UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2012, ഫെബ്രുവരി 27, തിങ്കളാഴ്‌ച

അന്യസംസ്‌ഥാന ലോട്ടറി: കര്‍ശന നടപടി തുടരുമെന്നു മുഖ്യമന്ത്രി

അന്യസംസ്‌ഥാന ലോട്ടറി: കര്‍ശന നടപടി തുടരുമെന്നു മുഖ്യമന്ത്രി

അന്യസംസ്‌ഥാന ലോട്ടറികളുടെ നിരോധനം മൂലം കേരളത്തിനും സംസ്‌ഥാന ഭാഗ്യക്കുറിക്കും നേട്ടമുണ്ടായതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അടുത്തകാലം വരെ അന്യസംസ്‌ഥാന ലോട്ടറി കേരളത്തിന്റെ വിപത്തായിരുന്നു. ആയിരക്കണക്കിനു കോടിയിലേറെ രൂപയാണ്‌ അന്യസംസ്‌ഥാന ലോട്ടറിക്കാര്‍ സംസ്‌ഥാനത്തുനിന്നു കൊള്ളയടിച്ചത്‌. സംസ്‌ഥാനത്തെ ജനങ്ങളെ ഇനിയും കബളിപ്പിക്കാനും കൊള്ളയടിക്കാനും അനുവദിക്കില്ലെന്ന കടുത്ത നിലപാടോടെയാണു സര്‍ക്കാര്‍ അന്യസംസ്‌ഥാന ലോട്ടറിക്കാര്‍ക്കെതിരേ നടപടി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

കാരുണ്യ ബെനവലന്റ്‌ ഫണ്ട്‌ വിതരണത്തിന്റെ ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. അന്യസംസ്‌ഥാന ലോട്ടറികള്‍ക്കെതിരേ കര്‍ശന നടപടി തുടര്‍ന്നും സ്വീകരിക്കും. അന്യസംസ്‌ഥാന ലോട്ടറി വില്‍പ്പന നടത്തുന്നവരേ അറസ്‌റ്റ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. ഇതിന്റെ ഫലമായി സംസ്‌ഥാനത്ത്‌ കഴിഞ്ഞ വര്‍ഷത്തെ ആകെ വില്‍പനലാഭമായ 550 കോടി രൂപ ഇന്ന്‌ ഇരട്ടിയായി. ലോട്ടറിയില്‍നിന്നുള്ള വരുമാനം ഈ വര്‍ഷം 1250 കോടി രൂപയിലേറെ ആകുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

സംസ്‌ഥാനത്തു ലോട്ടറിയെന്നതു സര്‍ക്കാരിന്റെ സാമ്പത്തികലാഭം എന്നതിലുപരി സാമൂഹികാവശ്യമാണ്‌. കാരുണ്യ ലോട്ടറി വഴി ലഭിക്കുന്ന വരുമാനം പാവങ്ങളുടെ ചികിത്സയ്‌ക്കു പ്രയോജനം ചെയ്യും. പദ്ധതി ശക്‌തമായി മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള എല്ലാ പിന്തുണയും സംസ്‌ഥാന സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. സംസ്‌ഥാന സര്‍ക്കാരിന്റെ വികസനവും കരുതലുമെന്ന മുദ്രാവാക്യം ധനവകുപ്പ്‌ അക്ഷരാര്‍ഥത്തില്‍ നടപ്പാക്കിയിരിക്കുകയാണെന്നും ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.



2012, ഫെബ്രുവരി 26, ഞായറാഴ്‌ച

പ്രതിപക്ഷത്തിന് സര്‍ക്കാറിനെതിരെ ഒന്നു പറയാനില്ല


പ്രതിപക്ഷത്തിന് സര്‍ക്കാറിനെതിരെ ഒന്നു പറയാനില്ല




പ്രതിപക്ഷത്തിന് സര്‍ക്കാറിനെതിരെ ഒന്നു പറയാനില്ലാത്തതിനാലാണ് പെരുമാറ്റച്ചട്ട ലംഘനം പോലുള്ള പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.  കെ.ആര്‍. ഗൗരിയമ്മയെ മന്ത്രിയാക്കുമെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയവരാണ് വിജയിച്ചാല്‍ അനൂപ് ജേക്കബിനെ മന്ത്രിയാക്കുമെന്ന ആര്യാടന്റെ പ്രസ്താവന പെരുമാറ്റ ചട്ട ലംഘനമാണെന്ന് പറയുന്നത്. എറണാകുളം പ്രസ്ക്ളബില്‍ നടന്ന മുഖാമുഖം പരിപാടി 'നിര്‍ണയ'ത്തില്‍  സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനൂപ് ജേക്കബിന്റെ സ്ഥാനാര്‍ഥിത്വം  സംബന്ധിച്ച് തര്‍ക്കങ്ങളുണ്ടായിട്ടില്ല. എന്നാല്‍, അനൂപ് തിരഞ്ഞെടുപ്പിന് മുമ്പാണോ ശേഷമാണോ മന്ത്രിയാകുക എന്നതായിരുന്നു സംസാര വിഷയം.  
തര്‍ക്കങ്ങളോ വിവാദങ്ങളോ അല്ല വേണ്ടത്. വികസന കാര്യങ്ങളിലും ജനങ്ങളുടെ നന്മക്കുള്ള പ്രവര്‍ത്തനങ്ങളിലും മികച്ച ഫലം ലഭിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ചെയ്യേണ്ടത്. അതുകൊണ്ടുതന്നെ കഴിഞ്ഞ പത്ത് മാസം കൊണ്ട് യു.ഡി.എഫ് സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങളും അഞ്ചുവര്‍ഷങ്ങള്‍ കൊണ്ട് ഇടതുസര്‍ക്കാര്‍ നഷ്ടപ്പെടുത്തിയ വികസന സാധ്യതകളും പിറവം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് പിറവം തെരഞ്ഞെടുപ്പിനെ യു.ഡി.എഫ് നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിവാദങ്ങളുടെ കെണിയില്‍ പെടില്ല; വികസനവുമായി മുന്നോട്ട് പോകും

വിവാദങ്ങളുടെ കെണിയില്‍ പെടില്ല; വികസനവുമായി മുന്നോട്ട് പോകും


 വിവാദങ്ങള്‍ ഉണ്ടാക്കാനുള്ള കെണിയില്‍ താന്‍ വീഴില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടത് റിസല്‍ട്ടാണ്. അതുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി സമയം നഷ്ടമാകാന്‍ ഇനി ഇടവരുത്തില്ല. കഴിഞ്ഞകാലത്ത് ഉണ്ടായ വികസന നഷ്ടങ്ങള്‍ നികത്തി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിന് സാധാരണ വേഗം പോര -ഉമ്മന്‍ചാണ്ടി പറഞ്ഞു. എറണാകുളം പ്രസ് ക്ലബ്ബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടിയിലെയോ മുന്നണിയിലെയോ അഭിപ്രായ വ്യത്യാസം ഒരിക്കലും ജനങ്ങളെ ബാധിക്കാന്‍ അനുവദിക്കില്ല. വികസനത്തെ ബാധിക്കുന്ന കാര്യങ്ങളില്‍ ഒരുദിവസം പോലും നഷ്ടപ്പെടരുതെന്ന് സര്‍ക്കാരിന് വാശിയുണ്ട്. കെ.എസ്.ആര്‍.ടി.സി.യില്‍ 10 വര്‍ഷം കഴിഞ്ഞ 'എം' പാനലുകാരെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍, കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ചെയ്യാന്‍ തീരുമാനിച്ച കാര്യം ഒരു ഘടകകക്ഷിയുടെ എതിര്‍പ്പുമൂലം നടക്കാതെ പോയെന്നാണ് അന്ന് മന്ത്രിയായിരുന്ന മാത്യു ടി. തോമസ് പറഞ്ഞത്. സ്റ്റാമ്പ് ഡ്യൂട്ടി തര്‍ക്കത്തില്‍ സ്മാര്‍ട്ട് സിറ്റി രണ്ടുവര്‍ഷം വൈകി. തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പദ്ധതി നടക്കട്ടെ എന്ന നിലപാടാണ് യു. ഡി.എഫ്. സ്വീകരിച്ചത്. ഒമ്പത് മാസം കൊണ്ട് അത്ഭുതം കാട്ടിയെന്ന് പറയുന്നില്ല. എന്നാല്‍, പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കാന്‍ ആത്മാര്‍ത്ഥത കാട്ടി.

കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം, ഹൈ സ്​പീഡ് ട്രെയിന്‍, തിരുവനന്തപുര, കോഴിക്കോട് മോണോ റെയില്‍ തുടങ്ങി വികസന കാര്യങ്ങളുമായി മുന്നോട്ട് പോകുകയാണ്. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് നല്ല പിന്തുണയാണ് ലഭിക്കുന്നത്. ഇതിനൊക്കെ ശക്തിപകരുന്ന ജനവിധി പിറവത്തു നിന്ന് ഉണ്ടാകുമെന്ന കാര്യത്തില്‍ ആത്മവിശ്വാസം ഉണ്ട്.

'കേരം തിങ്ങും കേരളനാട്ടില്‍ കെ.ആര്‍. ഗൗരി ഭരിക്കും' എന്ന് മുദ്രാവാക്യം വിളിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ടിട്ടുള്ളവര്‍ ഇപ്പോള്‍ അനൂപ് ജേക്കബിനെ മന്ത്രിയാക്കുമെന്ന് പറഞ്ഞതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. മറ്റൊന്നും പറയാനില്ലാത്തതിനാലാണ് പിണറായി ഇത് പറയുന്നത് -ഉമ്മന്‍ചാണ്ടി പറഞ്ഞു. സഭാ തര്‍ക്കത്തില്‍ രണ്ട് വിഭാഗങ്ങളുമായി സബ് കമ്മിറ്റി ചര്‍ച്ച ചെയ്തുവരികയാണെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

കോച്ച് ഫാക്ടറിയില്‍ സ്വകാര്യ പങ്കാളിത്തത്തെക്കുറിച്ച് ഇപ്പോള്‍ ആലോചിച്ചിട്ടില്ല. പൊതുമേഖല രംഗത്തുവന്നാല്‍ അവര്‍ക്കായിരിക്കും പ്രാധാന്യം നല്‍കുക. ആരും വന്നില്ലെങ്കിലേ സ്വകാര്യ മേഖലയെ പരിഗണിക്കുകയുള്ളുവെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

വിളപ്പില്‍ശാലയില്‍ കോടതിവിധി നടപ്പാക്കാന്‍ കഴിയാത്ത സാഹചര്യം -ഉമ്മന്‍ചാണ്ടി

വിളപ്പില്‍ശാലയില്‍ കോടതിവിധി നടപ്പാക്കാന്‍ കഴിയാത്ത സാഹചര്യം -ഉമ്മന്‍ചാണ്ടി
വിളപ്പില്‍ശാലയില്‍ കോടതി വിധി നടപ്പാക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നും എന്നാല്‍ അതിന് കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

''ഇപ്പോഴത്തെ ഹൈക്കോടതി വിധി തെറ്റാണെന്ന് ഞാന്‍ പറയില്ല. എന്നാല്‍, അവിടത്തെ സ്ഥിതിഗതികള്‍ ലോകം മുഴുവന്‍ കണ്ടതാണ്. കോടതിയുടെ പരാമര്‍ശങ്ങള്‍ സാധാരണഗതിയില്‍ സര്‍ക്കാരിനെതിരെയുള്ള രൂക്ഷമായ വിമര്‍ശനമായി കാണാം. പക്ഷെ, അവിടത്തെ അവസ്ഥ എല്ലാവര്‍ക്കും അറിയാവുന്നതിനാലാണ് സര്‍ക്കാരിനെതിരെ പുറമെ നിന്ന് കുറ്റപ്പെടുത്തല്‍ ഉണ്ടാകാത്തത്. സര്‍ക്കാരിന്റെയും പോലീസിന്റെയും ഭാഗത്തുനിന്ന് ആത്മാര്‍ത്ഥമായ നടപടി ഉണ്ടായി എന്ന് എല്ലാവരും കണ്ടതാണ്. കോടതിവിധിയെയും നിയമവാഴ്ചയെയും സര്‍ക്കാര്‍ മാനിക്കുന്നു. എന്നാല്‍, വിളപ്പില്‍ശാലയില്‍ കോടതി വിധി നടപ്പാക്കാന്‍ പറ്റാത്ത സാമൂഹ്യാന്തരീക്ഷമാണ് ഉണ്ടായിരിക്കുന്നത്. പ്രശ്‌നം രൂക്ഷമാണ്. അതിന് പരിഹാരം കണ്ടെത്താന്‍ എല്ലാ രാഷ്ട്രീയ കക്ഷികളുടെയും പിന്തുണ ഉണ്ട്'' -മുഖ്യമന്ത്രി പറഞ്ഞു. 

2012, ഫെബ്രുവരി 25, ശനിയാഴ്‌ച

സര്‍ക്കാരുകളെ താരതമ്യം ചെയ്ത് ജനങ്ങള്‍ യു.ഡി.എഫിനെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കും -ഉമ്മന്‍ചാണ്ടി


സര്‍ക്കാരുകളെ താരതമ്യം ചെയ്ത് ജനങ്ങള്‍ യു.ഡി.എഫിനെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കും -ഉമ്മന്‍ചാണ്ടി

കൊച്ചി: കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരിനേയും പത്തുമാസത്തെ ഐക്യമുന്നണി സര്‍ക്കാരിനേയും ജനങ്ങള്‍ താരതമ്യം ചെയ്യുമെന്നും പിറവത്ത് യു.ഡി.എഫിനെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പിറവത്ത് പാറപ്പാലില്‍ ഗ്രൗണ്ടില്‍ യു.ഡി.എഫ്. നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം. യു.ഡി.എഫിനെ കടത്തി വെട്ടാമെന്ന് കരുതി ഉപ തിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് പിണറായി വെല്ലുവിളിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ യു.ഡി.എഫ്. ആദ്യം ഏറ്റെടുത്തത് ആ വെല്ലുവിളിയാണ്. പിറവത്തെ ജനവിധി സര്‍ക്കാരിന്റെ വിലയിരുത്തല്‍ തന്നെയാകും. അഞ്ചുവര്‍ഷത്തെ ഇടതു ഭരണത്തിന്റെ അനുഭവം ജനമനസ്സിലുണ്ട്. 10 മാസത്തെ യു.ഡി.എഫ്. സര്‍ക്കാരിന്റെ അനുഭവവും അവര്‍ക്കറിയാം. ഇത് വിലയിരുത്തി അവര്‍ അനൂപ് ജേക്കബിനെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കും. സര്‍ക്കാരിന് നേരിയ ഭൂരിപക്ഷമേയുള്ളുവെന്നതിനാല്‍ പ്രവര്‍ത്തിക്കാനാവില്ല എന്നാണ് ഇടതുമുന്നണി പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ ഒമ്പതുമാസക്കാലത്തെ ഭരണത്തില്‍ ജനത്തെ ബാധിക്കുന്ന എന്തെങ്കിലും ഒരു പ്രശ്‌നം, ഭൂരിപക്ഷം കുറഞ്ഞതുകൊണ്ടോ, മുന്നണിയിലെ അഭിപ്രായ വ്യത്യാസം കൊണ്ടോ ഒരു ദിവസം മാറ്റിവച്ചിട്ടുണ്ടോ? ഉമ്മന്‍ചാണ്ടി ചോദിച്ചു.

കേരള വികസനത്തില്‍ അഞ്ചുവര്‍ഷം ഇല്ലാതാക്കിയവര്‍ യു.ഡി.എഫ് വികസന രംഗത്ത് കുതിക്കുമ്പോള്‍ അസൂയ കാട്ടിയിട്ട്, അസ്വസ്ഥത കാട്ടിയിട്ട് കാര്യമില്ല. വികസനവും കരുതലും എന്ന മുദ്രാവാക്യം അക്ഷരാര്‍ത്ഥത്തില്‍ നടപ്പാക്കിക്കൊണ്ടാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. അതിന് നാടിന്റെ അംഗീകാരം ഉണ്ടാവണം. പിറവം തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം ജനങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട് -ഉമ്മന്‍ചാണ്ടി പറഞ്ഞു.


2012, ഫെബ്രുവരി 24, വെള്ളിയാഴ്‌ച

അയല്‍ബന്ധത്തില്‍ പോറലേല്‍ക്കാതെ മുല്ലപ്പെരിയാര്‍ പ്രശ്‌നം തീരും: മുഖ്യമന്ത്രി

ഇടുക്കി: തമിഴ്‌നാടുമായുള്ള നല്ല അയല്‍ബന്ധത്തില്‍ പോറലേല്‍ക്കാതെ മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹരിക്കാമെന്നാണു പ്രതീക്ഷയെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വാഴത്തോപ്പ്‌ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജനസമ്പര്‍ക്ക പരിപാടിയുടെ ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 117 വര്‍ഷം കഴിഞ്ഞ അണക്കെട്ട്‌ കേരളത്തിന്റെ ആകെ ആശങ്കയാണ്‌. ഇതു സുരക്ഷ ഭീഷണി ഉയര്‍ത്തുന്നുണ്ട്‌. 

തമിഴനു ജലവും കേരളത്തിനു സുരക്ഷയും എന്ന മുദ്രാവാക്യം ലക്ഷ്യം കാണും. പ്രശ്‌നപരിഹാരത്തിനു കേരളം നിരന്തരം ശ്രമം നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കിയിലെ പട്ടയ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്‌ഞാബദ്ധമാണ്‌. 1977 ജനുവരി ഒന്നിനു മുമ്പുള്ള കൈവശക്കാര്‍ക്കു മുഴുവന്‍ പട്ടയം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്‌. മുമ്പും ഇതു സംബന്ധിച്ച്‌ തീരുമാനമെടുത്തിരുന്നുവെങ്കിലും നടപടി പൂര്‍ണമായിട്ടില്ല. അര്‍ഹരായവര്‍ക്കെല്ലാം പട്ടയം നല്‍കാന്‍ റവന്യൂ വകുപ്പിനു നിര്‍ദേശം കൊടുത്തിട്ടുണ്ട്‌. പെരിഞ്ചാംകുട്ടി ഉള്‍പ്പെടെ ഉപേക്ഷിച്ച വൈദ്യുതിപദ്ധതിക്കായി ഏറ്റെടുത്ത സ്‌ഥലങ്ങളില്‍ പട്ടയം കൊടുക്കും. നാല്‌ ഏക്കറിനു മുകളില്‍ പട്ടയം കൊടുക്കാനാണ്‌ ആഗ്രഹിക്കുന്നത്‌. ഇതു സംബന്ധിച്ച തടസം നീക്കും. ഇടുക്കി അണക്കെട്ട്‌ മുതല്‍ കട്ടപ്പന വരെ റോഡിനിരുവശവും പാരിസ്‌ഥിതിക ദുര്‍ബല പ്രദേശമാക്കാനുള്ള ശിപാര്‍ശ അംഗീകരിക്കില്ല. മൂന്നു താലൂക്ക്‌ ഇങ്ങനെയാക്കാനുള്ള റിപ്പോര്‍ട്ടും സര്‍ക്കാര്‍ അംഗീകരിക്കില്ല. 

പതിമൂന്നു ജില്ലകളില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ 5,41,000 പരാതി ലഭിച്ചു. ഇടുക്കിയില്‍ 36,000 പരാതി കിട്ടി. ഇതുവരെ ആറു ജില്ലയില്‍ അവലോകനം നടന്നതായും അദ്ദേഹം പറഞ്ഞു.

റോഷി അഗസ്‌റ്റിന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മന്ത്രി പി.ജെ. ജോസഫ്‌, പി.ടി തോമസ്‌ എം.പി, എം.എല്‍.എമാരായ ഇ.എസ്‌. ബിജിമോള്‍, എസ്‌. രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. അലക്‌സ് കോഴിമല, ജില്ലാ കലക്‌ടര്‍ ഇ. ദേവദാസന്‍, കണ്‍സ്യൂമര്‍ ഫെഡ്‌ ചെയര്‍മാന്‍ ജോയി തോമസ്‌, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. ഇ.എം ആഗസ്‌തി, ഡി.സി.സി പ്രസിഡന്റ്‌ റോയി കെ. പൗലോസ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.പി ഉസ്‌മാന്‍, നഗരസഭാ ചെയര്‍മാന്‍ ടി.ജെ ജോസഫ്‌, പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോയി വര്‍ഗീസ്‌ എന്നിവര്‍ സന്നിഹിതരായിരുന്നു.

2012, ഫെബ്രുവരി 23, വ്യാഴാഴ്‌ച

നാവികര്‍ ഇന്ത്യന്‍ നിയമത്തിന്‌ വിധേയരാകണം: ഉമ്മന്‍ചാണ്ടി


കോട്ടയം: മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ ഇറ്റാലിയന്‍ വിദേശകാര്യ സഹമന്ത്രി സ്‌റ്റെഫാന്‍ ഡി മിസ്‌തുരയും സംഘവുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചര്‍ച്ച നടത്തി. നാവികര്‍ ഇന്ത്യന്‍ നിയമത്തിനു വിധേയരാകണമെന്ന്‌ ഉമ്മന്‍ചാണ്ടി ഇറ്റാലിയന്‍ സംഘത്തോട്‌ ആവശ്യപ്പെട്ടു. നിയമം അനുസരിച്ച്‌ നടപടികള്‍ മുന്നോട്ടുകൊണ്ടുപോകാനാണ്‌ ആഗ്രഹമെന്ന്‌ മുഖ്യമന്ത്രി ഇറ്റാലിയന്‍ സംഘത്തോടു വ്യക്‌തമാക്കി. ഇതിന്‌ കേന്ദ്രത്തിന്റെ പൂര്‍ണപിന്തുണയുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്നാല്‍ ഇറ്റാലിയന്‍ നിയമം അനുസരിച്ചുള്ള ശിക്ഷ നല്‍കാന്‍ മുന്‍കൈയെടുക്കാമെന്നും മല്‍സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കണമെന്നും അവര്‍ മുഖ്യമന്ത്രിയോട്‌ ആവശ്യപ്പെട്ടു. മല്‍സ്യത്തൊഴിലാളികള്‍ വെടിയേറ്റു മരിച്ചത്‌ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കു പുറത്താണെന്ന്‌ ഇറ്റാലിയന്‍ മന്ത്രി ആവര്‍ത്തിച്ചു. നാട്ടകം ഗസ്‌റ്റ് ഹൗസില്‍ ഇന്നലെ രാത്രി 11.30നാണ്‌ ഇറ്റാലിയന്‍ സംഘംമുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയത്‌. ഇന്ത്യയിലെ ഇറ്റാലിയന്‍ സ്‌ഥാനപതി ജിയാക്കോമോ സാന്‍ഫെലിസോ ഡി മോണ്ട്‌ഫോര്‍ട്ടെ, കോണ്‍സുലേറ്റ്‌ ജനറല്‍ ജിയോം പൗലോ ക്യുട്ടിയാലോ എന്നിവരും ഒപ്പംഎത്തിയിരുന്നു. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തണമെന്ന്‌ ഇറ്റാലിയന്‍ സംഘം ആവശ്യപ്പെട്ടതിന്റെ അടിസ്‌ഥാനത്തിലാണ്‌ കൂടിക്കാഴ്‌ച നടന്നത്‌.

സംഭവത്തില്‍ നിയമനടപടി തുടരുമെന്ന്‌ മുഖ്യമന്ത്രി സ്‌റ്റഫാന്‍ ഡി മിസ്‌തുരയെഅറിയിച്ചു. ഇറ്റാലിയന്‍ കപ്പലില്‍നിന്ന്‌ മത്സ്യത്തൊഴിലാളികള്‍ക്കു നേരെ വെടിവയ്‌പുണ്ടായ സംഭവത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച എല്ലാ നടപടികളും നിയമപ്രകാരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മരണമടഞ്ഞ മത്സ്യത്തൊഴിലാളികളുടെ കുടുംബത്തെ സന്ദര്‍ശിക്കുന്ന കാര്യം വൈകാരികപ്രശ്‌നമായതിനാല്‍ കുടുംബാംഗങ്ങളുമായി ചര്‍ച്ച നടത്തിയശേഷം തീരുമാനമെടുക്കും. ഇറ്റലിയുടെ വാദങ്ങളൊന്നും പൂര്‍ണമായി അംഗീകരിച്ചിട്ടില്ലെന്നും പ്രശ്‌നത്തില്‍ സംസ്‌ഥാന സര്‍ക്കാരിന്റെ നടപടികള്‍ക്ക്‌ കേന്ദ്രസര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കൊപ്പം മന്ത്രി കെ.ബാബു, ഡി.ജി.പി. ജേക്കബ്‌ പുന്നൂസ്‌, ജില്ലാ കലക്‌ടര്‍ മിനി ആന്റണി, കൊച്ചി സിറ്റി പോലീസ്‌ കമ്മിഷണര്‍ എം.ആര്‍.അജിത്‌കുമാര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

പാമോയില്‍: വി.എസിന്റെ അഞ്ചു വര്‍ഷത്തെ മൗനം എന്തിന്?

തിരുവനന്തപുരം: പാമോയില്‍ കേസില്‍ തനിക്ക് പങ്കുണ്ടെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന് അറിയാമായിരുന്നെങ്കില്‍ അഞ്ചുവര്‍ഷം എന്തുകൊണ്ട് മൗനം പാലിച്ചുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചോദിച്ചു. അഴിമതി മറച്ചുവയ്ക്കലിന് അച്യുതാനന്ദന്‍ കൂട്ടുനില്‍ക്കരുതായിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

''കഴിഞ്ഞദിവസം എക്‌സ്‌ക്ലൂസീവ് പത്രസമ്മേളനം വിളിച്ചുകൂട്ടിയാണ് അച്യുതാനന്ദന്‍ പാമോയില്‍ കേസിനെക്കുറിച്ച് സംസാരിച്ചത്. മറ്റൊരു കാര്യവും ചോദിക്കരുതെന്ന് നിര്‍ദേശം നല്‍കിയതിനാലാണ് എക്‌സ്‌ക്ലൂസീവ് പത്രസമ്മേളനം എന്നു പറഞ്ഞത്. പാമോയില്‍ കേസില്‍, അന്നത്തെ ധനമന്ത്രി എന്ന നിലയില്‍ ഉമ്മന്‍ ചാണ്ടിക്ക് പങ്കുണ്ടായിരുന്നു എന്ന കാര്യം തനിക്ക് അറിയാമായിരുന്നുവെന്നാണ് അച്യുതാനന്ദന്‍ പറഞ്ഞ്. എന്നാല്‍ എ-ഐ തര്‍ക്കം മുതലെടുക്കാന്‍ വേണ്ടി താന്‍ കാത്തിരുന്നുവെന്നും അച്യുതാനന്ദന്‍ പറഞ്ഞിട്ടുണ്ട്. ടി.എച്ച്.മുസ്തഫ നടത്തിയ വെളിപ്പെടുത്തലോടെയാണ് എന്റെ പങ്ക് ചര്‍ച്ചയായതെന്നാണ് ഞാന്‍ വിചാരിക്കുന്നത്. ഇപ്പോള്‍ തനിക്ക് അഞ്ച് വര്‍ഷം മുമ്പേ ഇതേക്കുറിച്ച് അറിയാമായിരുന്നുവെന്നാണ് അച്യുതാനന്ദന്‍ പറയുന്നത്. എങ്കില്‍ അധികാരത്തിലിരുന്ന സമയത്ത് അദ്ദേഹം എന്തുകൊണ്ട് എനിക്കെതിരെ നടപടി സ്വീകരിച്ചില്ല? ഇങ്ങനെയുള്ള മുഖ്യമന്ത്രിമാരെക്കൊണ്ട് ആര്‍ക്ക് എന്ത് പ്രയോജനം?''ഉമ്മന്‍ ചാണ്ടി ചോദിച്ചു. പാമോയില്‍ കേസില്‍ തനിക്കൊന്നും മറച്ചുവയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. 

''പാമോയില്‍ കേസുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ നീക്കങ്ങളെല്ലാം സുതാര്യമാവണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഈ കേസ് നടത്താന്‍ എല്‍.ഡി.എഫ് നിയമിച്ച സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റാത്തതും അതുകൊണ്ടാണ്. സാധാരണ നിലയില്‍ പുതിയ ഗവണ്‍മെന്റ് വരുമ്പോള്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റുന്ന പതിവ് ഇക്കാര്യത്തില്‍ വേണ്ടെന്ന് വെച്ചതാണ്. ഈ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സമര്‍പ്പിച്ച കുറിപ്പുകളില്‍ ഒപ്പുവെയ്ക്കാന്‍ പോലും അച്യുതാനന്ദന്‍ അന്ന് തയ്യാറായിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറില്‍ നിന്ന് ലഭിച്ച നിയമോപദേശത്തില്‍ ഒപ്പിടാന്‍ പോലും കൂട്ടാക്കാത്ത അച്യുതാനന്ദനാണ് ഇപ്പോള്‍ എന്റെ പങ്കിനെക്കുറിച്ച് പറയുന്നത്. 

യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റെടുക്കുമ്പോള്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റുമെന്ന് അവര്‍ വിചാരിച്ചു. എന്നാല്‍ അത് നടന്നില്ല. അതുകൊണ്ടാണ് ഇപ്പോള്‍ പല കാരണങ്ങള്‍ പറഞ്ഞ് അദ്ദേഹം രാജിവയ്ക്കുന്നത്'' - ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഒന്നരദശാബ്ദം മുമ്പ് വി.എസ് എഴുതിയ 'പാമോയില്‍ അഴിമതി: കരുണാകരന്‍ ഒന്നാംപ്രതി'എന്ന പുസ്തകം മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരെ കാണിച്ചു. ഈ പുസ്തകത്തില്‍ ഒരിടത്തും താന്‍ പ്രതിയാണെന്ന് പറയുന്നില്ലെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി. വി.എസ് എക്‌സ്‌ക്ലൂസീവ് പത്രസമ്മേളനം നടത്തി ഇത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ സഹിക്കാന്‍ വയ്യാത്ത, അദ്ദേഹത്തിന്റെ ചില ആള്‍ക്കാരാണ് തനിക്ക് ഈ പുസ്തകമെത്തിച്ചതെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു.




സി.പി.എം നിയമം കൈയിലെടുക്കുന്നത് അനുവദിക്കില്ല - മുഖ്യമന്ത്രി

തിരുവനന്തപുരം: കണ്ണൂരില്‍ സി.പി.എം നിയമം കൈയിലെടുക്കുന്നത് അനുവദിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് സി.പി.എമ്മിന് ഒഴിഞ്ഞുനില്‍ക്കാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കണ്ണൂരില്‍ പോലീസിനെ നിയന്ത്രിക്കുന്നത് മുസ്‌ലിം ലീഗാണെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, കൊലപാതകങ്ങള്‍ക്കു പിന്നില്‍ ആരാണെന്ന് കൂടി കോടിയേരി വ്യക്തമാക്കണമെന്നായിരുന്നു മറുപടി. നിര്‍ഭാഗ്യകരമായ രാഷ്ട്രീയ സംഘര്‍ഷമാണ് അവിടെ നടക്കുന്നത്. അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ഒഴിഞ്ഞു നില്‍ക്കാന്‍ കഴിയില്ല. നിയമം കൈയിലെടുക്കാന്‍ സി.പി.എമ്മിനെ അനുവദിക്കാന്‍ കഴിയില്ല-ഉമ്മന്‍ ചാണ്ടി പറഞ്ഞു.

2012, ഫെബ്രുവരി 22, ബുധനാഴ്‌ച

I M A meeting with CM (video)


I M A meeting with CM More
YouTube
© 2011 YouTube, LLC
901 Cherry Ave, San Bruno, CA 94066