UDF

2019, ഡിസംബർ 8, ഞായറാഴ്‌ച

ശ്രീചിത്രയിലെ സൗജന്യ ചികിത്സ നിര്‍ത്തലാക്കി; സര്‍ക്കാര്‍ ഇടപെടണം


 ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ സൗജന്യ ചികിത്സ പരിമിതപ്പെടുത്താനുള്ള ഭരണസമിതിയുടെ തീരുമാനംമൂലം ആയിരക്കണക്കിന് പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സ നിഷേധിക്കുകയാണുണ്ടായത്.

കേരളത്തിന് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത ഈ തീരുമാനം പുന:പരിശോധിക്കണം സര്‍ക്കാര്‍ അടിയന്തരമായി വിഷയത്തിൽ ഇടപെടണം.

ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ച 1979 മുതല്‍ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള ഹൃദയ- നാഡി രോഗികള്‍ക്ക് നല്കി വന്ന സൗജന്യ ചികിത്സയ്ക്കാണ് ഡിസംബര്‍ ഒന്നിന് ഭരണസമിതി പുറപ്പെടുവിച്ച ഉത്തരവിലൂടെ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ഭരണസമിതി നിശ്ചയിച്ച 9 മാനദണ്ഡങ്ങളില്‍ 7 എണ്ണം ഉള്ളവര്‍ക്കേ സൗജന്യ ചികിത്സ ലഭിക്കൂ. രോഗിക്ക് സ്വന്തം വീടുണ്ടാകരുത്, ഭൂമിയുടെ രേഖ ഹാജരാക്കണം, കുടുംബത്തില്‍ നിത്യരോഗിയായ ഒരാളെങ്കിലും ഉണ്ടായിരിക്കണം, നിശ്ചിത വരുമാനം ഇല്ലെന്നു സാക്ഷ്യപ്പെടുത്തണം തുടങ്ങിയ നിരവധി അപ്രായോഗിക മാനദണ്ഡങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രേഖകളെല്ലാം സത്യമാണോയെന്ന് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിജിലന്‍സ് വിഭാഗം അന്വേഷിച്ച് ഉറപ്പാക്കും. ഫലത്തില്‍ പാവപ്പട്ട മിക്ക രോഗികള്‍ക്കും ഇപ്പോള്‍ ചികിത്സ ലഭിക്കുകയില്ല.

ഈ കടമ്പകളെല്ലാം കടന്നാലും സ്ഥാപനത്തിന്റെ അപ്പോഴത്തെ ധനസ്ഥിതി അനുസരിച്ചു മാത്രമേ ചികിത്സ ലഭ്യമാകൂ. സംസ്ഥാന സര്‍ക്കാരിന്റെയോ, ആയുഷ്മാന്‍ ഭാരതത്തിന്റെയോ ഇന്‍ഷ്വറന്‍സ് പദ്ധതികളില്‍ സ്ഥാപനത്തെ ഉള്‍പ്പെടുതാത്തത് രോഗികൾക്ക് ഇരട്ട പ്രഹരമാണ് ഉണ്ടാക്കിയിട്ടുള്ളത്.

പതിനായിക്കണക്കിന് പാവപ്പെട്ട രോഗികള്‍ക്ക് ആശ്രയമായ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഇന്ത്യയുടെ തന്നെ അഭിമാന സ്ഥാപനമാണെും അതിനു ഭംഗം വരുത്തുന്ന നടപടികള്‍ ഉണ്ടാകരുതെന്നും അഭ്യർത്ഥിക്കുന്നു.