UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2012 ഏപ്രിൽ 26, വ്യാഴാഴ്‌ച

കോഴിക്കോട് മോണോറെയില്‍: പ്രോജക്ട് റിപ്പോര്‍ട്ട് ജൂണ്‍ 15 നകം

 

കോഴിക്കോട് മോണോറെയില്‍: പ്രോജക്ട് റിപ്പോര്‍ട്ട് ജൂണ്‍ 15 നകം


 


തിരുവനന്തപുരം: കോഴിക്കോട് മോണോറെയിലിന്റെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് ജൂണ്‍ 15 നകം സമര്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇ.ശ്രീധരനോട് നിര്‍ദേശിച്ചു. മോണോറെയില്‍ സംബന്ധിച്ച് ചേര്‍ന്ന അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റെടുക്കാനുള്ള സ്ഥലങ്ങളുടെ വിശദാംശങ്ങള്‍ പതിനഞ്ച് ദിവസത്തിനകം സര്‍ക്കാരിന് സമര്‍പ്പിക്കണം. റെയില്‍വേയുടെ സ്ഥലം ഉപയോഗിക്കുന്നതിനുള്ള അനുവാദം വാങ്ങുന്നതിന് ഡല്‍ഹിയില്‍ റെയില്‍വെ മന്ത്രി ഉള്‍പ്പെട്ട യോഗം ചേരുകയും ഇക്കാര്യം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. യോഗത്തില്‍ മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, അടൂര്‍ പ്രകാശ്, പി.കെ.കുഞ്ഞാലിക്കുട്ടി,ഡോ.എം.കെ.മുനീര്‍, പി.കെ.അബ്ദുറബ്ബ്, വി.കെ.ഇബ്രാഹിംകുഞ്ഞ്, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

2012 ഏപ്രിൽ 25, ബുധനാഴ്‌ച

കടലിലെ കൊല: ക്രിമിനല്‍കേസ് തുടരും

കടലിലെ കൊല: ക്രിമിനല്‍കേസ് തുടരും 


 


കൊച്ചി: കടലിലെ വെടിവെയ്പ്പ്രശ്‌നത്തില്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥയുണ്ടാക്കിയതില്‍ സര്‍ക്കാരിന് പങ്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെടിവെച്ചവര്‍ക്കെതിരെയുള്ള ക്രിമിനല്‍ കേസുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. ക്രിമിനല്‍ കേസ് ഒത്തുതീര്‍ക്കുവാനുള്ള വ്യവസ്ഥ ഇന്ത്യന്‍നിയമത്തില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

നെയ്യാറ്റിന്‍കര ഭരണത്തിന്റെ വിലയിരുത്തലാകും

നെയ്യാറ്റിന്‍കര ഭരണത്തിന്റെ വിലയിരുത്തലാകും 

 


കൊച്ചി: നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഏത് ഉപതിരഞ്ഞെടുപ്പും ഭരണപക്ഷത്തിന്‍േറയും പ്രതിപക്ഷത്തിന്‍േറയും വിലയിരുത്തലായിരിക്കും. പിറവത്ത് വിലയിരുത്തുമെന്ന് ഞങ്ങളും പ്രതിപക്ഷവും ഒരുപോലെ പറഞ്ഞിരുന്നു. പിറവത്തെന്നപോലെ നെയ്യാറ്റിന്‍കരയിലും യുഡിഎഫിനനുകൂലമായ വിലയിരുത്തലുണ്ടാകും. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോഴിക്കോട് സര്‍വ്വകലാശാല ഭൂമി കൈമാറ്റ പ്രശ്‌നത്തില്‍, സര്‍ക്കാര്‍ അറിയാതെ ഒരുതുണ്ട് ഭൂമിപോലും കൈമാറുവാന്‍ സര്‍വ്വകലാശാലയ്ക്കാവില്ലെന്ന് അദ്ദേഹം പറഞ്ഞു. സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ തീരുമാനിച്ചതുകൊണ്ട് മാത്രം ഭൂമി കൈമാറ്റം പൂര്‍ത്തിയാവില്ല. കേരളത്തിലെ ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്നാണ് ഭൂമിപ്രശ്‌നം. എന്നാല്‍ സര്‍ക്കാര്‍ ഭൂമി നഷ്ടപ്പെടാതെ സര്‍ക്കാര്‍ തന്നെ സംരക്ഷിക്കും.

പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കും

പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കും

 




തിരുവനന്തപുരം: ഫണ്ട് വിനിയോഗത്തിന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പഞ്ചായത്ത് ദിനാഘോഷവും സ്വരാജ് ട്രോഫി വിതരണ ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിയന്ത്രണങ്ങളില്ലാതെ ചെലവഴിക്കാന്‍ പഞ്ചായത്തുകള്‍ക്ക് ഇപ്പോള്‍ പദ്ധതി വിഹിതത്തിന്റെ 20 ശതമാനം നല്‍കുന്നുണ്ട്. ഇത് കാര്യക്ഷമമായി ഉപയോഗിച്ചാല്‍ കൂടുതല്‍ തുക നല്‍കുന്ന കാര്യം പരിഗണിക്കും. പദ്ധതി വിഹിതം ചെലവഴിക്കുന്നതിലുള്ള പ്രായോഗിക പ്രശ്‌നങ്ങള്‍ ഓരോന്നും പരിഹരിച്ചു വരികയാണ്. കഴിഞ്ഞ വര്‍ഷം 95 ശതമാനം പദ്ധതി വിഹിതം ചെലവഴിച്ചത് അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു.

മന്ത്രി എം.കെ. മുനീര്‍ അധ്യക്ഷത വഹിച്ചു. ഇ-ഗവേണിങ് സിസ്റ്റം പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കണമെന്ന് മന്ത്രി കെ.എം.മാണി അഭിപ്രായപ്പെട്ടു. പോസ്റ്റ് ഓഫീസ് വഴി വസ്തു നികുതി സ്വീകരിക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഈ വര്‍ഷം 3000 ഗ്രീന്‍ഹൗസുകള്‍ സ്ഥാപിക്കുമെന്ന് മാണി പറഞ്ഞു. പഞ്ചായത്തുകള്‍ ഇതിന് മുന്‍കൈയെടുക്കണം.

ശുചിത്വഗ്രാമം, ഹരിതഗ്രാമം പദ്ധതിയുടെ ലോഗോ മന്ത്രി വി.എസ്.ശിവകുമാര്‍ പ്രകാശനം ചെയ്തു. മഴക്കാലത്തിനു മുന്‍പ് മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ഉര്‍ജിതമാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ 27ന് യോഗം ചേരുമെന്ന് അദ്ദേഹം പറഞ്ഞു. 'പഞ്ചായത്തീരാജ്' മാസികയുടെ പ്രത്യേക പതിപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍ പ്രകാശനം ചെയ്തു. അവതരണഗാന സി.ഡി മഞ്ഞളാംകുഴി അലി പ്രകാശനം ചെയ്തു. ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ശോഭകോശി, ഗ്രാമപ്പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി. മാത്യു, ജനറല്‍ സെക്രട്ടറി സൂപ്പി നരിക്കാട്ടേരി എന്നിവര്‍ പ്രസംഗിച്ചു. മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സ്വരാജ് ട്രോഫികള്‍ സ്​പീക്കര്‍ ജി. കാര്‍ത്തികേയന്‍ വിതരണം ചെയ്തു.

2012 ഏപ്രിൽ 22, ഞായറാഴ്‌ച

കെ.ആര്‍. നാരായണന്‍ കേരളത്തിന്റെ അഭിമാനം

കെ.ആര്‍. നാരായണന്‍ കേരളത്തിന്റെ അഭിമാനം

 

കൊച്ചി: മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്‍ കേരളത്തിന്റെ അഭിമാനമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കോട്ടയത്ത് സ്ഥാപിക്കുന്ന കെ.ആര്‍. നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്ട്‌സ് കോളേജിന്റെ രൂപവത്കരണവുമായി ബന്ധപ്പെട്ട് ഗസ്റ്റ് ഹൗസില്‍ നടന്ന ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യക്കു പുറത്തും കേരളത്തിന്റെ യശസ്സ് പരത്തിയ വ്യക്തിത്വമായിരുന്നു കെ.ആര്‍. നാരായണന്‍. നിര്‍മിക്കാനിരിക്കുന്ന കോളേജിന്റെ രൂപരേഖ ചടങ്ങില്‍ അവതരിപ്പിച്ചു. 

തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തില്‍ 20 ശതമാനം ഉപാധിരഹിതമായി നല്‍കും

തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തില്‍ 20 ശതമാനം ഉപാധിരഹിതമായി നല്‍കും 

 

കൊച്ചി: തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള പദ്ധതി വിഹിതത്തില്‍ 20 ശതമാനം ഈ വര്‍ഷം ഉപാധി രഹിതമായി നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഈ തുക പഞ്ചായത്തുകള്‍ക്ക് ഇഷ്ടപ്രകാരം വിനിയോഗിക്കാനാവും. തുക എത്രമാത്രം ഫലപ്രദമായി ഉപയോഗിച്ചുവെന്ന് പരിശോധിച്ച്, അടുത്ത വര്‍ഷം വര്‍ധിപ്പിച്ചു നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് മഹാപഞ്ചായത്ത് എറണാകുളം മറൈന്‍ ഡ്രൈവില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പദ്ധതി നടത്തിപ്പ് സുഗമമാക്കുന്നതിനായി വിദഗ്ദ്ധസമിതികള്‍ വേണ്ടെന്ന് വെക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വാര്‍ഷിക പദ്ധതികള്‍ക്ക് പകരം തദ്ദേശ സ്ഥാപനങ്ങള്‍ക്കും പഞ്ചവത്സര പദ്ധതി നടപ്പാക്കും. 12-ാം പദ്ധതി മുതല്‍ ഇത് നടപ്പാക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള വേദിയായി ഗ്രാമസഭകള്‍ മാറണം. ജനങ്ങള്‍ക്ക് ഈ പദ്ധതികളില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ പരമാവധി ലഭിക്കുന്നതിനായി അവരെ കാര്യങ്ങള്‍ പഠിപ്പിക്കണം. അനാവശ്യ രാഷ്ട്രീയ വിവാദങ്ങളും ആനുകൂല്യ വിതരണം സംബന്ധിച്ച തര്‍ക്കങ്ങളുമാണ് ഗ്രാമസഭകള്‍ പ്രധാനമായും നേരിടുന്ന പ്രശ്‌നം. കൊച്ചുകൊച്ചു കാര്യങ്ങളുടെ പേരില്‍ തര്‍ക്കിക്കാതെ വലിയ പദ്ധതികളുടെ ഗുണം ജനങ്ങളിലെത്തിക്കാന്‍ ഗ്രാമസഭകള്‍ പ്രവര്‍ത്തിക്കണം - ഉമ്മന്‍ചാണ്ടി പറഞ്ഞു.

അഡീ.സോളിസിറ്റര്‍ ജനറലിന്റെ വാദം കേന്ദ്ര നിലപാടല്ല

അഡീ.സോളിസിറ്റര്‍ ജനറലിന്റെ വാദം കേന്ദ്ര നിലപാടല്ല


അഡീ.സോളിസിറ്റര്‍ ജനറലിന്റെ വാദം കേന്ദ്ര നിലപാടല്ല: മുഖ്യമന്ത്രി

കൊച്ചി: സുപ്രീംകോടതിയില്‍ കഴിഞ്ഞ ദിവസം അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹാരേന്‍ പി റാവല്‍ ബോധിപ്പിച്ച വാദം കേന്ദ്ര സര്‍ക്കാരിന്റെ നിലപാടല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കൊച്ചിയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കടല്‍ കൊലയുമായി ബന്ധപ്പെട്ട് കേരളമെടുത്ത നടപടികള്‍ കേന്ദ്രത്തെ യഥാസമയം അറിയിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ അതിന് അംഗീകാരം നല്‍കിയിരുന്നു. ഹൈകോടതിയിലാണ് കേസ് ആദ്യമായി എത്തിയത്. അന്നും കേന്ദ്രം പിന്തുണച്ചിരുന്നു. കഴിഞ്ഞ ദിവസം താന്‍ അറ്റോര്‍ണി ജനറലിനെ ഫോണില്‍ വിളിച്ച് പ്രതിഷേധം അറിയിച്ചു. ഉചിത നടപടിയെടുക്കാമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയിട്ടുണ്ട്് . കേസിന്റെ തുടര്‍ നടപടികളില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനെ ഒരു കാരണവശാലും ഏല്‍പ്പിക്കരുതെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

കടല്‍ കൊല: റാവലിനെ മാറ്റണമെന്ന് മുഖ്യമന്ത്രി

കടല്‍ കൊല: റാവലിനെ മാറ്റണമെന്ന് മുഖ്യമന്ത്രി

കടല്‍ കൊല: റാവലിനെ മാറ്റണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇറ്റാലിയന്‍ കപ്പലിലെ നാവികരുടെ വെടിയേറ്റ് മലയാളികളായ രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിക്കാനിടയായ സംഭവത്തില്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകളുടെ നിലപാടിന് വിരുദ്ധമായി സുപ്രീംകോടതിയില്‍ കേസ് വാദിച്ച അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഹരിന്‍ റാവലിനെ കേസില്‍ തുടര്‍ന്ന് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്ര നിയമ-നീതിന്യായ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദിനോടാവശ്യപ്പെട്ടു. ഇത് സംബന്ധിച്ച കത്ത് കേന്ദ്രമന്ത്രിക്ക് ഫാക്സ് ചെയ്തു.


അഡീഷനല്‍ സോളിസിറ്റര്‍ ജനറലിന് പകരം കേസ് അറ്റോര്‍ണി ജനറലിനെ ഏല്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഏത് സാഹചര്യത്തിലാണ് റാവല്‍ സര്‍ക്കാര്‍ നയങ്ങള്‍ക്ക് വിരുദ്ധമായ നിലപാട് കോടതിയില്‍ എടുത്തതെന്ന് അന്വേഷിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളത്തില്‍ ഭൂമി ഏറ്റെടുക്കല്‍ പാക്കേജ് ഉടന്‍

കേരളത്തില്‍ ഭൂമി ഏറ്റെടുക്കല്‍ പാക്കേജ് ഉടന്‍

 

'എമര്‍ജിങ് കേരള' പ്രചാരണത്തിന് തുടക്കം 
ന്യൂഡല്‍ഹി:കേരളത്തില്‍ വികസനത്തിനാവശ്യമായ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിന്, ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച പുതിയ പാക്കേജ് സര്‍ക്കാര്‍ ഉടനെ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഭൂമിയുടെ ഉടമസ്ഥര്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നതായിരിക്കുമിതെന്ന് അദ്ദേഹം അറിയിച്ചു. ആഗോളനിക്ഷേപകരെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള 'എമര്‍ജിങ് കേരള' പ്രചാരണത്തിന്റെ ഉദ്ഘാടനത്തിനു ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ക്ഷണിക്കപ്പെട്ട പതിനാറോളം രാജ്യങ്ങളുടെ പ്രതിനിധികളും അന്താരാഷ്ട്രഏജന്‍സികളുടെയും വ്യാപാരദൗത്യങ്ങളുടെയും പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുത്തു.മുഖ്യമന്ത്രിയെക്കൂടാതെ, വിദേശകാര്യസഹമന്ത്രി ഇ.അഹമ്മദ്, പ്രധാനമന്ത്രിയുടെ ഉപദേശകന്‍ ടി.കെ.എ.നായര്‍, മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, പി.കെ.അബ്ദുറബ്ബ്, കെ.എം.മാണി, പി.ജെ.ജോസഫ് , കെ.സി.ജോസഫ് ,സംസ്ഥാന ആസൂത്രണബോര്‍ഡ് ഉപാധ്യക്ഷന്‍ ചന്ദ്രശേഖര്‍ തുടങ്ങിയവരുംസംസാരിച്ചു. 

യു.ഡി.എഫ്.സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടന്‍പ്രഖ്യാപിച്ചതുപോലെ കേരളത്തിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന് പരമപ്രാധാന്യം കല്പിക്കുകയാണ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിനോദസഞ്ചാര ഐ.ടി., ആരോഗ്യം, കൃഷി , അഗ്രോപ്രോസസ്സിങ്, വിദ്യാഭ്യാസം, തുറമുഖങ്ങള്‍, ഹരിത ഊര്‍ജം തുടങ്ങി 26 മേഖലകളില്‍ നിക്ഷേപങ്ങള്‍ ക്ഷണിക്കുന്നുണ്ട്. വിദേശരാജ്യങ്ങളുടെ നയതന്ത്രകാര്യാലയങ്ങള്‍ മുഖേനയാണ് നിക്ഷേപങ്ങള്‍ ക്ഷണിക്കുന്നത് എന്നതാണ് പ്രത്യേകത. സ്വകാര്യ-പൊതു പങ്കാളിത്തത്തിനാണ് ഊന്നല്‍ .കേരളത്തില്‍ സ്വകാര്യപങ്കാളിത്തത്തോടു കൂടിയ വികസനത്തിന് ഭാവിയില്ലെന്ന വാദത്തില്‍ കഴമ്പില്ല. കൊച്ചി വിമാനത്താവളം ഇതിന്റെ മികച്ച ഉദാഹരണമാണ്- ധനമന്ത്രി കെ.എം.മാണി ചൂണ്ടിക്കാട്ടി. 

വ്യവസായമേഖലകള്‍ സ്ഥാപിക്കാന്‍ നിക്ഷേപകരെ ക്ഷണിക്കുകയും അതിനുവേണ്ട അടിസ്ഥാനസൗകര്യങ്ങള്‍ സര്‍ക്കാര്‍ നല്‍കുകയുംചെയ്യുമെന്ന് മാണി അറിയിച്ചു. ഹൈടെക് കൃഷിയിലും കേരളം നിക്ഷേപം തേടുന്നുണ്ട്. ബയോടെക്‌നോളജി പദ്ധതികള്‍, കേരളത്തില്‍ വരാന്‍ പോകുന്ന മൂന്ന് നെല്‍ ബയോ പാര്‍ക്കുകള്‍, മൂന്നു നാളികേരബയോപാര്‍ക്കുകള്‍ എന്നിവയ്ക്കാണ് നിക്ഷേപം തേടുന്നത്.
 
ഭൂമിലഭ്യത കേരളത്തിന്റെ വികസനത്തിന് പ്രശ്‌നങ്ങളുണ്ടെന്ന് മുഖ്യമന്ത്രി സമ്മതിച്ചു. അതിനു വേണ്ടിയാണ് പാക്കേജ് തയ്യാറാക്കിയത്.ഭൂമി ഉടമസ്ഥര്‍ക്ക് നഷ്ടപരിഹാരമായി ഉയര്‍ന്ന വില നല്‍കാനും ഏറ്റെടുത്ത ഭൂമിയില്‍ വരുന്ന സംരംഭങ്ങളില്‍ കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് തൊഴിലിലും കാര്യങ്ങളില്‍ മുന്‍ഗണന നല്‍കാനും പാക്കേജില്‍ വകുപ്പുണ്ടായിരിക്കും. 
കാനഡയുടെ പ്രതിനിധിയുമായി മുഖ്യമന്ത്രി പ്രത്യേകം കൂടിക്കാഴ്ച നടത്തി. ഗള്‍ഫ് രാജ്യങ്ങള്‍, ദക്ഷിണ പൂര്‍വേഷ്യ തുടങ്ങിയവ കേരളത്തില്‍ നിക്ഷേപത്തിന് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.നിക്ഷേപകരെ കേരളത്തിലേക്ക് ക്ഷണിക്കുന്നത് രാഷ്ട്രീയമായ ഒച്ചപ്പാടുകള്‍ സൃഷ്ടിക്കുന്നത് ഒഴിവാക്കാന്‍ പ്രതിപക്ഷകക്ഷികളെയും ഇതു സംബന്ധിച്ച ചര്‍ച്ചകളില്‍ പങ്കുകൊള്ളിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 
'എമര്‍ജിങ് കേരള'പ്രചാരണത്തിന്റെഭാഗമായി ഇക്കൊല്ലം സപ്തംബര്‍ 12 -14 ന്, കൊച്ചിയില്‍ ഒരു രാജ്യാന്തരസമ്മേളനവും നടത്താന്‍ ഉദ്ദേശിക്കുന്നു.

ഫയല്‍ നീക്കം അറിയാന്‍ സംവിധാനം കൊണ്ടുവരും

ഫയല്‍ നീക്കം അറിയാന്‍ സംവിധാനം കൊണ്ടുവരും

 

 


ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഫയലുകളുടെ നീക്കം സംബന്ധിച്ച വിവരങ്ങള്‍ ജനങ്ങള്‍ക്ക് അറിയാന്‍ കഴിയുന്ന സംവിധാനം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരളത്തില്‍ നടക്കുന്ന ജനസമ്പര്‍ക്ക പരിപാടി ജനങ്ങളോടുള്ള സര്‍ക്കാറിന്റെ പ്രതിബദ്ധതയുടെ തുടര്‍ച്ചയാണ്. ഭരണത്തെ ജനങ്ങളോട് കൂടുതല്‍ അടുപ്പിക്കുക മാത്രമാണ് ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള എക മാര്‍ഗമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗ്രാമസഭകളും സദ്ഭരണവും സംബന്ധിച്ച് ഡല്‍ഹിയില്‍ നടന്ന ദേശീയ സെമിനാറില്‍ കേരളത്തിലെ പുതിയ ജനാധിപത്യ പരീക്ഷണങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സും സംസ്ഥാന സര്‍ക്കാറും ചേര്‍ന്നാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

''ജനങ്ങളാണ് എക്കാലവും എന്റെ ശക്തി. അവര്‍ പ്രശംസിക്കുമ്പോള്‍ അത് എന്റെ പ്രതിബദ്ധത കൂട്ടുന്നു. അവര്‍ വിമര്‍ശിക്കുമ്പോള്‍ സ്വയം തിരുത്താനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നു.

ഭരണം ജനങ്ങള്‍ക്ക് വേണ്ടി ആയാല്‍ മാത്രം പോരാ, അത് അങ്ങനെയാണെന്ന് ജനങ്ങള്‍ക്ക് തോന്നുകയും വേണം.തന്റെ ഓഫീസിന്റെ പ്രവര്‍ത്തനം ജനങ്ങള്‍ക്ക് വീക്ഷിക്കാന്‍ കഴിയുന്ന തരത്തിലാക്കിയത് ഭരണത്തില്‍ സുതാര്യത കൊണ്ടുവരാനുള്ള എളിയ ശ്രമത്തിന്റെ ഭാഗമായിരുന്നു'' -ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഉമ്മന്‍ചാണ്ടിയെക്കുറിച്ച് അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറി പി.ടി. ചാക്കോയും ഡോ. സി.സി. തോമസും ചേര്‍ന്നെഴുതിയ 'എ ഗ്രേഷ്യസ് വോയ്‌സ്-ലൈഫ് ഓഫ് ഉമ്മന്‍ചാണ്ടി' എന്നപുസ്തകം കേന്ദ്രമന്ത്രിമാരായ ജയറാം രമേഷും ജയ്പാല്‍ റെഡ്ഡിയും ചേര്‍ന്ന് പ്രകാശനം ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച 'സൗണ്ട്‌ലസ് ആക്‌സസ്-കേരളാസ് ട്രിസ്റ്റ് വിത്ത് ഗവേണന്‍സ്' എന്ന പുസ്തകവും ചടങ്ങില്‍ പ്രകാശനം ചെയ്തു.

കേന്ദ്ര മന്ത്രിമാരായ ജയറാം രമേഷ് , എസ്. ജയ്പാല്‍ റെഡ്ഡി , സംസ്ഥാന ആസൂത്രണ- സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി ജോസഫ്, സംസ്ഥാന ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ കെ. എം ചന്ദ്രശേഖര്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍സയന്‍സ് ചെയര്‍മാന്‍ ഡോ. ജോര്‍ജ് മാത്യു, പ്രൊഫ.എം.എ ഉമ്മന്‍ എന്നിവരും പ്രസംഗിച്ചു.