UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2015 ഡിസംബർ 27, ഞായറാഴ്‌ച

ഉപാധിരഹിത പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം


തൊടുപുഴ: മലയോരകര്‍ഷകര്‍ക്ക് ഉപാധിരഹിത പട്ടയം നല്‍കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തൊടുപുഴയില്‍ ഗാന്ധിജി സ്റ്റഡിസെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കാര്‍ഷികമേള ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ഇതുവരെ വലിയൊരു ശതമാനം കര്‍ഷകര്‍ക്ക് പട്ടയങ്ങള്‍ നല്‍കി. ബാക്കിയുള്ളവര്‍ക്ക് പട്ടയങ്ങള്‍ നല്‍കുന്നതിനെക്കുറിച്ചും വ്യവസ്ഥകളില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ ഗൗരവമായാണു ചിന്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാര്‍ഷികമേഖലയിലുണ്ടാകുന്ന തളര്‍ച്ച കേരളത്തെ സാരമായി ബാധിക്കും. റബ്ബര്‍, നാളികേരം, നെല്ല് എന്നിവ പ്രതിസന്ധി നേരിടുകയാണ്. ഇവയുടെ നിലനില്പ് ഭദ്രമാക്കാന്‍ സര്‍ക്കാര്‍ വളരെയധികം പരിപാടികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.

രാജ്യത്തെ റബ്ബര്‍ ഉത്പാദനത്തിന്റെ 90 ശതമാനവും കേരളത്തിലാണ്. ചെറുകിട കര്‍ഷകരാണ് റബ്ബര്‍ ഉത്പാദകരില്‍ ഭൂരിപക്ഷവും. ഇവരുടെ സാമ്പത്തികനില തകരുന്നത് കേരളത്തെ അസ്ഥിരപ്പെടുത്തും. ഈ പ്രതിസന്ധി പരിഹരിക്കുന്നതിന് കിലോഗ്രാമിന് 150 രൂപ കര്‍ഷകന് ഉറപ്പാക്കി 300 കോടി രൂപ സബ്‌സിഡി ഇതിനോടകം അനുവദിച്ചുകഴിഞ്ഞു. വിപണിയില്‍ റബ്ബര്‍വില എത്ര താഴോട്ടുപോയാലും 150 രൂപ വില കര്‍ഷകന് ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കുമ്മനം അങ്ങനെ പറഞ്ഞിട്ടില്ലെങ്കില്‍ സന്തോഷിക്കുന്നു


തിരുവനന്തപുരം: ക്ഷേത്രപരിസരത്തെ കച്ചവടവുമായി ബന്ധപ്പെട്ട് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ വിവാദ പ്രസ്താവന നടത്തിയിട്ടില്ലെങ്കില്‍ ഏറ്റവുമധികം സന്തോഷിക്കുന്നത് താനാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കുമ്മനത്തിന്റെ വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. 

കുമ്മനത്തിന്റെ പ്രസ്താവനയെ മൃദുവായ ഭാഷയിലാണ് താന്‍ വിമര്‍ശിച്ചത്. ക്ഷേത്ര പരിസരത്തെ കച്ചവടവുമായി ബന്ധപ്പെട്ട് പ്രായോഗിക ബുദ്ധിമുട്ടെങ്കില്‍ പരിശോധിക്കാമെന്ന് പറഞ്ഞത് വഴിയിലോ മറ്റോ തടസ്സമുണ്ടെങ്കില്‍ പരിശോധിക്കാമെന്ന ലക്ഷ്യത്തോടെയാണ്. 

ഭരണഘടനയും ജനാധിപത്യവും നിലവില്‍ വരുന്നതിനു മുമ്പുതന്നെ ഈ നാട്ടിലെ ജനങ്ങള്‍ സൗഹൃദത്തോടെയാണ് കഴിഞ്ഞിരുന്നത്. ഇത് തകര്‍ക്കാന്‍ ആരും ശ്രമിക്കരുത്. ഒരു സമുദായത്തിന്റെ വിശ്വാസം മറ്റുള്ളവരെ ദോഷകരമായി ബാധിക്കരുത്. 

ചാനലുകളില്‍ കാണിച്ച കത്തിന്റെ പേരില്‍ അന്വേഷണത്തിനില്ല


തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിന് അയച്ചതായി ചാനലുകളില്‍ കാണിച്ച കത്തിന്റെ പേരില്‍ അന്വേഷണത്തിനില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കത്ത് കൈയില്‍ തന്നാല്‍ എന്തുവേണമെന്ന് പരിശോധിക്കുമെന്നും മന്ത്രിസഭാ യോഗത്തിനുശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

തന്റെ കൈയില്‍ കത്ത് കിട്ടിയിട്ടില്ല. അത് തന്നെ ആരും കാണിച്ചിട്ടുമില്ല. ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പത്രങ്ങളില്‍ വായിച്ചു.

കത്തിന്റെ കാര്യം രമേശ് ചെന്നിത്തല തന്നെ നിഷേധിച്ചിട്ടുണ്ടല്ലോ. ഇതെപ്പറ്റി സംശയിക്കേണ്ട ഒരു സാഹചര്യവുമില്ല - അദ്ദേഹം പറഞ്ഞു.

കത്ത് ചാനലുകളില്‍ കണ്ടില്ലേയെന്ന് ചോദ്യത്തിന് ചാനലുകള്‍ കാണാറില്ല, വെറുതെ മനഃസമാധാനം പോകണ്ടല്ലോ എന്നായിരുന്നു മറുപടി. രമേശ് ചെന്നിത്തല കത്തിന്റെ ഉറവിടം അന്വേഷിക്കുമെന്ന് പറഞ്ഞത് ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ രമേശിന് കൂടുതല്‍ വിവരങ്ങള്‍ കിട്ടിയിരിക്കാം എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കത്തിന്റെ കാര്യത്തില്‍ അന്വേഷണം വേണമെന്ന കെ.പി.സി.സി പ്രസിഡന്റിന്റെ നിര്‍ദ്ദേശം തള്ളുകയല്ലെന്നും അദ്ദേഹം പറഞ്ഞു.

2015 ഡിസംബർ 25, വെള്ളിയാഴ്‌ച

എല്ലാ മാസവും ക്ഷേമപെന്‍ഷന്‍ നല്‍കിയ ശേഷമേ ശമ്പളം വാങ്ങൂ


തിരുവനന്തപുരം: എല്ലാ മാസവും 18 ന് ക്ഷേമപെന്‍ഷനുകള്‍ നല്‍കുമെന്നും ഇക്കാര്യം ഉറപ്പാക്കിയ ശേഷമേ താന്‍ ശമ്പളം കൈപ്പറ്റൂവെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. എല്ലാ നിയന്ത്രണങ്ങളും എടുത്തുകളഞ്ഞ് ക്ഷേമപെന്‍ഷനെ ശമ്പളത്തിന്റെ ഗണത്തില്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. 

ഇതോടെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം എന്നതുപോലെ ക്ഷേമപെന്‍ഷന്‍ നിശ്ചിത സമയത്ത് നിയന്ത്രണമില്ലാതെ നല്‍കാനാകും. ജനവരി മുതല്‍ ഇതിന് പ്രാബല്യം നല്‍കും. 
ക്ഷേമപെന്‍ഷന് ആവശ്യമായ തുക ട്രഷറിക്ക് കൈമാറിയ ശേഷം എല്ലാ മാസവും ധനവകുപ്പ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കണം. ഇത് കിട്ടിയശേഷമേ തന്റെ ശമ്പളം ട്രഷറിയില്‍ നിന്ന് മാറുകയുള്ളുവെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം അദ്ദഹം പറഞ്ഞു. പെന്‍ഷന്‍ വിതരണം സംബന്ധിച്ച പരാതി ഇതോടെ ഇല്ലാതാകുമെന്നാണ് കരുതുന്നത്. 

എല്ലാ മാസവും 15 ന് മുമ്പ് പെന്‍ഷന്‍ നല്‍കുമെന്നാണ് നിയമസഭയെ അറിയിച്ചിരുന്നതെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായാണ് മൂന്നു ദിവസം കൂടി അനുവദിച്ചത്. പെന്‍ഷന്‍ പോസ്റ്റ് ഓഫീസ് വഴി വേണമോ ബാങ്ക് വഴി വേണമോ എന്നത് ഗുണഭോക്താവിന് തിരഞ്ഞെടുക്കാം. ഇതിനായി ഗുണഭോക്താക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 

നിലവിലുള്ള പെന്‍ഷന്‍ കുടിശ്ശിക സമയബന്ധിതമായി കൊടുത്തുതീര്‍ക്കും. ആറ് മുതല്‍ 11 മാസം വരെ പെന്‍ഷന്‍ കുടിശ്ശികയുണ്ട്. പെന്‍ഷന്‍ വിതരണത്തിനായി മാസം 200 കോടി രൂപ വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. 
പെന്‍ഷന്‍ വിതരണം നേരത്തെ തപാല്‍ വകുപ്പിനെ ഏല്‍പ്പിച്ചിരുന്നെങ്കിലും വിതരണം അപ്പാടെ താറുമാറായിരുന്നു. ഓണത്തിന് മുമ്പ് കൈമാറിയ പണം പോലും പല ഗുണഭോക്താക്കള്‍ക്കും നല്‍കാന്‍ തപാല്‍ വകുപ്പിന് കഴിഞ്ഞിരുന്നില്ല. 

സര്‍ക്കാര്‍ ഇടപെടലിനെത്തുടര്‍ന്ന് ഇപ്പോള്‍ വിതരണം വേഗത്തിലാക്കിയിട്ടുണ്ടെന്ന് തപാല്‍ വകുപ്പ് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. 32 ലക്ഷത്തോളം വരുന്ന ഗുണഭോക്താക്കള്‍ക്ക് യഥാസമയം പെന്‍ഷന്‍ വിതരണം ചെയ്യാനാകാതെ പോയത് തദ്ദേശ തിരഞ്ഞെടുപ്പിലും തിരിച്ചടിയായിട്ടുണ്ടെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇതേത്തുടര്‍ന്ന് തുടര്‍ച്ചയായുള്ള മന്ത്രിസഭാ യോഗങ്ങളില്‍ ഈ വിഷയം ചര്‍ച്ചക്കെടുത്തിരുന്നു.


എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നബിദിന - ക്രിസ്മസ് ആശംസകള്‍


തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മലയാളികള്‍ക്ക് നബിദിന ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു. സമാധാനവും നന്മയും പുലരാന്‍ ആഘോഷങ്ങള്‍ വഴിയൊരുക്കട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.

2015 ഡിസംബർ 24, വ്യാഴാഴ്‌ച

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കരുണാകരന്റെ പേരിടുന്നത് പരിഗണനയില്‍


തിരുവനന്തപുരം: നെടുമ്പാശ്ശേരി വിമാനത്താവളത്തിന് മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ പേര് നല്‍കുന്ന കാര്യം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇന്ദിരാഭവനില്‍ കെ. കരുണാകരന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം കെ. കരുണാകരന്റെ മാത്രം സംഭാവനയാണ്. നിക്ഷേപ-ലാഭാനുപാതം കണക്കാക്കിയാല്‍ നെടുമ്പാശ്ശേരി ലോകത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ നാലാമതാണ്. മറ്റു സംസ്ഥാനങ്ങളും ഈ മാതൃക സ്വീകരിച്ചുകഴിഞ്ഞു. പ്രവര്‍ത്തന രംഗങ്ങളിലെല്ലാം അദ്ദേഹം വിജയം നേടി. പ്രായോഗിക സമീപനം മൂലമാണ് അദ്ദേഹം ആ വിജയങ്ങള്‍ കൈവരിച്ചതെന്നും ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു.

2015 ഡിസംബർ 22, ചൊവ്വാഴ്ച

കുമ്മനത്തിന്റെ നിലപാട് പ്രതിഷേധാര്‍ഹം


തിരുവനന്തപുരം: കേരളത്തിന്റെ പാവനമായ സംസ്‌കൃതിയെ ഒറ്റയടിക്ക് ഇല്ലാതാക്കാനാണ് കുമ്മനം രാജശേഖരനെപ്പോലുള്ളവര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.

ആരാധനാലയങ്ങളുടെ പരിസരത്ത് അന്യമതസ്ഥരുടെ കച്ചവടം സംബന്ധിച്ച് പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ അത് പരിശോധിക്കും. കുറച്ചുകൂടി പക്വതയുള്ള സമീപനമാണ് ബി.ജെ.പി. നേതൃത്വത്തില്‍ നിന്ന് കേരളം പ്രതീക്ഷിച്ചത്. കേരളത്തിന്റെ ചരിത്രത്തേയും പാരമ്പര്യത്തേയും വിസ്മരിച്ച് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നടത്തുന്ന പ്രസ്താവനകള്‍ അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്-അദ്ദേഹം പറഞ്ഞു.

തിരുവിതാംകൂറിലെയും മലബാറിലെയും ക്ഷേത്രങ്ങളില്‍ വെളിച്ചെണ്ണയും ശര്‍ക്കരയും എത്തിച്ചിരുന്നത് ക്രിസ്ത്യന്‍, മുസ്ലിം കുടുംബങ്ങളാണ്. ഇപ്പോഴും പല ക്ഷേത്രങ്ങളിലും ഇത് തുടരുന്നു. ധാരാളം ക്ഷേത്രസമിതികളില്‍ മറ്റ് മതസ്ഥര്‍ ഭാരവാഹികളാണ്. വാവര്‍ പള്ളി സന്ദര്‍ശിച്ചശേഷം അയ്യപ്പഭക്തര്‍ ശബരിമലയ്ക്ക് പോകുകയും ധാരാളം അയ്യപ്പഭക്തര്‍ അര്‍ത്തുങ്കല്‍ പള്ളിയിലെത്തി മാല ഊരുകയും ചെയ്യാറുണ്ട്. സംസ്ഥാനത്തിന്റെ എല്ലായിടത്തും ഉത്സവങ്ങളിലും പെരുന്നാളുകളിലും എല്ലാവരും ഒന്നിച്ചാണ് പങ്കെടുക്കുന്നത്. നമ്മുടെ പൂര്‍വികര്‍ വിശാലമനസ്സോടെ സൃഷ്ടിച്ച ഇത്തരം പാവനമായ സംസ്‌കൃതികളെയാണ് ഒറ്റയടിക്ക് ഇല്ലാതാക്കാന്‍ കുമ്മനത്തെപ്പോലുള്ളവര്‍ ശ്രമിക്കുന്നത്.

വര്‍ഗീയ കലാപങ്ങള്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന നാടാണ് കേരളം. ആളിക്കത്തുമെന്ന് പ്രതീക്ഷിച്ച നിലയ്ക്കല്‍ വിഷയംപോലും സമചിത്തതയോടെ കൈകാര്യം ചെയ്യാന്‍ നമുക്ക് സാധിച്ചു-മുഖ്യമന്ത്രി പറഞ്ഞു.

പിന്നാക്കസമുദായങ്ങളുടെ പുരോഗതിക്ക് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം


കോട്ടയം: പിന്നാക്കസമുദായങ്ങളുടെ പുരോഗതിക്ക് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പിന്നാക്കവിഭാഗങ്ങളില്‍പ്പെട്ട ചെറുസമുദായങ്ങള്‍ സംഘടിതശക്തിയായി സമൂഹത്തിനു കൂടുതല്‍ നന്മചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വാധ്യായര്‍ മഹാസഭയുടെ വാര്‍ഷികവും സംസ്ഥാന വിദ്യാഭ്യാസ കാഷ് അവാര്‍ഡ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

2015 ഡിസംബർ 19, ശനിയാഴ്‌ച

ന്യൂനപക്ഷ ക്ഷേമം; സംസ്ഥാനം മുന്നില്‍


തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമത്തിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതികള്‍ നടപ്പാക്കിയതില്‍ കേരളം ഒന്നാം സ്ഥാനത്താണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ സംഘടിപ്പിച്ച ലോക ന്യൂനപക്ഷ അവകാശദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ന്യൂനപക്ഷങ്ങള്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും തുല്യനീതി ഉറപ്പുവരുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം- മുഖ്യമന്ത്രി പറഞ്ഞു. ന്യൂനപക്ഷ കമ്മിഷന്റെ വെബ്‌സൈറ്റ് മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു. 

2015 ഡിസംബർ 18, വെള്ളിയാഴ്‌ച

ശമ്പള പരിഷ്‌ക്കരണം ഉടന്‍ നടപ്പാക്കും


"ജീവനക്കാരെ വിശ്വാസത്തിലെടുത്തെ പരിഷ്‌ക്കരണം നടപ്പിലാക്കുകയുള്ളു. സര്‍ക്കാരിന്റെ ബുദ്ധിമുട്ട് ജീവനക്കാര്‍ മനസിലാക്കണം. ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന് അറിയാം"


സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം ജനവരി അവസാനമോ ഫിബ്രവരി ആദ്യമോ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ശമ്പള പരിഷ്‌ക്കരണം അട്ടിമറിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

സര്‍ക്കാരിന് സാമ്പത്തിക ബുദ്ധുമുട്ടുണ്ട്. ജീവനക്കാരെ വിശ്വാസത്തിലെടുത്തെ പരിഷ്‌ക്കരണം നടപ്പിലാക്കുകയുള്ളു. സര്‍ക്കാരിന്റെ ബുദ്ധിമുട്ട് ജീവനക്കാര്‍ മനസിലാക്കണം. ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന് അറിയാം. കമ്മീഷന്റെ അന്തിമ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

ഉമ്മന്‍ ചാണ്ടി നേരത്തെ യു.ഡി.എഫ് കണ്‍വീനറും ധനമന്ത്രിയുമായിരുന്ന കാലത്ത് ശമ്പള പരിഷ്‌ക്കരണം അട്ടിമറിച്ചിട്ടുണ്ടെന്നും  ഇപ്പോഴത്തെ ശമ്പള പരിഷ്‌ക്കരണവും അട്ടിമറിക്കാണ് ഉമ്മന്‍ ചാണ്ടി ശ്രമിക്കുന്നതെന്നും ഉള്ള  എ.കെ ബാലന്റെ ആരോപണം മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. 91 ല്‍ താന്‍ ധനകാര്യ മന്ത്രിയായിരുന്നപ്പോഴാണ് ശമ്പളപരിഷ്‌ക്കരണത്തിന് അഞ്ച് വര്‍ഷം എന്ന നയം മാറ്റിവെച്ച് പരിഷ്‌ക്കരണം നടപ്പിലാക്കിയതെന്ന് അദ്ദേഹം അവകാശപ്പെട്ടു. കഴിഞ്ഞ സര്‍ക്കാര്‍ ഫിബ്രവരി 26 നാണ് ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കിയതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.