UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2015 മാർച്ച് 16, തിങ്കളാഴ്‌ച

ഭിന്നശേഷിക്കാര്‍ സാങ്കേതിക വളര്‍ച്ചനേടണം


  ഭിന്നശേഷിക്കാര്‍ സാങ്കേതികമായ അറിവില്‍ ഉയര്‍ച്ച നേടേണ്ടത് അത്യാവശ്യമാണെന്നും ഇതിനായി സയന്‍സ് ആന്‍ഡ് ടെക്‌നോളജി വിഭാഗവുമായി സഹകരിച്ച് പ്രത്യേക സംവിധാനം രൂപികരിച്ചട്ടുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡ് (കെഎഫ്ബി) ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.     

മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ആകാശവാണി അവതാരക ലീലാമ്മ മാത്യു, കാഴ്ചയില്ലാത്തവരുടെ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്ത അനന്ദു ശശികുമാര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഇതോടനുബന്ധിച്ച് നടത്തിയ റേഡിയോ വിതരണം ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്തു.     

പ്രതിപക്ഷവുമായി ചര്‍ച്ചയ്ക്ക് തയ്യാര്

 
നിയമസഭയിലെ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷവുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

 എന്നാല്‍ പ്രതിപക്ഷത്തിന്‍റെ എല്ലാ വ്യവസ്ഥകളും അംഗീകരിക്കാനാകില്ല. വനിതാ എം.എല്‍.എ മാര്‍ക്കെതിരെയുണ്ടായ അക്രമം സംബന്ധിച്ച് പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നും അദ്ദേഹം ആറന്മുളയില്‍ പറഞ്ഞു.

 ബജറ്റ് അവതരണവേളയിലെ അക്രമസംഭവങ്ങളുടെ പ്രതിക്കൂട്ടില്‍നിന്നു രക്ഷപ്പെടാന്‍ യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരെ അടിസ്ഥാനരഹിത ആരോപണങ്ങളാണു പ്രതിപക്ഷം ഉന്നയിക്കുന്നതെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വെള്ളിയാഴ്ച ഒരുകുറ്റവും പറയാതിരുന്നവര്‍ ഇന്നലെ പുതിയ ആരോപണവുമായി വന്നതിന്റെ ലക്ഷ്യം വേറെയാണ്. 

പ്രതിപക്ഷത്തിന്റെ വെല്ലുവിളി ഏറ്റെടുക്കുകയാണ്, സഭയിലെ സംഭവങ്ങളുടെ ദൃശ്യം പരിശോധിക്കാന്‍ പ്രതിപക്ഷത്തെ ക്ഷണിക്കുകയാണ്. യുഡിഎഫിന്റെ ഏതെങ്കിലും എംഎല്‍എ അപമര്യാദയായി പെരുമാറിയോ എന്നു പരിശോധിക്കാം. ഇതിനു പ്രതിപക്ഷം തയാറല്ല. പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇതുവരെ ഇല്ലാത്ത ആരോപണങ്ങള്‍ ഭരണപക്ഷത്തിനെതിരെ ഉന്നയിച്ച് ആടിനെ പട്ടിയാക്കാനാണു പ്രതിപക്ഷം ശ്രമിച്ചത്. പ്രതിപക്ഷം സഭയുടെ എല്ലാ പരിപാവനതയും തകര്‍ത്തു. എല്ലാ മലയാളികള്‍ക്കും നാണക്കേടുണ്ടാക്കി. എന്നിട്ടും ഭരണപക്ഷ എംഎല്‍എമാര്‍ക്കെതിരെ പഴിചാരുന്നതിനു പ്രതിപക്ഷം വലിയവില നല്‍കേണ്ടിവരും. 

വിഷയവുമായി ബന്ധപ്പെട്ടു പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ സഭയില്‍ നടത്തിയ പ്രസംഗം ആ സ്ഥാനത്തിനു ചേര്‍ന്നതല്ല. അഞ്ചുപേര്‍ക്കെതിരെയാണ് സഭ നടപടിയെടുത്തത്. അവരോടു പുറത്തുപോകാന്‍ മൂന്നുതവണ സ്പീക്കര്‍ ആവശ്യപ്പെട്ടിട്ടും കേട്ടില്ല. വാച്ച് ആന്‍ഡ് വാര്‍ഡിനെ വിളിച്ചു പുറത്താക്കാതിരുന്നത് കഴിഞ്ഞദിവസത്തെപ്പോലെ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ്. വെള്ളിയാഴ്ച സഭയ്ക്കുള്ളില്‍  അക്രമംനടത്തിയ പ്രതിപക്ഷം പിറ്റേന്ന് ഹര്‍ത്താല്‍ നടത്താനാണു ശ്രമിച്ചത്. ജനങ്ങളെ മറന്നുകൊണ്ടുള്ള അവരുടെ പ്രവൃത്തികള്‍ മുഖംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


റാണി, ചിത്തിര കായലുകളെ സംസ്ഥാനത്തിന്റെ മാതൃകാ നെല്‍കൃഷി കേന്ദ്രമാക്കും

കുട്ടനാട്ടിലെ ചിത്തിരക്കായല്‍ പാടശേഖരത്തില്‍ നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കുന്നു.

നിശ്ചയദാര്‍ഢ്യവും മനക്കരുത്തും വിജയിച്ചു; ചിത്തിരക്കായലില്‍ നൂറുമേനി വിളവ്. കര്‍ഷകജനതയുടെ ആഹ്ലാദാരവങ്ങള്‍ക്കിടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ചിത്തിരപ്പള്ളിക്കു സമീപം കായല്‍നിലത്തിറങ്ങി മുഖ്യമന്ത്രി പൊന്‍കതിരുകള്‍ കൊയ്‌തെടുത്തു. രണ്ടു പതിറ്റാണ്ടിലേറെ തരിശായിക്കിടന്ന ചിത്തിരക്കായലില്‍ നെല്‍കൃഷി പുനരാരംഭിച്ച ശേഷമുള്ള ആദ്യത്തെ വിളവെടുപ്പാണു മുഖ്യമന്ത്രി നിര്‍വഹിച്ചത്. 

വലിയ സംതൃപ്തി നല്‍കുന്ന അഭിമാന മുഹൂര്‍ത്തമെന്നു വിളവെടുപ്പിനുശേഷം മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വലിയ കൂട്ടായ്മയുടെ വിജയമാണിത്-കുട്ടനാട്ടില്‍ കൃഷിക്കു തുടക്കമിട്ട മുരിക്കനെ അനുസ്മരിച്ചുകൊണ്ടു മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ കലക്ടര്‍ വഹിച്ച പങ്ക് എത്ര പ്രശംസിച്ചാലും മതിവരില്ല. കലക്ടര്‍ കര്‍ഷകമിത്രവും ജനകീയനുമായി മാറി. 

ചിത്തിരക്കായിലിലെ 325 ഹെക്ടറില്‍ 100 ഹെക്ടറിലാണ് ഇവണ കൃഷിയിറക്കിയത്. ഈ വര്‍ഷം തന്നെ ബാക്കി സ്ഥലത്തും തൊട്ടടുത്തുള്ള റാണി കായലിലും കൃഷി ചെയ്യണം. രണ്ടു കായലുകളെയും കേരളത്തിന്റെ മാതൃകാ നെല്‍കൃഷി കേന്ദ്രമാക്കുകയാണു ലക്ഷ്യം. നെല്ലു സംഭരിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് ഉടനെ വില ലഭിക്കാന്‍ മാത്രമായി 300 കോടി രൂപ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചതു നെല്‍കൃഷി ഉള്‍പ്പെടെ കാര്‍ഷിക മേഖലയെ നല്ലതുപോലെ കൊണ്ടുപോകാന്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളതിന്റെ തെളിവാണ്. നെല്ലിന്റെ സംഭരണവില കൂട്ടാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. നീരയുടെ വരവോടെ നാളികേര മേഖലയില്‍ വലിയ മാറ്റമുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ചിത്തിരക്കായല്‍ മാതൃകയില്‍ ജില്ലയില്‍ തരിശുനിലം കൃഷിയോഗ്യമാക്കാനുള്ള വിപുലമായ പദ്ധതി തയാറാക്കാന്‍ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അധ്യക്ഷത വഹിച്ച മന്ത്രി കെ.പി. മോഹനന്‍ പറഞ്ഞു. ചിത്തിരക്കായലില്‍ കൃഷി ചെയ്യാന്‍ മുന്നിട്ടിറങ്ങി വിജയിപ്പിച്ച കര്‍ഷക പ്രമുഖന്‍ ജോസ് ജോണ്‍ വെങ്ങാന്തറയെയും നെല്ലുല്‍പാദക സമിതി പ്രസിഡന്റ് വി. മോഹന്‍ദാസിനെയും തോമസ് ചാണ്ടി എംഎല്‍എ ആദരിച്ചു. 

ഗവര്‍ണറുടെ പ്രതികരണം സര്‍ക്കാരിനെതിരല്ല


 ബജറ്റ് ദിനം നിയമസഭയില്‍ നടന്ന സംഭവങ്ങളെക്കുറിച്ചുള്ള ഗവര്‍ണറുടെ പ്രതികരണം സര്‍ക്കാരിനെതിരല്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്തു പ്രശ്‌നത്തിനു പരിഹാരം കാണാന്‍ പ്രതിപക്ഷം തയാറാകണം. സംസ്ഥാനത്തു നിലവില്‍ 356-ാം വകുപ്പിനുള്ള സാധ്യതയില്ല. അതേസമയം ഇതു സംബന്ധിച്ചു സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെ അഭിപ്രായത്തോടു വിയോജിപ്പാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.    
നിയമസഭയിലുണ്ടായ സംഭവങ്ങള്‍ ലോകം മുഴുവന്‍ വ്യക്തമായി കണ്ടതാണ്. ഇതു സംബന്ധിച്ചു ജനഹിതം മാനിച്ചുള്ള നടപടി സ്വീകരിക്കും. ബജറ്റനുസരിച്ചു സംസ്ഥാനത്തു വന്‍ വില വര്‍ധനയുണ്ടാകുമെന്ന ജനങ്ങളുടെ ആശങ്ക ഗൗരവമായി പരിഗണിക്കും. അരുവിക്കരയിലെ ഉപതിരഞ്ഞെടുപ്പു സംബന്ധിച്ചു യുഡിഎഫില്‍ അഭിപ്രായവ്യത്യാസമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തെറ്റു തിരുത്താത്ത പാര്‍ട്ടിയാണ് സിപിഎം

ശിവദാസന്‍ നായരുടെ വീട് ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു   
നിയമസഭയിലെ അനിഷ്ട സംഭവങ്ങളെ തുടര്‍ന്ന് ആക്രമിക്കപ്പെട്ട കെ. ശിവദാസന്‍നായര്‍ എംഎല്‍എയുടെ വീട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചപ്പോള്‍. ഡിസിസി പ്രസിഡന്റ് പി. മോഹന്‍രാജ്, ശിവദാസന്‍നായരുടെ ഭാര്യ പ്രഫ. കെ. ലളിതമ്മ എന്നിവര്‍ സമീപം.

 ഇടതുമുന്നണി പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞ കെ. ശിവദാസന്‍ നായര്‍ എംഎല്‍എയുടെ വീട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു. തെറ്റു തിരുത്താത്ത പാര്‍ട്ടിയാണ് സിപിഎം എന്നു മുഖ്യമന്ത്രി പറഞ്ഞു. ബജറ്റ് ഗവര്‍ണര്‍ അംഗീകരിച്ചതോടെ സമരത്തിന്റെ ജാള്യം മറയ്ക്കാനാണ് യുഡിഎഫ് എംഎല്‍എമാരുടെയും ബന്ധുക്കളുടെയും വീടാക്രമിക്കുന്നത്. സമാധാന ചര്‍ച്ചയ്ക്ക് യുഡിഎഫ് തയാറാണെന്നും എന്നാല്‍, വഴിവിട്ട കാര്യങ്ങള്‍ അംഗീകരിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. അക്രമങ്ങള്‍ കൊണ്ട് യുഡിഎഫ് തകരില്ലെന്നും ജനവികാരം മാനിച്ചു മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഡിസിസി പ്രസിഡന്റ് പി. മോഹന്‍രാജ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷാം കുരുവിള എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

പി. സി. വിഷ്ണുനാഥ് എംഎല്‍എ, മാന്നാര്‍ അബ്ദുല്‍ ലത്തീഫ്, പഴകുളം മധു, ജില്ലാ പൊലീസ് മേധാവി ടി. നാരായണന്‍ എന്നിവരും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. മുഖ്യമന്ത്രി  എത്തുമ്പോള്‍ ശിവദാസന്‍ നായരുടെ ഭാര്യ പ്രഫ. കെ. ലളിതമ്മ, ഇളയ മകള്‍, ചെറുമക്കള്‍, അടുത്ത ബന്ധുക്കള്‍ എന്നിവര്‍ മാത്രമേ  വീട്ടിലുണ്ടായിരുന്നുള്ളു. സഹകരണ കാര്‍ഷിക വികസന ബാങ്കിന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശിവദാസന്‍ നായര്‍ ഇന്നലെ രാവിലെ ഡല്‍ഹിക്കു പുറപ്പെട്ടിരുന്നു.

നിയമസഭയിലെ അതിക്രമങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കും


നിയമസഭയില് ബജറ്റുമായി ബന്ധപ്പെട്ടു നടന്ന സംഘര്‍ഷത്തെക്കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഗവര്‍ണര്‍ പി.സദാശിവത്തെ കണ്ട് വിശദീകരണം നല്കി.

ഞായറാഴ്ച രാത്രി ഒമ്പതരയോടെ രാജ്ഭവനിലെത്തിയാണ് എഴുതിത്തയ്യാറാക്കിയ വിശദീകരണം ഗവര്‍ണര്‍ക്ക് നല്‍കിയത്. നിയമസഭയില്‍ നടന്ന സംഭവങ്ങളില്‍, സര്‍ക്കാരിന്റെ നിലപാടും നിര്‍ദ്ദേശങ്ങളും ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. 

നിയമസഭയിലെ അതിക്രമങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി നല്കിയ വിശദീകരണത്തില്‍ പറയുന്നു. ഭരണപരമായ പ്രതിസന്ധി നിലവിലില്ല. ബജറ്റിന്റെ നടപടിക്രമങ്ങള്‍ നിശ്ചിത സമയത്തിനകം പൂര്‍ത്തിയാക്കും. മാര്‍ച്ച് 31നകം വോട്ട് ഓണ്‍ അക്കൗണ്ടും ധനാഭ്യര്‍ത്ഥനകളും പാസ്സാക്കും. 

എം.എല്‍ എ.മാര്‍ക്ക് പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പാക്കും. സഭാനടപടികളുമായി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചു.

ഗവര്‍ണറെ കണ്ട ശേഷം ക്ലിഫ്ഹൗസില് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര മന്ത്രിതലയോഗം ചേര്‍ന്നു. മന്ത്രിമാരായ കെ.എം.മാണി, പി.കെ.കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, കെ.സി.ജോസഫ് തുടങ്ങിയവരുമായാണ് ചര്‍ച്ച നടത്തിയത്. സഭ ചേരുന്നതിനുമുമ്പ് തിങ്കളാഴ്ച രാവിലെ യു.ഡി.എഫ്. കക്ഷിനേതാക്കളുടെ യോഗവും ചേരുന്നുണ്ട്.

2015 മാർച്ച് 15, ഞായറാഴ്‌ച

ബജറ്റ് അവതരിപ്പിച്ചത് നടപടിക്രമങ്ങൾ പാലിച്ച്


എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് ബജറ്റ് അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രതിപക്ഷത്തുള്ള ആരെങ്കിലും പറഞ്ഞാല്‍ അത് ബജറ്റല്ലാതാവില്ലെന്നും അദ്ദേഹം പറഞ്ഞു. 

വനിതാ എംഎല്‍എമാരെ ചാവേറാക്കിയവര്‍ മറുപടി പറയട്ടെ


 പ്രതിപക്ഷ വനിതാ എംഎല്‍എമാരുടെ നേരെ ഭരണകക്ഷി എംഎല്‍എമാര്‍ നിയമസഭയില്‍ ബലപ്രയോഗം നടത്തി എന്ന ആരോപണത്തിനു മറുപടി പറയേണ്ടത് അവരെ ചാവേറുകളാക്കിയ പ്രതിപക്ഷ നേതൃത്വമാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. 

ഒരു ഭരണകക്ഷി എംഎല്‍എയും പ്രതിപക്ഷമിരിക്കുന്ന ഭാഗത്തേക്കു പോയിട്ടില്ലെന്നു വാര്‍ത്താ ചാനലുകളുടെ വിഡിയോ ചിത്രങ്ങളില്‍ നിന്നു വ്യക്തമാണ്. വനിതാ എംഎല്‍എമാര്‍ കെ. ശിവദാസന്‍നായരെ കടിക്കുന്നതും വാഹിദിന്റെ പോക്കറ്റ് വലിച്ചുകീറുന്നതുമൊക്കെ ചിത്രങ്ങളായി ഉണ്ട്. ഇതിനൊക്കെ അവരെ ചുമതലപ്പെടുത്തിയത് ആരാണെന്നു നേതൃത്വം പറയട്ടെ 

സമന്വയത്തിന്റെ വഴി തങ്കച്ചനെ പ്രിയങ്കരനാക്കി


പെരുമ്പാവൂര്‍: പാര്‍ട്ടിയിലെ ഏതൊരു ഉത്തരവാദിത്വം ഏറ്റെടുത്താലും വിവാദത്തിന് ഇട നല്‍കാതെ അത് നിര്‍വഹിക്കുന്നതാണ് പി.പി. തങ്കച്ചന്റെ വ്യക്തിത്വമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പി.പി. തങ്കച്ചന്റെ ജന്മദിന ജൂബിലിയാഘോഷങ്ങള്‍ പെരുമ്പാവൂരില്‍ ഉദ്ഘാടനം ചെയ്യുഹം1കയായിരുന്നു മുഖ്യമന്ത്രി.

എന്നും വ്യക്തിബന്ധങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന രീതിയാണ് തങ്കച്ചനെ പ്രിയങ്കരനാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയ താത്പര്യം മുന്‍നിര്‍ത്തി എല്ലാവരുടേയും അഭിപ്രായം സമന്വയിപ്പിച്ച് അദ്ദേഹം മുന്നോട്ടുപോകുന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ വിദ്വേഷത്തിനു സ്ഥാനമില്ലെന്ന് അദ്ദേഹം വിശ്വസിക്കുന്നതാണ്, ഈ ജന്മദിനാഘോഷത്തില്‍ കാണുന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പങ്കാളിത്തമെന്നും മുഖ്യമന്ത്രി പറഞ്ഞ.

ഹര്‍ത്താല്‍ ജാള്യം മറയ്ക്കാന്‍


കേരളത്തിനാകെ അപമാനം ഉണ്ടാക്കിയ സംഭവപരമ്പരകളുടെയും മറ്റൊരു സമരപരാജയത്തിന്റെയും ജാള്യം മറയ്ക്കാനാണ് ഇടതുമുന്നണി ഹര്‍ത്താല്‍ നടത്തിയതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കഴിഞ്ഞകാല അനുഭവങ്ങളില്‍നിന്ന് സി.പി.എമ്മിന്റെയും സി.പി.ഐയുടെയും പുതിയ നേതൃത്വം ഒന്നും പഠിച്ചില്ല.

ജനാധിപത്യ സംവിധാനങ്ങളിലോ ഭരണഘടനാ സ്ഥാപനങ്ങളിലോ തങ്ങള്‍ക്ക് വിശ്വാസമില്ലെന്ന് അവര്‍ വീണ്ടും തെളിയിച്ചു. സമര തോല്‍വികളും തിരഞ്ഞെടുപ്പ് തിരിച്ചടികളും അവരുടെ കണ്ണ് തുറപ്പിക്കുന്നില്ല. ജനാധിപത്യത്തെ കൈയൂക്കുകൊണ്ട് ഭീകരാവസ്ഥ സൃഷ്ടിച്ചും ജനങ്ങളെ ഭയപ്പെടുത്തിയുമുള്ള കണ്ണൂര്‍ ശൈലി സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന് മൊത്തം നാണക്കേടുണ്ടാക്കിയ നിയമസഭയിലെ സംഭവങ്ങളില്‍ വിദേശമലയാളികളും ഏറെ ദുഃഖിതരാണ്. തല ഉയര്‍ത്തി നടന്ന മലയാളികള്‍ക്ക് ഇന്ന് തലകുനിച്ചുനടക്കേണ്ട സാഹചര്യം സൃഷ്ടിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്വം ഇടതുമുന്നണിക്കുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.