UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

hospital എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
hospital എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2020, ജൂൺ 5, വെള്ളിയാഴ്‌ച

കാരുണ്യ ചികിത്സാ പദ്ധതിയെ ദയാവധം ചെയ്യരുത്


കേരളത്തിലെ ലക്ഷക്കണക്കിനു പാവപ്പെട്ടവര്‍ക്ക് ആശ്രയമായിരുന്ന കാരുണ്യ ചികിത്സാപദ്ധതിയെ ഇല്ലാതാക്കാനുള്ള നീക്കം ഏറെ വേദനാജനകമാണ്. 100 കോടിയോളം രൂപ കുടിശിക ആയതിനെ തുടര്‍ന്ന് ധനവകുപ്പ് കാരുണ്യ ചികിത്സാ പദ്ധതിയെ കൈവിട്ടു. കാരുണ്യ ബെനവലന്റ് ഫണ്ട് പ്രകാരമുള്ള എല്ലാ ചികിത്സാ സഹായവും മെയ് 31ന് അവസാനിപ്പിച്ചുകൊണ്ട് ധനവകുപ്പിന്റെ ഉത്തരവിറങ്ങി ( ഉത്തരവ് നമ്പര്‍ എച്ച് 1/ 215/ 2020). തുടര്‍ന്ന് പദ്ധതി നേരെ ആരോഗ്യവകുപ്പിന്റെ കീഴിലേക്കു മാറ്റി. ധനവകുപ്പിന്റെ സഹായമില്ലാതെ ആരോഗ്യവകുപ്പിന്റെ തനതു ഫണ്ടില്‍ നിന്ന് ഇത്രയും വലിയ പദ്ധതിക്ക് ആവശ്യമായ ഫണ്ട് ലഭിക്കില്ലെന്നു വ്യക്തം.

പദ്ധതിയെ ദയാവധം ചെയ്യാനാണോ സര്‍ക്കാരിന്റെ നീക്കം?

യുഡിഎഫിന്റെ കാലത്ത് കാരുണ്യ ലോട്ടറിയില്‍ നിന്നുള്ള വരുമാനം കൊണ്ട് സുഗമമായി നടന്ന പദ്ധതിയാണിത്. ഇപ്പോള്‍ കാരുണ്യലോട്ടറിയില്‍ നിന്നുള്ള വരുമാനം ധനവകുപ്പ് ഏറ്റെടുത്തതാണ് പ്രശ്‌നത്തിന്റെ കാതല്‍. അതു കാരുണ്യ ലോട്ടറിക്കു മാത്രമായി അടിയന്തരമായി പുന:സ്ഥാപിക്കുകയാണു വേണ്ടത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ അന്നു മുതല്‍ ഈ പദ്ധതിയോട് തികഞ്ഞ ചിറ്റമ്മ നയമാണ് സ്വീകരിച്ചത്. ആദ്യം കേന്ദ്രത്തിന്റെ ആയുഷ്മാന്‍ ഭാരത് ഇന്‍ഷ്വറന്‍സുമായി ലയിപ്പിച്ച് കാരുണ്യയുടെ നടത്തിപ്പ് 2019 ഏപ്രില്‍ ഒന്നിനു റിലയന്‍സ് ഇന്‍ഷ്വറന്‍സിനു നല്കി. . പക്ഷേ, സാമ്പത്തികമായി പൊളിഞ്ഞ റിലയന്‍സ്, കാരുണ്യ പദ്ധതിയുമായി മുന്നോട്ടുകൊണ്ടുപോയില്ല. ആശുപത്രികള്‍ക്കും രോഗികള്‍ക്കും പണം മുടങ്ങി.

ആരോഗ്യവകുപ്പിന്റെ കീഴില്‍ പുതിയ ഇന്‍ഷ്വറന്‍സ് പദ്ധതി രൂപീകരിച്ച് ആരോഗ്യവകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് പദ്ധതി നടപ്പാക്കാനാണ് ഇപ്പോഴത്തെ നീക്കം.

യുഡിഎഫ് സര്‍ക്കാരിന്റെ ധനമന്ത്രി മാണി സാറിന്റെ പ്രത്യേക താത്പര്യത്തോടെ രൂപീകരിച്ച കാരുണ്യ ബെനവലന്റ് ഫണ്ട് കേരളം കണ്ട ഏറ്റവും ജനോപകാരപ്രദമായ ക്ഷേമപദ്ധതിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. 1.42 ലക്ഷം പേര്‍ക്ക് 1200 കോടി രൂപയുടെ ധനസഹായമാണ് ഇതിലൂടെ നല്കിയത്. ഗുരുതരമായ 11 ഇനം രോഗങ്ങള്‍ ബാധിച്ച പാവപ്പെട്ടവര്‍ക്ക് അനായാസം രണ്ടു ലക്ഷം രൂപ വരെ ധനസഹായം നല്കുന്ന പദ്ധതിയായിരുന്നു ഇത്.

കാരുണ്യ ലോട്ടറി നടത്തിയാണ് ഇതിനുള്ള ഫണ്ട് കണ്ടെത്തിയത്. ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്‍ കേരളത്തില്‍ നിന്ന് അന്യസംസ്ഥാനലോട്ടറിയിലൂടെ പ്രതിവര്‍ഷം കടത്തിക്കൊണ്ടുപോയ 3655 കോടി രൂപ കാരുണ്യ ലോട്ടറിയിലുടെ കേരളം തിരിച്ചു പിടിക്കുകയും അത് ഏറ്റവും വലിയ ക്ഷേമപദ്ധതിക്ക് വിനിയോഗിക്കുകയുമാണ് ചെയ്ത്.

2011ല്‍ സംസ്ഥാന ലോട്ടറിയുടെ വിറ്റുവരവ് 557 കോടി രൂപയായിരുന്നത് 2015ല്‍ 5445 കോടി രൂപയായി കുതിച്ചുയര്‍ന്നു.

കേരളം കണ്ട ഏറ്റവും ജനോപകാരപ്രദമായ കാരുണ്യ ചികിത്സാ പദ്ധതിയെ ഇല്ലാതാക്കരുതേ എന്ന പാവപ്പെട്ടവരുടെ നിലവിളി ഈ സര്‍ക്കാര്‍ കേള്‍ക്കുമോ?

2020, മേയ് 11, തിങ്കളാഴ്‌ച

‘ഒരു ലക്ഷം രൂപയ്ക്ക് ചെയ്യാവുന്നത് രണ്ടു കോടിക്ക് ചെയ്തിട്ട് ആഘോഷം’


പ്രതിമാസം രണ്ടു കോടി രൂപ ചെലവുവരുന്ന സര്‍ക്കാരിന്റെ ഹെലികോപ്റ്റര്‍ ഇടപാടിനെ ഒരു ലക്ഷത്തില്‍ താഴെ മാത്രം ചെലവുവരുന്ന ഒരു യാത്രയിലൂടെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നതിനോട് ഒട്ടും യോജിക്കാനാവില്ല. സംസ്ഥാനത്തിന്റെ അടിയന്തര ആവശ്യങ്ങള്‍ക്ക് എപ്പോഴും ലഭ്യമായ ഇന്ത്യന്‍ നേവിയുടെ ഹെലികോപ്റ്റര്‍ ഉപയോഗിച്ചിരുന്നെങ്കില്‍ തിരുവനന്തപുരം- കൊച്ചി അവയവദാന യാത്രക്ക് ചെലവ് ഒരു ലക്ഷം രൂപയില്‍ താഴെ നില്ക്കുമായിരുന്നു. സര്‍ക്കാരിന്റെ ഹെലികോപ്റ്റര്‍ അവയവദാനത്തിന് ഉപയോഗിച്ചതിനെ സ്വാഗതം ചെയ്യുന്നു. ഹൃദയശസ്തക്രിയ വിജയകരമായി നടത്തിയ ഡോ ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്തിലുള്ള ഡോക്ടര്‍മാരെ അഭിനന്ദിക്കുന്നു.

മരണാനന്തര അവയവദാനവും അടിയന്തര ചികിത്സയും ഏറ്റവും കുറഞ്ഞ ചെലവില്‍ ഏറ്റവും വേഗതയില്‍ നിര്‍വഹിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ രൂപം കൊടുത്ത മൃതസഞ്ജീവനി പദ്ധതിയില്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചിട്ടുണ്ട്. നേവിയുടെ ഈ ഹെലികോപ്റ്ററിന് ചെലവ് ഒരു ലക്ഷത്തില്‍ താഴെ രൂപയാണ്. എറണാകുളം ജില്ലാ കളക്ടറാണ് ഇതിന്റെ ബന്ധപ്പെട്ട ഓഫീസര്‍. ദുരന്തനിവാരണം ഉള്‍പ്പെടെയുള്ള തുടങ്ങിയ അടിയന്തരഘട്ടങ്ങളിലെല്ലാം ഇന്ത്യന്‍ നേവിയുടെ ഹെലികോപ്റ്റര്‍ ഏതു സമയത്തും എളുപ്പത്തിലും ലഭ്യമാണ്. കേന്ദ്രസര്‍ക്കാര്‍ സംവിധാനത്തിന്റെ കീഴിലായതിനാല്‍ ചെലവ് കുറവാണ് എന്നതാണ് ആകര്‍ഷണം.

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഉപയോഗിക്കാനും നേവിയുടെ ഹെലികോപ്റ്റര്‍ ലഭ്യമാണ്. അതിന് വാടകയ്ക്ക് പുറമെ, കേന്ദ്രപ്രതിരോധ മന്ത്രാലയത്തിന്റെ അനുവാദവും വാങ്ങണം.

2015 ജൂലൈയില്‍ തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച് മസ്തിഷ്‌ക മരണം സംഭവിച്ച നീലകണ്ഠന്‍ ശര്‍മയുടെ ഹൃദയം തിരുവനന്തപുത്തുനിന്ന് കൊച്ചിയിലേക്ക് നാവികസേനയുടെ ഹെലികോപ്റ്ററിലും ആംബുലന്‍സിലുമായി പാതിരാത്രിയില്‍ ലിസി ആശുപത്രിയില്‍ എത്തിക്കുകയും അവിടെ വച്ച് ഓട്ടോഡ്രൈവര്‍ മാത്യുവിന് ഹൃദയം മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് ആദ്യമായി ഹെലികോപ്റ്റര്‍ ഉപയോഗിച്ചത് അന്നാണ്. ആ ഫയലില്‍ ഞാന്‍ ഒപ്പിട്ടത് രാത്രി 1.30ന് ആയിരുന്നു.
അതോടെ എയര്‍ ആംബുലന്‍സ് സ്ഥിരം സംവിധാനമാക്കാന്‍ തീരുമാനിച്ചെങ്കിലും തുടര്‍ന്നുവന്ന ഇടതുസര്‍ക്കാര്‍ അതുമായി മുന്നോട്ടുപോയില്ല.

സംസ്ഥാന സര്‍ക്കാര്‍ സുരക്ഷാ ആവശ്യത്തിന്റെ പേരില്‍ പ്രതിമാസം രണ്ടു കോടി രൂപയ്ക്ക് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നതിനു പകരം എയര്‍ ആംബുലന്‍സ് തുടങ്ങിയിരുന്നെങ്കില്‍ ഇപ്പോഴത്തെ വിവാദം ഉണ്ടാകില്ലായിരുന്നു. ഹെലികോപ്റ്റര്‍ വാടകയായ 1.44 കോടി രൂപ (20 മണിക്കൂര്‍), ജിഎസ്ടി ഉള്‍പ്പെടുമ്പോള്‍ 1.70 കോടി, പൈലറ്റ്, കോപൈലറ്റ് ഉള്‍പ്പെടെ മൂന്നു ജീവനക്കാരുടെ ശമ്പളം, സ്റ്റാര്‍ ഹോട്ടല്‍ താമസസൗകര്യം എന്നിവ കൂടി ഉള്‍പ്പെടുത്തുമ്പോഴാണ് രണ്ടു കോടി രൂപയോളമാകുന്നത്. ഒരു മാസം 20 മണിക്കൂര്‍ ഉപയോഗിക്കുന്നതിനുള്ള പണം സംസ്ഥാനം നല്കുന്നുണ്ടെങ്കിലും ഇതുവരെ ഉപയോഗിച്ചത് ഒരു തവണ മാത്രം.

2020, മേയ് 7, വ്യാഴാഴ്‌ച

ഹെലികോപ്റ്റര്‍ ഇടപാടിനെ എയര്‍ ആംബുലന്‍സ് പദ്ധതിയുമായി കൂട്ടിക്കെട്ടി ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് അങ്ങേയറ്റം നിര്‍ഭാഗ്യകരം



പ്രതിമാസം രണ്ടു കോടി രൂപയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ഹെലികോപ്‌ററര്‍ വാടകയ്‌ക്കെടുത്ത നടപടിയെ മുന്‍ സര്‍ക്കാരിന്റെ കാലത്ത് തുടക്കമിട്ട എയര്‍ ആംബുലന്‍സ് പദ്ധതിയുമായി കൂട്ടിക്കെട്ടി ഇടതുകേന്ദ്രങ്ങള്‍ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് അങ്ങേയറ്റം നിര്‍ഭാഗ്യകരം.

മരണാനന്തര അവയവദാനവും അടിയന്തര ചികിത്സയും ഏറ്റവും കുറഞ്ഞ ചെലവില്‍ ഏറ്റവും വേഗതയില്‍ നിര്‍വഹിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ രൂപം കൊടുത്ത മൃതസഞ്ജീവനി പദ്ധതിയുടെ ഭാഗമായിരുന്നു അത്. ഇടതു സര്‍ക്കാര്‍ പദ്ധതി ഉപേക്ഷിച്ചതു മൂലം അടിയന്തര ഘട്ടത്തില്‍ റോഡു ബ്ലോക്ക് ചെയ്ത് ആംബുലന്‍സില്‍ കൊണ്ടുവന്നാണ് ഇപ്പോഴും ഇതു നടത്തുന്നത്. ആശുപത്രിയില്‍ യഥാസമയം എത്താന്‍ സാധിക്കാതെ വന്നതിനെ തുടര്‍ന്ന് അകാല മരണം പോലും സംഭവിച്ചിട്ടുണ്ട്.

2016 മാര്‍ച്ച് മൂന്നിനാണ് എയര്‍ ആംബുലന്‍സ് പദ്ധതിക്ക് തിരുവനന്തപുരത്തെ രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്‌നോളജിയുമായി സര്‍ക്കാര്‍ കരാറായത്. അവയവദാനത്തിനും അടിയന്തര ആശുപത്രി ആവശ്യങ്ങള്‍ക്കും മാത്രമാണ് ഈ സേവനമെന്ന് കരാറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓരോ കേസിനും അതിനു ചെലവായ തുക നല്കും എന്നല്ലാതെ മാസവാടക നല്കാന്‍ വ്യവസ്ഥ ഇല്ലായിരുന്നു. സ്വകാര്യ ആശുപത്രികള്‍ക്കും ഈ സേവനം ലഭ്യമായിരുന്നു.

രാജീവ് ഗാന്ധി അക്കാദമിക്ക് കൊമേഴ്‌സ്യല്‍ ഓപ്പറേഷന് ലൈസന്‍സ് ഇല്ലാതിരുന്നതിനാലും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ അംഗീകാരം ഇല്ലാതിരുന്നതിനാലും കരാര്‍ റദ്ദ് ചെയ്തു. തുടര്‍ന്ന് പദ്ധതിക്ക് താത്പര്യം പ്രകടിപ്പിച്ച മറ്റൊരു കമ്പനിയുമായി ചര്‍ച്ച തുടങ്ങിവച്ചെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പമൂലം മുന്നോട്ടുപോയില്ല.

2015 ജൂലൈയില്‍ തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച് മസ്തിഷ്‌ക മരണം സംഭവിച്ച നീലകണ്ഠന്‍ ശര്‍മയുടെ ഹൃദയം തിരുവനന്തപുത്തുനിന്ന് കൊച്ചിയിലേക്ക് നാവികസേനയുടെ ഹെലികോപ്റ്ററിലും ആംബുലന്‍സിലുമായി പാതിരാത്രിയില്‍ ലിസി ആശുപത്രിയില്‍ എത്തിക്കുകയും അവിടെ വച്ച് ഓട്ടോഡ്രൈവര്‍ മാത്യുവിന് ഹൃദയം മാറ്റിവയ്ക്കുകയും ചെയ്ത സംഭവം കേരളം വീര്‍പ്പടക്കിയാണ് ടിവിയില്‍ കണ്ടത്. ഡോ ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്തില്‍ നടത്തിയ ഓപ്പറേഷന്‍ വന്‍ വിജയമായിരുന്നു. സംസ്ഥാനത്ത് എയര്‍ ആംബുലന്‍സ് ഉപയോഗിച്ച് നടത്തിയ ആദ്യത്തെ ഓപ്പറേഷനായിരുന്നു അത്. ആ ഫയലില്‍ താന്‍ ഒപ്പിട്ടത് രാത്രി 1.30ന് ആയിരുന്നു. അതോടെയാണ് എയര്‍ ആംബുലന്‍സ് സ്ഥിരം സംവിധാനമാക്കാന്‍ തീരുമാനിച്ചത്.

സംസ്ഥാന സര്‍ക്കാര്‍ സുരക്ഷാ ആവശ്യത്തിന്റെ പേരില്‍ ഹെലികോപ്റ്റര്‍ വലിയ തുക വാടകയ്ക്ക് എടുക്കുന്നതിനു പകരം എയര്‍ ആംബുലന്‍സ് തുടങ്ങിയിരുന്നെങ്കില്‍ ഇപ്പോഴത്തെ വിവാദം ഉണ്ടാകില്ലായിരുന്നു. അനേകം രോഗികള്‍ക്ക് അതു വലിയ പ്രയോജനവും ചെയ്യുമായിരുന്നു. 2019ല്‍ ഹൃദയ ശസ്ത്രക്രിയയ്ക്കുവേണ്ടി മംഗലാപുരത്തുനിന്ന് എറണാകുളത്തേക്ക് റോഡ് മാര്‍ഗം ആംബുലന്‍സില്‍ കൊണ്ടുവരുന്നതിനിടയില്‍ രണ്ടു മാസം പ്രായമുള്ള ആണ്‍കുഞ്ഞ് കണ്ണൂരില്‍ വച്ച് മരണമടഞ്ഞതുപോലുള്ള സംഭവങ്ങള്‍ ഉണ്ടാകാതിരിക്കുമായിരുന്നു. മൃതസഞ്ജീവനി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത രോഗികളില്‍ 56 പേര്‍ യഥാസമയം അവയവം ലഭിക്കാതെ മരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി 2019 ജനുവരി 28ന് നിയമസഭയില്‍ ചോദ്യത്തിന് ഉത്തരം നല്കിയിട്ടുണ്ട്.


2020, ഏപ്രിൽ 4, ശനിയാഴ്‌ച

കൊറോണ ഇന്‍ഷ്വറന്‍സ് സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്കും ബാധകമാക്കണം


കൊറോണ ഇന്‍ഷ്വറന്‍സ് സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്കും ബാധകമാക്കണം എന്നവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് നൽകി

കൊറോണബാധിതരാകുന്ന സര്‍ക്കാര്‍ ആശുപത്രി ജീവനക്കാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 50 ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് കവറേജ് സ്വകാര്യ ആശുപത്രിയിലെ ജീവനക്കാര്‍ക്കു കൂടി ബാധകമാക്കണമെന്ന് ആവശ്യപ്പെട്ടു.

പോലീസുകാരെയും അഗ്നിശമന സേനാംഗങ്ങള്‍ ഉള്‍പ്പെടെ ദുരന്തനിവാരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മുഴുവന്‍ ജീവനക്കാരെയും കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തണം. ഇവരെല്ലാം സ്വന്തം ജീവന്‍ തൃണവത്കരിച്ചും കൊറോണയെന്ന മഹാമാരിക്കെതിരേയുള്ള പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ്. സര്‍ക്കാര്‍ പരിഗണിക്കുന്നുവെന്നും ശ്രദ്ധിക്കുന്നുവെന്നുമുള്ള ഒരു ബോധ്യം ഇപ്പോള്‍ അവര്‍ക്ക് ഉറപ്പായും നല്‌കേണ്ടതുണ്ട്.

കൊറോണയ്‌ക്കെതിരേയുള്ള പോരാട്ടത്തില്‍ പോലീസുകാര്‍ 24 മണിക്കൂറും തെരുവുകളില്‍ തന്നെയാണ്. പട്രോളിംഗിനും പരിശോധനയ്ക്കും ആളുകളെ ബോധവത്കരിക്കുന്നതിലും അവര്‍ ഏര്‍പ്പെട്ടിരിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗണ്‍ അവസരോചിതവും പ്രശംസനീയവുമാണ്.

#Covid19India
#IndiaFightsCorona
#WarAgainstVirus
1 April 2020

2019, ഡിസംബർ 8, ഞായറാഴ്‌ച

ശ്രീചിത്രയിലെ സൗജന്യ ചികിത്സ നിര്‍ത്തലാക്കി; സര്‍ക്കാര്‍ ഇടപെടണം


 ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ സൗജന്യ ചികിത്സ പരിമിതപ്പെടുത്താനുള്ള ഭരണസമിതിയുടെ തീരുമാനംമൂലം ആയിരക്കണക്കിന് പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സ നിഷേധിക്കുകയാണുണ്ടായത്.

കേരളത്തിന് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത ഈ തീരുമാനം പുന:പരിശോധിക്കണം സര്‍ക്കാര്‍ അടിയന്തരമായി വിഷയത്തിൽ ഇടപെടണം.

ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ച 1979 മുതല്‍ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള ഹൃദയ- നാഡി രോഗികള്‍ക്ക് നല്കി വന്ന സൗജന്യ ചികിത്സയ്ക്കാണ് ഡിസംബര്‍ ഒന്നിന് ഭരണസമിതി പുറപ്പെടുവിച്ച ഉത്തരവിലൂടെ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ഭരണസമിതി നിശ്ചയിച്ച 9 മാനദണ്ഡങ്ങളില്‍ 7 എണ്ണം ഉള്ളവര്‍ക്കേ സൗജന്യ ചികിത്സ ലഭിക്കൂ. രോഗിക്ക് സ്വന്തം വീടുണ്ടാകരുത്, ഭൂമിയുടെ രേഖ ഹാജരാക്കണം, കുടുംബത്തില്‍ നിത്യരോഗിയായ ഒരാളെങ്കിലും ഉണ്ടായിരിക്കണം, നിശ്ചിത വരുമാനം ഇല്ലെന്നു സാക്ഷ്യപ്പെടുത്തണം തുടങ്ങിയ നിരവധി അപ്രായോഗിക മാനദണ്ഡങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രേഖകളെല്ലാം സത്യമാണോയെന്ന് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിജിലന്‍സ് വിഭാഗം അന്വേഷിച്ച് ഉറപ്പാക്കും. ഫലത്തില്‍ പാവപ്പട്ട മിക്ക രോഗികള്‍ക്കും ഇപ്പോള്‍ ചികിത്സ ലഭിക്കുകയില്ല.

ഈ കടമ്പകളെല്ലാം കടന്നാലും സ്ഥാപനത്തിന്റെ അപ്പോഴത്തെ ധനസ്ഥിതി അനുസരിച്ചു മാത്രമേ ചികിത്സ ലഭ്യമാകൂ. സംസ്ഥാന സര്‍ക്കാരിന്റെയോ, ആയുഷ്മാന്‍ ഭാരതത്തിന്റെയോ ഇന്‍ഷ്വറന്‍സ് പദ്ധതികളില്‍ സ്ഥാപനത്തെ ഉള്‍പ്പെടുതാത്തത് രോഗികൾക്ക് ഇരട്ട പ്രഹരമാണ് ഉണ്ടാക്കിയിട്ടുള്ളത്.

പതിനായിക്കണക്കിന് പാവപ്പെട്ട രോഗികള്‍ക്ക് ആശ്രയമായ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഇന്ത്യയുടെ തന്നെ അഭിമാന സ്ഥാപനമാണെും അതിനു ഭംഗം വരുത്തുന്ന നടപടികള്‍ ഉണ്ടാകരുതെന്നും അഭ്യർത്ഥിക്കുന്നു.