UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2011, നവംബർ 3, വ്യാഴാഴ്‌ച

പിള്ളയുടെ മോചനം: നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി

പിള്ളയുടെ മോചനം: നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി



തിരുവനന്തപുരം: ബാലകൃഷ്ണ പിള്ളയുടെ മോചന കാര്യത്തില്‍ സര്‍ക്കാര്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സര്‍ക്കാരിനുള്ള അധികാരം പ്രയോഗിക്കുക മാത്രമാണ് ചെയ്തത്.

പിള്ളയ്ക്ക് അനര്‍ഹമായി ഒരു ദിവസം പോലും പരോള്‍ നല്‍കിയിട്ടില്ല. ഒന്നും രഹസ്യമായല്ല ചെയ്തത്.മുന്‍ സര്‍ക്കാരുകളും ഇതേ രീതിയില്‍ തീരുമാനം എടുത്തിട്ടുണ്ട്.  കൊലക്കേസില്‍ ജീവപര്യന്തം ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിലില്‍ വച്ച് മറ്റൊരാളെ കുത്തിക്കൊന്നയാളെ പോലും ഇളവു നല്‍കി മോചിപ്പിച്ചവരാണ് ഇപ്പോള്‍ ആര്‍.ബാലകൃഷ്ണപിള്ളയുടെ പേരില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

നടപടിക്രമം പാലിക്കാതെയാണ് വിഎസ് അച്യുതാനന്ദന്‍ സീനിയര്‍ അഭിഭാഷകരെ കേസ് നടത്താന്‍ നിയോഗിച്ചതെങ്കില്‍ അക്കാര്യത്തില്‍ സര്‍ക്കാരിനു ബാധ്യതയൊന്നു മില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഏതു സ്ഥാനം വഹിച്ചാലും ചട്ടക്കൂടിനുള്ളില്‍ നിന്നു പ്രവര്‍ത്തിക്കണമെന്നും തനിക്കും ഇതു ബാധകമാണെന്നും മുഖ്യമന്ത്രി  ചൂണ്ടിക്കാട്ടി.

മറ്റു മന്ത്രിസഭാ തീരുമാനങ്ങള്‍ ചുവടെ

* വിഴിഞ്ഞം തുറമുഖം രണ്ടു കണ്‍സോര്‍ഷ്യം സമര്‍പ്പിച്ചിരുന്ന ടെക്‌നിക്കല്‍ ബിഡ് അംഗീകരിച്ചു.
* തിരുവനന്തപുരത്തെ കഴക്കൂട്ടം-ബാലരാമപുരം മോണോറയില്‍ മംഗലപുരം ടെക്‌നോസിറ്റി മുതല്‍ നെയ്യാറ്റിന്‍കര വരെ നീട്ടും.കോഴിക്കോട് മോണോ റയില്‍ പദ്ധതിയുടെ സാധ്യതാ പഠനം പൂര്‍ത്തിയായി.
*പുതിയതായി തുടങ്ങുന്ന 74 സായാഹ്‌ന കോടതികള്‍ക്കായി  148 തസ്തിക സൃഷ്ടിച്ചു.
  *സര്‍ക്കാരിന്റെ പുനരധിവാസ പാക്കേജ് അംഗീകരിച്ചു.


2011, നവംബർ 2, ബുധനാഴ്‌ച

മോണോ റെയില്‍പാതയുടെ ദൂരപരിധി കൂട്ടും: മുഖ്യമന്ത്രി


തിരുവനന്തപുരം: കഴക്കൂട്ടം മുതല്‍ ബാലരാമപുരം വരെ നടപ്പിലാക്കാനിരുന്ന മോണോ റെയില്‍പാതയുടെ ദൂരപരിധി കൂട്ടും. നേരത്തെ നിശ്ചയിച്ചിരുന്നത് 28 കിലോമീറ്ററാണ്. ഇപ്പോളത് നെയ്യാറ്റിന്‍കര വരെ നീട്ടാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പദ്ധതി സര്‍വെയ്ക്കായി നാറ്റ്പാക്കിനെ ചുമതലപ്പെടുത്തി. കോഴിക്കോടും മോണോ റെയില്‍പാതയുടെ സാധ്യതാപഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ഹൈക്കോടതിയുടെ നിയന്ത്രണത്തിലുള്ള നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസിന്റെ കെട്ടിടം പണി കാക്കനാട് പൂര്‍ത്തിയായിട്ടുണ്ട്. യൂണിവേഴ്‌സിറ്റി നിലവില്‍ വരുന്നത് വരെ ഹൈക്കോടതിക്ക് ആ കെട്ടിടങ്ങള്‍ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ വിട്ടുകൊടുത്തു.

സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഭൂമിയുടെ അവകാശികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് പുതുക്കി എഴുതിയ റീസെറ്റില്‍മെന്റ് ആന്‍ഡ് റീഹാബിലിറ്റേഷന്‍ (ആര്‍.ആന്‍ഡ്.ആര്‍) നിയമരേഖ സര്‍ക്കാര്‍ അംഗീകരിച്ചു. സ്ഥലം നല്‍കുന്നവരുടെ താത്പര്യങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കുന്നതാണ് പുതുക്കിയ രേഖ. അത് വിശദമായി റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പിന്നീട് പത്രസമ്മേളനത്തില്‍ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആര്‍. ബാലകൃഷ്ണ പിള്ളയെ ജയില്‍മോചിതനാക്കിയ കാര്യത്തില്‍ സര്‍ക്കാര്‍ നിയമവിരുദ്ധമായി യാതൊന്നും ചെയ്തിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. അക്കാര്യത്തില്‍ നിയമപരമായി സര്‍ക്കാരിനുള്ള അധികാരം മാത്രമേ വിനിയോഗിച്ചിട്ടുള്ളൂ. മുന്‍സര്‍ക്കാരുകള്‍ ഇതുപോലെ പലതവണ തീരുമാനമെടുത്തിട്ടുണ്ടൈന്നും അദ്ദേഹം പറഞ്ഞു.

അധികാരികള്‍ വിമര്‍ശങ്ങളോട് അസഹിഷ്ണുത കാട്ടരുത്-മുഖ്യമന്ത്രി



കോട്ടയം: അധികാരത്തിലിരിക്കുന്നവര്‍ വിമര്‍ശങ്ങളോട് അസഹിഷ്ണുത കാട്ടരുതെന്നും വിമര്‍ശങ്ങളാണ് തെറ്റുതിരുത്താനുള്ള മാര്‍ഗ്ഗമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. കോട്ടയം പ്രസ്‌ക്ലബ്ബിന്റെ റൂബി ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 'സഹിഷ്ണുതകാട്ടുകയെന്നത് ജനാധിപത്യത്തിന്റെ നിലനില്പിന് അത്യന്താപേക്ഷിതമാണ്. അതേസമയം വിമര്‍ശം സൃഷ്ടിപരമാകണമെന്നത് മാധ്യമങ്ങളുടെയും ബാധ്യതയാണ്. ഇതുരണ്ടും പരസ്പര പൂരകമാകുമ്പോഴാണ് ജനാധിപത്യം ശക്തമാകുന്നത്. യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊണ്ട് ക്രിയാത്മകമായ വിമര്‍ശങ്ങളാണ് മാധ്യമങ്ങള്‍ നടത്തേണ്ടത്. ഭരണാധികാരികളുടെ തെറ്റുകള്‍ തിരുത്താന്‍ അത്തരം വിമര്‍ശങ്ങള്‍ സഹായിക്കും'- അദ്ദേഹം പറഞ്ഞു.

പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. മാധ്യമരംഗത്തെ പുതിയ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ മാധ്യമപ്രവര്‍ത്തകര്‍ സദാ സജ്ജരായിരിക്കണമെന്ന് ആശംസാപ്രസംഗത്തില്‍ ധനകാര്യവകുപ്പ് മന്ത്രി കെ.എം.മാണി പറഞ്ഞു. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനമാണ് സമൂഹത്തിന്റെ പുരോഗതിക്ക് ആവശ്യമെന്നും അതില്‍ വ്യക്തിപരമായ കാര്യങ്ങള്‍ കടന്നുകൂടാന്‍ പാടില്ലെന്നും റവന്യു വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

നിസ്സാരമായ പ്രശ്‌നങ്ങളിലും വ്യക്തിപരമായ താല്പര്യങ്ങളിലുമൂന്നിയ വിമര്‍ശങ്ങള്‍ വികസനത്തിന്റെ ഗതിമാറ്റുമെന്ന് ഇന്‍ഫര്‍മേഷന്‍ വകുപ്പ് മന്ത്രി കെ.സി. ജോസഫ് അഭിപ്രായപ്പെട്ടു. മീഡിയ റേറ്റിങ്ങിനുവേണ്ടി മാത്രം വാര്‍ത്തകള്‍ ഉപയോഗിക്കുന്നരീതി നന്നല്ലെന്നും അദ്ദേഹം പറഞ്ഞു. ജനപ്രതിനിധികള്‍ വ്യക്തിപരമായ വിമര്‍ശങ്ങളില്‍ കുറച്ചുകൂടി മാന്യത പുലര്‍ത്തിയില്ലെങ്കില്‍ ജനാധിപത്യത്തിന്റെ ഭാവി അപകടത്തിലാകുമെന്ന് ജസ്റ്റിസ് കെ.ടി.തോമസ് അഭിപ്രായപ്പെട്ടു.

ജോസ് കെ. മാണി എം.പി., എല്‍.ഡി.എഫ്.കണ്‍വീനര്‍ വൈക്കം വിശ്വന്‍, നഗരസഭാധ്യക്ഷന്‍ സണ്ണി കല്ലൂര്‍, മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ്ബ്, മുതിര്‍ന്ന പത്രപ്രവര്‍ത്തകനും കോട്ടയം പ്രസ്‌ക്ലബ്ബിന്റെ സ്ഥാപക സെക്രട്ടറിയുമായ കെ.എം.റോയ്, പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറി മനോഹരന്‍ മോറായി, മുന്‍ എം.എല്‍.എ. വി.എന്‍.വാസവന്‍, എന്നിവരും പ്രസംഗിച്ചു.

2011, നവംബർ 1, ചൊവ്വാഴ്ച

ജേക്കബിന് ആയിരങ്ങളുടെ ആദരാഞ്ജലി

കൊച്ചി: ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ടി.എം.ജേക്കബ്ബിന് കേരളത്തിന്റെ ആദരാഞ്ജലി. എറണാകുളം ടൗണ്‍ഹാളില്‍ പൊതു ദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌ക്കാരിക-സിനിമാരംഗത്തെ പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിച്ചു. മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരില്‍ പലരും മരണവാര്‍ത്ത അറിഞ്ഞ ഉടന്‍തന്നെ ആസ്​പത്രിയിലേക്കെത്തി. ശവസംസ്‌ക്കാരം തീരുമാനിച്ചിരുന്നത് ചൊവ്വാഴ്ചയായിട്ട് കൂടി നിയമസഭാ സാമാജികര്‍ ഉള്‍പ്പെടെയുള്ളവര്‍ ഒറ്റയ്ക്കും കൂട്ടമായുമെല്ലാം തിങ്കളാഴ്ച തന്നെ എറണാകുളത്തെത്തി. ലേക് ഷോര്‍ ആസ്​പത്രിയില്‍ നിന്ന് തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് മൃതദേഹം പൊതുദര്‍ശനത്തിനായി എറണാകുളം ടൗണ്‍ഹാളിലെത്തിച്ചത്. ജില്ലയിലെ ആദ്യ പൊതുദര്‍ശനമായിരുന്നു ഇത്.


കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍, മന്ത്രിമാരായ കെ.എം.മാണി, കെ.ബാബു,
ആര്യടന്‍ മുഹമ്മദ്, പി.കെ.അബ്ദുറബ്ബ്, അടൂര്‍ പ്രകാശ്, കെ.സി.ജോസഫ്,
സി.എന്‍.ബാലകൃഷ്ണന്‍, ഷിബു ബേബി ജോണ്‍, വി.എസ്.ശിവകുമാര്‍,
യു.ഡി.എഫ്.കണ്‍വീനര്‍ പി.പി.തങ്കച്ചന്‍, കെ.പി.സി.സി.അധ്യക്ഷന്‍ രമേശ്
ചെന്നിത്തല, സോഷ്യലിസ്റ്റ് ജനത സംസ്ഥാന പ്രസിഡന്റ് എം.പി.വീരേന്ദ്രകുമാര്‍,
സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, നേതാക്കളായ ഇ.പി.ജയരാജന്‍,
എം.എം. ലോറന്‍സ്, തോമസ് ഐസക്, എം.വിജയകുമാര്‍, എസ്.ശര്‍മ്മ, എം.പി.മാരായ
പി.ടി.തോമസ്, പി.രാജീവ്, കെ.പി.ധനപാലന്‍, ജോസ് കെ.മാണി, ഹൈക്കോടതി ആക്ടിങ്
ചീഫ് ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായര്‍, അഡ്വ.ജനറല്‍ കെ.പി.ദണ്ഡപാണി,
പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ആസഫ് അലി, ജസ്റ്റിസ് പയസ് കുര്യാക്കോസ്,
ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത്, മുന്‍ കളക്ടര്‍ ഡോ.എം.ബീന,
നടന്‍മാരായ മമ്മൂട്ടി, സിദ്ദീഖ്, ജനാര്‍ദ്ദനന്‍, ഇടവേള ബാബു, വരാപ്പുഴ
അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഫ്രാന്‍സിസ് കല്ലറക്കല്‍, യു.ഡി.എഫ്. നേതാക്കളായ
എം.എം.ഹസന്‍, വി.എം.സുധീരന്‍, എ.വി.താമരാക്ഷന്‍, അഡ്വ.രാജന്‍ബാബു, ജോണി
നെല്ലൂര്‍, മുന്‍ മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍, ബി.ജെ.പി. സംസ്ഥാന
പ്രസിഡന്റ് വി.മുരളീധരന്‍, കൊച്ചി നഗരസഭാ മേയര്‍ ടോണി ചമ്മണി,
സോഷ്യലിസ്റ്റ് ജനത സംസ്ഥാന വൈസ് പ്രസിഡന്റ് ആലുങ്കല്‍ ദേവസ്സി, പ്രൊഫ.
വി.ജെ.പാപ്പു തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.



മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി.ചന്ദ്രന്‍, ഡയറക്ടര്‍ പി.വി.ഗംഗാധരന്‍
എന്നിവര്‍ റീത്ത് സമര്‍പ്പിച്ചു. ഡയറക്ടര്‍ പി.വി.നിധീഷിന് വേണ്ടിയും
റീത്ത് സമര്‍പ്പിക്കപ്പെട്ടു.



പിറവം സെന്റ് ജോസഫ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ മൃതദേഹം
പൊതുദര്‍ശനത്തിനുവച്ചപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി
അധ്യക്ഷന്‍ രമേശ് ചെന്നിത്തല, സ്​പീക്കര്‍ ജി. കാര്‍ത്തികേയന്‍, ഡെപ്യൂട്ടി
സ്​പീക്കര്‍ എന്‍. ശക്തന്‍, മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍,
പി.കെ. കുഞ്ഞാലിക്കുട്ടി, വി.കെ. ഇബ്രാഹിംകുഞ്ഞ്, വി.എസ്. ശിവകുമാര്‍,
കെ.പി. മോഹനന്‍, ഡോ. കെ.സി. ജോസഫ്, പി.ജെ. ജോസഫ്, കെ.ബി. ഗണേഷ്‌കുമാര്‍,
പി.കെ. ജയലക്ഷ്മി, എംപിമാരായ കെ. സുധാകരന്‍, പി.ടി. തോമസ്,
പീതാംബരക്കുറുപ്പ്, കൊടിക്കുന്നില്‍ സുരേഷ്, പ്രതിപക്ഷ ഉപനേതാവ് കോടിയേരി
ബാലകൃഷ്ണന്‍, ചീഫ് വിപ്പ് പി.സി. ജോര്‍ജ്, മാതൃഭൂമി ഡയറക്ടര്‍
മാര്‍ക്കറ്റിങ് ആന്‍ഡ് ഇലക്‌ട്രോണിക് മീഡിയ എം.വി. ശ്രേയാംസ്‌കുമാര്‍
എംഎല്‍എ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു.


2011, ഒക്‌ടോബർ 29, ശനിയാഴ്‌ച

ഗണേഷിന്റെ പ്രസ്താവന; മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചു

ഗണേഷിന്റെ പ്രസ്താവന; മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചു



തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനെതിരെ അസഭ്യവര്‍ഷം നടത്തിയ മന്ത്രി ഗണേഷ്‌കുമാറിന്റെ നടപടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ ഖേദം പ്രകടിപ്പിച്ചു. ഗണേഷിന്റെ പ്രസ്താവന നിര്‍ഭാഗ്യകരമായി പോയെന്നും ഇത് ഒരിക്കലും സര്‍ക്കാരിന്റെ അഭിപ്രായമല്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഒരു പ്രത്യേക സാഹചര്യത്തിലാണ് വി.എസിനെതിരെ പരാമര്‍ശങ്ങള്‍ നടത്തിയതെന്നും ഗണേഷിനോട് പ്രസ്താവന പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ഇതുസംബന്ധിച്ച് സഭയില്‍ വിശദീകരണം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വെള്ളിയാഴ്ച സഭ ആരംഭിച്ചപ്പോള്‍ തന്നെ ഗണേഷ് നടത്തിയ അഭിപ്രായപ്രകടനത്തില്‍ മുഖ്യമന്ത്രി നിയമസഭയില്‍ നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെടുകയായിരുന്നു.

മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്‌പീക്കര്‍ സഭാനടപടികളിലേക്ക് കടക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ നേരത്തെ ഇത്തരത്തില്‍ പ്രസ്താവന നടത്തിയ ഗണേഷ്‌കുമാറിന്റെ പിതാവും മുന്‍മന്ത്രിയുമായ ബാലകൃഷ്ണപിള്ളയെ പുറത്താക്കാന്‍ കരുണാകരന്‍ കാട്ടിയ ധൈര്യം ഉമ്മന്‍ചാണ്ടിക്കുണ്ടോ എന്നാണ് അറിയേണ്ടതെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

തുടര്‍ന്ന് ചോദ്യോത്തരവേള ആരംഭിച്ചെങ്കിലും പ്രതിപക്ഷം ബഹളം വെക്കാന്‍ തുടങ്ങി. ഗണേഷ്‌കുമാറിനെ സസ്‌പെന്റ് ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ സഭക്ക് പുറത്തു പറഞ്ഞ കാര്യത്തിന് സഭയില്‍ നിന്ന് സസ്‌പെന്റ് ചെയ്യാന്‍ കഴിയില്ലെന്ന് സ്‌പീക്കര്‍ അറിയിച്ചു.


ടെലിവിഷന്‍ അക്കാദമി സ്ഥാപിക്കും -മുഖ്യമന്ത്രി



തിരുവനന്തപുരം: ദൃശ്യമാധ്യമരംഗത്തേക്ക് കടന്നുവരുന്നവര്‍ക്ക് പരിശീലനം നല്‍കാന്‍ പ്രസ് അക്കാദമിയുടെ മാതൃകയില്‍ ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പിന്റെ കീഴില്‍ ടെലിവിഷന്‍ അക്കാദമി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ദൃശ്യമാധ്യമരംഗത്തെ വ്യവസായമായി പരിഗണിക്കുന്ന കാര്യം സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ദൃശ്യമാധ്യമ പ്രതിനിധികളുമായി ചര്‍ച്ച നടത്തുകയായിരുന്നു മുഖ്യമന്ത്രി.

ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ക്ക് അക്രഡിറ്റേഷന്‍ നല്‍കുന്നതിന് പ്രത്യേകം കമ്മറ്റി രൂപവത്കരിക്കുന്ന കാര്യം തത്വത്തില്‍ അംഗീകരിച്ചു. ഇലക്‌ട്രോണിക് മീഡിയ പാര്‍ക്ക് സ്ഥാപിക്കുന്നതിന് കളമശ്ശേരി എച്ച്.എം.ടി കാമ്പസില്‍ സ്ഥലം കണ്ടെത്തും. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ ചെറുക്കുന്നതിന് മന്ത്രി കെ.സി.ജോസഫ് ചെയര്‍മാനായി രൂപവത്കരിച്ച പോലീസ് മീഡിയ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ ദൃശ്യമാധ്യമപ്രതിനിധികളെയും ഉള്‍പ്പെടുത്തും.

സ്ത്രീകളെ സംബന്ധിച്ച വാര്‍ത്തകള്‍ നല്‍കുമ്പോള്‍ പ്രത്യേക കരുതലും ശ്രദ്ധയും ഉണ്ടാകണം. അങ്ങനെയല്ലാതെ വാര്‍ത്ത നല്‍കിയതിന്റെ ദുരനുഭവവുമായി തന്നെ വന്നുകണ്ടവരുടെ ദുരനുഭവങ്ങള്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സമുദായ സൗഹാര്‍ദം ഊട്ടിയുറപ്പിക്കുന്ന തരത്തില്‍ പോസിറ്റീവായ വാര്‍ത്തകള്‍ നല്‍കണം. നാടിന്റെ വികസനം ദൃശ്യമാധ്യമങ്ങളുടെ അജണ്ടയിലുണ്ടാകണം. പന്ത്രണ്ടാം പദ്ധതിയുടെ കരട് സമീപനരേഖ സംബന്ധിച്ച് മാധ്യമങ്ങള്‍ക്കും തങ്ങളുടെ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം. ഇതിനായി നവംബര്‍ 16ന് യോഗം വിളിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

2011, ഒക്‌ടോബർ 28, വെള്ളിയാഴ്‌ച

സ്മിതയുടെ മകളെ സര്‍ക്കാര്‍ സംരക്ഷിക്കും: മുഖ്യമന്ത്രി

സ്മിതയുടെ മകളെ സര്‍ക്കാര്‍ സംരക്ഷിക്കും: മുഖ്യമന്ത്രി

              

തിരുവനന്തപുരം: കായംകുളം ഓലകെട്ടി അമ്പലത്തില്‍ മാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ട സ്മിതയുടെ പതിനാലു വയസുകാരി മകളെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു. വിവരിക്കാനാവാത്ത ക്രൂരത കാട്ടിയ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്തുന്ന സമീപനം സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കി. സികെ സദാശിവന്റെ സബ്മിഷനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

മൃഗീയമായ കൊലപാതകമാണ് നടന്നത്. അവിടെ പൊലിസിന്റെയും ആശുപത്രി അധികൃതരുടേയും ഭാഗത്തുനിന്ന് വീഴ്ച്ച ഉണ്ടായി എന്ന എം.എല്‍.എയുടെ പരാതി പ്രത്യേകമായി പരിശോധിക്കും.സ്മിതയുടെ മരണത്തോടെ മകള്‍ അനാഥയായിരിക്കുന്നു.കുട്ടിയുടെ അച്ഛന്‍ നേരത്തെ മരിച്ചതാണ്. സ്മിതയുടെ മാതാപിതാക്കള്‍ മാത്രമാണ് തുണ. കുട്ടിയെ സംരക്ഷിക്കുന്നതു സംബന്ധിച്ച തീരുമാനം ഉടനുണ്ടാകും.


മഅദനിക്കു മാനുഷിക പരിഗണന ഉറപ്പാക്കാന്‍ ശ്രമിക്കും: മുഖ്യമന്ത്രി

മഅദനിക്കു മാനുഷിക പരിഗണന ഉറപ്പാക്കാന്‍ ശ്രമിക്കും: മുഖ്യമന്ത്രി
               


തിരുവനന്തപുരം: കര്‍ണാടകയില്‍ വിചാരണത്തടവുകാരനായ അബ്ദുല്‍ നാസര്‍ മഅദനിക്കു മാനുഷിക പരിഗണനയും ചികില്‍സയും ഉറപ്പുവരുത്താന്‍ സംസ്ഥാനസര്‍ക്കാര്‍ ശ്രമിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു. കോവൂര്‍ കുഞ്ഞുമോന്റെ സബ്മിഷനു മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

നേരത്തേ കോയമ്പത്തൂര്‍ ജയിലില്‍ അദ്ദേഹം അടയ്ക്കപ്പെട്ടപ്പോള്‍ ചികില്‍സയ്ക്കും മറ്റുമായി സാധ്യമായ എല്ലാ ഇടപെടലുകളും നടത്തിയിരുന്നു. ആ നിലയ്ക്കുള്ള ശ്രമങ്ങള്‍ തുടരുമെന്നു മുഖ്യമന്ത്രി പറഞ്ഞു. എന്‍ഡിഎഫിനെക്കുറിച്ച് ഉയര്‍ന്ന പരാതികള്‍ സര്‍ക്കാര്‍ പ്രത്യേകം പരിശോധിക്കുമെന്നു തീവ്രവാദസംഘടനകളുടെ സാമ്പത്തിക സ്രോതസ് കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന കെ.എം. ഷാജിയുടെ സബ്മിഷനില്‍  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

ഒരു തീവ്രവാദപ്രസ്ഥാനത്തെയും പ്രോല്‍സാഹിപ്പിക്കില്ല. നഗരസഭകള്‍ക്കു 30കോടി രൂപ അനുവദിക്കാന്‍ തീരുമാനിച്ചതായി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ അറിയിച്ചു. ധനവകുപ്പിന്റെ അനുമതി  ലഭിച്ചതായും വി.ഡി. സതീശന്റെ സബ്മിഷനു മറുപടിയായി മന്ത്രി പറഞ്ഞു.


വല്ലാര്‍പാടം പദ്ധതി: അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കുമെന്നു മുഖ്യമന്ത്രി

വല്ലാര്‍പാടം പദ്ധതി: അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കുമെന്നു മുഖ്യമന്ത്രി
               


തിരുവനന്തപുരം: വല്ലാര്‍പാടം ട്രാന്‍സ്ഷിപ്‌മെന്റ് കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പദ്ധതിക്കു സ്ഥലവും വീടും വിട്ടുകൊടുത്തവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു.

ആകെ 50.3 ഹെക്ടര്‍ സ്ഥലം ഏറ്റെടുത്തപ്പോള്‍ 297 കുടുംബങ്ങള്‍ക്കാണു വീടും പുരയിടവും നഷ്ടമായത്. മാതൃകാപരമായി ഇവരെ പുനരധിവസിപ്പിക്കും. നാലു മുതല്‍ ആറു വരെ സെന്റ് നല്‍കി. വീട് ആകുന്നതുവരെ പ്രതിമാസം 5000 രൂപ വീട്ടുവാടക ഇനത്തില്‍ ലഭിക്കും. സാധനങ്ങള്‍ മാറ്റുന്നതിനും മറ്റുമായി പതിനായിരം രൂപ നല്‍കി. വെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങള്‍ ഇവര്‍ക്കു ലഭ്യമാക്കുമെന്നും എസ്. ശര്‍മയുടെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിനു മുഖ്യമന്ത്രി മറുപടി നല്‍കി.

നഷ്ടപരിഹാരത്തുക ആദായനികുതിയില്‍ നിന്ന് ഒഴിവാക്കണമെന്നു കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വികസന ആവശ്യത്തിനു സ്ഥലം നല്‍കിയശേഷം അതിനു ലഭിക്കുന്ന തുകയ്ക്ക് ആദായനികുതി നല്‍കണമെന്നു പറഞ്ഞാല്‍ അതു ശരിയല്ല. ദുബായ് പോര്‍ട്ടുമായി ചേര്‍ന്നാണു പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്. അര്‍ഹരായവര്‍ക്കു തൊഴില്‍ നല്‍കണമെന്ന ആവശ്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. റയില്‍വേയുടെ നഷ്ടപരിഹാരത്തുക ലഭിച്ചെങ്കിലും ദേശീയപാത അതോറിറ്റിയുടെ തുക കിട്ടിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


ടൈറ്റാനിയം: പ്രതിപക്ഷത്തിന് ഇരട്ടത്താപ്പെന്ന് മുഖ്യമന്ത്രി

ടൈറ്റാനിയം: പ്രതിപക്ഷത്തിന് ഇരട്ടത്താപ്പെന്ന് മുഖ്യമന്ത്രി
               
തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സ് മലിനീകരണ നിയന്ത്രണ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതിപക്ഷത്തിന്റെ തനിനിറം പുറത്തുവന്നിരിക്കുകയാണെന്നു നിയമസഭയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇടതു സര്‍ക്കാരിന്റെ കാലത്തു ഹൈക്കോടതിയില്‍ സിബിഐ അന്വേഷണം വേണ്ടെന്നും മന്ത്രിസഭായോഗത്തില്‍ വകുപ്പുതല അന്വേഷണം മതിയെന്നും നിര്‍ദേശിച്ചവരാണ് ഇപ്പോള്‍ പ്രതിപക്ഷത്തിരിക്കുമ്പോള്‍ സിബിഐ അന്വേഷണത്തിനായി മുറവിളി മുഴക്കുന്നത്. ഈ ഇരട്ടത്താപ്പ് വ്യക്തമായിക്കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു.

ടി.എന്‍. പ്രതാപന്റെ സബ്മിഷനോടെയാണു ടൈറ്റാനിയം പ്രശ്‌നം വീണ്ടും സഭയില്‍ ഒച്ചപ്പാടുണ്ടാക്കിയത്. വിവാദവുമായി ബന്ധപ്പെട്ടു സിബിഐ അന്വേഷണം നടത്തേണ്ടതില്ലെന്നു ഹൈക്കോടതിയില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെകാലത്തു സത്യവാങ്മൂലം നല്‍കിയതായ വാര്‍ത്ത പുറത്തുവന്നിരിക്കുന്നുവെന്നു പ്രതാപന്‍ പറഞ്ഞു.

മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തപ്പോള്‍ വകുപ്പുതല അന്വേഷണം മതിയെന്നും തീരുമാനിച്ചു. ഇതെല്ലാം കഴിഞ്ഞശേഷമാണ് ഇവിടെ വന്നു നിയമസഭയെ തന്നെ കബളിപ്പിക്കുന്ന തരത്തില്‍ സിബിഐ അന്വേഷണ ആവശ്യം മുഴക്കുന്നതെന്നു പ്രതാപന്‍ ആരോപിച്ചു. ഇതു ശരിയാണെന്നു മുഖ്യമന്ത്രി മറുപടി നല്‍കി. വിജിലന്‍സ് അന്വേഷണം നടക്കുന്നുവെന്നും അതില്‍ തൃപ്തരാണെന്നും ഉള്ള മട്ടിലാണു ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.

കോടതി സിബിഐ അന്വേഷണ ആവശ്യം തള്ളിയപ്പോള്‍ അതിനെതിരെ അപ്പീല്‍ നല്‍കാനും എല്‍ഡിഎഫ് സര്‍ക്കാര്‍ തയാറായില്ല. തിരഞ്ഞെടുപ്പു പ്രഖ്യാപനം വരുന്നതിനു തൊട്ടുമുന്‍പ് ഇക്കാര്യത്തില്‍ വകുപ്പുതല അന്വേഷണത്തിനും എല്‍ഡിഎഫ് മന്ത്രിസഭ തീരുമാനിച്ചു. തിരക്കിട്ട് ഉത്തരവും ഇറക്കി. നിങ്ങള്‍ ഭരിക്കുമ്പോള്‍ വകുപ്പുതലം, ഞങ്ങള്‍ ഭരിക്കുമ്പോള്‍ സിബിഐ; ഇത് എന്തൊരു ഏര്‍പ്പാടാണ്? പദ്ധതിയില്‍ മാറ്റം വരുത്തുന്നതിന് എന്തുകൊണ്ടാണു മൂന്നു വര്‍ഷം എടുത്തത്? ഇതിനൊക്കെ പ്രതിപക്ഷം മറുപടി പറയണമെന്നു മുഖ്യമന്ത്രി പറഞ്ഞു.