UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2011 നവംബർ 29, ചൊവ്വാഴ്ച

മാധ്യമങ്ങളുടെ വിമര്‍ശനം ജനാധിപത്യത്തിന്റെ ശക്തി : മുഖ്യമന്ത്രി

മാധ്യമങ്ങളുടെ വിമര്‍ശനം ജനാധിപത്യത്തിന്റെ ശക്തി : മുഖ്യമന്ത്രി


മീഡിയ വണ്‍ ടി.വി ചാനല്‍ ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സംസാരിക്കുന്നു.
കോഴിക്കോട്: മാധ്യമങ്ങളുടെ ധീരവും ഗുണാത്മകവുമായ വിമര്‍ശനമാണ് ജനാധിപത്യത്തിന്റെ ശക്തിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മീഡിയാ വണ്‍ ടി.വി ചാനലിന്റെ കോഴിക്കോട് വെള്ളിപ്പറമ്പിലുള്ള സ്റ്റുഡിയോ കോംപ്ലക്സിന്റെ ശിലാസ്ഥാപന കര്‍മം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ നന്മക്കും സാമൂഹ്യ പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍ മീഡിയാ വണിന് സാധിക്കുമെന്നാണ് മാധ്യമം ദിനപത്രത്തിന്റെ അനുഭവം വെളിപ്പെടുത്തുന്നത്. അവഗണിക്കപ്പെട്ട ജനവിഭാഗങ്ങളെയും വേദനിക്കുന്നവരെ പരിഗണിക്കുകയും അവര്‍ക്കു പോരാടുകയും ചെയ്യുമ്പോഴാണ് മാധ്യമ ധര്‍മം പൂര്‍ത്തിയാവുക എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്റ്റുഡിയോ കോംപ്ലക്സിന്റെ രൂപരേഖയും മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

പ്രധാനമന്ത്രിയുടെ വിളി കാക്കുന്നു -മുഖ്യമന്ത്രി

പ്രധാനമന്ത്രിയുടെ വിളി കാക്കുന്നു -മുഖ്യമന്ത്രി



കോഴിക്കോട്: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ വിളി കാത്തിരിക്കുകയാണെന്നും എപ്പോള്‍ വിളിച്ചാലും ദല്‍ഹിയിലേക്ക് പോവുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തമിഴ്നാടുമായുള്ള ബന്ധത്തിന് ഒരു പോറലുമേല്‍പിക്കാതെ പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് കേരളത്തിന്‍െറ ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. ജലസുരക്ഷയിലൂടെ ഭക്ഷ്യസുരക്ഷ എന്ന വിഷയത്തില്‍ കുന്ദമംഗലത്തെ സി.ഡബ്ള്യു.ആര്‍.ഡി.എമ്മില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ വിശാല കാഴ്ചപ്പാടാണ് സംസ്ഥാനത്തിനുള്ളത്. ഇതിനേക്കാള്‍ മുന്‍ഗണനയുള്ള ഒരു അജണ്ടയും ഇപ്പോള്‍ നമുക്കില്ല. തമിഴ്നാടിന് വെള്ളം, കേരളത്തിന് സുരക്ഷ ഇതാണ് നമ്മുടെ കാഴ്ചപ്പാട്. ഇത് തമിഴ്നാടും അംഗീകരിക്കുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്തിന്‍െറ നിലപാട് പ്രധാനമന്ത്രിയെ നേരിട്ട് അറിയിച്ചുകഴിഞ്ഞു. അദ്ദേഹം ഗൗരവത്തോടെ വിഷയത്തിന്‍െറ പ്രാധാന്യം ഉള്‍ക്കൊണ്ടിട്ടുണ്ട്. പ്രധാനമന്ത്രിക്കുപുറമെ കേന്ദ്രജലവിഭവ മന്ത്രിയേയും നിലപാട് ബോധ്യപ്പെടുത്താനായി. തമിഴ്നാടിന് വെള്ളം കൊടുക്കുന്ന കാര്യത്തില്‍ ഒരു മടിയും കേരളം കാണിച്ചിട്ടില്ല. കാണിക്കുകയുമില്ല.

കേരളത്തിലെ ജനങ്ങളുടെ സുരക്ഷയാണ് ഇപ്പോള്‍ ഉയര്‍ന്നുവന്ന പ്രശ്നം. തമിഴ്നാടിന് 999 വര്‍ഷത്തേക്ക് വെള്ളം കൊടുക്കാനാണ് കരാര്‍. അതുവരെ ഡാം നിലനില്‍ക്കണമെന്നില്ല. നല്ളൊരു കാലം ഇപ്പോള്‍ പിന്നിട്ടുകഴിഞ്ഞു. ഇന്നു ഡാം വേണോ നാളെ ഡാം വേണോ എന്നതാണ് ചോദ്യം. ഇന്നു തന്നെവേണമെന്നാണ് നമ്മുടെ ആവശ്യം. കേരളത്തിന്‍െറ ആശങ്ക തീര്‍ക്കുന്നതിനും തമിഴ്നാടിന് വെള്ളം ലഭിക്കുന്നതിനും ഇതാണ് മെച്ചപ്പെട്ട നിര്‍ദേശം. ഇക്കാര്യത്തില്‍ ഏറ്റവും വേഗത്തില്‍ തീരുമാനം ഉണ്ടാവുമെന്നുറപ്പാണ്. പ്രശ്നത്തെ ആത്മ സംയമനത്തോടെ നേരിടണം. ആശങ്കയും പ്രതിഷേധവും സ്വാഭാവികമാണ്. എന്നാല്‍, അതിരുകടക്കരുതെന്നു മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

2011 നവംബർ 28, തിങ്കളാഴ്‌ച

ആത്മനിയന്ത്രണം പാലിക്കണം: മുഖ്യമന്ത്രി



ആത്മനിയന്ത്രണം പാലിക്കണം: മുഖ്യമന്ത്രി


തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളത്തിന്റെ താല്പര്യങ്ങള്‍ പൂര്‍ണമായി സംരക്ഷിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അതിനെ ദുര്‍ബലപ്പെടുത്തുന്ന സമരമാര്‍ഗങ്ങളില്‍ നിന്ന് പിന്തിരിയണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭ്യര്‍ഥിച്ചു. വികാരപരമായി കാണേണ്ട വിഷയമല്ലിത്. പ്രതിഷേധ സമരങ്ങളില്‍ ആത്മനിയന്ത്രണം പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു

കര്‍ഷകര്‍ക്ക് കുറഞ്ഞ പലിശയ്ക്ക് വായ്‌പ നല്‍കും: മുഖ്യമന്ത്രി

30ന് ബാങ്കുകളുടെ യോഗം

ആലുവ: കര്‍ഷകര്‍ക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ നല്‍കുന്നതിനുവേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ആലുവയില്‍ എറണാകുളം സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ സുവര്‍ണ ജൂബിലിയാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാര്‍ഷികവായ്പകള്‍ കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് നല്‍കുന്ന ഇന്‍സെന്റീവ് വര്‍ധിപ്പിക്കുവാന്‍ ആവശ്യപ്പെടും. നിലവില്‍ ഏഴു ശതമാനമാണ് ഇന്‍സെന്റീവ്. കര്‍ഷകരുടെ വായ്പകള്‍ക്കുള്ള പലിശനിരക്ക് കുറയ്ക്കുന്നതിനെപ്പറ്റി ആലോചിക്കാന്‍ 30ന് ബാങ്കുകളുടെ യോഗം വിളിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നബാര്‍ഡിനെയും സഹകരണ ബാങ്കുകളെയും കാര്‍ഷിക ബാങ്കുകളെയുമാണ് ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്.

ബാങ്ക് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ സഹകരണമന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പൊതുമരാമത്തുമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ലോണ്‍മേള ഉദ്ഘാടനംചെയ്തു. എക്‌സൈസ്മന്ത്രി കെ. ബാബു മാതൃകാകര്‍ഷകരെ ആദരിച്ചു. കെ.പി. ധനപാലന്‍ എംപി കര്‍ഷക അവാര്‍ഡുകള്‍ വിതരണം ചെയ്തു.

ആവശ്യമെങ്കില്‍ സര്‍വ്വകക്ഷിസംഘത്തെ അയയ്ക്കും - മുഖ്യമന്ത്രി

മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണം

ആലുവ: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന ആവശ്യത്തില്‍ നിന്ന് കേരളം പിന്നോട്ട് പോയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

നിലവിലെ അണക്കെട്ടിന്റെ ഗുരുതരാവസ്ഥ കേന്ദ്രത്തെ ബോധ്യപ്പെടുത്താനാണ് റവന്യൂമന്ത്രിയും ജലവിഭവ മന്ത്രിയും ഡല്‍ഹിയിലേയ്ക്ക് പോകുന്നത്. ആവശ്യമെങ്കില്‍ സര്‍വകക്ഷിസംഘത്തെ അയയ്ക്കുന്ന കാര്യം പിന്നീട് ആലോചിക്കും. മുല്ലപ്പെരിയാര്‍ പ്രശ്‌നപരിഹാരത്തിന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടങ്ങുന്ന സംഘം ദല്‍ഹിക്ക് പോകണമെന്ന വി.എം.സുധീരന്റെ പ്രസ്താവനയോട് ആലുവയില്‍ പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

തമിഴ്‌നാടിന് വെള്ളം നല്‍കണമെന്ന കരാറില്‍ നിന്ന് കേരളം പിന്നോട്ടുപോകില്ല. അണക്കെട്ടിന്റെ കാര്യത്തില്‍ ഉണ്ടായ ആശങ്കകള്‍ ഇപ്പോള്‍ ഭൂചലനങ്ങള്‍ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ ആവശ്യം തികച്ചും ന്യായമാണ്. അത് നിറവേറ്റുക തന്നെ ചെയ്യും. ഇതിനായി ആരും വൈകാരിക സമീപനം സ്വീകരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

2011 നവംബർ 27, ഞായറാഴ്‌ച

സര്‍ക്കാര്‍ നിലപാട് കേരളത്തിന് സുരക്ഷയും തമിഴ്നാടിന് വെള്ളവും -മുഖ്യമന്ത്രി

സര്‍ക്കാര്‍ നിലപാട് കേരളത്തിന് സുരക്ഷയും തമിഴ്നാടിന് വെള്ളവും -മുഖ്യമന്ത്രി

ശബരിമല: കേരളത്തിന് സുരക്ഷയും തമിഴ്നാടിന് വെള്ളവും എന്നതാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന്‍െറ നിലപാടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പമ്പയില്‍ പുതിയ സര്‍വീസ് റോഡിന്‍െറ ഉദ്ഘാടനശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ ഡാം നിര്‍മിക്കുമ്പോള്‍ തമിഴ്നാടിന് നിലവിലെ രീതിയില്‍ വെള്ളം എത്തിക്കാന്‍ നടപടി സ്വീകരിക്കും. ഇക്കാര്യത്തില്‍ വിവിധ മേഖലകളില്‍നിന്ന് കേരളത്തിന് അനുകൂല സമീപനമാണ് ഉണ്ടായത്. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കണമെന്ന ആവശ്യത്തില്‍നിന്ന് പിന്‍വാങ്ങില്ല.

കേരളത്തിന്‍െറ ആവശ്യത്തോട് പ്രധാനമന്ത്രി അനുകൂല നിലപാടാണ് എടുത്തത്. ശനിയാഴ്ച ഇടുക്കി ജില്ലയിലുണ്ടായ ഭൂചലനത്തെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധ സംഘത്തെ അയച്ചു. റിപ്പോര്‍ട്ട് കിട്ടിയശേഷമേ എന്തെങ്കിലും പറയാനാകൂവെന്നും അദ്ദേഹം പറഞ്ഞു.

ചില്ലറ വ്യാപാര രംഗത്ത് കുത്തകകളുടെ കടന്നുവരവ് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്ന നിലപാടാണ് പ്രധാനമന്ത്രി സ്വീകരിച്ചിരിക്കുന്നത്. കേരളത്തിലെ ചെറുകിട വ്യാപാരികള്‍ക്ക് അനുകൂല നിലപാടേ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല മാസ്റ്റര്‍പ്ലാന്‍ സമയബന്ധിതമായി തീര്‍ക്കും -മുഖ്യമന്ത്രി

പമ്പ (പത്തനംതിട്ട): ഈ തീര്‍ത്ഥാടനകാലം കഴിഞ്ഞാലുടന്‍ ശബരിമല മാസ്റ്റര്‍പ്ലാന്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അയ്യപ്പസേവാസംഘം പണിത പുതിയ റോഡ് ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഈ ഗവണ്‍മെന്റ് ശബരിമലയ്ക്ക് മുന്തിയ പരിഗണനയാണ് നല്‍കുന്നത്. കേരളത്തിലെ ജനസംഖ്യയേക്കാളേറെ തീര്‍ത്ഥാടകരെത്തുന്ന തീര്‍ത്ഥാടനമാണിത്. തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാനസൗകര്യം ഒരുക്കേണ്ടത് സംസ്ഥാന ഗവണ്‍മെന്റിന്റെ ഔദാര്യമല്ല; കടമയാണ്.

ശബരിമല മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കാന്‍ ഈ തീര്‍ത്ഥാടനകാലം കഴിഞ്ഞാലുടന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. ദേവസ്വംവകുപ്പ് മന്ത്രി നേതൃത്വം നല്‍കും. ഇക്കാര്യത്തില്‍ ഈ സമിതിക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കും. ശബരിമല വികസനത്തിന്റെ കാര്യത്തില്‍ ഈ ഗവണ്‍മെന്റിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ സഹകരണത്തോടെ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കും- മുഖ്യമന്ത്രി പറഞ്ഞു.




Oommen chandy at Sabarimala

2011 നവംബർ 24, വ്യാഴാഴ്‌ച

മദ്യം പ്രോത്സാഹിപ്പിക്കുക യു.ഡി.എഫ്. നയമല്ല -മുഖ്യമന്ത്രി


തിരുവനന്തപുരം: മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന നയം യു.ഡി.എഫ്. എടുത്തിട്ടില്ല, ഇനി എടുക്കുകയുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം സംബന്ധിച്ച ആക്ഷേപങ്ങള്‍ പത്രലേഖകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് അദ്ദേഹം ഇതു പറഞ്ഞത്.

''എ.കെ.ആന്റണിയാണ് കേരളത്തില്‍ ചാരായം നിരോധിച്ചത്. മുമ്പ് ഞാന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 1661 കള്ളുഷാപ്പ് അടച്ചുപൂട്ടി. മദ്യത്തിനെതിരെ യു.ഡി.എഫ്. മാത്രമേ എന്തെങ്കിലും ചെയ്തിട്ടുള്ളൂ'' -അദ്ദേഹം ചൂണ്ടിക്കാട്ടി. ത്രീസ്റ്റാര്‍ ഹോട്ടലിന് ബാര്‍ ലൈസന്‍സ് നല്‍കാന്‍ തീരുമാനിച്ചത് കഴിഞ്ഞ സര്‍ക്കാരാണ്. ആ തീരുമാനം മാറ്റി ഇനി കേസിന് വഴിവെയ്ക്കണ്ട എന്നു കരുതിയാണ് അതിനു മുതിരാത്തത് -മുഖ്യമന്ത്രി പറഞ്ഞു.

ഒരു വില്ലേജ് ഓഫീസര്‍ ചെയ്യേണ്ട കാര്യങ്ങളാണ് ജനസമ്പര്‍ക്ക പരിപാടിയിലൂടെ മുഖ്യമന്ത്രി ചെയ്യുന്നതെന്ന പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്റെ ആക്ഷേപം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം ഇപ്രകാരമായിരുന്നു- ''എന്നോട് സഹാനുഭൂതി പ്രകടിപ്പിച്ചതിന് നന്ദിയുണ്ട്. എന്നെ ആക്ഷേപിക്കാന്‍ വേണ്ടി മറ്റുള്ളവരുമായി ഉപമിക്കുന്നത് അവര്‍ക്ക് ആക്ഷേപമാവരുത് എന്നൊരു അഭ്യര്‍ത്ഥനയുണ്ട്''.

വിദ്യാഭ്യാസ വായ്‌പ: ബാങ്കുകള്‍ ഉറപ്പ് പാലിച്ചില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പകളുടെ കാര്യത്തില്‍ ബാങ്കുകള്‍ സര്‍ക്കാരിന് നല്‍കിയ ഉറപ്പ് പാലിച്ചില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കാര്‍ഷിക, വിദ്യാഭ്യാസ വായ്പാരംഗത്തെ പ്രശ്‌നങ്ങളെപ്പറ്റി ചര്‍ച്ചചെയ്യാന്‍ വിളിച്ചുചേര്‍ത്ത പ്രത്യേക ബാങ്കേഴ്‌സ് സമിതിയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വിദ്യാഭ്യാസ വായ്പകളെപ്പറ്റി ധാരാളം പരാതികള്‍ ഉയര്‍ന്നതായി കഴിഞ്ഞ ബാങ്കേഴ്‌സ് സമിതിയോഗത്തില്‍ താന്‍തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. പരാതികളില്‍ ഏറെയും കഴമ്പില്ലാത്തവയാണെന്നും വായ്പാവിതരണം കുറ്റമറ്റതാക്കുമെന്നും ബാങ്കേഴ്‌സ് സമിതി ഉറപ്പ് നല്‍കി. എന്നാല്‍ ജില്ലകളിലെ പൊതുജന സമ്പര്‍ക്ക പരിപാടികളില്‍ തനിക്ക് ധാരാളം പരാതി കിട്ടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന വായ്പാത്തുക ബാങ്കുകള്‍ അനുവദിക്കുന്നില്ലെന്നാണ് പ്രധാന പരാതി. അംഗീകൃത കോളേജുകളില്‍ അഡ്മിഷന്‍ കിട്ടിയെന്ന് ബോധ്യപ്പെട്ടാല്‍ ബാങ്കുകള്‍ക്ക് വിദ്യാഭ്യാസ വായ്പ അനുവദിക്കാമെന്നാണ് താന്‍ മനസ്സിലാക്കിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വായ്പയെടുത്ത് പഠിക്കുന്ന കാലത്തെ പലിശ ഇളവ് ചെയ്യണമെന്ന ആവശ്യം സംസ്ഥാനം കേന്ദ്രത്തില്‍ ഉന്നയിച്ചിട്ടുണ്ട്. വിദ്യാഭ്യാസ -കാര്‍ഷിക വായ്പകളുടെ കാര്യത്തില്‍ ബാങ്കുകള്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാര്‍: പ്രധാനമന്ത്രിയെ ആശങ്ക അറിയിച്ചു-മുഖ്യമന്ത്രി



തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ ആശങ്ക പ്രധാനമന്ത്രിയെ അറിയിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

തമിഴ്‌നാടിന് വെള്ളം നല്‍കുന്നതില്‍ കേരളത്തിന് എതിര്‍പ്പില്ല. എന്നാല്‍ സുരക്ഷാ പ്രശ്‌നങ്ങളെ ലാഘവത്തോടെ കാണാനുമാകില്ല. കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് വെള്ളം എന്നതാണ് കേരളത്തിന്റെ നയം. ഇത് സമന്വയിപ്പിച്ചുള്ള നടപടികളായിരിക്കണം മുന്നോട്ട് കൊണ്ടുപോകേണ്ടതെന്നും മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യത്തില്‍ എല്ലാ കക്ഷികളും ഒരേ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.