസംബർ 22, തിങ്കളാഴ്‌ച

അവയവദാനം മഹത്കര്‍മം

അവയവദാനം മഹത്കര്‍മം: ഉമ്മന്‍ ചാണ്ടി  

കോട്ടയം: അവയവദാനമെന്ന മഹത്കര്‍മം ചെയ്യുന്നവരെ അഭിനന്ദിക്കാന്‍ വാക്കുകളില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഓര്‍ഗന്‍ ഡോണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. 

മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.    
അവയവദാന രംഗത്തു വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന ഗ്രീന്‍ റിബണ്‍- 2014 പുരസ്‌കാരം ചടങ്ങില്‍ മോന്‍സ് ജോസഫ് എംഎല്‍എ വിതരണം ചെയ്തു. 

സുസ്ഥിര സംരംഭകത്വം ഉറപ്പാക്കും


സുസ്ഥിര സംരംഭകത്വം ഉറപ്പാക്കും



തിരുവനന്തപുരം : സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സുസ്ഥിര സംരംഭകത്വം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരളത്തിലെ ഐ.ടി. കമ്പനികളുടെ കൂട്ടായ്മയായ 'ജി-ടെക്' അംഗങ്ങളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ 80 ശതമാനത്തില്‍ അധികം വരുന്ന ചെറുകിട ഇടത്തരം ഐ.ടി. കമ്പനികള്‍ക്ക് മറ്റു രാജ്യങ്ങളിലേക്ക് ബിസിനസ് പ്രതിനിധിസംഘങ്ങളെ അയയ്ക്കാനും ട്രേഡ് ഷോകളില്‍ പങ്കെടുക്കാനും അഞ്ചു കോടി രൂപ വരുന്ന ബജറ്റില്‍ പരിഗണിക്കും. ആദ്യഘട്ടം പിന്നിട്ട സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വളര്‍ച്ചയുടെ രണ്ടാം ഘട്ടതിനാവശ്യമായ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു.

അടുത്ത സംസ്ഥാന ബജറ്റില്‍ ഐ.ടി. മേഖലയ്ക്കായി 1200 കോടി രൂപ വകയിരുത്തണമെന്ന് ജി ടെക് ചെയര്‍മാന്‍ വി.കെ. മാത്യൂസ് ആവശ്യപ്പെട്ടു. 2014-15 വര്‍ഷത്തിലെ നീക്കിയിരിപ്പ് 300 കോടിയോളം മാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എം.എല്‍.എ.മാരുടെ യോഗം വിളിച്ചിട്ടില്ല


എം.എല്‍.എ.മാരുടെ യോഗം വിളിച്ചിട്ടില്ല

കോട്ടയം: മദ്യനയം ചര്‍ച്ചചെയ്യാന്‍ എം.എല്‍.എ.മാരുടെ യോഗം വിളിച്ചുചേര്‍ത്തിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തന്നെ വന്നുകാണണമെന്ന് എം.എല്‍.എ.മാര്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. താനും രമേശ് ചെന്നിത്തലയും തിങ്കളാഴ്ച തിരുവനന്തപുരത്തുണ്ട്. അതിനാലാണ് കാണണമെന്നു പറഞ്ഞവരോട് വരാന്‍ അറിയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2014, ഡിസംബർ 21, ഞായറാഴ്‌ച

ഭരിക്കുന്നവര്‍ക്ക് പ്രായോഗിക തീരുമാനങ്ങളെടുക്കേണ്ടിവരും

ഭരിക്കുന്നവര്‍ക്ക് പ്രായോഗിക തീരുമാനങ്ങളെടുക്കേണ്ടിവരും


തീരുമാനം തനിക്കും ബുദ്ധിമുട്ടുണ്ടാക്കി

 ഭരണത്തിലിരിക്കുമ്പോള്‍ പ്രായോഗികമായി തീരുമാനങ്ങളെടുക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എല്ലായ്‌പ്പോഴും എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട തീരുമാനങ്ങളെടുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മദ്യനയം അട്ടിമറിച്ചെന്ന കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴത്തെ തീരുമാനങ്ങളെടുക്കാന്‍ തനിക്കും ഏറെ ബുദ്ധിമുട്ടുണ്ടായിരുന്നു. പക്ഷേ, ഭരണത്തിലിരിക്കുന്നവര്‍ പ്രായോഗികമായ തീരുമാനമെടുക്കാന്‍ ചില സാഹചര്യങ്ങളില്‍ നിര്‍ബന്ധിതമാകും.

വി.എം.സുധീരന്‍ യു.ഡി.എഫ്. യോഗത്തിലും വിയോജിപ്പ് അറിയിച്ചിരുന്നു. മുസ്ലിംലീഗും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. മന്ത്രിസഭായോഗത്തിലും ലീഗ് എതിര്‍പ്പറിയിച്ചിരുന്നു. എന്നാല്‍ സുധീരന്‍ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാത്തതിനാല്‍ വിയോജിപ്പ് വീണ്ടും പ്രകടിപ്പിക്കുകയായിരുന്നു. 
ഞായറാഴ്ച ഡ്രൈഡേ ആക്കാനുള്ള തീരുമാനം മാറ്റിയതിനെ മുഖ്യമന്ത്രി ശക്തമായി ന്യായീകരിച്ചു. ബാറുകളുടെ മൊത്തം പ്രവര്‍ത്തനസമയം കുറച്ചുകൊണ്ടാണ് 'ഡ്രൈഡേ' വേണ്ടെന്നുവച്ചത്. ശനിയാഴ്ച മദ്യവില്‍പ്പന വന്‍തോതില്‍ വര്‍ധിച്ചതും ടൂറിസം മേഖലയിലുണ്ടായ പ്രത്യാഘാതവും പരിഗണിച്ചാണ് ആ തീരുമാനമെടുത്തത്. ഉദയഭാനു കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പരിഗണിച്ചുതന്നെയാണ് പുതിയ തീരുമാനങ്ങള്‍.

മദ്യലഭ്യത കുറയ്ക്കാന്‍ ഏറ്റവും കൂടുതല്‍ നടപടിയെടുത്തത് ഈ സര്‍ക്കാരാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. 

എയര്‍കേരള: ആഭ്യന്തര സര്‍വീസിന് സാധ്യതാപഠനം നടത്തും

എയര്‍കേരള: ആഭ്യന്തര സര്‍വീസിന് സാധ്യതാപഠനം നടത്തും

നെടുമ്പാശ്ശേരി: എയര്‍കേരള ആഭ്യന്തര സര്‍വീസ് ആരംഭിക്കുന്നതിനായി സാധ്യതാ പഠനം നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സിയാല്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യഘട്ടമായി 15 സീറ്റുള്ള വിമാനമുപയോഗിച്ച് സര്‍വീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. കേരളത്തിലെ മൂന്നു വിമാനത്താവളങ്ങളെയും, സമീപ വിമാനത്താവളങ്ങളെയും ബന്ധിപ്പിച്ചായിരിക്കും സര്‍വീസ്. സാധ്യതാ പഠനത്തിനായി വിദഗ്ധ ഏജന്‍സിയിയെ ചുമതലപ്പെടുത്തും. 5 വര്‍ഷം ആഭ്യന്തര സര്‍വീസ് നടത്തിയാലേ ഗള്‍ഫ് സര്‍വീസിന് അനുമതി കിട്ടൂ എന്നതിനാല്‍ ഗള്‍ഫ് സര്‍വീസ് എന്ന ലക്ഷ്യവുമായി എയര്‍കേരള മുന്നോട്ടു പോകും.

സിയാലിന്റെ ലാഭത്തില്‍ 5 കോടിയുടെ വര്‍ധന ഉണ്ടായതായി കമ്പനി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പറഞ്ഞു. സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ (6 മാസം) 69 കോടി രൂപയുടെ ലാഭമുണ്ടായി. മുന്‍വര്‍ഷമിത് 64 കോടിയായിരുന്നു. ഓഹരി ഉടമകള്‍ക്ക് 4:1 എന്ന അനുപാതത്തില്‍ അവകാശ ഓഹരി നല്‍കും. പുതിയ അന്താരാഷ്ട്ര ടെര്‍മിനലിന്റെ നിര്‍മ്മാണം 2015 ഡിസംബറില്‍ പൂര്‍ത്തിയാകും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.