UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2012 ഏപ്രിൽ 12, വ്യാഴാഴ്‌ച

75 വയസ്സ് കഴിഞ്ഞ തടവുകാരുടെ മോചനം ഉടന്‍

75 വയസ്സ് കഴിഞ്ഞ തടവുകാരുടെ മോചനം ഉടന്‍ 

 


തിരുവനന്തപുരം: എഴുപത്തിയഞ്ച് വയസ്സ് കഴിഞ്ഞ തടവുകാര്‍ ഉടന്‍ ജയില്‍ മോചിതരാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇത്തരക്കാര്‍ സമൂഹത്തിന് ദോഷംചെയ്യില്ലെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ജയില്‍മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇതിന്റെ നടപടിക്രമങ്ങള്‍ നടന്നുവരുന്നതായും അദ്ദേഹം പറഞ്ഞു.

ജയില്‍വകുപ്പ് സൗരോര്‍ജത്തിലേക്ക് മാറുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. തടവുകാരുടെ മോചനത്തിന് സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തും.

ജയിലുകളില്‍ കഴിയുന്ന തടവുകാരോട് അനുഭാവപൂര്‍വമായ സമീപനമാണ് സര്‍ക്കാരിന്. ജയില്‍ ഉപദേശക ബോര്‍ഡ് ഉടന്‍ പുനഃസംഘടിപ്പിക്കും. സൗരോര്‍ജപദ്ധതി ഉള്‍പ്പെടെ ജയിലുകളില്‍ നടക്കുന്ന സുസ്ഥിര പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജയിലുകളില്‍ നടക്കുന്ന സൗരോര്‍ജ പദ്ധതി പാരമ്പര്യേതര ഊര്‍ജപദ്ധതിയുടെ തുടക്കമാകും. ഈ വര്‍ഷം 10,000 വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കും. വീടൊന്നിന് രണ്ടുലക്ഷം രൂപ ചെലവ്‌വരും. മൂന്നില്‍ ഒരു ഭാഗം കേന്ദ്ര സര്‍ക്കാരും ഒരു ഭാഗം സംസ്ഥാന സര്‍ക്കാരും സബ്‌സിഡിയായി നല്‍കും. ഇതില്‍നിന്നും 10 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാന്‍ കഴിയും. ഒരു വര്‍ഷത്തിനുള്ളില്‍ ഈ പദ്ധതി ഒരു ലക്ഷം വീടുകളിലേക്ക് വ്യാപിപ്പിക്കും. ഇതുവഴി 100 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാന്‍ കഴിയുമെന്ന് ആര്യാടന്‍ പറഞ്ഞു.

ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സ്, ഡി.ഐ.ജിയുടെ ക്വാര്‍ട്ടേഴ്‌സ്, സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ക്വാര്‍ട്ടേഴ്‌സ്, ലോവര്‍ സബോര്‍ഡിനേറ്റ് ക്വാര്‍ട്ടേഴ്‌സ്, അപ്പര്‍ സബോര്‍ഡിനേറ്റ് ക്വാര്‍ട്ടേഴ്‌സ്, റസ്റ്റ്‌റൂം, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് എന്നിവയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. 

സാമൂഹിക, സാമ്പത്തിക, ജാതി സെന്‍സസ് ഉദ്ഘാടനം ചെയ്തു

സാമൂഹിക, സാമ്പത്തിക, ജാതി സെന്‍സസ് ഉദ്ഘാടനം ചെയ്തു


 



കണ്ണൂര്‍: സാമൂഹിക സാമ്പത്തിക ജാതി സെന്‍സസിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂര്‍ കലക്ടറേറ്റില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. രാജ്യത്തിന്റെ പുരോഗതിക്ക് ശരിയായ ജാതിവിവര കണക്കുകള്‍ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ നഗരസഭാ പരിധിയില്‍ സെന്‍സസ് നടത്താനുള്ള കിറ്റ് എ.സജീവന് മുഖ്യമന്ത്രി കൈമാറി.

2012 ഏപ്രിൽ 10, ചൊവ്വാഴ്ച

പെന്‍ഷന്‍ പ്രായം; ഇടത് സര്‍ക്കാരിന്റെ അശാസ്ത്രീയ നടപടി പരിഷ്‌കരിയ്ക്കുകയിരുന്നുവെന്ന് മുഖ്യമന്ത്രി

 

പെന്‍ഷന്‍ പ്രായം; ഇടത് സര്‍ക്കാരിന്റെ അശാസ്ത്രീയ നടപടി പരിഷ്‌കരിയ്ക്കുകയിരുന്നുവെന്ന് മുഖ്യമന്ത്രി

Imageതിരുവനന്തപുരം: പെന്‍ഷന്‍ പ്രായം ഉയര്‍ത്തുകയല്ല മറിച്ച് ഇടതു സര്‍ക്കാര്‍ നടപ്പിലാക്കിയ വിരമിക്കല്‍ തീയതി ഏകീകരണമെന്ന അശാസ്ത്രീയ സമ്പ്രദായത്തെ പരിഷ്‌കരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 
കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  പെന്‍ഷന്‍പ്രായം ഉയര്‍ത്തുക എന്നത് ന്യായമായ ആവശ്യമാണ്. യുവാക്കളുടെ വിശ്വാസം കളഞ്ഞുള്ള ഒരു തീരുമാനവും സര്‍ക്കാര്‍ സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും കൂടുതല്‍ ആയുര്‍ദൈര്‍ഘ്യമുള്ള കേരളത്തിലാണ് ഏറ്റവും കുറവ് പെന്‍ഷന്‍പ്രായം ഉള്ളത്.
 
കേരളത്തിനു പുറമെ ഛത്തീസ്ഗഡില്‍ മാത്രമാണ് പെന്‍ഷന്‍ പ്രായം 56 ആയി നിലനില്‍ക്കുന്നത്. മറ്റെല്ലായിടങ്ങളിലും ഇത് 58 ഓ അതിന് മുകളിലോ ആണ്. പെന്‍ഷന്‍പ്രായം 56 ആക്കിയതു വഴി യുവാക്കളുടെ തൊഴിലവസരങ്ങളെ ഇല്ലാതാക്കുകയോ വൈകിപ്പിക്കുകയോ ചെയ്യുന്ന നടപടി സര്‍ക്കാര്‍ എടുത്തിട്ടില്ല.  ജനങ്ങളുടെ വിശ്വാസമാണ് സര്‍ക്കാരിന്റെ ശക്തി. വികസനവും കരുതലും ഒരുപോലെ മുന്നോട്ട് കൊണ്ട് പോയതുകൊണ്ടാണ് പിറവത്ത് യു ഡി എഫ് വിജയം കൈവരിച്ചത്. സര്‍ക്കാര്‍ ജീവനക്കാരെ വിശ്വാസത്തിലെടുത്ത് വുന്നോട്ട് പോവണമെന്നാണ് യു ഡി എഫ് നയം. പരാജയം മറച്ച് വക്കാന്‍ ജീവനക്കാരെ പഴി പറയുന്ന രീതിയല്ല യു ഡി എഫ് സര്‍ക്കാരിന്റേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍വീസിലിരിക്കെ മരിച്ച സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ഇ എന്‍ സുമതിയുടെ രണ്ട് കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്ന കാര്യം പരിഗണയിലാണെന്നും അദ്ദേഹം പറഞ്ഞു.
 

നൂറ് സ്‌കൂളുകളില്‍ കൂടി സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി വ്യാപിപ്പിക്കും

 

നൂറ് സ്‌കൂളുകളില്‍ കൂടി സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി വ്യാപിപ്പിക്കും

Imageതിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷം നൂറ്  സ്‌കൂളുകളില്‍ കൂടി സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സ്റ്റുഡന്റ് പോലീസ് സമ്മര്‍ക്യാമ്പിന്റെ സമാപന സമ്മേളനം തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആവശ്യമെങ്കില്‍ കൂടുതല്‍ സ്‌കൂളുകളില്‍ കൂടി പദ്ധതി വ്യാപിപ്പിക്കും. സംസ്ഥാനത്ത് ഏറ്റവും വിജയകരമായ രീതിയില്‍ നടപ്പിലാക്കിയ സ്റ്റുഡന്റ് പോലീസിനെക്കുറിച്ച് മറ്റുസംസ്ഥാനങ്ങള്‍കൂടി പഠിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.  
 
സ്റ്റുഡന്റ് പോലീസിലൂടെ വിദ്യാര്‍ഥികള്‍ക്ക് വേണ്ട പരിശീലനവും, അനുഭവസമ്പത്തും, സാമൂഹ്യഅച്ചടക്കവും, രാജ്യത്തിനുവേണ്ടിയുള്ള കര്‍ത്തവ്യബോധവും വളര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടികാട്ടി. അതിനാല്‍ പദ്ധതിക്ക് ആവശ്യമായ എല്ലാ സഹായസഹകരണങ്ങളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകും. മൂന്ന് ദിവസമായി നടന്നു വന്ന സ്റ്റുഡന്റ് പോലീസ് ക്യാമ്പില്‍ പങ്കെടുക്കാന്‍ കിട്ടിയ അവസരം ഏറ്റവും പ്രയോജനകരമായ രീതിയില്‍ വിനിയോഗിക്കണമെന്നും മുഖ്യമന്ത്രി വിദ്യാര്‍ഥികളോട് പറഞ്ഞു.  

റോഡ് വികസനത്തിന് ടോള്‍ പിരിവ് അത്യാവശ്യം

റോഡ് വികസനത്തിന് ടോള്‍ പിരിവ് അത്യാവശ്യം

കല്‍പറ്റ: എല്ലാ സംസ്ഥാനങ്ങളിലും റോഡില്‍ ടോള്‍ പിരിവ് നടക്കുന്നുണ്ടെന്നും കേരളത്തില്‍ മാത്രമാണ് അതിനെതിരെ സമരം നടക്കുന്നതെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നാലുവരിപ്പാത നിര്‍മാണത്തിന് ടോള്‍ പിരിവ് അത്യാവശ്യമാണ്. കല്‍പറ്റ ബൈപാസ് റോഡിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

 
ചേര്‍ത്തല മുതല്‍ അങ്കമാലി വരെയാണ് കഴിഞ്ഞ സര്‍ക്കാര്‍ നാലുവരിപ്പാത പൂര്‍ത്തിയാക്കിയത്. അങ്കമാലി മുതല്‍ മണ്ണുത്തി വരെ യു.ഡി.എഫ് സര്‍ക്കാര്‍ അടിയന്തരമായി പൂര്‍ത്തിയാക്കി തുറന്നുകൊടുത്തു. എന്നാല്‍, തൃശൂരില്‍ ടോള്‍ പിരിവിനെതിരെ ചിലര്‍ സമരം നടത്തുന്നു. എതിര്‍ക്കുന്നവരെ മാറ്റിനിര്‍ത്തുന്ന സമീപനം സര്‍ക്കാറിനില്ല. എന്നാല്‍, ടോള്‍ പിരിവേ പറ്റില്ല എന്നത് ഖേദകരമാണ് -മുഖ്യമന്ത്രി തുടര്‍ന്നു.

 
തൃശൂരില്‍ സമരക്കാരുമായി ചര്‍ച്ച നടത്താന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടിസ്ഥാന സൗകര്യവികസനത്തിനാണ് സര്‍ക്കാര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.

തീരദേശ വികസനം പ്രഥമലക്ഷ്യം; മൂന്നുമാസം കൊണ്ട് പദ്ധതി

തീരദേശ വികസനം പ്രഥമലക്ഷ്യം; മൂന്നുമാസം കൊണ്ട് പദ്ധതി


 


പരപ്പനങ്ങാടി: തീരദേശ വികസനം ലക്ഷ്യമിട്ട് സര്‍ക്കാര്‍ രൂപവത്കരിക്കുന്ന പദ്ധതി മൂന്നുമാസം കൊണ്ട് പൂര്‍ത്തിയാവുമെന്നും ഡോ. സാംപിട്രോഡയുടെ നേതൃത്വത്തില്‍ അതിനുള്ള തീവ്രശ്രമം നടക്കുന്നതായും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പരപ്പനങ്ങാടിയില്‍ മാധ്യമപ്രതിനിധികളോട് പറഞ്ഞു. മന്ത്രി പി.കെ. അബ്ദുറബ്ബിന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മുഖ്യമന്ത്രി.

തീരദേശത്തെ തുറമുഖങ്ങള്‍ ബന്ധിപ്പിച്ചുകൊണ്ട് സമഗ്രമായ തീരദേശ ഗതാഗത ശൃംഖലയ്ക്ക് സര്‍ക്കാര്‍ രൂപം നല്‍കും. പരപ്പനങ്ങാടിയില്‍ തര്‍ക്കത്തില്‍പെട്ട മീന്‍പിടിത്ത തുറമുഖത്തിന്റെ പ്രശ്‌നങ്ങള്‍ ഒരുമാസം കൊണ്ട് തീര്‍പ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലീഗിന്റെ അഞ്ചാംമന്ത്രിക്കാര്യത്തില്‍ തനിക്ക് ആശങ്കയില്ലെന്നാണ് ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞത്. രമേശ് ചെന്നിത്തല ഡല്‍ഹിയില്‍നിന്ന് തിരിച്ചെത്തിയ ഉടന്‍ തീരുമാനമെടുക്കും. അത് രണ്ടുദിവസത്തിനകം ഉണ്ടാകും.

സ്വകാര്യ സന്ദര്‍ശനമായിട്ടും റെയില്‍വേസ്റ്റേഷനില്‍പ്പോലും പരാതികളുടെയും നിവേദനങ്ങളുടെയും കൂമ്പാരത്തിന് നടുവിലായിരുന്നു മുഖ്യമന്ത്രി.

2012 ഏപ്രിൽ 5, വ്യാഴാഴ്‌ച

അഞ്ചാംമന്ത്രി: രമ്യമായി പരിഹരിക്കുമെന്ന് ഉമ്മന്‍ചാണ്ടി

അഞ്ചാംമന്ത്രി: രമ്യമായി പരിഹരിക്കുമെന്ന് ഉമ്മന്‍ചാണ്ടി
അഞ്ചാംമന്ത്രിസ്ഥാനമെന്ന മുസ്‌ലിംലീഗിന്റെ ആവശ്യം രമ്യമായി പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പരസ്പരവിശ്വാസവും പരസ്പരധാരണയും ബഹുമാനവുമാണ് യുഡിഎഫിന്റെ ശക്തി. ആ നിലയ്ക്കു തന്നെ കാര്യങ്ങള്‍ പരിഗണിക്കും. എല്ലാവരെയും വിശ്വാസത്തിലെടുത്ത് ചര്‍ച്ചയിലൂടെ രമ്യമായ പരിഹാരമുണ്ടാക്കും.ഇക്കാര്യത്തില്‍ ശുഭാപ്തിവിശ്വാസമാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. അഞ്ചാംമന്ത്രിസ്ഥാനം ഹൈക്കമാന്‍ഡുമായി ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിക്കുപോകുന്ന താന്‍ നാളെ തിരിച്ചെത്തുമെന്നും ഉമ്മന്‍ചാണ്ടി   വ്യക്തമാക്കി.
അനൂപിന്റെ മന്ത്രിസ്ഥാനത്തില്‍ പിറവത്തെ ജനങ്ങളെ മറന്ന് ഒന്നുംചെയ്യില്ല. നെയ്യാറ്റിന്‍കരയിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ശേഷമേ ചര്‍ച്ച നടത്തേണ്ട ആവശ്യമുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മതമേധാവിത്വമെന്നു പറയുന്നവര്‍ സര്‍ക്കാരിനെ വിലയിരുത്തണം

മതമേധാവിത്വമെന്നു പറയുന്നവര്‍ സര്‍ക്കാരിനെ വിലയിരുത്തണം

തന്റെ  മന്ത്രിസഭയില്‍ ക്രിസ്ത്യന്‍, മുസ്‌ലിം മേധാവിത്വമാണെന്ന് ആരോപിക്കുന്നവര്‍ക്കു  സര്‍ക്കാരിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനം വിലയിരുത്തി ഒരു സംഭവമെങ്കിലും ചൂണ്ടിക്കാട്ടാമോയെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രവര്‍ത്തനം വച്ചാണു സര്‍ക്കാരിനെ വിലയിരുത്തേണ്ടത്. ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനത്തെക്കുറിച്ച് എല്ലാവരുമായും ചര്‍ച്ച ചെയ്തു രമ്യമായ പരിഹാരം ഉണ്ടാക്കുമെന്നും അതാണു യുഡിഎഫ് ശൈലിയെന്നും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചു മുഖ്യമന്ത്രി പറഞ്ഞു. 

 

അഞ്ചാം മന്ത്രി പ്രശ്‌നം പുതിയതായി പൊട്ടിവീണതല്ല. നേരത്തെ തന്നെ അവര്‍ പറഞ്ഞതും ചര്‍ച്ച ചെയ്തതുമാണ്. യുഡിഎഫില്‍ ഔദ്യോഗികമായി പറഞ്ഞതു കഴിഞ്ഞ യോഗത്തിലാണെന്നു മാത്രം. അതിനു മുന്‍പു പല തലങ്ങളില്‍ അവര്‍ ഈ പ്രശ്‌നം ഉന്നയിച്ചിരുന്നു. ഇക്കാര്യം ആലോചിച്ചു പത്രക്കാര്‍ മനസ്സ് വിഷമിപ്പിക്കരുത്. എല്ലാവരെയും വിശ്വാസത്തിലെടുത്തു ചര്‍ച്ച ചെയ്തു തീരുമാനിക്കുന്നതാണു യുഡിഎഫ് ശൈലി. ആരുടെ മേലും തീരുമാനം അടിച്ചേല്‍പ്പിക്കില്ല. 

 

ലീഗും കോണ്‍ഗ്രസുമായി ചര്‍ച്ച ചെയ്തു രമ്യമായി പരിഹരിക്കും. കെപിസിസി എന്നതു ജനാധിപത്യ വേദിയാണ്. അവിടെ നടന്നതും നടക്കാത്തതുമായ കാര്യങ്ങള്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിട്ടുണ്ട്. അവിടെ നടന്ന ചര്‍ച്ചയെക്കുറിച്ചു താന്‍ എന്തെങ്കിലും പറയുമെന്നു കരുതേണ്ടാ. യോഗം നടക്കുമ്പോള്‍ തന്നെ ടിവിയില്‍ ഫ്‌ളാഷ് വന്നിരുന്നു. നിങ്ങള്‍ക്കു ചില ആളുകളുണ്ടല്ലോ, യോഗത്തെക്കുറിച്ച് അവരോടു തന്നെ ചോദിക്കുക- മുഖ്യമന്ത്രി പറഞ്ഞു. 

 

അഞ്ചാം മന്ത്രി പ്രശ്‌നത്തില്‍ അഭിപ്രായം പറയാന്‍ എന്‍എസ്എസിന് അവകാശമുണ്ട്. അതു യുഡിഎഫ് കണക്കിലെടുത്തിട്ടുമുണ്ട്. തീരുമാനം ഹൈക്കമാന്‍ഡിനു വിട്ടത് ഉത്തരവാദിത്തത്തില്‍ നിന്നുള്ള ഒഴിഞ്ഞുമാറലല്ല. സ്വന്തം അഭിപ്രായമുണ്ടെങ്കിലും ഹൈക്കമാന്‍ഡുമായി ആലോചിച്ചേ തീരുമാനിക്കാനാവൂ. ഇതു സ്വതന്ത്ര യൂണിറ്റ് അല്ല. ഹൈക്കമാന്‍ഡ് ആരാണെന്നു പറയേണ്ട കാര്യമില്ല. ഹൈക്കമാന്‍ഡ് എന്നതു കൊണ്ട് എന്താണോ നിങ്ങളുടെ മനസ്സിലുള്ളത് അവരുമായെല്ലാം ചര്‍ച്ച നടത്തും. 

 

ചര്‍ച്ച ചെയ്യാന്‍ പോകുമ്പോള്‍ തീരുമാനം എന്താകുമെന്നോ, സമയപരിധിയോ പറയാനാവില്ല. താന്‍ ശുഭാപ്തിവിശ്വാസിയാണ്. ഡല്‍ഹിയില്‍ നിന്ന് ഇന്നു തന്നെ മടങ്ങും. അനൂപ് ജേക്കബിന്റെ സത്യപ്രതിജ്ഞയെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയുന്നില്ല. പിറവത്തെ ജനങ്ങള്‍ യുഡിഎഫിനു വലിയ അംഗീകാരമാണു നല്‍കിയത്. ജനങ്ങളെ മറന്നൊരു പ്രവര്‍ത്തനം ഉണ്ടാവില്ല. നേരിയ ഭൂരിപക്ഷത്തിലാണു  10 മാസം സര്‍ക്കാര്‍ ഭരിച്ചത്. ജനങ്ങളെ ബാധിക്കുന്ന ഏതെങ്കിലും പ്രശ്‌നത്തില്‍ അഭിപ്രായവ്യത്യാസംമൂലം തീരുമാനം എടുക്കാതെ മാറ്റിവച്ചിട്ടുണ്ടോയെന്നു മുഖ്യമന്ത്രി ചോദിച്ചു. 

 

നെയ്യാറ്റിന്‍കരയില്‍ തിരഞ്ഞെടുപ്പ് വരുമ്പോഴേ സെല്‍വരാജിന്റെ കാര്യം ആലോചിക്കേണ്ടതുള്ളു. അവിടെ സെല്‍വരാജിന്റെയും മുഖ്യമന്ത്രിയുടെയും ഫ്‌ളെക്‌സുകള്‍ ഉയര്‍ന്നതു ചൂണ്ടിക്കാട്ടിയപ്പോള്‍, അതെല്ലാം നശിപ്പിക്കണമെന്നതിനാല്‍ സിപിഎമ്മുകാര്‍ക്കു നല്ല പണിയായല്ലോ എന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.

 

ഭൂമിയുടെ ന്യായവില നിശ്ചയിക്കുന്നതിലെ അപാകത പരിഹരിക്കും

ഭൂമിയുടെ ന്യായവില നിശ്ചയിക്കുന്നതിലെ അപാകത പരിഹരിക്കും

ഭൂമിയുടെ ന്യായവില നിശ്ചയിക്കുന്നതിലെ അപാകത പരിഹരിക്കും

തിരുവനന്തപുരം: ഭൂമിയുടെ ന്യായവില നിശ്ചയിക്കുന്നതിലെ അപാകത പരിഹരിക്കാന്‍ മന്ത്രിസഭാ ഉപ സമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജലം, റവന്യൂ, മുന്‍സിപ്പല്‍, പഞ്ചായത്ത്, വൈദ്യൂതി, വനം മന്ത്രിമാര്‍ എന്നിവര്‍ സമിതിയില്‍ അംഗങ്ങളായിരിക്കും. ഒരു മാസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതിക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി വെളിപ്പെടുത്തി.

എല്ലാ വികലാംഗര്‍ക്കും യന്ത്രവല്‍കൃത മുച്ചക്ര വാഹനം നല്‍കുന്നതിനു പദ്ധതി തയ്യാറാക്കും. നിലവില്‍ യന്ത്രവല്‍കൃത മുച്ചക്ര വാഹനം വാങ്ങുന്നതിന് കേന്ദ്രം 10,000 രൂപയും കേരളം 10,000 രൂപയുമാണ് നല്‍കുന്നത്്.

സംസ്ഥാനത്തിന്റെ ഐടി വികസനത്തിന് കൂടുതല്‍ പരിഗണന

സംസ്ഥാനത്തിന്റെ ഐടി വികസനത്തിന് കൂടുതല്‍ പരിഗണന

തിരുവനന്തപുരം:കേരളത്തിലെ ഐടി വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ പരിഗണന നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഐ.ടി. കമ്പനിയായ ഇന്‍ഫോസിസ് തിരുവനന്തപുരത്ത് ടെക്‌നോപാര്‍ക്കിന്റെ നാലാംഘട്ട വികസനമായ പള്ളിപ്പുറത്തെ ടെക്‌നോസിറ്റിയില്‍ 50 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കരാര്‍ ഒപ്പു വയ്ക്കല്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.


സംസ്ഥാനത്തിന്റെ മൊത്തം ഐടി  കയറ്റുമതിയില്‍ 20 ശതമാനത്തിലധികം നിര്‍ണായക സ്വാധീനമാണ് ഇന്‍ഫോസിസിനുള്ളത്.മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എ.കെ.ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഇന്‍ഫോസിസ് ബാംഗ്ലൂര്‍ ഓഫീസ് കാമ്പസ് സന്ദര്‍ശിക്കുകയും അവരെ കേരളത്തിലേക്ക് ക്ഷണിക്കുകയും ചെയ്തതിന്റെ ഭാഗമായാണ് ഇന്‍ഫോസിസ് കേരളത്തിലെത്തിയത്.താന്‍ മുഖ്യമന്ത്രിയായ മുന്‍ യുഡിഎഫ് സര്‍ക്കാരാണ് കേരളത്തില്‍ ഇന്‍ഫോസിസിന്റെ കാമ്പസ് സംബന്ധിച്ച് തീരുമാനമെടുത്തത്.സംസ്ഥാനത്തിന്റെ ഐടി സാധ്യതകളെ കണ്ടറിഞ്ഞ് ഇന്‍ഫോസിസിന് കാമ്പസ് ആരംഭിക്കാനായി 50 ഏക്കര്‍ ഭൂമി ഉടനടി വിട്ടു നല്‍കുകയായിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.ഇന്‍ഫോസിസിന്റെ രണ്ടാമത്തെ കാമ്പസും കേരളത്തില്‍ പ്രവര്‍ത്തന സജ്ജമാകുന്നതിന് കളമൊരുങ്ങിയിരിക്കുന്നത് സംസ്ഥാനത്തിന്റെ ഐടി മേഖലയ്ക്ക് കരുത്തു പകരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.