UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2011 ഒക്‌ടോബർ 24, തിങ്കളാഴ്‌ച

ഹൈവെ സ്പീഡ് റെയില്‍വേ നടപ്പാക്കുന്ന കാര്യം കേന്ദ്രം പരിഗണിക്കണമെന്ന് മുഖ്യമന്ത്രി

ഹൈവെ സ്പീഡ് റെയില്‍വേ നടപ്പാക്കുന്ന കാര്യം കേന്ദ്രം പരിഗണിക്കണമെന്ന് മുഖ്യമന്ത്രി



തിരുവനന്തപരും മംഗലാപുരം ഹൈ സ്പീഡ് റെയില്‍വേ പദ്ധതി സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് സംയുക്ത സംരംഭമായോ സ്വകാര്യ മേഖലയുമായി ചേര്‍ന്നോ നടപ്പാക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ദേശീയ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്‍കിട ചരക്കുഗതാഗത തുറമുഖമായി വിഴിഞ്ഞത്തെ വളര്‍ത്തിയുെടുക്കുന്നതിന് മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരിന്റെ സഹായം അഭ്യര്‍ത്ഥിച്ചു. കൊച്ചി മെട്രോയ്ക്ക് കേന്ദ്ര മന്ത്രിസഭയുടെ അനുമതി ഉടനേ നല്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ജലമാലിന്യ നിര്‍മാര്‍ജനം ഫലപ്രദമായി നടപ്പാക്കിയാല്‍ കുടിവെള്ള മലിനീകരണം ഒഴിവാക്കാന്‍ സാധിക്കുമെന്നും 12 -ാം പദ്ധതിയില്‍ ഈ വിഷയം ഗൌരമായി പരിഗണിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. ദേശീയതലത്തില്‍ കുടിനീര്‍ മിഷന്‍ രൂപീകരിക്കണം. രാജ്യത്തിന്റെ എല്ലാ ഭാഗത്തും കുടിനീര്‍ എത്തിക്കുന്നതിന് മുന്‍ഗണന വേണം. ഇതിന് യോജ്യമായ സങ്കേതികവിദ്യ വികസിപ്പിച്ച് ജനങ്ങളിലെത്തിക്കണം. കാര്‍ഷിക മേഖലയില്‍ ഉല്പാദനക്ഷമതയ്ക്ക് പ്രാധാന്യം കൊടുക്കണം. കേരളത്തില്‍ മണ്ണും കാലാവസ്ഥയും പരിശോധിച്ച് അഗ്രോ-ഇക്കോളജിക്കല്‍ യൂണിറ്റുകള്‍ തിരിച്ചിട്ടുണ്ട്. ഓരോ യൂണിറ്റിനും അനുയോജ്യമായ കാര്‍ഷിക പാക്കേജുകള്‍ നടപ്പാക്കി ഉല്പാദനക്ഷമത വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കൃഷി, മൃഗസംരക്ഷണം, പാല്‍, മത്സ്യം തുടങ്ങിയ വിവിധ മേഖലകളെ സയോജിപ്പിച്ച് കാര്‍ഷകരുടെ വരുമാനം കൂട്ടാനുള്ള പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ഗവേഷണത്തിന് സംസ്ഥാനത്തെ കാര്‍ഷിക സര്‍വകലാശാലകള്‍ക്ക് കൂടുതല്‍ ഫണ്ട് അനുവദിക്കണം. കാര്‍ഷികോല്പന്നങ്ങള്‍ക്ക് വില സ്ഥിരതാ ഫണ്ട് ഉടനെ ഏര്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. അക്കാദമിക് സ്ഥാപനങ്ങളെയും ശാസ്ത്രഗവേഷണ സ്ഥാപനങ്ങളെയും വ്യാവസായിക മുന്നേറ്റത്തില്‍ പങ്കാളിയാക്കണം. സി.എസ്.ഐ.ആര്‍, ഡി.ആര്‍.ഡി.ഒ, ഐ.സി.എം.ആര്‍, ഡി.എസ്.ടി തുടങ്ങിയ ശാസ്ത്ര സ്ഥാപനങ്ങളുടെ പക്കലുള്ള സാങ്കേതിക വിദ്യകള്‍ വ്യവസായിക ആവശ്യത്തിന് ഉപയോഗിക്കണം. വിദ്യഭ്യാസ മേഖലയിലെ രണ്ടാം തലമുറ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്രസഹായം ആവശ്യമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് എല്ലാ പഞ്ചായത്തുകളിലും ഓരോ പ്രാഥമികരോഗ്യകേന്ദ്രവും വാര്‍ഡുകള്‍ തോറും ഓരോ സബ്സെന്ററും തുറക്കണം. കേരളത്തിന്റെ ഈ പ്രത്യേക ആവശ്യം ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്‍ പരിഗണിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് ഏകീകൃത ഔഷധനയം രൂപീകരിക്കണം. മരുന്നുകളുടെ വില അനിയന്ത്രിതമായി കുതിച്ചുയരുകയാണ്. ഇടനിലക്കാര്‍ വന്‍ലാഭമെടുക്കുന്നതുകൊണ്ടാണ് ഇതു സംഭവിക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ദാരിദ്യ്രരേഖ പുനര്‍നിര്‍വചിക്കണമെന്നു മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ നിരവധി പദ്ധതികളുടെ ഗുണഭോക്താക്കള്‍ ഇപ്പോള്‍ ദാരിദ്യരേഖയ്ക്കു താഴെയുള്ളവര്‍ മാത്രമാണ്. ഇക്കാര്യത്തില്‍ ഒരു പുനര്‍വിചിന്തനം നടത്തുകയും അര്‍ഹമായ എല്ലാവര്‍ക്കും ആനുകൂല്യം ലഭ്യമാക്കുകയും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2011 ഒക്‌ടോബർ 22, ശനിയാഴ്‌ച

തന്റെ ഓഫീസില്‍നിന്ന് വാര്‍ത്താവിതരണം: വീഴ്ച വന്നുവെന്ന് മുഖ്യമന്ത്രി

തന്റെ ഓഫീസില്‍നിന്ന് വാര്‍ത്താവിതരണം: വീഴ്ച വന്നുവെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: തന്റെ ഓഫീസില്‍നിന്ന് വാര്‍ത്ത നല്‍കുന്നതുമായി ബന്ധപ്പെട്ട് ചില വീഴ്ചകള്‍ വന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അതേക്കുറിച്ച് അന്വേഷിക്കുമെന്നും ഇനി അത് ആവര്‍ത്തിക്കാതിരിക്കാന്‍ നിര്‍ദേശം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പല റിപ്പോര്‍ട്ടുകളും ആദ്യം മാധ്യമങ്ങള്‍ക്ക് കിട്ടുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നു. ജയിലില്‍ തടവുകാരുടെ ഫോണ്‍വിളി സംബന്ധിച്ച എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തന്നെ ഉദാഹരണം. സംഭവിച്ചത് സമ്മതിക്കുന്നതില്‍ വൈമനസ്യം ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോടിയേരി ബാലകൃഷ്ണന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സമര്‍പ്പിക്കാത്ത പല റിപ്പോര്‍ട്ടുകളും സമര്‍പ്പിച്ചുവെന്ന നിലയില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് മാധ്യമങ്ങള്‍ക്ക് വാര്‍ത്തയായി നല്‍കിയെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. ടി.വി. രാജേഷ് എം.എല്‍.എ. പോലീസുകാരനെ മര്‍ദിച്ചുവെന്ന നിലയില്‍ ഡി.ജി.പി. റിപ്പോര്‍ട്ട് നല്‍കിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് മാധ്യമങ്ങള്‍ക്ക് ലഭിച്ച വാര്‍ത്ത. എന്നാല്‍ അങ്ങനെ റിപ്പോര്‍ട്ട് നല്‍കിയില്ലെന്ന് ഡി.ജി.പി. പറഞ്ഞതായും വാര്‍ത്ത കണ്ടു-അദ്ദേഹം പറഞ്ഞു.

ടൂറിസംരംഗത്തെ മുന്നേറ്റത്തിനായി കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കും -ഉമ്മന്‍ ചാണ്ടി

കൊച്ചി: സംസ്ഥാനത്ത് ടൂറിസം രംഗത്തെ വളര്‍ച്ച ലക്ഷ്യമിട്ട് കൂടുതല്‍ പദ്ധതികള്‍ ഉടന്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ ടൂറിസം മേഖലയ്ക്ക് പരമാവധി അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും നിലവില്‍ ഹെല്‍ത്ത് ടൂറിസത്തിന് കേരളത്തിലുള്ള ബൃഹത് സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊച്ചി ലെ മെറീഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ 'കേരള ഹെല്‍ത്ത് ടൂറിസം 2011' സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനം നേരിട്ടുകൊണ്ടിരിക്കുന്ന മാലിന്യപ്രശ്‌നത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയുള്ള ക്ലീന്‍ കേരള പദ്ധതി ടൂറിസം രംഗത്തും ഏറെ ഗുണകരമാകുന്നതാണ്. സംസ്ഥാനത്ത് ടൂറിസം മേഖലയില്‍ നടപ്പാക്കേണ്ട വികസനങ്ങളെപ്പറ്റിയും പദ്ധതികളെപ്പറ്റിയും ഈ രംഗത്തെ വിദഗ്ധരുമായി സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് തീരുമാനങ്ങളെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തടവുകാരുടെ തീവ്രവാദബന്ധം കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ജയിലിലെ തടവുകാരുടെ തീവ്രവാദബന്ധവും ഫോണ്‍വിളിയും സംബന്ധിച്ച അന്വേഷണത്തിന് വേണ്ടിവന്നാല്‍ എന്‍.ഐ.എ അടക്കമുള്ള കേന്ദ്ര ഏജന്‍സികളുടെ സഹായം തേടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ പറഞ്ഞു. അന്താരാഷ്ട്ര കോളുകള്‍ വരെ ജയിലില്‍ നിന്ന് പിടിച്ച ഫോണുപയോഗിച്ച് വിളിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം നടന്ന റെയ്ഡില്‍ 29 ഫോണുകളാണ് പിടിച്ചത്. ഇവയില്‍നിന്ന് ഒരു വര്‍ഷത്തിനുള്ളില്‍ 3000 - ഓളം കോളുകളാണ് വിളിച്ചിരിക്കുന്നത്. വിശദമായ പരിശോധന ഇക്കാര്യത്തില്‍ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ടിലാണ് ഈകാര്യങ്ങള്‍ പറഞ്ഞിരിക്കുന്നതെന്ന് മഖ്യമന്ത്രി വ്യക്തമാക്കി. ഒരു വര്‍ഷത്തിനിടയില്‍ ജയിലുകളില്‍ നിന്ന് 120 ഫോണുകള്‍ പിടിച്ചു. ഇതില്‍ അവസാനം പിടിച്ച 29 ഫോണുകളിലെ വിശദാംശം പരിശോധിച്ചപ്പോള്‍ തന്നെ 3000 കോളുകള്‍ വിളിച്ചതായി കണ്ടു. ഇവ ജയിലുകളില്‍ നിന്നുതന്നെ വിളിച്ചതാണോയെന്ന് പരിശോധിക്കണം. ഫോണുകള്‍ ഇടയ്ക്ക് മാറിയിരിക്കാനുള്ള സാധ്യതയുമുണ്ട് - മഖ്യമന്ത്രി പറഞ്ഞു.

ജയിലുകളില്‍ ദേഹപരിശോധന നടത്തുന്നത് പ്രതിപക്ഷകക്ഷി നേതാക്കള്‍ തന്നെ തടസപ്പെടുത്തിയ സംഭവങ്ങള്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 2007-ല്‍ കോടതിയില്‍പ്പോയിവന്ന തടവുകാരനെ പരിശോധിച്ചപ്പോള്‍ അയാള്‍ അതില്‍ പ്രതിഷേധിച്ച് നഗ്‌നനായി നിന്നു. ഒരുന്നത സി.പി.എം നേതാവ് ജയിലിലെത്തി ബഹളംവെച്ചതിനെ തുടര്‍ന്ന് മൂന്നുദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. മറ്റൊരു സമയം ദേഹപരിശോധന നടത്തിയതിനും സി.പി.എം നേതാവ് വന്ന് ബഹളംവെച്ചു. അപ്പോഴും ഉദ്യോഗസ്ഥര്‍ സസ്‌പെന്‍ഷനിലായി. താന്‍ അധികാരത്തില്‍ വന്നശേഷം സമാനമായ സംഭവത്തില്‍ ഒരു സി.പി.എം എം.എല്‍.എ വന്നാണ് ജയിലില്‍ പ്രശ്‌നമുണ്ടാക്കിയത്. അപ്പോഴും രണ്ടുദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. തന്റെ മനസാക്ഷിക്ക് വിരുദ്ധമായാണ് ആ തീരുമാനം എടുത്തത്. എന്നാല്‍ പിറ്റേന്നു തന്നെ അവരെ തിരിച്ചെടുത്തു.

ജയിലില്‍ ജാമര്‍ വച്ചെങ്കിലും അത് തടവുകാരനായ ഒരു ബി.ടെക്കുകാരനാണ് നശിപ്പിച്ചത്. ഒരോദിവസവും ലഭിക്കുന്ന ഉപ്പ് സൂക്ഷിച്ചു വെച്ച് ജാമറില്‍ വെച്ചാണത് കേടാക്കിയത്. രണ്ടാഴ്ചയിലൊരിക്കല്‍ ജയിലില്‍ റെയ്ഡ് നടത്തും. സ്റ്റാഫിന്റെ എണ്ണം കുറവുള്ളത് പരിഹരിക്കും. അതിനായി പോലീസില്‍ നിന്ന് ഡെപ്യൂട്ടേഷന്‍ നല്‍കുന്നത് ആലോചിക്കും - മുഖ്യമന്ത്രി പറഞ്ഞു.

2011 ഒക്‌ടോബർ 21, വെള്ളിയാഴ്‌ച

വിദ്യാര്‍ഥിനികളുടെ ആത്മഹത്യ:വി.എസ്. പരാതി നല്‍കാന്‍ പ്രേരിപ്പിച്ചതെന്തിന്?-ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: കോഴിക്കോട്ട് ആത്മഹത്യ ചെയ്ത രണ്ട് വിദ്യാര്‍ഥിനികളുടെ കുടുംബാംഗങ്ങള്‍ക്ക് പരാതിയില്ലാതിരിക്കെ, അവരെ വിളിച്ച് പരാതി നല്‍കാന്‍ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന്‍ പ്രേരിപ്പിക്കുകയായിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി. അതും ഈ കുട്ടികളുടെ കുടുംബത്തെ കാണാനില്ലെന്ന വാര്‍ത്ത പ്രചരിച്ചിരുന്ന കാലത്ത്. ഒളിവിലാണെന്ന് കരുതിയ കുട്ടിയുടെ അച്ഛനെ എങ്ങനെ വി.എസിന് ഫോണില്‍ കിട്ടി ? കുട്ടികളുടെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയത് വീട്ടുകാര്‍ക്ക് പരിചയമില്ലാത്ത അബ്ദുള്‍ അസീസ് എന്നയാളാണ്. ഇതൊക്കെ എങ്ങനെ സംഭവിക്കുന്നു ? ഇതെല്ലാം പോരാതെ വോട്ടെണ്ണുന്നതിന്റെ തലേന്ന് ഈ കുട്ടികളുടെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കാന്‍ അദ്ദേഹം ഉത്തരവിട്ടതിന്റെ കാരണമെന്താണ് ? നിയമസഭയില്‍ പതിവില്ലാത്തവിധം വികാരാധീനനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചോദിച്ചു.

നിയമസഭയില്‍ കുട്ടികളുടെ ആത്മഹത്യയെക്കുറിച്ച് പോലീസ് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് കോടതി തള്ളിയെന്ന വിഷയത്തില്‍ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിനുള്ള നോട്ടീസ് അവതരണമായിരുന്നു വേദി.

ഡിവൈ.എസ്. പിയായ രാധാകൃഷ്ണപിള്ളയല്ല കുട്ടികളുടെ ആത്മഹത്യ സംബന്ധിച്ച കേസ് അന്വേഷിച്ചതെന്നും റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. അസി.കമ്മീഷണര്‍ ജയ്‌സണ്‍എബ്രഹാമിന്റെ റിപ്പോര്‍ട്ട് ആമുഖ കത്തോടെ രാധാകൃഷ്ണ പിള്ള കോടതിയില്‍ സമര്‍പ്പിച്ചതേയുള്ളൂ. അന്വേഷണം നടത്തിയത് ജയ്‌സണ്‍ ആയതിനാല്‍ അദ്ദേഹം തന്നെ റിപ്പോര്‍ട്ട് നല്‍കട്ടേയെന്ന് കോടതി പറഞ്ഞു.

അബ്ദുള്‍ അസീസെന്നയാള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിലാണ് ഈ കുട്ടികളുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടത്. ഈ കത്തിന്റെ അടിസ്ഥാനത്തില്‍ വോട്ടെണ്ണലിന്റെ തലേന്ന് വി.എസ് ഡി.ജി.പിക്ക് നല്‍കിയ നിര്‍ദേശത്തിന്റെ പകര്‍പ്പ് ഉമ്മന്‍ ചാണ്ടി സഭയില്‍ വായിച്ചു. ആത്മഹത്യചെയ്ത കുട്ടിയുടെ കുടുംബത്തെ കാണാനില്ലെന്നും കത്തിലുണ്ട്. ഈ രണ്ട് കാര്യങ്ങളെക്കുറിച്ചും അന്വേഷിക്കാനുള്ള നിര്‍ദേശം ഡി.ജി.പി. അപ്പോള്‍ തന്നെ നടപ്പാക്കി. എ.ഡി.ജി.പി. വിന്‍സന്‍ പോളിനെ കേസ് ഏല്പിച്ചു. അദ്ദേഹം ജയ്‌സണ്‍ എബ്രഹാമിനെ കേസ് അന്വേഷിക്കാന്‍ നിയോഗിച്ചു.

ജയ്‌സണ്‍ മരിച്ച കുട്ടിയുടെ അച്ഛനായ നജ്മല്‍ ബാബുവിന്റെ മൊഴിയെടുത്തു. തങ്ങള്‍ എങ്ങും ഒളിവില്‍ പോയിട്ടില്ല. വൃക്കയുടെ ശസ്ത്രക്രിയ കഴിഞ്ഞ് സാമ്പത്തിക പ്രയാസമുണ്ടായപ്പോള്‍ ഭാര്യയുടെ വീടായ വേങ്ങരയില്‍ താമസിച്ചിരുന്നു. അപ്പോഴാണ് അവിടെ താമസിക്കുമ്പോള്‍ മകളുടെ മരണത്തെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ പറയണമെന്നും അതന്വേഷിക്കാമെന്നും മുഖ്യമന്ത്രിയാണെന്ന് പരിചയപ്പെടുത്തി വി.എസ്. അച്യുതാന്ദന്‍ ഫോണില്‍ വിളിച്ചിരുന്നു. പരാതി നല്‍കിയ അസീസിനെ തങ്ങള്‍ക്ക് അറിയില്ലെന്നാണ് അച്ഛനമ്മമാരുടെ മൊഴി-മുഖ്യമന്ത്രി പറഞ്ഞു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ആരുംമുക്കിയിട്ടില്ല. കോടതിയിലും പോലീസ് സ്റ്റേഷനിലുമുണ്ട്. ഇതില്‍ ഒരു കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ല എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ട്രെയിനിന് മുന്നില്‍ ചാടി മരിച്ചതായതിനാല്‍ മറ്റൊരു കുട്ടിയെ ഈ രീതിയില്‍ പരിശോധിക്കാന്‍ കഴിഞ്ഞിട്ടുമില്ല. 15 കൊല്ലമായ ഈ കേസില്‍ ഒമ്പത് വര്‍ഷം ഇടതുമുന്നണിയാണ് അധികാരത്തിലിരുന്നത്-ഉമ്മന്‍ചാണ്ടി പറഞ്ഞു. പൊതുപ്രവര്‍ത്തകര്‍ക്ക് നാലക്ഷരമുള്ള ഒരു കാര്യംവേണം-മനുഷ്യത്വം. രണ്ടക്ഷരമുള്ള ഒരു കാര്യമുണ്ടെങ്കില്‍-പക-പൊതുപ്രവര്‍ത്തകന്റെ നാശത്തിന്റെ തുടക്കമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.


2011 ഒക്‌ടോബർ 20, വ്യാഴാഴ്‌ച

പുതിയ ഇമിഗ്രേഷന്‍ നിയമം: സംസ്ഥാനം ഭേദഗതി നിര്‍ദേശം സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി



തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പുതുതായി കൊണ്ടുവരുന്ന ഇമിഗ്രേഷന്‍ നിയമത്തിന്റെ ഉള്ളടക്കം സംസ്ഥാനത്തിന് ലഭ്യമായിട്ടില്ലെന്നും അതറിഞ്ഞാല്‍ ഉടന്‍ തന്നെ സംസ്ഥാനത്തിന്റെ ഭേദഗതി നിര്‍ദേശങ്ങള്‍ അറിയിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ പറഞ്ഞു. പുതിയ നിയമത്തിന്റെ ഉള്ളടക്കം സംബന്ധിച്ച് വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ കേന്ദ്ര പ്രവാസികാര്യ മന്ത്രാലയത്തിനും പ്രൊട്ടക്ടര്‍ ഓഫ് ഇമിഗ്രന്റ്‌സിനും സംസ്ഥാനം കത്തയച്ചു. എന്‍.എ നെല്ലിക്കുന്നിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി.

നിലവിലുളള നിയമത്തിലെ പോരായ്മകള്‍ മുതലെടുത്ത് തൊഴില്‍ തേടിപ്പോകുന്നവരെ ചൂഷണം ചെയ്യുന്ന അവസ്ഥയുണ്ട്. അതുകൊണ്ടാണ് നിയമദേദഗതിയെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. എന്നാല്‍ യഥാര്‍ഥത്തില്‍ തൊഴില്‍ തേടിപ്പോകുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്നാണ് സര്‍ക്കാരിന്റെ അഭിപ്രായം - മുഖ്യമന്ത്രി പറഞ്ഞു.

2011 ഒക്‌ടോബർ 19, ബുധനാഴ്‌ച

അനുഗ്രഹം തേടി നിര്‍മല്‍ മാധവ് എത്തി; ഇനിയാരും വേട്ടയാടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ജീവിതത്തിലെ പുതിയ അധ്യായം തുടങ്ങുന്നതിന് മുമ്പ് അനുഗ്രഹം വാങ്ങാന്‍ നിര്‍മല്‍ മാധവ് മുഖ്യമന്ത്രിയുടെ അടുത്തെത്തി. തന്റെ ഓഫീസില്‍ കണ്ടപാടെ നിര്‍മലിനെ ആശ്ലേഷിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു: ''വലിയ താരമായല്ലോ.'' ഇതുകേട്ട് നാണിച്ചുനിന്ന നിര്‍മലിനോട് അദ്ദേഹം തുടര്‍ന്നു. ''മനസ്സില്‍ വിഷമം തോന്നേണ്ട കാര്യമില്ല. നിന്നെയാരും ഒന്നും ചെയ്യില്ല. നല്ല കുട്ടിയായി പഠിച്ച് ഉയരത്തില്‍ എത്തണം. എല്ലാ സഹായവും ഉണ്ടാകും. ''

വ്യാഴാഴ്ച ദേശമംഗലം മലബാര്‍ കോളേജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങിന് ചേരുന്നതിനുമുന്നോടിയായാണ് നിര്‍മല്‍ മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ എത്തിയത്. ''എല്ലാ സഹായത്തിനും നന്ദി. പുറത്ത് മറ്റേതെങ്കിലും സംസ്ഥാനത്ത് പോകാന്‍ ഞാന്‍ ഇരിക്കുകയായിരുന്നു. അപ്പോഴാണ് സാര്‍ ഇടപെട്ടത്. സാറിന്റെ സഹായമില്ലായിരുന്നെങ്കില്‍ എനിക്ക് പഠിക്കാന്‍ കഴിയുമായിരുന്നില്ല.'' തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പാദം തൊട്ട് നിര്‍മല്‍ വണങ്ങി. പിടിച്ചെഴുന്നേല്പിച്ച് മുഖ്യമന്ത്രി പറഞ്ഞു. ''ഇനി ആരും നിന്നെ വേട്ടയാടില്ല. എന്താവശ്യമുണ്ടെങ്കിലും വിളിക്കണം.''

ഒപ്പമുണ്ടായിരുന്ന യൂത്ത് കേണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. സിദ്ദിഖ് കോളേജില്‍ ഫീസ് ക്രമീകരിക്കുന്നത് സംബന്ധിച്ച് കളക്ടര്‍ മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തുന്നുണ്ടെന്ന വിവരം അറിയിച്ചു. എം.എല്‍.എ മാരായ പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, അന്‍വര്‍ സാദത്ത് എന്നിവരും നിര്‍മലിനൊപ്പമുണ്ടായിരുന്നു.





nirmal madhavan visits CM - visuals

2011 ഒക്‌ടോബർ 18, ചൊവ്വാഴ്ച

കുട്ടനാട്ടിലെ മാലിന്യ പ്രശ്‌നം: മൂന്ന് പദ്ധതികള്‍ ഏകോപിപ്പിച്ച് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കുട്ടനാട് പാക്കേജും വേമ്പനാട് ഇക്കൊ ഡെവലപ്മന്റ് അതോറിറ്റിയും അഞ്ച് നദികളുടെ ശുചീകരണവും സംയോജിപ്പിച്ചുകൊണ്ടുള്ള പദ്ധതിയായിരിക്കും നടപ്പാക്കുകയെന്ന് മഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ പറഞ്ഞു. പമ്പ, അച്ചന്‍കോവില്‍, മണിമല, മീനച്ചില്‍, കൊടൂര്‍ നദികളുടെ ശുചീകരണമാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നത്. ഇതിന് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതി ഏജന്‍സിയെ കണ്ടെത്തും. ജനവരിക്കകം ഏജന്‍സിയെ നിശ്ചിയിച്ച് നടപടികള്‍ തുടങ്ങും. ഈ പദ്ധതിക്ക് കേന്ദ്രത്തിന്റെ സഹായമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നദികളുടെ ശുചീകരണത്തിന് ഗംഗാശുചീകരണ മാതൃകയിലാണ് പദ്ധതി ആവിഷ്‌കരിക്കുക. ഈ പദ്ധതികള്‍ക്കായി 100 കോടി രൂപയുടെ കേന്ദ്ര സഹായമുണ്ട്. പത്ത് കോടി ഇതിനകം ലഭിച്ചു. പണം ഈ പദ്ധതിക്കൊരു പ്രശ്‌നമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കീടനാശിനിയുടെ അമിതമായ ഉപയോഗമാണ് കുട്ടനാടിന്റെ പാരിസ്ഥിതിക പ്രശ്‌നത്തിന് പ്രധാന കാരണം. തണ്ണീര്‍മുക്കം ബണ്ട് ശാസ്ത്രീയമായി ഉപയോഗപ്പെടുത്തണം. ഇതിനായി ഓരിന്റെ അംശവും ജലനിരപ്പും നിശ്ചയിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്താന്‍ നിര്‍ദേശമുണ്ട്. ചെന്നൈ ഐ.ഐ.ടി ഇക്കാര്യത്തെക്കുറിച്ച് പഠിച്ചുവരുന്നു. വേമ്പനാട് ആവാസ് യോജന പദ്ധതിക്ക് ലോകബാങ്കിന്റെ സഹായവും ലഭിക്കും. മുഖ്യമന്ത്രി പറഞ്ഞു.

കുട്ടനാട്ടിലെ വെള്ളത്തില്‍ കീടനാശിനിയുടെ അംശം അമിതമായ നിലയില്‍ കാണുന്നുണ്ട്. ഈയവസ്ഥ മാറ്റിയെടുക്കണം. ഈ പദ്ധതികള്‍ നടപ്പാകുന്നതോടുകൂടി കുട്ടനാടിന്റെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമെന്നാണ് കരുതുന്നത് -മുഖ്യമന്ത്രി പറഞ്ഞു.

2011 ഒക്‌ടോബർ 16, ഞായറാഴ്‌ച

നിയമം നടപ്പാക്കുന്നതിലെ കാലതാമസം ജനങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്‌നം

കൊച്ചി: നിയമങ്ങള്‍ നടപ്പാക്കുന്നതിലെ പരാജയവും കാലതാമസവും ജനങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നായി മാറിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിയമങ്ങളില്ലാത്തതല്ല അത് ഫലപ്രദമായി നടപ്പാക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ഇതു പരിഹരിക്കാന്‍ കോടതികളിലേക്ക് പോകുന്ന കേസുകളുടെ എണ്ണം കുറച്ച് ചെറിയ തര്‍ക്കങ്ങള്‍ക്കും മറ്റും ജനപ്രതിനിധികളുടെ മധ്യസ്ഥതയില്‍ പരിഹാരം കാണണം.

കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിട്ടിയുടെയും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിട്ടിയുടെയും ആഭിമുഖ്യത്തില്‍ ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച നിയമസാക്ഷരതാ ശില്‍പ്പശാല ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലതാമസം കൂടാതെ തന്നെ ജനങ്ങള്‍ക്ക് നീതി ലഭ്യമാകുന്നതിലൂടെ സമൂഹത്തില്‍ വളരെയേറെ ഗുണകരമായ മാറ്റമാണുണ്ടാകുക. പരാതിയുമായെത്തുന്ന ഓരോരുത്തരുടെയും പ്രശ്‌നങ്ങള്‍ ക്ഷമാപൂര്‍വം കേട്ട് ശ്രദ്ധയോടെ പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കാന്‍ ജനപ്രതിനിധികള്‍ക്ക് കഴിയണം. കോടതി മുറികളില്‍ നിന്ന് മാറി ജനങ്ങള്‍ക്കിടയിലേക്കിറങ്ങി നീതി ലഭ്യമാക്കുന്നതിനുള്ള അതോറിട്ടിയുടെ പ്രയത്‌നങ്ങള്‍ക്ക് സര്‍ക്കാര്‍ എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിട്ടി എക്‌സിക്യൂട്ടീവ് ചെയര്‍മാനും ആക്ടിങ്ങ് ചീഫ് ജസ്റ്റിസുമായ ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു.

കയ്യാങ്കളി: വിഡിയോ ദൃശ്യങ്ങള്‍ പരസ്യമാക്കണമെന്ന് മുഖ്യമന്ത്രി

കൊച്ചി: നിയമസഭയില്‍ വെള്ളിയാഴ്ച നടന്ന ബഹളത്തിന്റെയും കയ്യാങ്കളിയുടേയും വീഡിയോ ദൃശ്യങ്ങള്‍ പരസ്യമാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വീഡിയോ പരിശോധനയ്ക്ക് ശേഷവും ഇരുപക്ഷവും ആരോപണപ്രത്യാരോപണങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തിയാല്‍ എന്താണ് സത്യമെന്ന് ഏവര്‍ക്കും ബോധ്യമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞത്.

ജനങ്ങള്‍ ഇത് കാണണം. ദൃശ്യങ്ങളുടെ പരിശോധന മാധ്യമങ്ങളുടെ മുമ്പാകെ വേണമെന്ന് തങ്ങള്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതിപക്ഷമാണ് ഇത് എതിര്‍ത്തത്. നിയമസഭാ നടപടിക്രമങ്ങള്‍ മുഴുവനും മാധ്യമങ്ങളിലൂടെ സംപ്രേക്ഷണം ചെയ്യണം. വിവാദങ്ങള്‍ ഒഴിവാക്കാന്‍ ഇത് സഹായകരമാകും. ടി.വി രാജേഷ് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞതിനെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നിയമസഭയിലെ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തരുതെന്ന് പറയുന്നവര്‍ ഇതേക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുന്നത് അപഹാസ്യമാണ്. യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടാനുള്ള ശ്രമമാണ് ജുഡീഷ്യല്‍ അന്വേഷണം എന്ന ആവശ്യം. പ്രതിപക്ഷം ആരെയാണ് ഭയക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു