UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2012, ജൂൺ 10, ഞായറാഴ്‌ച

സ്മാര്‍ട്ട്‌സിറ്റി ഇന്ത്യക്കും ലോകത്തിനുമുള്ള സന്ദേശം

സ്മാര്‍ട്ട്‌സിറ്റി ഇന്ത്യക്കും ലോകത്തിനുമുള്ള സന്ദേശം -മുഖ്യമന്ത്രി

 



കൊച്ചി: സ്മാര്‍ട്ട്‌സിറ്റി പദ്ധതി ഇന്ത്യക്കും ലോകത്തിനുമുള്ള കേരളത്തിന്റെ സന്ദേശമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സ്മാര്‍ട്ട്‌സിറ്റി പവലിയന്റെ ഉദ്ഘാടനവും ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഐ.ടി. രംഗത്ത് കേരളം അര്‍ഹിക്കുന്ന മുന്നേറ്റത്തിന്റെ തുടക്കമാണിത്. ഐ.ടി.യില്‍ നമ്മുടെ സംസ്ഥാനമാണ് ഒന്നാം സ്ഥാനത്ത് വരേണ്ടിയിരുന്നത്. എന്നാല്‍, കര്‍ണാടകയാണ് ഇന്ന് മുന്നില്‍. കേരളം വളരെ പിന്നിലാണ്. ഇനി അതില്‍ പരിതപിച്ചിട്ട് കാര്യമില്ല. ഒരു ദിവസം പോലും നമുക്ക് പാഴാക്കാനില്ല. സര്‍ക്കാരും ടീകോമുമായി ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ച് പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും.

അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേക പരിഗണന നല്‍കും. 40 കോടി ഇതിനായി ബജറ്റില്‍ മാറ്റിവച്ചിട്ടുണ്ട്. സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് വികസനത്തിന് 25 കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്. സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ നിന്ന് കൊച്ചി നഗരത്തിലേക്ക് നേരിട്ടൊരു പാത നിര്‍മിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ബ്രഹ്മപുരത്തെ മാലിന്യപ്രശ്‌നം അടിയന്തരമായി പരിഹരിക്കും. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് മാലിന്യ നിര്‍മാര്‍ജനത്തിനായി ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്.

കേരളത്തിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം സര്‍ക്കാരും ടീകോമും സഫലമാക്കുമെന്ന് ടീകോം ഗ്രൂപ്പ് സി.ഇ.ഒ.യും സ്മാര്‍ട്ട്‌സിറ്റി വൈസ് ചെയര്‍മാനുമായ അബ്ദുള്ള ലത്തീഫ് അല്‍മുല്ല വ്യക്തമാക്കി. ആഗോള ഐ.ടി. കമ്പനികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ പദ്ധതിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

സ്മാര്‍ട്ട്‌സിറ്റിയുടെ വളര്‍ച്ചയിലെ സുപ്രധാന ചുവടുവെപ്പാണ് പവലിയനെന്ന് വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

നോളജ്‌സിറ്റിയാവാന്‍ ഒരുങ്ങുന്ന കൊച്ചിയില്‍ ഈ പദ്ധതിയിലൂടെ രണ്ടുലക്ഷം പേര്‍ക്ക് ജോലി കിട്ടുമെന്ന് ധനകാര്യമന്ത്രി കെ.എം. മാണി പറഞ്ഞു. അടിസ്ഥാന സൗകര്യവികസനം ആറുമാസത്തിനകം പൂര്‍ത്തിയാക്കാനാകുമെന്ന് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് അറിയിച്ചു. സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിന്റെ വികസനവും രണ്ടാം ഘട്ടവും അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കും. റോഡ് നാലുവരി പാതയാക്കണമെന്ന് ടീക്കോമിന്റെ നിര്‍ദേശമുണ്ട്. അതിന് സ്ഥലം ഏറ്റെടുക്കേണ്ടിവരും. രണ്ടാം ഘട്ടം നാലുവരിപ്പാത തന്നെ ആയിരിക്കുമെന്നും മന്ത്രി അറിയിച്ചു.

മാലിന്യസംസ്‌കരണ പദ്ധതികള്‍ ജനപിന്തുണയോടെ നടപ്പാക്കണം

മാലിന്യസംസ്‌കരണ പദ്ധതികള്‍ ജനപിന്തുണയോടെ നടപ്പാക്കണം -മുഖ്യമന്ത്രി

 



കൊച്ചി: നിലവിലുള്ള മാലിന്യസംസ്‌കരണ സാങ്കേതിക വിദ്യകളില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ട സ്ഥിതിയാണെന്നും അത് വീണ്ടെടുക്കാന്‍ കൂട്ടായ ശ്രമം വേണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 'മുനിസിപ്പല്‍ മാലിന്യ സംസ്‌കരണം -കേരളത്തിന്റെ മുന്നോട്ടുള്ള പാത' എന്ന വിഷയത്തില്‍ നടന്ന സെമിനാറിന്റെ സമാപന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഏഷ്യന്‍ വികസന ബാങ്ക്, ലോക ബാങ്ക്, കേന്ദ്ര ധനകാര്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വ മിഷന്‍ എന്നിവ ചേര്‍ന്നാണ് സെമിനാര്‍ നടത്തിയത്.

മാലിന്യസംസ്‌കരണത്തില്‍ വിജയ മാതൃകകള്‍ നമുക്കില്ലാത്തത് പ്രശ്‌നമാണ്. പുതിയ സാങ്കേതിക വിദ്യയാണെന്ന് സര്‍ക്കാര്‍ പറഞ്ഞാലും ജനം വിശ്വസിക്കുന്നില്ല. കഴിഞ്ഞകാലങ്ങളിലെ അനുഭവം അതാണ്. വിശ്വാസ്യത നഷ്ടമായത് ഏറ്റവും വലിയ ബുദ്ധിമുട്ടായിട്ടുണ്ട്. പുതിയ സംസ്‌കരണ മാതൃകകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തി അവരുടെകൂടെ പിന്തുണയോടെ വേണം നടപ്പാക്കാന്‍.

മാലിന്യ നിര്‍മാര്‍ജനത്തിന് പണം പ്രശ്‌നമല്ല. ബജറ്റില്‍ മാലിന്യ നിര്‍മാര്‍ജനത്തിനും മറ്റുമായി വലിയ തുക നീക്കിവച്ചിട്ടുണ്ട്. വികേന്ദ്രീകൃത മാലിന്യ സംസ്‌കരണ പദ്ധതികള്‍ക്ക് നൂറ് ശതമാനം വരെയാണ് സര്‍ക്കാര്‍ സഹായമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര ധനകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറി വേണു രാജമണി, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിംസ് വര്‍ഗീസ്, ഏഷ്യന്‍ വികസന ബാങ്ക് ഇന്ത്യ റസിഡന്റ് മിഷന്‍ കണ്‍ട്രി ഡയറക്ടര്‍ ഹന്‍ കിം, സൗത്ത് ഏഷ്യ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ ജുവാന്‍ മിരാന്റ എന്നിവര്‍ പ്രസംഗിച്ചു.

സിയാല്‍ ഏറ്റവും വലിയ വികസന മാതൃക

സിയാല്‍ ഏറ്റവും വലിയ വികസന മാതൃക-മുഖ്യമന്ത്രി

 



നെടുമ്പാശ്ശേരി: കേരളത്തിലെ ഏറ്റവും വലിയ വികസന മാതൃകയാണ് സിയാലെന്ന് (കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി) മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സിയാല്‍ 14 കോടി മുടക്കി നിര്‍മിച്ച ട്രേഡ് ഫെയര്‍ ആന്റ് എക്‌സിബിഷന്‍ സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 

കേരളത്തില്‍ വിജയങ്ങള്‍ അവകാശപ്പെടാന്‍ കഴിയുന്ന അധികം സ്ഥാപനങ്ങളില്ല. കുറഞ്ഞ മുതല്‍മുടക്കില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ രാജ്യാന്തര വിമാനത്താവളം നിര്‍മിക്കാന്‍ സിയാലിനായി. ചുരുങ്ങിയ കാലംകൊണ്ട് ലാഭത്തിലുമെത്തി. മുതല്‍മുടക്കിന്‍മേലുള്ള ലാഭത്തിന്റെ തോത് കണക്കാക്കുമ്പോള്‍ ലോകത്തിലെ ഒന്നാംനിര വിമാനത്താവളങ്ങള്‍ക്കൊപ്പമാണ് സിയാലിന്റെ സ്ഥാനം.

സിയാലും ഹഡ്‌കോയുമായുള്ള തര്‍ക്കം പരിഹരിക്കാന്‍ നടപടി സ്വീകരിക്കും. കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളുടെ വികസനത്തിനായി നടപടി സ്വീകരിക്കും. സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി കെ. ബാബു അധ്യക്ഷനായി.

ഐ.ഐ.എം.കെ. കാമ്പസിന് ഇന്‍ഫോ പാര്‍ക്കില്‍ അഞ്ച് ഏക്കര്‍ നല്‍കും

ഐ.ഐ.എം.കെ. കാമ്പസിന് ഇന്‍ഫോ പാര്‍ക്കില്‍ അഞ്ച് ഏക്കര്‍ നല്‍കും-ഉമ്മന്‍ചാണ്ടി

 

 


കൊച്ചി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോടിന് കാമ്പസ് സ്ഥാപിക്കാന്‍ ഇന്‍ഫോപാര്‍ക്കില്‍ അഞ്ച് ഏക്കര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഐ. ഐ. എം.കെ.യുടെ ഇന്‍ഫോപാര്‍ക്കിലുള്ള സാറ്റലൈറ്റ് കാമ്പസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ മികച്ച അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് ഐ. ഐ. എം.കെ. ഇത്തരം സ്ഥാപനങ്ങള്‍ വിദ്യാഭ്യാസ രംഗത്ത് വളരെയധികം പ്രയോജനം ചെയ്യും. പുതിയ തലമുറയുടെ ആശയങ്ങളും ചിന്തകളും ഭരണപരമായ കാര്യങ്ങളില്‍ ആവശ്യമാണ്. ഇത് മുന്‍നിര്‍ത്തി മാനേജ്‌മെന്റ് വൈദഗ്ധ്യമുള്ള മുപ്പത്തിയെട്ട് വിദ്യാര്‍ത്ഥികളെ കണ്ടെത്തി അവരെ ഓരോ മന്ത്രിമാര്‍ക്കൊപ്പം നിയമിക്കും. ഐ. ഐ. എം.കെ.യ്ക്കാണ് ഇതിന്റെ ചുമതല. ഒരു വര്‍ഷത്തേയ്ക്കായിരിക്കും ഇവരെ നിയമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

2012, ജൂൺ 9, ശനിയാഴ്‌ച

'ബ്ലാങ്ക് ചെക്ക്' രാഷ്ട്രീയത്തിനില്ല

'ബ്ലാങ്ക് ചെക്ക്' രാഷ്ട്രീയത്തിനില്ല -മുഖ്യമന്ത്രി

'ബ്ലാങ്ക് ചെക്ക്' രാഷ്ട്രീയത്തിനില്ല -മുഖ്യമന്ത്രി

തിരുവനന്തപുരം: 'ബ്ലാങ്ക് ചെക്ക്' രാഷ്ട്രീയത്തിന് തങ്ങളില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 'ഞങ്ങളുടെ ശക്തിയിലേ നില്‍ക്കുകയുള്ളൂ. വേറെ ഫിക്സഡ് ഡെപ്പോസിറ്റ് ആഗ്രഹിക്കുന്നില്ല'. വി.എസ് ഇടതുമുന്നണി വിട്ടുവന്നാല്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തോട് കേസരി ജേണലിസ്റ്റ് ട്രസ്റ്റ് സംഘടിപ്പിച്ച മുഖാമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 വി.എസുമായി ഒരു രഹസ്യ ബന്ധവുമില്ല. ബന്ധം പരസ്യമായിട്ടേയുള്ളൂ. ടി.പി വധവുമായി ബന്ധപ്പെട്ട് വി.എസ് തന്നെ വിളിച്ചിട്ടില്ല. വി.എസിനോട് സര്‍ക്കാര്‍ ഇപ്പോള്‍ മൃദുസമീപനത്തിലാണോ എന്ന് ചോദിച്ചപ്പോള്‍ എല്ലാവരോടും തനിക്ക് സൗഹൃദമാണെന്നായിരുന്നു മറുപടി. വിമര്‍ശിക്കുന്നവരോട് അതേ ഭാഷയില്‍ മറുപടി പറയില്ല. അരുണ്‍കുമാറിനെതിരായ കേസില്‍ മൃദുസമീപനമില്ല. ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണസ്വാതന്ത്രൃമുണ്ട്. തെളിവുണ്ടെങ്കില്‍ നടപടി വരും.

 രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ വോട്ട് ചോര്‍ച്ച പ്രതീക്ഷിച്ച് സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ ഇടതുമുന്നണി നാണംകെടും. യു.ഡി.എഫിന്റെ ഒരു വോട്ടും ചോരില്ല. ചാക്കിടല്‍ ഇല്ലെന്ന് പറയുന്നവര്‍തന്നെ രണ്ടാമത്തെ സ്ഥാനാര്‍ഥിയെ എന്തിന് നിര്‍ത്തിയെന്ന് വ്യക്തമാക്കണം. 67 വോട്ട് മാത്രമേ പ്രതിപക്ഷത്തിനുള്ളൂ. എന്നിട്ടും സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നത് കുതിരക്കച്ചവടത്തിനാണ്. ഇടതുമുന്നണിയുടെ കപടമുഖം ഇതിലൂടെ പുറത്തുവന്നിരിക്കുകയാണ്. ശെല്‍വരാജ് എം.എല്‍.എ സ്ഥാനം രാജിവെച്ച് യു.ഡി.എഫില്‍ ചേര്‍ന്നപ്പോള്‍ കുതിരക്കച്ചവടം ആരോപിച്ചവരാണ് മറുപക്ഷത്തെ വോട്ട് പ്രതീക്ഷിച്ച് സ്ഥാനാര്‍ഥിയെ നിര്‍ത്തിയത്.

2012, ജൂൺ 8, വെള്ളിയാഴ്‌ച

ജയകൃഷ്ണന്‍ മാസ്റ്റര്‍ വധം; പുതിയ തെളിവ് കിട്ടിയാല്‍ അന്വേഷിക്കാം

ജയകൃഷ്ണന്‍ മാസ്റ്റര്‍ വധം; പുതിയ തെളിവ് കിട്ടിയാല്‍ അന്വേഷിക്കാം: മുഖ്യമന്ത്രി

\


 


കണ്ണൂര്‍:പുതിയ തെളിവുകിട്ടുകയാണെങ്കില്‍ ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസ് പുനരന്വേഷിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ പത്രലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവായ എം.എം.മണി പഴയ സംഭവങ്ങളെക്കുറിച്ച് ആധികാരികമായി ചില വെളിപ്പെടുത്തലുകള്‍ നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇടുക്കിയിലെ കൊലപാതക ക്കേസുകള്‍ പുനരന്വേഷിക്കുന്നത്. എന്നാല്‍ ഇത്തരം തെളിവുകളൊന്നും ബി.ജെ.പി.നേതാവായിരുന്ന ജയകൃഷ്ണന്‍മാസ്റ്ററുടെ വധക്കേസില്‍ ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ടി.പി.ചന്ദ്രശേഖരന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്താതിരുന്നത് അദ്ദേഹം വിസമ്മതിച്ചതുകൊണ്ടാണെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. ഒരു ഭീരുവിനെപ്പോലെ ജീവിക്കാന്‍ തയ്യാറല്ലെന്നായിരുന്നു ചന്ദ്രശേഖരന്‍ പറഞ്ഞത്. കേസുകളുടെ കാര്യത്തില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ സര്‍ക്കാര്‍ ഒന്നും ചെയ്യില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകും. 

പാര്‍ട്ടി കൊടുക്കുന്ന ലിസ്റ്റനുസരിച്ച് പ്രതികളെ പിടിക്കുന്ന രീതി ഇനി നടപ്പില്ല. യഥാര്‍ഥ പ്രതികളെ തന്നെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരികയാണ് സര്‍ക്കാര്‍ നയം. ചന്ദ്രശേഖരന്‍ വധത്തില്‍ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടവരടക്കമുള്ള പ്രതികളെ കണ്ടെത്താനാണ് പോലീസ് ശ്രമിക്കുന്നത്. ഇതുകൊണ്ടാണ് അന്വേഷണം നീളുന്നതും. ഒരു ഭീഷണിക്കും സര്‍ക്കാര്‍ വഴങ്ങില്ല. ജയിലനകത്തെ രാഷ്ട്രീയ നേതാക്കളുടെ ഫോട്ടോ എടുത്തുമാറ്റുന്നതിന് നിയമനിര്‍മാണത്തിന്റെ ആവശ്യമില്ല. ഇക്കാര്യത്തില്‍ യുക്തമായ തീരുമാനം ഉടനുണ്ടാകും-മുഖ്യമന്ത്രി പറഞ്ഞു. 

തൊഴിലുറപ്പ് പദ്ധതി: ജോലിസമയം കുറയ്ക്കല്‍ അടുത്തമാസം മുതല്‍

തൊഴിലുറപ്പ് പദ്ധതി: ജോലിസമയം കുറയ്ക്കല്‍ അടുത്തമാസം മുതല്‍ -മുഖ്യമന്ത്രി


ശ്രീകണ്ഠപുരം (കണ്ണൂര്‍): ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ജോലിസമയം ഒരുമണിക്കൂര്‍ കുറയ്ക്കുന്നത് കേരളത്തില്‍ ജൂലായ് മുതല്‍ ആയിരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

യു.ഡി.എഫ്. മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികത്തിന്റെ ജില്ലാതല പരിപാടികള്‍ ചെമ്പന്‍തൊട്ടിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലുറപ്പ് പദ്ധതിയില്‍ നൂറ് ദിവസം ജോലി എടുത്തവര്‍ക്ക് 1000 രൂപ വീതം വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

തൊഴിലുറപ്പ് പദ്ധതിയുടെ സമയം രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് അഞ്ചുവരെയാക്കാന്‍ കേന്ദ്രസര്‍ക്കാറിന്റെ അനുമതി തേടിയിട്ടുണ്ട്. അനുമതി ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇപ്പോള്‍ രാവിലെ എട്ടുമുതല്‍ അഞ്ചുമണിവരെയാണ് സമയം. തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളാകുന്നവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നത് സര്‍ക്കാറിന്റെ പരിഗണനയിലാണ് -അദ്ദേഹം പറഞ്ഞു.

ഗ്രാമവികസന മന്ത്രി കെ.സി.ജോസഫ് അധ്യക്ഷനായി.

മുളകും ഉലക്കയുമായി കാത്തിരുന്നവര്‍ക്ക് 77-ല്‍ എന്തുകിട്ടി

മുളകും ഉലക്കയുമായി കാത്തിരുന്നവര്‍ക്ക് 77-ല്‍ എന്തുകിട്ടി 

 


 


പിണറായി: മുളകും ഉലക്കയുമായി കാത്തിരുന്നവര്‍ക്ക് അടിയന്തരാവസ്ഥക്കുശേഷം 77-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ എന്താണ് തിരിച്ച് ലഭിച്ചതെന്ന് ഓര്‍ക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 

പിണറായി കിഴക്കും ഭാഗത്ത് നിര്‍മിച്ച പ്രിയദര്‍ശിനി മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന ഒരു നിലപാടിനും ജനപിന്തുണയുണ്ടാവില്ല. സംഘര്‍ഷരാഷ്ട്രീയമല്ല ജനാധിപത്യരാഷ്ട്രീയ പ്രവര്‍ത്തനമാണ് നാടിന്റെയും രാജ്യത്തിന്റെയും പുരോഗതിക്കാവശ്യം- അദ്ദേഹം പറഞ്ഞു.

വില്ലേജ് ഓഫീസര്‍മാരും പഞ്ചായത്ത് സെക്രട്ടറിമാരും കൈകാര്യം ചെയ്യേണ്ട പരാതികളാണ് മുഖ്യമന്ത്രി ജനസമ്പര്‍ക്ക പരിപാടിയിലൂടെ ചെയ്യുന്നതെന്ന വിമര്‍ശനം വാസ്തവവിരുദ്ധമാണ്. ഉദ്യോഗസ്ഥര്‍ക്ക് ചെയ്യാന്‍ അധികാരമില്ലാത്ത വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചിട്ട് കാര്യങ്ങള്‍ ചെയ്യുന്നില്ലെന്ന് കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. വ്യവസ്ഥകളില്‍ ഇളവുവേണമെന്ന് തിരിച്ചറിഞ്ഞ് പരിഹരിച്ചിട്ടുണ്ട്. എസ്.എസ്.എല്‍.സി. ബുക്കിലെ പേരുതിരുത്തല്‍, പോക്കുവരവ്, ആശ്രിത നിയമനം ഉള്‍പ്പെടെയുള്ള ചില അടിസ്ഥാന പ്രശ്‌നങ്ങള്‍ ജനസമ്പര്‍ക്ക പരിപാടികളില്‍ ഉന്നയിക്കപ്പെടുകയും പരിഹരിക്കുകയും ചെയ്തിട്ടുണ്ട്-ഉമ്മന്‍ചാണ്ടി പറഞ്ഞു. 

2012, ജൂൺ 7, വ്യാഴാഴ്‌ച

പോലീസിലെ കുറ്റവാളികളെ വച്ചുപൊറുപ്പിക്കില്ല

പോലീസിലെ കുറ്റവാളികളെ വച്ചുപൊറുപ്പിക്കില്ല 


തിരുവനന്തപുരം: പോലീസിലെ കുറ്റവാളികളെ വച്ചുപൊറുപ്പിക്കില്ലെന്നും അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി 
സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മന്ത്രിസഭായോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പോലീസില്‍ 533 ക്രിമിനലുകള്‍ ഉണ്ടെന്നതരത്തിലുള്ള വാര്‍ത്തകള്‍ 
തെറ്റിദ്ധരിപ്പിക്കുന്നതാണ്. അത്രയും പോലീസുകാര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ് അര്‍ഥമാക്കുന്നത്. വ്യക്തിഗതമായ പ്രശ്‌നങ്ങള്‍ മുതല്‍ ട്രാഫിക് നിയമലംഘനം വരെ അതിന്റെ പരിധിയില്‍പ്പെടും.

എന്നാല്‍ ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ക്രിമിനലുകള്‍ക്കെതിര കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ട്. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്ത 13 പോലീസുകാരെ പിരിച്ചുവിട്ടു. 226 പേരെ ഡി.ജി.പി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. 123 പേര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചു. ഇനിയും ഇത്തരക്കാര്‍ സര്‍വീസിലുണ്ടെങ്കില്‍ വച്ചുപൊറുപ്പിക്കില്ല - മുഖ്യമന്ത്രി പറഞ്ഞു.

നിയമന സമയത്ത് ക്രിമിനല്‍ കേസ് ഉള്ളവരെ പരിഗണിക്കേണ്ടയെന്ന് കഴിഞ്ഞ സര്‍ക്കാര്‍ തന്നെ തീരുമാനമെടുത്തിരുന്നു. എന്നാല്‍ അതിനെതിരെ ചിലര്‍ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു. അത്തരം വിധികള്‍ കീഴ്‌വഴക്കമായി. എന്നാല്‍ നിയമന സമയത്ത് ക്രിമിനല്‍ കേസിലുള്ളവരെ സര്‍വീസിലെടുക്കേണ്ടതില്ലെന്ന് ഹൈക്കോടതി ഇപ്പോള്‍ പറയുന്നുണ്ട്. അതുതന്നെയാണ് സര്‍ക്കാരിന്റെയും അഭിപ്രായമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അറസ്റ്റ് ചെയ്യാന്‍വരുന്ന പോലീസുകാര്‍ക്കെതിരെ മുളക് വെള്ളമൊഴിക്കണമെന്ന് സി.പി.എം നേതാവ് എം.വി.ജയരാജന്‍ പറഞ്ഞത് കാര്യമായെടുക്കുന്നില്ല. അത്തരം പ്രസ്താവനകള്‍ പോലീസിന്റെ ആത്മവീര്യം കെടുത്തുമെന്നും കരുതുന്നില്ല. പോലീസ് അവരുടെ ജോലി ചെയ്യും. എന്നാല്‍ നിയമവാഴ്ചയ്‌ക്കെതിരെ ഇത്തരത്തില്‍ പ്രതികരിക്കുന്നത് മാവോയിസ്റ്റുകളും നക്‌സലൈറ്റുകളുമാണ്. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഒരു രാഷ്ട്രീയപാര്‍ട്ടി, നിയമം കൈയിലെടുക്കുന്നത് ശരിയാണോയെന്ന് ആലോചിക്കണം. നിയമവാഴ്ചയെ വെല്ലുവിളിക്കുന്നത് ആര്‍ക്കും ആശാസ്യമല്ല. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണത്തിന് നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പുമായി ബന്ധമില്ല. അന്വേഷണം മികച്ച നിലയില്‍ പുരോഗമിക്കുകയാണ്. അബ്ദുള്‍ ഷുക്കൂര്‍ വധക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് അഭിപ്രായമില്ല. സംസ്ഥാന പോലീസ് അന്വേഷണം തൃപ്തികരമാണെന്ന് കരുതുന്നു - മുഖ്യമന്ത്രി പറഞ്ഞു.

അവയവദാന നിയമം ഉദാരമാക്കും; ഭൂമിയുടെ ന്യായവിലയിലെ അപാകം പരിഹരിക്കും

അവയവദാന നിയമം ഉദാരമാക്കും; ഭൂമിയുടെ ന്യായവിലയിലെ അപാകം പരിഹരിക്കും 


 



തിരുവനന്തപുരം: അവയവദാനവുമായി ബന്ധപ്പെട്ട നിയമം ഉദാരമാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ പാസ്സാക്കിയ നിയമത്തിന്റെ ചുവടുപിടിച്ചാണ് സംസ്ഥാനവും ഈ ദിശയിലേക്ക് നീങ്ങുന്നതെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവേ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.

ഭൂമിയുടെ ന്യായവിലയിലെ അപാകതകള്‍ മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ന്യായവില സംബന്ധിച്ച പരാതികള്‍ കേള്‍ക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ താലൂക്കുകള്‍ സന്ദര്‍ശിക്കും. മൂന്നുമാസത്തിനകം കളക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കും. തുടര്‍ന്നുള്ള വ്യക്തിഗത പരാതികള്‍ പരിഹരിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തും.

വയനാട് വന്യജീവി സങ്കേതത്തില്‍ ഒറ്റപ്പെട്ട് കഴിയുന്ന കര്‍ഷകരെയും ആദിവാസികളെയും വനത്തില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവരും. ഇതിനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി പ്രാവര്‍ത്തികമാക്കും. 14 കോളനികളില്‍ നിന്ന്800 കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. രണ്ട് കോളനികളില്‍ നിന്ന് 55 കുടുംബങ്ങളെ ഇതിനോടകം പുനരധിവസിപ്പിച്ചിട്ടുണ്ട്. കൊറ്റങ്കര കോളനിയില്‍ നിന്ന് 24 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ 2.40 കോടിയുടെ കേന്ദ്രസഹായം ഉപയോഗിക്കും.

തൃക്കാക്കര, തൃപ്പൂണിത്തുറ, പൈനാവ്, പെരിന്തല്‍മണ്ണ, കഞ്ചിക്കോട്, നെടുമങ്ങാട് എന്നിവിടങ്ങളിലെ അഗ്‌നിശമന സേന യൂണിറ്റുകളില്‍ 26 വീതം തസ്തികകള്‍ അനുവദിച്ചിട്ടുണ്ട്. തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലെ കോള്‍ കൃഷി മെച്ചപ്പെടുത്താന്‍ കേന്ദ്രപദ്ധതി വിനിയോഗിക്കും. തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ഫ്രാന്‍സിസിന് ഈ പദ്ധതിയുടെ അധികച്ചുമതല നല്‍കി.

കൊപ്രാസംഭരണം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സൊസൈറ്റികള്‍ക്ക് കൂടുതല്‍ ഡ്രൈയറുകള്‍ നല്‍കും. കൊപ്ര ചാക്കൊന്നിന് പത്തുരൂപ കൂട്ടിയിട്ടുണ്ട്.